ടി.കെ ബാലനാരായണൻ എഴുതിയ കഥ 'പുതപ്പ്'

To advertise here,

അതിമനോഹര പുതപ്പ്. പലചരക്ക് കടക്കാരനായ ബാബുവിന്റെ ഒരാഗ്രഹമായിരുന്നു. ആകാശം നെയ്തുകൂട്ടുന്ന മേഘങ്ങളിലൂടെ,തിമിര്‍ത്തു പെയ്യും മഴയില്‍ പട്ടാപ്പകല്‍ അല്ലല്‍ അലട്ട് ഇല്ലാതെ മൂടിപ്പുതച്ചു കിടക്കണമെന്ന ആശയിലാണ് പുതപ്പ് തേടിയത്. സാധാരണയിനം വേണ്ടെന്നും നിശ്ചയിച്ചിരുന്നു. 
  
കിട്ടിയതാകട്ടെ വിശേഷപ്പെട്ട പുതപ്പും! അത് ഇളകുമ്പോള്‍ വെള്ള മുയല്‍ക്കൂട്ടങ്ങളാണ് അവിടമെന്ന് തോന്നും. മീശ രോമങ്ങളും നീണ്ട ചെവിയിലെ ചോര ഞരമ്പുകളും നൂലുകളാണെന്ന് കാഴ്ചയില്‍ ഉറപ്പിക്കുക പ്രയാസം. അത്രയ്ക്കു പൂര്‍ണതയിലാണ് വര്‍ണ നൂലുകളുടെ ഇഴയടുപ്പം. ചുവന്ന് തിളങ്ങുന്ന കണ്ണുകളോടെ മുയലുകളെ നെയ്തെടുത്ത മൃദുലവും ഭാരമില്ലാത്തതുമായ കറുത്ത വലിയ പുതപ്പ്. 

 പതുപതുപ്പുള്ള പുതപ്പ് ഒരു ചെറുതൂവാല വലുപ്പത്തില്‍ മടക്കിവയ്ക്കാം. അത് അയാളെ ഏറെ അദ്ഭുതപ്പെടുത്തി. ഉള്ളം കയ്യിലും ചുരുട്ടിപ്പിടിക്കാം. അങ്ങനെ നിരവധി അതിശയങ്ങള്‍ ഒളിപ്പിച്ച പുതപ്പാണത്. അതിനാല്‍ അതിനോട് അത്രയ്ക്ക് അഭിനിവേശവുമുണ്ടായി. 

'അല്ല, ഈ മുയലുകളൊക്കെ അയ്യോ! അലക്കിയെടുത്താലെന്താകും ആവോ?!. പുതപ്പ് കണ്ടപാടെ ഭാര്യ നിമിഷയുടെ സംശയം അതായിരുന്നു. 
'ഇതൊന്നും കഴുകിയുണക്കാന്‍ കഴിയില്ല. ഇത്തരം പുതപ്പുകളും വസ്ത്രങ്ങളും വൃത്തിയാക്കാന്‍ പട്ടണത്തില്‍ പ്രത്യേക കടകള്‍ തന്നെയുണ്ട്'.  
 
 പകല്‍ നീല നൂലുകളാണെങ്കിലും ഇരുളില്‍ മിന്നും ചെറുനീല നക്ഷത്രങ്ങള്‍ പുതപ്പിലുണ്ട്. അരികുകള്‍ കിന്നരിയിട്ട, തടിച്ച ചുവപ്പ് നൂലുണ്ടകള്‍ രാത്രി കനല്‍ക്കട്ട കണക്കെയാകും. ആ തെളിച്ചം തിരയിളക്കത്തിന്റെ പ്രതീതിയായി പുതപ്പിന്റെ വക്കുകളിലേയ്ക്കും പടരും. അപ്പോള്‍ അതിന്റെ തുമ്പത്തും അങ്ങിങ്ങ് കുഞ്ഞുനീലപ്പൊട്ടുകള്‍ മിന്നിത്തെളിയും. 
 
പുതപ്പുപോലെയാണ് ആകാശവുമെന്ന് അപ്പോള്‍ ബാബുവിന് തോന്നും. ബഹുവര്‍ണ ചായം തൂവിപ്പോയൊരു പുതപ്പ്. മണ്ണിന് മേലാപ്പായ ആകാശം രാത്രി സൂര്യനെടുക്കും. പകല്‍ അത് ചന്ദ്രനും. ആകാശഗംഗയുടെ നുരയും പതയുമായി പങ്കുവച്ച പുതപ്പായി അതും തിളങ്ങും. 

 പുതപ്പ് ആര്‍ക്കും കൊടുക്കില്ലെന്ന് ഒരു വേള തീരുമാനിച്ചുപോയ നിമിഷം പോലുമുണ്ടായി. അതിനോട് അത്രയ്ക്ക് ഇഷ്ടം കൂടിപ്പോയി അയാള്‍ക്ക്.  

 'എടാ നിന്റെ മകന്‍ ഇംഗ്ലണ്ടിലല്ലേ? എനിക്ക് ഒരു ഉഗ്രന്‍ പുതപ്പ് പറയണം.' ഉറ്റ സുഹൃത്തും സഹപാഠിയുമായ വയനാട്ടുകാരന്‍ ആനന്ദിനോട് ബാബു ഒരിക്കല്‍ പറഞ്ഞു. കാപ്പി കൃഷിക്കാരന്‍ ആനന്ദിന്റെ മകന്‍ ശ്രാവണ്‍ ആനന്ദ് വിസ്മയ് കൊണ്ടുവന്നതാണത്. ഇത്രയ്ക്ക് അത് കെങ്കേമമാകുമെന്ന് കരുതിയില്ല.
 
 'കോടമഴയില്‍ ഇതും പുതച്ചൊന്ന് പകല്‍ നന്നായുറങ്ങണം.' നിമിഷയോട് അത് കിട്ടിയ അന്ന് പറഞ്ഞു.'അല്ല! നിങ്ങള്‍ക്ക് ഇതെപ്പഴാ ഉറങ്ങാനൊരു 
നേരം?'അവളുടെ സംശയമതായിരുന്നു. 
 
 ആ പ്രദേശത്തെ തിരക്കുള്ള കടയാണ് അയാളുടേത്. സൂപ്പര്‍മുക്കുകാര്‍ ആകാശത്ത് പോയി വരാമെന്ന് പറഞ്ഞാല്‍ ബാബുവിന്റെ കടയാണ്. 
 
  കുട്ടിക്കാലത്തേ അയാള്‍ക്ക് ആകാശം ഏറെ ഇഷ്ടമാണ്. നെയ്ത്തൊടുങ്ങാത്ത വിസ്മയപ്പുതപ്പാണ് ആകാശമെന്നാണ് അന്നത്തേയും പക്ഷം. ചിലയിടങ്ങളില്‍ ഏഴഴകില്‍ മഴവില്ലില്‍ തിളങ്ങും നീലാകാശം. രൗദ്രതയുള്ള മിന്നല്‍ പിണര്‍ ചിതറും സ്വര്‍ണനൂലുകളും കനിവിന്‍ മഴയും കാണാപ്പുറത്ത്. തകര്‍ത്തുപെയ്യും പേമാരിയും മഞ്ഞുമലകളും തൊലിപൊള്ളും വെയിലുമെല്ലാമായി വേറെയും പലയിടങ്ങള്‍. ഇതിന്റെയൊക്കെ ആ അദ്ഭുതനെയ്ത്തുകാരന്‍ എവിടെയെന്ന് ആര്‍ക്കറിയാം? ആ ആകാശപ്രേമമാണ് കടയുടെ പേരിലുമുള്ളത്. ഒട്ടുമിക്ക സാധനങ്ങളും ആകാശത്ത് കിട്ടും. 
 പന്നിമുക്ക്, കോഴിമുക്ക്, കുരുടിമുക്ക് എന്നൊക്കെയാണ് അവിടുത്തെ സ്ഥലപ്പേരുകള്‍. പുറംനാട്ടുകാര്‍ക്ക് കേള്‍ക്കുമ്പോള്‍ കൗതുകമാണ്.  
 
 'വേനലില്‍ അച്ഛന്റെ പുതപ്പ് ഞാനെടുക്കും.'പുതപ്പിനെ നന്നായറിഞ്ഞ ജയഹരി പറഞ്ഞു. ചൂടുകാലത്ത് അതിലെ നൂലുകളെല്ലാം മെല്ലെ പൊങ്ങി നേരിയ തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങുമെന്ന് മകനറിയാം. കോട പുതച്ച തേയിലക്കുന്നിലെ നേരിയ ശീതക്കാറ്റുപോലെ. മഴയിലും മഞ്ഞിലും പുതപ്പ് ചെറുചൂട് പകരും. പതിനഞ്ചുകാരനായ അവന്‍ എവിടെയും ചുരുണ്ടുകൂടും. നിമിഷ തമാശയാക്കും: 'മലയാളക്ഷരം 'ട' എഴുതാനറിയില്ലെങ്കില്‍ മകന് പുതപ്പും കൊടുത്ത് കിടക്കാന്‍ പറഞ്ഞോളൂ'. 
   
രാത്രി കഴുത്തറ്റം വരെ മുയല്‍പ്പുതപ്പിനുള്ളിലാക്കി സ്വസ്ഥമായൊന്ന് ഉറങ്ങാമെന്ന് ബാബു കരുതും. അപ്പോഴാകും കാര്‍മേഘം കണക്കെ ഒന്നിനു പിറകെ ഒന്നായി ചിന്തകളുടെ തള്ളിക്കേറ്റം. ഇടപാടുകാരില്‍ ചിലരുടെ നിസ്സാരകാര്യങ്ങള്‍ക്കുള്ള ചീത്തവിളികള്‍,സാധനവിതരണക്കാരില്‍ കൃത്യനിഷ്ഠയില്ലാത്തവര്‍,കാലവര്‍ഷത്തില്‍ കടയില്‍ വെള്ളം ഇരച്ചെത്തുമോ?.  കള്ളന്‍മാര്‍ക്ക് എന്തും മുതലില്ലാതെ കിട്ടുന്നതല്ലേ?  സമീപ കടകളിലെല്ലാം മുമ്പ് കേറിയിട്ടുണ്ട്. അങ്ങനെ ആശങ്കകളുടെ ചുഴിക്ക് നടുവിലാണ് അയാള്‍. ഇതൊന്നും മുമ്പ് പതിവില്ലാത്തതാണ്. 
 
കണ്‍പോളകള്‍ ചേര്‍ന്ന് പോയാല്‍ തെളിയുന്നത് മനസ്സ് കലങ്ങും ചിന്തകളും ഉരുളെടുത്ത ഉള്ളുലയ്ക്കും കാഴ്ചകളുമാണ്. പരിസരം മറന്ന് ഉറങ്ങി ഉന്‍മേഷത്തോടെ ഒരു പുലര്‍കാലമെന്ന ആശയറ്റിട്ട് നാളേറെയായി. 
  
നേരം വെളുത്തേയെന്ന് കാതിലാദ്യം അറിയിക്കുക പക്ഷികളാണ്. കാക്കകള്‍,പൂത്താംകീരികള്‍,തത്തകള്‍ അങ്ങനെ പലതും. കൂടുവിടാന്‍ തിരക്ക് കൂട്ടുന്നവയെ തിരിച്ചറിയുക നേരത്തെ പ്രയാസമായിരുന്നു. നല്ല ഉറക്കില്‍ എവിടെ അറിയാന്‍!. ഇന്ന് തിരിഞ്ഞും മറിഞ്ഞും കിടപ്പാണ്. അതിനാല്‍ മുന്‍പേ പറക്കുന്നവയേയും പിമ്പേ പോകുന്നവയേയും അറിയാം. 
   
ജനലിലൂടെ അതിരാവിലെ ആകാശം നോക്കിയൊരു കിടപ്പുണ്ട്; പാടേ നരച്ച തലമുടിയിഴകള്‍ തടവി. നെറ്റിയുടെ പാതിയില്‍ തുടങ്ങി ഇടതൂര്‍ന്ന് മുറ്റി നില്‍ക്കും മുടിയിഴകള്‍ പിന്നിലേക്ക് എത്ര ഒതുക്കിയാലും കുട്ടിക്കാലത്തേ പലയിടത്തും പൊങ്ങിയാണ് നില്‍പ്പ്. മുള്ളന്‍പന്നിയുടെ അമ്പുകള്‍ പോലെ. മുള്ളന്‍ ബാബുവെന്ന് അന്നത്തെ വിളിപ്പേര് നാട്ടില്‍ ഇതുവരെ മാഞ്ഞിട്ടുമില്ല. 
 
സ്വതവേ പാതി ചിമ്മിയതുപോലുള്ളതാണ് ബാബുവിന്റെ ചെറുകണ്ണുകള്‍. ഉറക്കം തൂങ്ങുകയാണെന്നേ തോന്നൂ. പറന്നകലുന്നത് ആദ്യം രണ്ട് വലിയ വവ്വാലുകളാണെന്ന് ആ കിടപ്പിലാണ് കണ്ടെത്തിയത്. കൂട്ടം തെറ്റിയ ഈ ഇരട്ടകള്‍ മാത്രമായി എന്നും എങ്ങോട്ടാണെന്ന് വെറുതെ ആലോചിക്കും!. അല്‍പ്പം കഴിയുന്നതോടെ, കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നെല്‍പ്പാടങ്ങള്‍ക്ക് മുകളിലൂടെ പക്ഷിക്കൂട്ടങ്ങള്‍ പലതും അകന്ന് പോകും. 
   
ചൂരല്‍മലയില്‍ ഉരുളെടുത്തയിടത്ത് അന്ന് തന്നെ പോയിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനായി കിടത്തിയ സ്‌കൂള്‍ വരാന്തയിലുമുണ്ടായിരുന്നു. ചുമരില്‍ നെറ്റി ഇടയ്ക്കിടെ ഇടിച്ചുകൊണ്ട് ഒരു ആണ്‍കുട്ടി. ഏതാണ്ട് പതിനേഴ് വയസ്സ് കാണും. മുഖം ഇരുകൈകള്‍ കൊണ്ടും പൊത്തിപ്പിടിച്ചിട്ടുണ്ട്. അവന്റെ പുറത്ത് മെല്ലെ തലോടിക്കൊണ്ട് പോലീസുകാരന്‍ ചോദിച്ചു: 'മോന് അമ്മയെ കണ്ടാല്‍ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ വല്ലതും?'  അമ്മയെയും അച്ഛനെയും അനുജത്തിയെയും കാണാനില്ലെന്ന് മാത്രമേ അവന് അറിയൂ. അവരുടെ വീട് ഉരുളെടുത്തയിടം ചളിക്കൂമ്പാരമാണ്. 'അറിയാം!' ഗദ്ഗദത്തോടെ പറഞ്ഞു. ഏങ്ങലടിച്ചു കരഞ്ഞ് അവന്‍ ചുമരിലേക്ക് വീണ്ടും നെറ്റി കുത്തി നിന്നു. പിന്നെയും തേങ്ങിക്കൊണ്ടേയിരുന്നു. കണ്ണുകള്‍ കരഞ്ഞ് ചുവന്നു. കവിളുകള്‍ ഏതാണ്ടൊരു റോസ് നിറവുമായി. മൂക്കിലൂടെയും കണ്ണീരിറ്റു വീഴുന്നു. 
   
വരാന്തയില്‍ നിരത്തി കിടത്തിയ നൂറുകണക്കിന് മൃതദേഹങ്ങളുടെ മുഖം വെള്ളത്തുണിയാല്‍ മറച്ചിരുന്നു. എല്ലാറ്റിന്റേയും തുണി മാറ്റാതെ വല്ലവിധേനയും കുട്ടിക്ക് അമ്മയെ തിരിച്ചറിയാന്‍ കഴിയുമോ?  എന്നായിരുന്നു ആ പോലീസുകാരന് അറിയേണ്ടിയിരുന്നത്. 'അമ്മയുടെ വലതു കയ്യി സുശാന്ത്ന്ന് അച്ഛന്റെ പേരുള്ള മോതിരം. ശംഖിന്റെ അടയാളമുള്ള വളകളും കാലില്‍ മയിലുകളുടെ ആകൃതില് കിന്നരിള്ള പാദസര്്വണ്ട്'. മറ്റൊന്നും പറയാനാവാതെ അവന്‍ ചുമരില്‍ ചാരി  അതിവേഗം ഊര്‍ന്ന് താഴ്ന്നു വരാന്തയില്‍ തളര്‍ന്നിരുന്നു. കണ്ണീരില്‍ കാഴ്ച മങ്ങി. ശരീരം ചെറുതായി വിറയും തുടങ്ങി. 
   
മാറില്‍ വലത് കൈ വെച്ച് ആകാശത്ത് നോക്കി ആ പോലീസുകാരന്‍ ആത്മഗതമെന്നോണം പറഞ്ഞു: 'എന്റെ റബ്ബേ!'. കാരണം രാജിക്ക് ഇരുകൈകളും നഷ്ടമായെന്നും തലയില്ലാതെ കഴുത്ത് ചിതറി, അവന്‍ പറഞ്ഞ അടയാളമുള്ള പാദസരം ബാക്കിയാക്കിയ ഒറ്റക്കാലുള്ള പാതിയുടല്‍ മാത്രമേയുള്ളൂവെന്ന് അദ്ദേഹത്തിന് നേരത്തെ അറിയാമായിരുന്നു. ഒറ്റക്കാലിലെ തള്ളവിരലില്‍ നമ്പര്‍ 110 എന്നെഴുതിയ കടലാസ് നൂലില്‍ കെട്ടിയത് അയാളായിരുന്നു. 
  
ഒന്ന് മയങ്ങുമ്പോഴെയ്ക്കും വന്‍പാറകള്‍,പടുകൂറ്റന്‍ മരങ്ങള്‍,മലവെള്ളപ്പാച്ചില്‍...കാതടപ്പിക്കുന്ന ശബ്ദത്തോടെ കണ്‍മുന്നില്‍. രക്ഷിക്കണേ...അമ്മേ...അയ്യോ...എന്ന ആര്‍ത്തനാദം. പക്ഷികള്‍,കന്നുകാലികള്‍,നായകള്‍ ഭയപ്പാടോടെ ദയനീയമായ കൂട്ടക്കരച്ചിലാണ്. ഉരുള്‍വെള്ളം വരുന്നേ, ഉരുള്‍ വെള്ളം വരുന്നേയെന്ന് ഉറക്കെ അലറി ഞെട്ടി ഉണരുന്നവര്‍. 
  
ഗൂഡല്ലൂരില്‍ നിന്ന് പന്ത്രണ്ടാം വയസ്സില്‍ തോട്ടത്തില്‍ തേയില നുള്ളാനെത്തി സ്വരുക്കൂട്ടിയതെല്ലാം അറുപതാംവയസ്സില്‍ കാളിയമ്മാളിന് നഷ്ടമായി. മകനും കൂരയും മറഞ്ഞു. ശരീരത്തിലെ ഇല്ലാത്ത ചെളി അവര്‍ ഇടയ്ക്കിടെ കളയാന്‍ മണ്ണോടു ചേര്‍ന്നുപോയ മകനോട് പറയുന്നത് കേള്‍ക്കാം. കാലിലെ പെരുവിരലില്‍ തുടങ്ങി കഴുത്തറ്റം വരെയ്ക്കും ചെളി മെല്ലെ ഒഴുകി മേലാസകലം പുതപ്പുപോലെ മൂടുന്നുവെന്നാണ് അവരുടെ സങ്കടം. 

 കുടുംബക്കാര്‍ക്കും ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്കും പരിചയമുള്ള മറ്റെല്ലാവര്‍ക്കും ബാബു അദ്ഭുതമായിരുന്നു. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന അവസ്ഥയില്‍ അവരാരും അയാളെ കണ്ടിട്ടില്ലെന്നതില്‍. യുവാവായതു മുതല്‍ ഈയൊരു പ്രായം വരെ ഇതെങ്ങനെ സാധ്യമാകുന്നുവെന്ന ആശ്ചര്യമായിരുന്നു. ഇത്തരം ഒരു മനോനില തുടരാന്‍ കഴിയുമോ?!. എന്നാല്‍ ഇന്ന് അതൊന്നുമല്ല സ്ഥിതി!. അയാള്‍ തീര്‍ത്തും അസ്വസ്ഥനാണ്; ഓരോ നിമിഷവും. ആറടിയെങ്കിലും ഉയരമുള്ള തടിച്ച ശരീരപ്രകൃതമുള്ള തലപ്പൊക്കത്തോടെ നടന്ന അയാള്‍ പരാജിതന്റെ ഭാവത്തിലാണ് നടപ്പ്. 
 ഉരുള്‍പൊട്ടല്‍ ഭീഷണിയില്ലാത്ത പ്രദേശത്താണ് താമസം. എന്നിട്ടും ഉന്‍മേഷത്തോടെയൊന്ന് കണ്ണടച്ചുണരാന്‍ കഴിയാതായിരിക്കുന്നു. കടയില്‍ വരുമാനം കൂടിയാല്‍ നരച്ച താടിയില്‍ ഇടയ്ക്കിടെ തടവും. മീശയുടെ വലത്തറ്റം മെല്ലെ താഴെയ്ക്കു പലപ്പോഴായി വലിച്ചുകൊണ്ടേയിരിക്കും. മുടിയൊട്ടുമില്ലാത്ത തലയുടെ പിന്‍ഭാഗം ഇടവേളകളില്‍ പലവട്ടം ഉഴിയും. ഈ ചേഷ്ടകളൊക്കെ ഭാര്യയ്ക്കും മക്കള്‍ക്കും മാത്രമറിയാവുന്ന രഹസ്യവുമാണ്.  മറ്റ് അസാധാരണ ഭാവഭേദങ്ങളോ ശരീരഭാഷയോ ഒന്നും അയാളെ കുറിച്ച് ഒരിക്കലും ആര്‍ക്കും പറയാനുമുണ്ടായിരുന്നില്ല. അതായിരുന്നു പ്രകൃതം. പലരുടേയും ദുരിതങ്ങളും ധര്‍മ്മസങ്കടങ്ങളുമാണ് അയാളെ ഇമ്മട്ടിലാക്കിയത്. നിമിഷയ്ക്കും ഇതൊക്കെ ഏറെ അലട്ടലുണ്ടാക്കുന്നു. 

   അവള്‍ രാത്രി കിടക്കുന്നതിന് തൊട്ടുമുമ്പ് കൈകാലുകളും മുഖവും നന്നായി കഴുകും. കാല്‍മുട്ടിന് താഴെവരെ എത്തുന്ന തലമുടി ഉച്ചിയില്‍ മുറുക്കി കെട്ടിവയ്ക്കും. കിടക്കയില്‍ മലര്‍ന്ന് കിടന്ന് കൈകള്‍  നെഞ്ചില്‍ ചേര്‍ത്ത് അല്‍പ്പനേരം പ്രാര്‍ത്ഥിക്കും. ഇതെന്ന് തുടങ്ങിയെന്ന് അവള്‍ക്ക് ഓര്‍മ്മയില്ല. കുഞ്ഞുനാളിലേ അമ്മമ്മ ശീലിപ്പിച്ചെന്ന് അമ്മ പറയുന്നു. ഇതൊക്കെ ഇല്ലാതായിട്ട് ദിവസങ്ങളായി. ഉറക്കവുമില്ല. രാപ്പകല്‍ അവള്‍ക്കും ആധിയാണ്. 
 'ജയഹരി ഉറങ്ങുന്നെ കണ്ടോ? എടുത്തോണ്ട് പോയാലും അറിയൂലാ...'നിമിഷ പറഞ്ഞപ്പോ ബാബു ഒന്ന് പുഞ്ചിരിച്ചു. അവന് മറ്റെന്താലോചിക്കാനെന്ന മട്ടില്‍. അവളോട് ഒരു സംശയവും: 'ഇനി ആ പുതപ്പ് കിട്ടിയപ്പോ മുതല്‍ ഉറക്ക്ല്ലാതായതാണോ?'

 'ഹോ, പുതപ്പിന് കുറ്റം ചാരണ്ട. അതിന് മുമ്പേ നിങ്ങളങ്ങനായിറ്റ്ണ്ട്. ഇപ്പോ ഞാനും'. അവള്‍ പറഞ്ഞു. 
 'ഉറക്കില്ലാത്ത നമ്മക്കെന്തിനാ പുതപ്പ്? അതങ്ങ് കത്തിച്ചാലോ?'. 
 'നിങ്ങക്കെന്താ തലയ്ക്കു സുഖയില്ലേ?' അവള്‍ തമാശയാക്കി ചിരിച്ചു. 
'വട്ടായിട്ടല്ല. പുതപ്പ് കിട്ടിയപ്പോ മുതലേ സ്വസ്ഥതയില്ല. കത്തിച്ചാലോന്നെന്യ എന്റെ ആലോചന.'
 'പൊട്ടത്തരം പറേന്നേനൊരു ചിന്ത വേണ്ടേ?'പൊട്ടിച്ചിരിക്കിടയില്‍ അവള്‍ പറഞ്ഞു. 
 
  ഇതൊക്കെ കേട്ട് ഉറക്കം നടിച്ചു കിടക്കുകയായിരുന്നു ജയഹരിയെന്ന് ഇരുവര്‍ക്കും അറിയില്ലായിരുന്നു. അതൊക്കെയൊരു തമാശയാണെന്ന് തിരിച്ചറിയാനുള്ള ഔചിത്യബോധം പോലും കാണിക്കാതെ അവന്‍ തൊട്ടപ്പുറത്തെ കട്ടിലില്‍ നിന്ന് ചാടിപ്പിടഞ്ഞെഴുന്നേറ്റു. ഓടി വന്ന് ഞങ്ങളുടെ കട്ടിലില്‍ നിന്ന് പുതപ്പ് വാരി വലിച്ചെടുത്തു!. ഗൗരവത്തോടെ പറഞ്ഞു: 'അച്ഛനും അമ്മയ്ക്കും ഏതായാലും ഉറക്കൊന്നും ഇല്ലാലോ. ഈ പുതപ്പ് എനിക്ക് ഇരിക്കട്ടെ. ഇത് ഞാനെടുക്ക്വാ.'അവന്റെ തിരിച്ചറിവില്ലായ്മയില്‍ അന്തംവിട്ട് ഒരു നിമിഷം സങ്കടപ്പെട്ടതുപോലെ തോന്നി ഇരുവരുടേയും മുഖഭാവം. 
'ഉറക്കമുള്ളവര്‍ക്കല്ലേ പുതപ്പ് വേണ്ടൂ. ഇല്ലേ അമ്മേ?'  എന്ന വീണ്ടുമുള്ള അവന്റെ ചോദ്യത്തിന് മുന്നില്‍ ഇരുവര്‍ക്കും ഉത്തരം മുട്ടിപ്പോയി. അവന്റെ കഥയില്ലായ്മയില്‍ അവര്‍ കിടക്കയില്‍ തല കുനിച്ചിരുന്നു. മൗനമായി. പുതപ്പുമായി അവന്‍ തൊട്ടടുത്ത കിടപ്പ് മുറിയിലേയ്ക്കും പോയി. 

ബാബുവും നിമിഷയും പിന്നാലെ നടന്നു. ജീവിതപ്രതീക്ഷകള്‍ മണ്ണിലേയ്ക്കു ഊര്‍ന്നുപോയ, ചൂരല്‍മലയിലെ ഉറക്കം നഷ്ടപ്പെട്ട, പുതപ്പില്ലാത്ത ആ പതിനേഴുകാരനെപ്പറ്റി അവനോട് സംസാരിച്ചു. പ്രിയപ്പെട്ട ആ പുതപ്പിനുള്ളിലേയ്ക്കു അല്‍പ്പമൊരിടം അവനും കൊടുക്കുമോ എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്.
  
'അയ്യോ! പാവം. ഈ പുതപ്പ് തന്നെ ഞാനാ ചേട്ടന് കൊടുക്കും'. ഇന്ന് തന്നെ ആ ചേട്ടനെ ഇങ്ങോട്ട് കൊണ്ടുവന്നാലോ എന്നായിരുന്നു അവന്റെ ധൃതി.