
ആധുനിക തമിഴെഴുത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായി മാറിയ സാഹിത്യകാരനാണ് അധ്യാപകനായിരുന്ന ഇമയം എന്നറിയപ്പെടുന്ന വി അണ്ണാമലൈ. തമിഴ്നാട്ടിലെ കടലൂര്‍ സ്വദേശിയായ അദ്ദേഹം, സധൈര്യം തുറന്നെഴുതുന്ന രചനാശൈലി കൊണ്ട് പ്രസിദ്ധനാണ്. ജാതി - ലിംഗ വിവേചനവും അധികാരവുമെല്ലാം പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ കൃതികളിലെ കഥാപാത്രങ്ങള്‍ മിക്കവരും നാം നിത്യ ജീവിതത്തില്‍ കണ്ടുമുട്ടുന്നവര്‍ തന്നെയാണ്.
2020- ല്‍ 'സെല്ലാത പണം' (The Burnt Woman) എന്ന കൃതിക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. ഇമയത്തിന്റെ രചനകള്‍ പലതും മലയാളം, കന്നഡ, ഹിന്ദി, തെലുങ്കു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രഥമകൃതിയായ 'കോവെറു കഴുതൈകള്‍' ഇംഗ്ലീഷിലേക്കും ഫ്രഞ്ചിലേക്കും പല ഭാരതീയ ഭാഷകളിലേക്കും തര്‍ജമ ചെയ്യപ്പെട്ടു. ദൈനംദിന ജീവിതാനുഭവങ്ങള്‍ പ്രതിഫലിക്കുന്ന അദ്ദേഹത്തിന്റെ കഥകള്‍ രാജ്യമെമ്പാടുമുള്ള സര്‍വകലാശാല പാഠപുസ്തകങ്ങളിലും സാംസ്‌കാരിക പാഠ്യപദ്ധതികളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ അദ്ദേഹം തമിഴ്‌നാട് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്റെ വൈസ് ചെയര്‍പേഴ്സണ്‍ ആയി നിയമിതനായി. തമിഴ്‌നാട് സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പ് മന്ത്രിയായ സി.വി ഗണേശന്റെ സഹോദരന്‍ കൂടിയാണ് ഇമയം.
തന്റെ കഥപറച്ചില്‍ ശൈലിയെ ആഴത്തില്‍ സ്വാധീനിച്ച പല ഓര്‍മകളും ഇമയം തന്നോട് ചേര്‍ത്തുപിടിക്കുന്നു. ഇന്നും തന്റെ ഹൃദയത്തില്‍ മായാതെ കിടക്കുന്ന ബാല്യകാലത്തെ ഒരു അനുഭവം അദ്ദേഹം ഓര്‍ത്തെടുത്തു പറഞ്ഞത് ഇങ്ങനെയാണ്.
വീട്ടില്‍ എല്ലാവരും ഒരുമിച്ച് ആഹാരം കഴിക്കുന്നതിനിടെ ഇമയത്തിന്റെ മാതാപിതാക്കള്‍ക്കിടയില്‍ ഒരു വഴക്കുണ്ടായി. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ അദ്ദേഹത്തിന്റെ അമ്മ ഗ്രാമത്തിലെ ഒരു തോടിനെ ലക്ഷ്യം വെച്ച് വീട്ടില്‍ നിന്നിറങ്ങിയോടി. തന്റെ ജീവനൊടുക്കാന്‍ തീരുമാനിച്ച് അവര്‍ കൊടുംവിഷമായ അരളിച്ചെടിയുടെ കായ്കള്‍ പറിച്ച് അരക്കാന്‍ തുടങ്ങി.
ഇതിനിടയില്‍ അമ്മയെ കാണാതെ വിഷമിച്ച കുഞ്ഞ് ഇമയം അവരെ തേടിയിറങ്ങിയിരുന്നു. തോടിനു സമീപമെത്തിയ ഇമയം അമ്മയെ കാണാതെ ഭയന്ന് നിലവിളിക്കാന്‍ തുടങ്ങി, 'അമ്മേ, അമ്മ എവിടെയാ?'
എന്നാല്‍ തന്റെ മകന്റെ നിലവിളി കേട്ട ആ അമ്മ പെട്ടെന്ന് എല്ലാം മറന്നു തന്റെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിഞ്ഞു. അന്ന് താന്‍ അമ്മയെ തേടിയിറങ്ങിയില്ലായിരുന്നുവെങ്കില്‍ പിന്നീടൊരിക്കലും അവരെ കാണാന്‍ സാധിക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഈ ഓര്‍മ അദ്ദേഹത്തിന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു.
ഇമയത്തിന്റെ കഥകള്‍ അദ്ദേഹത്തേക്കാളുപരി ചുറ്റുമുള്ള സമൂഹമാണ് രചിച്ചിരിക്കുന്നതെന്നു പറയേണ്ടി വരും. സാധാരണക്കാരുടെ അനുഭവങ്ങള്‍ തന്നെ, ഇന്ന് കാണുന്ന സാഹിത്യകാരനായി മാറ്റിയതെങ്ങനെയെന്നതിനെക്കുറിച്ച് ഇമയം മനസ്സു തുറന്നു.
താങ്കള്‍ എങ്ങനെയാണ് സാഹിത്യകാരനായത്? താങ്കളുടെ വ്യക്തിജീവിതത്തിലെ അനുഭവങ്ങള്‍ എഴുത്തുശൈലിയെയും വിഷയങ്ങളുടെ തിരഞ്ഞെടുപ്പിനെയും സ്വാധീനിച്ചിട്ടുണ്ടോ.
ഞാന്‍ എഴുത്തുകാരനായത് വായനയിലൂടെയല്ല, മറിച്ച് എനിക്ക് ചുറ്റുമുള്ള ലോകം എന്നോട് പറയാന്‍ ആവശ്യപ്പെടുന്ന കഥകളിലൂടെയാണ്. കോളേജ് വിദ്യാഭ്യാസ കാലംവരെ തമിഴ് പാഠപുസ്തകങ്ങളൊഴികെ ഒരു നോവലോ, ചെറുകഥയോ, കവിതയോ പോലും ഞാന്‍ വായിച്ചിട്ടില്ല. സാഹിത്യവുമായി എനിക്ക് ആകെയുണ്ടായിരുന്ന ബന്ധം ആറാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ മാത്രമായിരുന്നു. അതും കഷ്ടിച്ച് പരീക്ഷയില്‍ ജയിക്കാനായി മാത്രമാണ് വായിച്ചിരുന്നത്. അക്കാലത്തെ പുസ്തകങ്ങളോ സാഹിത്യ മാസികകളോ ഒന്നും എന്നെ സ്വാധീനിച്ചിട്ടില്ല. ജീവിതം തന്നെയായിരുന്നു എന്റെ പ്രചോദനം.
പക്ഷേ വായന തീരെയില്ലാത്ത ഒരാള്‍ക്ക് എങ്ങനെ എഴുത്തുകാരനാകാന്‍ കഴിഞ്ഞു.
ജീവിതമായിരുന്നു എന്റെ പുസ്തകം, സമൂഹം എന്റെ ഗുരുവും. കാര്‍ഷിക ജീവിതരീതികളായിരുന്നു എന്റെ ബാലപാഠങ്ങള്‍. വീട്ടില്‍ ഭക്ഷണം പങ്കിട്ടു കഴിച്ചിരുന്നതും ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും ചുട്ടുപൊള്ളിക്കുന്ന വേനല്‍ക്കാലവും ഒരു മുന്നറിയിപ്പുമില്ലാതെ പെയ്യുന്ന മഴയുമെല്ലാം അതില്‍പ്പെടും.
