സന്ധ്യതൊടുമാകാശക്കുറി മുന്നില്‍
മനോഞ്ജമെങ്കിലും വീണടിയുന്നു
കടലാഴങ്ങളില്‍ ശലഭസിന്ദൂരങ്ങള്‍
കുളിര്‍മയക്കാറ്റിലുമുപ്പുകണങ്ങള്‍.
ആത്മാവിന്‍ ശീതളഛായയില്‍
എന്തോതിരയുന്നവളതിരുകളില്‍
അതിസൂക്ഷ്മമൃദുജീവരാശികള്‍
തിളങ്ങും കനവിന്‍ കൂടാരങ്ങള്‍.
പലമാതിരി മാച്ചെഴുതുന്നു മന്നവര്‍
ദേശഭൂപടത്തിന്‍ പേലവാതിരുകള്‍
ഓര്‍മകള്‍ ആയത്തിലാടി
തിരയിളക്കുന്നു നോവുകള്‍.
ദൂരേപലതായി ഭേദിക്കു-
മതിര്‍ത്തികള്‍, പടച്ചട്ടകള്‍, മുറിവുകള്‍.
മഞ്ഞില്‍ പടരുന്നു ചുടു രക്ത
ത്തിന്നരുണ വര്‍ണധൂളികള്‍...
കുങ്കുമഹരിതധവളിമയില്‍ ജാജ്വലവീരം,
ചേതനയെഴുമതിധീര
ജീവശിഷ്ടം, ഇരുള്‍ വാനിന്‍ തുഞ്ചത്ത്
ഒറ്റക്കടല്‍ക്കാക്ക തന്‍ ചിറകടിച്ചെത്തം.
അഴലോലുമാഴങ്ങളിലുള്ളം ഭേദി-
ക്കുമലര്‍ച്ചയോടെ മായു,
മവന്റെ പകുതി തന്‍ നെറ്റിയില്‍ നിന്നുമൊരു
ജീവന്റെ കരുതല്‍ നിറം, ഉദരത്തിലൊരു മിടിപ്പ്.
തേടുന്നു താതനെ, പുഞ്ചിരിക്കു
മമ്മയെ, വിരലഴിയുന്നു, പിച്ചവെച്ചു വീഴുന്നു,
കണ്‍കളില്‍ ഭയമോ!
മായുന്നൊരു കുരുന്നിളം പുഞ്ചിരിയും.
വിറങ്ങലിച്ച് വീട്,
വിറകൊള്ളുമസ്ഥിത്തറ,
ഒരു കുങ്കുമപ്പൊട്ട് മായുന്നു.
കടലാഴച്ചുവപ്പിലൊരു കരിനീലച്ചിത്രം!
ഇന്നീ സന്ധ്യയും നോവുന്നു
ചക്രവാളങ്ങളിലലിഞ്ഞു പോകും
അരുണ ബിന്ദുവും ഏറെയുച്ചത്തില്‍
കദനത്തില്‍ വിരല്‍ ചൂണ്ടുന്നു.
ചെങ്കടല്‍ തീരത്ത് ഓര്‍മകള്‍ നീറ്റി
കനല്‍പ്പൊട്ടുപോലവള്‍, കാലത്തിന്നു-
ച്ചിയിലതിരുകളെല്ലാം മായട്ടെയെന്നേക്കു-
മെന്നേതോ കാറ്റിനോടോതി നിശ്ശബ്ദം.
Content Highlights: world poetry day 2022 poem by sunitha ganesh
Published: 21 Mar 2022, 03:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented