കുഞ്ഞുപെന്‍സില്‍ കൊണ്ട് കുട്ടി വരച്ച' റ '
ഒരാനയാണ്.
അവന്റെ കണ്ണുകളിലെ
അദ്ഭുതാകാരം.
ലോകത്തിലെ കൂടിയ വലിപ്പം.

To advertise here,

കുട്ടിയുടെ കണ്ണില്‍
പൊടിഞ്ഞ
കണ്ണുനീര്‍ത്തുള്ളിയോ?
അത്
കടലോളം വലുതായ
കരച്ചില്‍.

കുട്ടിയുടെ വിളിയിലെ 'മ്മേ'അവന്റെ കണ്‍മുന്നിലുള്ള ദൈവമാണ്.
ഏതാപത്തിലും
അവനന്വേഷിക്കുന്ന
ഏകാവലംബം.

അമ്മയുടെ വിളിയിലെ
ആ നീട്ടലുണ്ടല്ലോ, 
അതിലുണ്ട്, ചക്രവാളത്തോളം
പെരുകുന്ന സ്‌നേഹം.
കുറഞ്ഞുകുറഞ്ഞ്
പ്രപഞ്ചത്തോളം
വലുതാവുന്ന ഇഷ്ടം

കുട്ടിയും അമ്മയും
കെട്ടിപ്പിടിച്ചുമ്മവെക്കുമ്പോള്‍
ലോകം ഒരു,
ഒരു കവിള്‍ത്തടത്തോളം,
ചുണ്ടിനോളം
കുറയുന്നു...

അഥവാ,
കൂടുതലാവാന്‍
ഇതിലധികം കുറയുന്നതെങ്ങനെ?