എന്റെ ജാതി തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു ബഞ്ചിലേക്ക് മാറിയിരുന്ന സഹപാഠിയില്‍ നിന്നാണ് ആദ്യമായി ഞാന്‍ വിവേചനം എന്താണെന്ന് മനസ്സിലാക്കിയത്. കൈക്കുമ്പിളില്‍ മാത്രമേ കുടിവെള്ളം പകര്‍ന്നു തരൂവെന്ന് ചില സവര്‍ണ്ണ സ്ത്രീകള്‍ ശാഠ്യം പിടിച്ചപ്പോള്‍ ജീവിതത്തിലെ മറ്റൊരു പ്രധാന പാഠവും പഠിച്ചു. പിന്നീടൊരിക്കല്‍ പട്ടികജാതിയില്‍പ്പെട്ട എല്ലാ കുട്ടികളും എഴുന്നേറ്റു നില്‍ക്കാന്‍ അധ്യാപകന്‍ ആജ്ഞാപിച്ചപ്പോള്‍ സഹപാഠികള്‍ ഞങ്ങളെ തുറിച്ചു നോക്കി നിന്ന നിമിഷം - അത് എന്നില്‍ ആരെയും ഭയപ്പെടാതെ ശബ്ദമുയര്‍ത്താന്‍ കെല്പുള്ള സാഹിത്യ വാസനയുടെ ആദ്യവിത്തുകള്‍ പാകി.
എന്റെ ജാതി മനസ്സിലാക്കിയ ബാര്‍ബര്‍ എന്നെ മുടി വെട്ടാതെ ഇറക്കി വിട്ടതും ചായക്കടക്കാരന്‍ കുപ്പുസാമി പിള്ള ഞാന്‍ ചായ കുടിച്ച ഗ്ലാസ് കഴുകിവെക്കാന്‍ പറഞ്ഞതുമെല്ലാം ലോകത്തെക്കുറിച്ചുള്ള എന്റെ ധാരണ രൂപപ്പെടുത്തി. എന്നെ വേദനിപ്പിച്ച ആ അനുഭവങ്ങള്‍ പിന്നീട് എന്റെ എഴുത്തുകള്‍ക്കുള്ള മഷിയായി മാറി.
എന്റെ കുട്ടിക്കാലമാണ് എന്റെ എഴുത്തിന്റെ ഉറവിടം. ബാല്യ-കൗമാരകാലത്തെ ജീവിതാനുഭവങ്ങളാണ് എന്റെ എഴുത്തിന് അടിത്തറയായത്. അക്കാലമില്ലെങ്കില്‍ എനിക്ക് ചിന്തിക്കാനോ എഴുതാനോ ഒന്നും തന്നെയുണ്ടാകുമായിരുന്നില്ല.
താങ്കളുടെ നോവലുകളും കഥകളും അടിച്ചമര്‍ത്തപ്പെട്ട കീഴാള ജനതയുടെ ദുരിതങ്ങള്‍ അടയാളപ്പെടുത്തുന്നവയാണ്. മിക്ക കഥകളിലും പ്രധാന വിഷയം തന്നെ ഇതാണെന്നു പറയാം.
ഞാനും അടിച്ചമര്‍ത്തപ്പെട്ടവരില്‍ ഒരാളാണ്. അവരും എന്നെ പോലെ വിവേചനവും ബഹിഷ്‌ക്കരണവുമെല്ലാം നേരിട്ടവരായിരുന്നു. ഇതല്ലാതെ മറ്റെന്താണ് ഞാന്‍ എഴുതേണ്ടത്? തമിഴ് ജനത അനുഭവിച്ചിട്ടില്ലാത്ത ഒരു കഷ്ടപ്പാടിനെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചുമല്ല ഞാന്‍ എഴുതിയിട്ടുള്ളത്. അതുകൊണ്ട് തന്നെ എന്റെ എല്ലാ കഥകളും നോവലുകളും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും ദുരിതങ്ങളെയും കേന്ദ്രീകരിച്ചാണ്.
എന്തുകൊണ്ടാണ് നമ്മുടെ സാമൂഹ്യ ജീവിതം അത്ര ആനന്ദകരമല്ലാത്തത്? ഈ കെട്ടുപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുക എന്നതാണ് എന്റെ കൃതികളുടെ ലക്ഷ്യം. എന്റെ അഭിപ്രായത്തില്‍ ഇതു വരെ സമൂഹം അനുഭവിച്ച അകറ്റി നിര്‍ത്തലുകളുടേയും അടിച്ചമര്‍ത്തലുകളുടേയും ദുരിതങ്ങളുടേയും അതിക്രമങ്ങളുടേയുമൊന്നും ഒരു ശതമാനം പോലും രേഖപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.
താങ്കളുടെ എല്ലാ രചനകളിലും വളരെ ലളിതമായ, വിവരണാത്മകമായ ആഖ്യാനശൈലിയാണ് അവലംബിച്ചിരിക്കുന്നത്. എപ്പോഴെങ്കിലും മാജിക്കല്‍ റിയലിസം, സര്‍റിയലിസം, അല്ലെങ്കില്‍ എക്‌സിസ്റ്റന്‍ഷ്യലിസം പോലുള്ള മറ്റു കഥാഖ്യാനശൈലികള്‍ പരീക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ.
ജീവിതം എന്നത് വെറും യാഥാര്‍ത്ഥ്യം മാത്രമാണ്, അല്ലാതെ ഒരു മാന്ത്രിക കഥ പോലെയോ സ്വപ്നലോകം പോലെയോ അല്ല. അതുകൊണ്ടാണ് ഞാന്‍ ഈ ശൈലിയില്‍ എഴുതുന്നത്. വിവരണാത്മക കഥപറച്ചില്‍ രീതിയൊക്കെ അന്യം നിന്നുപോയെന്ന് പ്രഖ്യാപിച്ചവരൊക്കെ ഇപ്പോള്‍ എവിടെപ്പോയി? അവരാണ് അദൃശ്യരായി പോയത്. ഇന്ത്യന്‍ എഴുത്തുകാര്‍ സിദ്ധാന്തങ്ങളും തത്വശാസ്ത്രവും സംബന്ധിച്ച ചര്‍ച്ചകളില്‍ മുഴുകിയിരുന്ന കാലമൊക്കെ കഴിഞ്ഞു. ലളിതമായി പറഞ്ഞാല്‍, ഇന്ത്യന്‍ സാഹിത്യ ലോകം നിരൂപണമോ ലോകവീക്ഷണമോ ഇല്ലാത്ത ഒരു മേഖലയായിരിക്കുന്നു.
താങ്കളുടെ കൃതികള്‍ അധികവും ഗ്രാമീണ ജീവിതത്തെയും ജനങ്ങളെയും പ്രതിനിധീകരിക്കുകയും നാഗരിക ജീവിതത്തെ പൂര്‍ണമായി അവഗണിക്കുകയും ചെയ്യുന്നുവെന്ന് ഒരു വിമര്‍ശനം ഉണ്ടല്ലോ. എന്താണ് അതിനോടുള്ള പ്രതികരണം.
ആ വിമര്‍ശനം വെറും തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണ്. 'ആണ്ടവരിന്‍ കൃപൈ' (God's Grace) എന്ന കഥ തിരുനെല്‍വേലി എന്ന നഗരത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചാണ്. 'മനമുറിവ്' (Heartbreak) എന്ന കഥയില്‍ ചെന്നൈയിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഒരാളാണ് പ്രധാന കഥാപാത്രം. ആറുമുഗം എന്ന നോവലിലെ കഥ നടക്കുന്നത് പുതുച്ചേരി നഗരത്തിലാണ്. സെല്ലാത പണം (Invalid Currency) എന്ന നോവല്‍ സംഭവിക്കുന്നത് പുതുച്ചേരി ജിപ്മെര്‍ ആശുപത്രിയിലാണ്. ചെന്നൈയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയാണ് 'ഇപ്പോതും ഉയിരോടെയിരിക്കിറേന്‍' (Still Alive) എന്ന നോവലിന്റെ പശ്ചാത്തലം. 'പിണത്തുക്ക് സൊന്തക്കാരി' (The Lady who owns the Dead Body) എന്ന കഥയും ചെന്നൈയിലാണ് സംഭവിക്കുന്നത്.
ഞാന്‍ എഴുതുന്ന കഥാപാത്രങ്ങള്‍ ജീവിക്കുന്നത് നഗരത്തിലാണോ ഗ്രാമത്തിലാണോ എന്നതിലല്ല പ്രാധാന്യം നല്‍കേണ്ടത്, മറിച്ച് നോവലായാലും കഥയായാലും അതിലെ സാഹിത്യത്തിനാണ്.
സെല്ലാത പണം (A Woman Burnt) എന്ന നോവല്‍ സ്വയം തീകൊളുത്തി മരിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചാണ്, അല്ലേ.
അതെ, ഇത് എക്കാലവും നടന്നു വരുന്ന ഒരു സംഭവമാണ്. സതി പോലുള്ള ഒരു ഭീകരത സൃഷ്ടിച്ചെടുത്ത സമൂഹമാണ് നമ്മുടേത്. ഭാരതത്തിലെല്ലായിടത്തും ആരാധിക്കപ്പെടുന്ന സ്ത്രീ ദൈവങ്ങളില്‍ മിക്കവരും ജാതിഭേദങ്ങളെ മറികടന്നു വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടവരാണ്. മാതൃ ദേവതാസങ്കല്പങ്ങളായ തീപ്പഞ്ചമന്‍, മാരിയമ്മന്‍, ചെല്ലിയമ്മന്‍ തുടങ്ങിയവരൊക്കെ ഇതിനുദാഹരണങ്ങളാണ്.
ഉന്നത വിദ്യാഭ്യാസവും ഉദ്യോഗവും നേടിയ സ്ത്രീകള്‍ പോലും ജീവനോടെ ചുട്ടെരിക്കപ്പെടുകയോ സ്വയം തീ കൊളുത്തി മരിക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. അഗ്നികുണ്ഡത്തില്‍ ചാടാന്‍ നിര്‍ബന്ധിക്കപ്പെട്ട സീതയും അതില്‍പ്പെടില്ലേ? എല്ലാ വലിയ ആശുപത്രികളിലും ഇങ്ങനെ പൊള്ളലേല്‍ക്കുന്നവരെ ചികിത്സിക്കാന്‍ ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്.
വിദ്യാഭ്യാസം, തൊഴില്‍, സമ്പദ്വ്യവസ്ഥ, സംസ്‌കാരം തുടങ്ങിയ എല്ലാ മേഖലകളിലും പുരോഗമിച്ചിട്ടും ഇപ്പോഴും നമ്മുടെ രാജ്യത്ത് ഇത്തരം ഭീകര സംഭവങ്ങള്‍ അരങ്ങേറുന്നത് എന്തുകൊണ്ടാണ്.
നമ്മള്‍ പിന്തുടരുന്ന വിവാഹ വ്യവസ്ഥയാണ് അതിനു കാരണം. നമ്മുടെ വിവാഹങ്ങള്‍ സ്ത്രീയും പുരുഷനും അവരവര്‍ക്കു ചേരുന്ന പങ്കാളികളെ തെരഞ്ഞെടുക്കുക എന്ന പ്രകൃതി നിയമത്തില്‍ അധിഷ്ഠിതമായതല്ല. അതിനു പകരം ജാതി, പണം, സമൂഹത്തിലെ സ്ഥാനം തുടങ്ങിയവയെ ആശ്രയിച്ചാണ് നാം ആരെ വിവാഹം കഴിക്കണമെന്ന് നിശ്ചയിക്കുന്നത്. ജ്യോത്സ്യന്മാര്‍ക്കും ഇതില്‍ വലിയൊരു പങ്കുണ്ട്. ആദ്യരാത്രിക്കുള്ള മുഹൂര്‍ത്തം പോലും ജ്യോത്സ്യന്മാരാണ് തീരുമാനിക്കുക. ഇന്ത്യയില്‍ മാത്രമേ ഇത്തരം അസംബന്ധങ്ങളെ ഒരു സാധാരണ കാര്യമായി എടുക്കുകയുള്ളൂ. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ നിരക്ഷരരായ സ്ത്രീകള്‍ മാത്രമല്ല, അഭ്യസ്തവിദ്യരായവര്‍ പോലും തീപ്പൊള്ളലേറ്റു മരിക്കുന്നതില്‍ അദ്ഭുതമില്ല.
സാമൂഹിക മാറ്റം കൊണ്ടുവരാനുള്ള ശക്തി സാഹിത്യത്തിനുണ്ടോ.
ഇല്ല. എഴുത്ത് തുടങ്ങിയ കാലം മുതല്‍ രചിക്കപ്പെട്ടിട്ടുള്ള എല്ലാ സാഹിത്യ കൃതികളും, അത് മതഗ്രന്ഥങ്ങളായാലും മറ്റുള്ളവയായാലും, സ്നേഹത്തെക്കുറിച്ചു മാത്രമേ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളൂ. എന്നിട്ട് മനുഷ്യര്‍ പരസ്പരം സ്നേഹവും ദയയും മാത്രം കാണിക്കുന്നവരായി മാറിയോ? ജാതി, മതം, വര്‍ഗം, പണം, അധികാരം, രാഷ്ട്രീയം - ഇവയൊന്നും നമ്മെ ഒത്തൊരുമയോടെ ജീവിക്കാന്‍ അനുവദിക്കില്ല.
നാം ഭക്ഷണരീതികള്‍ അടിസ്ഥാനമാക്കി വരെ പല വിചിത്രമായ സാമൂഹ്യ വിഭജനങ്ങളും കൊണ്ടുവന്നിട്ടുണ്ട്. സസ്യാഹാരം കഴിക്കുന്നത് ഔന്നത്യത്തിന്റെ ലക്ഷണവും മാംസാഹാരം കഴിക്കുന്നത് മോശവുമാണെന്നുമാണ് കരുതുന്നത്. അതില്‍ തന്നെ പോത്തിറച്ചിയും പന്നിയിറച്ചിയും കഴിക്കുന്നവരെ ഏറ്റവും അധഃകൃതരായാണ് കണക്കാക്കുന്നത്. നിയമനിര്‍മ്മാണത്തിലൂടെ മാത്രമേ ശക്തമായ സാമൂഹിക മാറ്റങ്ങള്‍ കൊണ്ടുവരാനാകൂ.
താങ്കള്‍ രചിച്ച എട്ടു നോവലുകളും എട്ടു ചെറുകഥകളുമെടുത്താല്‍ അവയില്‍ ഏതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്നു കരുതുന്നത്.
എനിക്ക് 19 വയസ്സുള്ളപ്പോഴാണ് എന്റെ ആദ്യ നോവലായ കോവെറു കഴുതൈകളുടെ (Mules) ആദ്യരൂപം എഴുതുന്നത്. ഞാനത് എഴുതിയത് ആരോക്യം എന്ന 70 വയസ്സുള്ള ഒരു സ്ത്രീയുടെ വീക്ഷണത്തിലൂടെയാണ്. പിന്നീട്, എനിക്ക് 50 വയസ്സായപ്പോള്‍ ഞാന്‍ 15 വയസ്സുകാരനായ തമിഴരശന്റെ കാഴ്ചപ്പാടിലൂടെയും കഥയെഴുതി. അതാണെനിക്ക് വെല്ലുവിളിയായി തോന്നിയത്.
സമൂഹത്തില്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്താന്‍ താങ്കളുടെ കൃതികള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ.
കോവെറു കഴുതൈകള്‍ പ്രസിദ്ധീകരിച്ചതിന് ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ അലക്കുകാരുടെ വികസനത്തിനായി പുതിരൈ വാഷര്‍ പീപ്പിള്‍ വെല്‍ഫെയര്‍ ബോര്‍ഡ് സ്ഥാപിച്ചു. പെത്തവന്‍ (Begetter) എന്ന കൃതി പുറത്തിറങ്ങിയപ്പോള്‍ അത് വിവാഹങ്ങളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്നവര്‍ക്ക് സമ്മാനമായി വിതരണം ചെയ്തിരുന്നു.
സമൂഹത്തിന്റെ ഒത്തൊരുമയെ തകര്‍ക്കുന്നതില്‍ ആരെയാണ് താങ്കള്‍ പ്രതിസ്ഥാനത്തു നിര്‍ത്തുക.
എന്റെ അഭിപ്രായത്തില്‍ അത് ടെലിവിഷന്‍ അവതാരകരും യൂട്യൂബര്‍മാരുമാണ്. അവര്‍ക്ക് 24 മണിക്കൂറും സമൂഹത്തെ പരിഭ്രാന്തിയില്‍ നിര്‍ത്തുക എന്നതാണ് ലക്ഷ്യം. ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പറ്റി അവര്‍ ഒരുപാട് സംസാരിക്കും. എന്നാല്‍ മറ്റുള്ളവരുടെ അഭിപ്രായത്തെ ഒരിക്കലും മാനിക്കില്ല. ആളുകളുടെ സ്വകാര്യ ജീവിതത്തില്‍ കടന്നു കയറാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല.
