അവളുടെ കണ്ണില്‍ നദിയൊന്നുണ്ട്
അവളുടെ കണ്ണില്‍ കടലുകളുണ്ട്
അവളുടെ കണ്ണില്‍ കനവുകളുണ്ട്
അവളുടെ കണ്ണില്‍ തീക്കനലുണ്ട്
അവളൊരു ചന്ദ്രനിലാവില്‍ തൊട്ട്
കുളിരും പൂവും ചൂടി വരുന്നു
മഴയിഴ നെയ്‌തൊരു പുടവത്തുമ്പില്‍
ഇലകള്‍ കൊണ്ടൊരു ചിത്രം തുന്നി
ചുരുളും മേഘക്കീറില്‍ നിന്നും
ജലമന്ദാരപ്പൂക്കളടര്‍ത്തി
കണ്ണീരൊഴുകിയ പുഴയില്‍ നീന്തി
കൈതപ്പൂക്കള്‍ മുടിയില്‍ തിരുകി
അവളേതോ വഴി ചുറ്റിവരുന്നു
അവളിരുള്‍ മെല്ലെ നുകര്‍ന്ന് വരുന്നു
അവളൊരുരാവിന്‍ നിലവിളി കേട്ടു
അവളൊരു മിന്നിലിനടരായ് മാറീ
വളരും രാവിന്‍ ദു:സ്വപ്നത്തില്‍
തിരകളിലലറും സാഗരമൊന്നില്‍
പായ്മരമൊന്ന് തകര്‍ന്നത് കണ്ട്
പതറാതൊരു ചെറുനൗകയിലേറി
മലയിലൊരല്പമിരുന്ന് രസിച്ച്
കുതികുതികൊള്ളും കാറ്റില്‍ തുള്ളി
മുളയിലോരോടക്കുഴല്‍ വായിച്ച്,
കിളികളെയെല്ലാം കൂടെ വിളിച്ചു.
നറുതേനുണ്ണാന്‍ വനമൊന്നേറി
കുടിലില്‍ ആദിമദൈന്യം കണ്ടു,
ഗുഹകളില്‍ നിന്നും കല്ലിലുലരച്ചും
ചെറുതീക്കനലില്‍ തൊട്ടു തലോടി
വഴിയില്‍ വന്നൊരു മാന്‍കൂട്ടത്തിന്‍
മിഴിയില്‍ കൗതുകസ്‌നേഹം കണ്ടു,
അരുവിയില്‍ സ്ഫടികക്കല്ലില്‍ നിന്ന്
ജലതൂലികയുടെ ചിത്രം കണ്ടു
ആകാശത്തൊരു തേരില്‍ സൂര്യന്‍
തൂവും സ്വര്‍ണ്ണം കൈയിലെടുത്ത്
ഉലയില്‍ രാകിമിനുക്കി കൈയില്‍
സ്വയരക്ഷയ്‌ക്കൊരു ഏലസ്സ് കെട്ടി
രസലായനിയില്‍ മുങ്ങും മണ്ണിന്‍
പരിഭവമെല്ലാം കേട്ടുനടന്നു,
പാടം കൊയ്തു,നെല്ലറയില്‍
നിന്നൂറിയ വിഷമതിലാകെ വലഞ്ഞു.
കാലത്തിന്റെ പെരുക്കപ്പട്ടിക
താങ്ങനാവാതല്പമിരുന്നു.
ചതിയും, യുദ്ധപ്പുകയും, പകയും
അധികാരത്തിന്‍ ദുരയും കണ്ട്
അവളതിരുകളില്‍ നിലവിളികള്‍
കേട്ടതിദയയോടത് മനസ്സില്‍ ചേര്‍ത്തു
ഉടല്‍ പൊള്ളുമ്പോള്‍ ഉഷ്ണക്കാറ്റില്‍-
വലയും നേരം നദിയില്‍ മുങ്ങി
അവളാരാണാവളാരെന്നുള്ളൊരു
അവളെപ്പോലെയറിഞ്ഞവരില്ല.
അവളാരാണവളാരെന്നുള്ളത്
അവളുടെ മാത്രം ഗൂഢരഹസ്യം
അവളുടെ രൂപം ദര്‍പ്പണമൊന്നില്‍
പ്രതിബിംബിക്കും ചിരിതൂകിടും
അവളുടെയുള്ളില്‍ മറ്റൊരു രൂപം
മിഴിനീരിയൊപ്പിയിരിക്കുന്നുണ്ടാം
ആള്‍ക്കൂട്ടത്തിന്‍ നടുവില്‍ പോലും
അവളൊറ്റയ്ക്ക് നടക്കുന്നുണ്ടാം
ആരും കാണാതുള്ളൊരു ദ്വീപില്‍-
അവളൊരു ധ്യാനതപസ്സിലുമാവാം.
അവള്‍ പാടത്തായ് ഞാറ് നടുന്ന
പാതികരിഞ്ഞൊരു മണ്‍തരിയാകാം
ഉടവാളേന്തിയുറഞ്ഞു വരുന്നൊരു
മിഴികള്‍ ചോന്നൊരു ഭഗവതിയാകാം
നിറുകയിലുമ്മകള്‍ വച്ച് മുലപ്പാല്‍
പകരും അമ്മയു,മാധിയുമാകാം
അലകടലിന്‍ ജലകന്യകയാകാം
മഴയില്‍ തെളിയും മഴവില്ലാകാം
അവളൊരു മഞ്ഞിന്‍ കണമായീടാം
അവളൊരു കിളിയുടെ ചിറകായീടാം
അവളൊരു ചിപ്പിക്കുള്ളിലുറങ്ങും
മിനുമിനെ മിന്നും മുത്തായിടാം
അവള്‍ ഞാനാകാം അവള്‍ നീയാകാം
അവളോ സര്‍വംസഹയായീടാം
അവളാരാണവളാരെന്നുള്ളത്
അവളുടെ മാത്രം ഗൂഢരഹസ്യം
Content Highlights: world poetry day 2022 poem by rama pisharody
Published: 21 Mar 2022, 03:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented