'Only death reveals what a nothing the body of man is'- Juvenal
ശ്മശാനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ കരുണയില്‍ ആശാന്‍ ചൊല്ലിയ 'ഇടമിതിഹലോകത്തില്‍പരമാവധിയാണൊരു ചുടുകാടാണതു ചൊല്ലാതറിയാമല്ലോ' എന്ന വരികളിലൂടെ സൂചിതമാകുന്ന ചുടുകാടിന്റെ ഭീകരതയാണ് ആദ്യം മനസ്സിലെത്തുക. പക്ഷേ നിയാസ് കരീം തയ്യാറാക്കിയ മരണക്കൂട്ട് എന്ന് പേരുള്ള വിനുവിന്റെ ജീവിതകഥ വായിച്ചതില്‍പിന്നെ ചങ്ങമ്പുഴയുടെ സ്പന്ദിക്കുന്ന അസ്ഥിമാടത്തിലെ 'പൂവണിക്കുളിര്‍മാമരക്കാവാ'ണ് മനസ്സിലോടിയെത്തുന്നത്. മരിച്ചുകഴിഞ്ഞ ദേഹങ്ങളുടെ നിത്യസുന്ദരമായ നിദ്രയ്ക്ക്  ഒരുതരത്തിലും ഭംഗം വരരുതെന്നാശിച്ച് പൂക്കള്‍ കൊണ്ട് പുതപ്പൊരുക്കാന്‍ മന്ദമാരുതന്‍ നൃത്തം ചെയ്യുന്ന ഒരു പൂമരക്കാടിന് വേണ്ടിയൊരാള്‍ കാത്തിരിക്കുന്നു എന്ന അറിവ് ഒരേസമയം വേദനിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു.

To advertise here,

ഇങ്ങനെയും ഒരാളോ എന്ന് ഓരോ വായനക്കാരനും ആശ്ചര്യപ്പെട്ടുപോകും. അറിയാതെ തലകുനിച്ചുപോവുകയും ചെയ്യും. വിനുവിനോട് തെറ്റ് ചെയ്തത് ഞാന്‍ കൂടിയാണല്ലോ എന്ന അപരാധബോധം നമ്മുടെ ഉള്ളില്‍ ഉറഞ്ഞുകൂടുകതന്നെ ചെയ്യും. സ്‌കൂളും വീടും കൂട്ടുകാരും ഒക്കെയായി വിനുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അടിച്ചുപൊളിച്ചു കഴിഞ്ഞിരുന്ന ഒരു പതിനഞ്ചുകാരനെയാണ് ശവംവാരി എന്ന പേരിട്ട് സമൂഹം മാറ്റിനിര്‍ത്തിയത്. വിനുവിനെ മാത്രമല്ല, അവനോട് ചേര്‍ന്നുനില്‍ക്കുന്നവരെയും അവന്റെ രക്ഷിതാക്കളെയുംവരെ അവര്‍ അസ്പൃശത കല്പിച്ച് മാറ്റിനിര്‍ത്തി. യഥാര്‍ഥത്തില്‍ വിനു ചെയ്തതെന്താണ്? ജീവിച്ചിരിക്കുമ്പോള്‍ മാത്രം നമ്മള്‍ വിലകല്‍പ്പിക്കുന്ന മനുഷ്യദേഹത്തെ, മരിച്ചുകഴിഞ്ഞാല്‍ അറപ്പോടെ നോക്കുന്ന മൃതദേഹത്തെ അത് അര്‍ഹിക്കുന്ന ഏറ്റവും അലിവാര്‍ന്ന അന്ത്യോപചാരമര്‍പ്പിക്കുക എന്ന പാവനമായ കര്‍മമാണ് വിനു ചെയ്യുന്നത്. ക്ഷേത്രത്തിലേക്കോ,  ഉത്സവപ്പറമ്പുകളിലേക്കോ, ആള്‍ക്കൂട്ടത്തിലേക്കോ അവരവനെ കയറ്റിയില്ല, മനുഷ്യന് പ്രവേശനം സാധ്യമായ ഇടങ്ങളിലെല്ലാം അവനെ നിഷേധിച്ചുകൊണ്ട്  പ്രതിരോധം സൃഷ്ടിച്ച സമൂഹത്തെ ആത്മാര്‍ഥമായ സേവനങ്ങള്‍ കൊണ്ട് ഇന്നുമവന്‍ നിശ്ശബ്ദം വെല്ലുവിളിച്ചുകൊണ്ടിരുന്നു.

പത്താംക്ലാസ്‌വരെ പഠിച്ച വിനു അറിഞ്ഞ ജീവിതപാഠങ്ങളെക്കാള്‍ വലുതായൊന്നും മറ്റുള്ളവര്‍ അറിഞ്ഞിട്ടുണ്ടാകില്ല. 'ഈ ഫാമിലി, ബന്ധുമിത്രാദികള്‍ എന്നൊക്കെ പറയുന്ന സംഭവം ഇല്ലേ? നമ്മുടെ ഈ ശരീരം ഒന്ന് ചീഞ്ഞാല്‍ തീരാവുന്നതേയുള്ളൂ അതൊക്കെ 'സ്വന്തം അനുഭവങ്ങളില്‍നിന്നാണ് ഇത്തരം പാഠങ്ങളില്‍ വിനു എത്തിച്ചേരുന്നത്. അവന്റെ കൂട്ടുകാരനായിരുന്ന മിഥുന്റെ  മൃതദേഹമെടുക്കാന്‍ നാട്ടുകാര്‍ അറച്ചുനിന്നപ്പോഴാണ് ആദ്യമായി വിനു ഒരു മൃതദേഹത്തില്‍ തൊട്ടത്. ആ മൃതശരീരത്തില്‍നിന്നുയര്‍ന്ന ദുര്‍ഗന്ധം അവനെ മാത്രം ബാധിച്ചില്ല. പിന്നീടങ്ങോട്  മരണങ്ങളും മൃതദേഹങ്ങളും അവനെ തേടിയെത്തുകയായിരുന്നു. ഓരോ മരണവും അവന് പുതിയൊരു ബന്ധുവിനെ സമ്മാനിച്ചു. അല്ലെങ്കില്‍ ആ മൃതദേഹങ്ങള്‍ക്ക് ഏറ്റവും യോഗ്യനായ  സുഹൃത്തിനെ സമ്മാനിച്ചു എന്ന് പറയാം. ഒരാപത്തിലും കൈവിടില്ലാത്ത ഒരു ചതിയും ചെയ്യാത്ത വിനു എന്ന സുഹൃത്തിനെ.'

ജീവിതത്തില്‍ വരാനുള്ളതില്‍വെച്ച് ഏറ്റവും വലുത് മൃത്യുവാണ് എന്ന് വിചാരിക്കുന്ന വ്യക്തിയാണ് വിനു. മൃതദേഹങ്ങളെ തൊടുന്നതിനു മുന്‍പ് പ്രേതങ്ങളെയും ഭൂതങ്ങളെയും ഭയപ്പെട്ട് ഉറക്കം നഷ്ടപ്പെട്ടിരുന്ന ഒരു ആണ്‍കുട്ടിയാണ് ഇങ്ങനെ പറയുന്നത്. ജീവിതത്തിന്റെ പരിവര്‍ത്തനത്തെ ഏറ്റവും നിസ്സംഗതയോടെ അടയാളപ്പെടുത്തുമ്പോഴും വിനു സത്യസന്ധനാവുന്നു. 'എന്റെ  ആഗ്രഹം മനുഷ്യനെ യാത്രയാക്കുക' എന്നതാണ്. മണ്ണിലേക്ക് വന്നവനെ മണ്ണിലേക്ക് തന്നെ യാത്രയാക്കുക 'വിനു തന്റെ ആഗ്രഹവും കര്‍ത്തവ്യവും ഒന്നായി കരുതുന്നു. അഗ്‌നി, വായു, ജലം എന്നിവയാണ് യഥാര്‍ഥ പിശാചുക്കള്‍ എന്നാണ് വിനുവിന്റെ മതം. 'അവരെ നമ്പാനും പറ്റില്ല നമ്പാതിരിക്കാനും പറ്റില്ല' മൃതദേഹങ്ങളില്‍നിന്ന് വിനു പഠിക്കുന്ന വലിയ പാഠങ്ങള്‍ ജീവിതത്തെക്കുറിച്ചാണ്, അവഗണനയുടേതാണ്. അതാണ് ലോകസത്യവും'

അവതാരികയില്‍ മൃതി വിനുവിന്റെ മതമാകുന്നു എന്നാണ് സന്തോഷ് ഏച്ചിക്കാനം പറയുന്നത്. മൃതിയെക്കാള്‍ ഭയാനകമായ ജീവിതത്തിന്റെ നന്ദികേടുകളെയാണ് വിനു നമുക്കുമുന്നില്‍ തുറന്നിടുന്നത്.

എന്തിനുവേണ്ടി വിനുവിന്റെ ജീവിതം വായിക്കണം എന്ന് ചിന്തിക്കുമ്പോള്‍ ഒരൊറ്റ ഉത്തരമേ മനസ്സില്‍ വരുന്നുള്ളൂ. ഈ ലോകത്തിലെ ശാശ്വതമായ സത്യം മരണം തന്നെയാണ്. മരണത്തെ അറിയുന്നവന് അത്യാഗ്രഹമുണ്ടാകില്ല. പരമമായ ഈ സത്യമറിയാനാണ് മരണക്കൂട്ട് നമ്മെ സഹായിക്കുന്നത്. വിനുവിന്റെ  ജീവിതത്തെക്കുറിച്ചറിഞ്ഞ് ധാരാളംപേര്‍ വിനുവിനെ സഹായിക്കാന്‍ മുന്നോട്ടുവരുമ്പോഴും അവന്‍ അതെല്ലാം നിഷേധിക്കുകയാണ്. വിനുവിന്റെ ജീവിതത്തിനുവേണ്ടി അവന്‍, അധ്വാനിക്കുന്നുണ്ട്. പക്ഷേ, അവന്റെ ജീവിതത്തിന്റെ ലക്ഷ്യം അനാഥ മൃതദേഹങ്ങള്‍ക്ക് ഒരു ശാന്തസുന്ദരമായ വിശ്രമസ്ഥലം ഒരുക്കുക എന്നതാണ്. വിനുവിന്റെ സ്വപ്നം പൂവണിയുമായിരിക്കും. താന്‍ ഒരിക്കലും മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടില്ല എന്ന് വിനു പലതവണ ഈ പുസ്തകത്തില്‍ ആണയിടുന്നുണ്ട്. മാത്രമല്ല, വിനുവിന്റെ സഹായം നിരന്തരമായി ആളുകള്‍ പങ്കുപറ്റുന്നുമുണ്ട്. ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായ ഒരു പട്ടാളക്കാരനുവേണ്ടി സ്വന്തം ജീവന്‍പോലും നല്‍കാന്‍ തയ്യാറായ വിനുവിന് പകലിറങ്ങി നടക്കാന്‍ പോലുമുള്ള ആത്മവിശ്വാസമില്ലാതാക്കിയ മലയാളിയുടെ നന്ദികേടിനെക്കുറിച്ച് നാം ഓരോരുത്തരും ചിന്തിച്ചുപോകും. ആരാണ് വലിയവന്‍? ആരാണ് ചെറിയവന്‍? സമൂഹത്തിന്റെ ഭൂതക്കണ്ണാടി മാറ്റിവയ്‌ക്കേണ്ട കാലം കഴിഞ്ഞുവെന്ന് നിശ്ചയമായും ഈ കൃതി ഓര്‍മിപ്പിക്കുന്നു.