ഇന്നത്തെ തലമുറയുടെ എഴുത്തുകളെക്കുറിച്ച് എന്താണ് അഭിപ്രായം? കഴിഞ്ഞ തലമുറയിലെ സാഹിത്യകാരില്‍ നിന്നും അവര്‍ക്ക് എന്തെങ്കിലും വലിയ മാറ്റമുണ്ടായിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ.
മുന്‍തലമുറയില്‍പ്പെട്ടവര്‍ ആഗോളവത്കരണത്തിനെതിരെ പോരാടിയിരുന്നവരാണ്. എന്നാല്‍ ഇന്നത്തെ തലമുറ ആഗോളവത്കരണത്തെ ആഘോഷിക്കുന്നു. കൂടുതല്‍ 'ലൈക്' നേടുക എന്നതാണ് അവരെ മുന്നോട്ട് നയിക്കുന്ന ചാലകശക്തി. കണ്ടന്റ് ക്രിയേറ്റേഴ്‌സ് കൂടുതല്‍ ലൈക്കും വ്യൂസും ഫോളോവേഴ്സും സ്വന്തമാക്കാന്‍ ഏതറ്റം വരെയും പോകും. വളരെ വിചിത്രമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പക്ഷേ, , ഇത്തരം ട്രെന്‍ഡുകള്‍ക്കിടയിലും വ്യത്യസ്തരായവര്‍ ഉണ്ട്. അച്ചടി മാധ്യമങ്ങള്‍ എത്ര കാലം നിലനില്‍ക്കും എന്നത് വളരെ സുപ്രധാനമായ ഒരു ചോദ്യമാണ്. പല മാധ്യമ സ്ഥാപനങ്ങളും ഇ-മാഗസീനുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് ഓരോ വ്യക്തിയും ഓരോ മാധ്യമമാണെന്ന് പറയാം.
ഇപ്പോള്‍ താങ്കള്‍ എന്താണ് എഴുതിക്കൊണ്ടിരിക്കുന്നത്.
പണ്ടുകാലത്ത് കുറെ കുടുംബങ്ങള്‍ ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നത്. എങ്കിലും അച്ഛനമ്മമാര്‍ വാര്‍ധക്യത്തില്‍ താമസിച്ചിരുന്നത് അവരുടെ വീടുകളില്‍ തന്നെയായിരുന്നു. എന്നാല്‍ ഇന്ന് അത്രക്ക് ദാരിദ്ര്യമൊന്നും ഇല്ലാഞ്ഞിട്ടു പോലും പ്രായമായ മാതാപിതാക്കള്‍ വൃദ്ധസദനങ്ങളിലാണ് കഴിയുന്നത്. ഇപ്പോള്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന 'അപ്പാവും മകനും' (Father and Son) എന്ന കൃതി നടക്കുന്നത് ഒരു വൃദ്ധസദനത്തിലാണ്.
ഇന്ന് വാര്‍ധക്യ ജീവിതം ഇന്ത്യയൊട്ടാകെ വലിയ ബിസിനസ് സാധ്യതയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കരാര്‍ വ്യവസ്ഥയില്‍ പരിചരണത്തിന് ആളുകളെ ഏര്‍പ്പാടാക്കുന്ന ഏജന്‍സികള്‍ വളരെ ലാഭകരമായി പ്രവര്‍ത്തിക്കുന്നു. ഉയര്‍ന്നു വരുന്ന സാമൂഹ്യ വിഷയങ്ങളാണ് എഴുതാനുള്ള ആശയങ്ങളും പ്രചോദനവും നല്‍കുന്നത്. എഴുത്തുകാര്‍ പിറവിയെടുക്കുന്നതും അങ്ങനെയാണ്.
Content Highlights: Imayam, a Tamil writer & former teacher, uses his powerful writing to highlight social injustice, ca
Published: 06 Apr 2025, 09:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented