ശബ്ദങ്ങള്‍! കാതു തുളച്ചു കയറുന്ന ശബ്ദങ്ങള്‍. അവ നിരത്തുകളിലെ ഇരമ്പങ്ങളായും അടുക്കളത്തളങ്ങളിലെ ചൂളമടികളായും അന്തരീക്ഷത്തിലെ കോലാഹലങ്ങളായും മനുഷ്യരുടെ പൊട്ടിച്ചിരികളായും കാതില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ചെവി പൊട്ടി ചോരയൊലിക്കേണ്ട താമസമേയുള്ളൂ. 

To advertise here,

പ്രഷര്‍കുക്കറില്‍ നിന്നുള്ള ആദ്യ ചൂളം വിളി തനൂജയെ തേടി ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ വന്നു നിന്നു. അവളവിടെ റോസാച്ചെടികള്‍ക്ക് വെള്ളമൊഴിക്കുകയായിരുന്നു. ഇനിയൊരു ചൂളമടിക്ക് ഇട നല്‍കാതെ  അടുക്കളയിലേക്ക് പാഞ്ഞ് ഗ്യാസ് കെടുത്തി.

എന്തൊരാശ്വാസം! ഇനിയുള്ളത് വാഷിംഗ് മെഷീനിന്റെ വിറയ്ക്കുന്ന ഒച്ചയാണ്. ഡിസ്‌പ്ലേയില്‍ തുണികള്‍ കഴുകിത്തീരാന്‍ ആറ് മിനിറ്റു കൂടി കാണിക്കുന്നുണ്ട്. നാശം!

തനൂജ അവളുടെ പ്രിയപ്പെട്ട പനിനീര്‍ച്ചെടികള്‍ക്കിടയിലേക്കു തിരികെ നടന്നു. പല നിറങ്ങളിലായി നിറയെ പൂമൊട്ടുകള്‍. എന്തു ഭംഗിയാണവയ്ക്ക്. ഫോണിലെ ക്യാമറയില്‍ അവള്‍ പൂക്കള്‍ പകര്‍ത്താന്‍ തുടങ്ങി. ക്യാമറാ ഫില്‍റ്ററുകള്‍ക്ക് നല്‍കാനാവാത്ത സൗന്ദര്യമുള്ള പൂക്കള്‍. മതിയാവോളം ചിത്രങ്ങളെടുത്തുവെന്ന് ഉറപ്പായപ്പോള്‍ അവയെല്ലാം കൊളാഷാക്കി അവളത് വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കി.

എല്ലാവരും കണ്ടസൂയപ്പെടട്ടെ! നിമിഷങ്ങളുടെ ഇടവേളകളില്‍ മാറി മറഞ്ഞ അക്കങ്ങളിലൂടെ കാണേണ്ടവര്‍ കണ്ടുവെന്ന് ഉറപ്പാക്കിയപ്പോള്‍ അവള്‍ക്ക് നിര്‍വൃതിയുണ്ടായി.

ആകെ കിട്ടുന്ന ഞായറാഴ്ച്ചയാണ്. തൊള്ളായിരം സ്‌ക്വയര്‍ ഫീറ്റിന്റെ അപാര്‍ട്‌മെന്റില്‍ പാചകവും വീട് വൃത്തിയാക്കലുമായി ഭര്‍ത്താവിനും മകളോടുമൊപ്പം രാവിലെ മുതല്‍ക്ക് കൊണ്ടുപിടിച്ച പണിയിലാണ്. ഡിസ്‌പോസിബിള്‍ ഗാര്‍ബേജ് ബാഗുകള്‍ രണ്ടെണ്ണം ഇതിനോടകം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. അച്ഛനും മകളും മൂന്നാമത്തെ ബാഗുമായി അവശേഷിച്ച മുറിയിലേക്ക് കയറിയിട്ട് നേരമേറെയായിരിക്കുന്നു. കെട്ടിവച്ച ബാഗുകളിലൊന്ന്  തനൂജ അഴിച്ചുനോക്കി. ആവശ്യമില്ലാത്ത വസ്തുക്കള്‍ തന്നെയാണ് അവയെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത് സ്ഥിരം ഏര്‍പ്പാടാണ്. തനൂജയുടെ ഈ പരിശോധനയുടെ കടമ്പ കഴിഞ്ഞുകിട്ടിയാലേ ചാക്കുകെട്ടുകള്‍ അപാര്‍ട്‌മെന്റിനു പുറത്തേക്ക് പോവുകയുള്ളൂ. അപ്പോഴേക്കും വീര്‍ത്തുകെട്ടിയ ചാക്കുകെട്ടുകള്‍ക്ക് ശോഷണം സംഭവിച്ചിട്ടുണ്ടാകും.

'വീട് നിറയെ ആക്രികളാണ്. എന്തിനാണിവ വീണ്ടും പൊതിഞ്ഞുകെട്ടി സൂക്ഷിച്ചുവയ്ക്കുന്നത്? ഒരു ദിവസം ഞാനിതെല്ലാം കൂടി കത്തിച്ചു ചാമ്പലാക്കും.' 

പതിവുള്ളതാണ് പ്രമോദിന്റെ ഭീഷണി. എങ്കിലും തനൂജയ്ക്ക് ആവശ്യമെന്ന് തോന്നുന്നത് അവള്‍ ആ ചാക്കുകെട്ടുകള്‍ക്ക് പുറത്തെത്തിച്ചിട്ടുണ്ടാകും. 

'തനൂ, നീയിവിടമാകെ വൃത്തികേടാക്കി. എന്തിനാണീ സഞ്ചികള്‍ വീണ്ടുമഴിച്ചത്?' പ്രമോദ് ദേഷ്യത്തിലാണ്.

ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുടെ ആവശ്യമുണ്ടാകാറില്ല. ഉത്തരങ്ങള്‍ അറിഞ്ഞു കൊണ്ടു തന്നെയുള്ള ചോദ്യങ്ങളാണവ. പറയുന്ന ഉത്തരങ്ങള്‍ കൂടുതല്‍ ചോദ്യങ്ങളിലേക്ക് വഴിവെട്ടുകയാണ് ചെയ്യുക. എന്തിനാണ് വെറുതെയൊരു തര്‍ക്കത്തിന് ഇട നല്‍കുന്നത്. അവള്‍ ചാക്കുകെട്ടുകള്‍ തിരികെ നിറയ്ക്കാനുള്ള ശ്രമത്തിലായി. ഭര്‍ത്താവിനു പിന്നാലെ മകള്‍ ഏന്തിവലിച്ചു കൊണ്ടു വന്ന ഗാര്‍ബേജ് ബാഗ് അവളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. മകളുടെ പഴയ കളിപ്പാട്ടങ്ങളാണ്. അവള്‍ നീന്തി നടക്കുന്ന പ്രായം മുതലേയുള്ളത്. അച്ഛനും മകളും പലയാവര്‍ത്തി ശ്രമിച്ചിട്ടും വീട് വിട്ടുപോകാന്‍ കൂട്ടാക്കാത്തവ.

'ഞാന്‍ വലിയ കുട്ടിയായി അമ്മേ. ഇനിയെനിക്കെന്തിനാണീ കണ്ണും മൂക്കും പറിഞ്ഞു പോന്ന പാവക്കുട്ടികള്‍?'

തനൂജ മകളെ നോക്കി. അവളുടെ മുഖത്ത് പുച്ഛം കണ്ടു. പതിനാറു വയസ്സുകാരി എങ്ങനെയാണ് മുതിര്‍ന്ന കുട്ടിയാകുന്നത്? ഉയരമുണ്ടെന്നേയുള്ളൂ, അവളിപ്പൊഴും തനിക്ക് ചെറിയ കുട്ടി തന്നെയാണ്.

മകളുടെ കൂടെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന, അവള്‍ക്ക് എന്നും കൂട്ടായി ഇരുന്നിരുന്ന പാവക്കുട്ടികളെ തനൂജ നോക്കി. ചാക്കുകെട്ടിനുള്ളില്‍ ശ്വാസം മുട്ടി പിടയുന്ന പാവക്കുട്ടികള്‍. മകളുടെ കണ്ണില്‍ അവയെന്നു മുതല്‍ക്കാണ് ജീവനറ്റ വെറും കളിപ്പാവകള്‍ മാത്രമായി തീര്‍ന്നത്? തനൂജ മകളുടെ കയ്യില്‍ നിന്ന് സഞ്ചി വാങ്ങിച്ചെടുത്ത് അതിനുള്ളിലേക്ക് മുഖം പൂഴ്ത്തി. പല നിറങ്ങളിലും രൂപങ്ങളിലും ഭാവങ്ങളിലുമുള്ള പാവകളുടെ ഇടയില്‍ കറുപ്പും വെളുപ്പും കലര്‍ന്ന ശരീരത്തില്‍ ചുവന്ന അധരങ്ങളോടു കൂടിയ പക്ഷി, തനൂജയുടെ ഉറങ്ങുന്ന പെന്‍ഗ്വിന്‍. സഞ്ചിക്കുള്ളിലെ പിടച്ചിലുകള്‍ക്കിടയില്‍ അവളുടെ പരുപരുത്ത കൈകള്‍ പെന്‍ഗ്വിന്റെ നീളമുള്ള ചുണ്ടുകളില്‍ പിടുത്തമിട്ടു. പരിക്കേല്‍പ്പിക്കാതെ തനൂജ അവളുടെ പ്രിയപ്പെട്ട പക്ഷിക്ക് സഞ്ചിക്കുള്ളില്‍ നിന്ന് മോചനം നല്‍കി.  

'അച്ഛാ, ദാ നോക്കൂ, അമ്മയാ വൃത്തികെട്ട പാവയെ കളയാന്‍ കൂട്ടാക്കുന്നില്ല. ഞാന്‍ ജനിച്ചപ്പോള്‍ തൊട്ടുള്ളതാണത്.' അതു പറഞ്ഞപ്പോള്‍ മകളുടെ ചുണ്ടുകള്‍ കോടി.

'തെറ്റ്, നീ ജനിച്ചപ്പോള്‍ മുതല്‍ക്കല്ല, അതിനും എത്രയോ മുന്‍പേയുള്ളതാണാ പക്ഷി. ഒരിക്കല്‍ മറ്റാരുടെയോ സ്വന്തമായിരുന്ന ചുവന്ന ചുണ്ടുള്ള പെന്‍ഗ്വിന്‍.' എവിടെ നിന്നോ ഉരുത്തിരിഞ്ഞെത്തിയ വാക്കുകള്‍ തനൂജയുടെയുള്ളില്‍ കിടന്നു പിടഞ്ഞു. 

പ്രമോദ് ഭാര്യയെ നോക്കി. പെന്‍ഗ്വിന്റെ വിശറി പോലത്തെ കൈകള്‍ പഴയ രൂപത്തില്‍ ആകൃതി വരുത്തുകയാണവള്‍. 

'നിന്റെ അമ്മയ്ക്ക് ഭ്രാന്താണ്. പറഞ്ഞിട്ടു കാര്യമില്ല.' അയാള്‍ തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു.

മകള്‍ക്ക് ദേഷ്യം വന്നു. അച്ഛന്‍ പറഞ്ഞത് ശരിയാണ്. അമ്മയ്ക്കു ഭ്രാന്താണ്. നല്ല മുഴുത്ത ഭ്രാന്ത്.

'അമ്മയുടെ പാവ അമ്മ എന്തു വേണമെങ്കിലും ചെയ്‌തോളു. ഇതിനകത്തുള്ള ബാക്കി പാവകള്‍ എന്റേതാണ്. അതു ഞാന്‍ കളയുക തന്നെ ചെയ്യും.' മകളുടെ സ്വരം ദൃഢമായിരുന്നു. പുതിയ സഞ്ചിയുമായി അവള്‍ മുറിയിലേക്കു തന്നെ നടന്നു.

മകള്‍ അച്ഛനെ പോലെയാണ്. വളരെ പ്രാക്ടിക്കല്‍. എംപതി എന്നൊന്ന് അവളുടെ നിഘണ്ടുവിലില്ല. അവള്‍ കുട്ടിയാണെന്നു വയ്ക്കാം. പക്ഷേ, പ്രമോദിനെന്തു കൊണ്ടാണ് മനസ്സിലാകാതെ പോകുന്നത്? മകള്‍ പറഞ്ഞത് ഏറെക്കുറെ ശരിയാണ്. പതിനാറു വര്‍ഷമായി ആ കളിപ്പാവ ഈ വീട്ടിലുണ്ട്. മാറി താമസിച്ച ഒരോ വീടുകളിലും തന്നോടൊപ്പം ചേക്കേറിയ പക്ഷി. തന്റെ അവകാശിയെ കാത്തിരിക്കുന്ന പെന്‍ഗ്വിന്‍.

എന്തായിരുന്നു അവരുടെ പേര്? പേരു പോലും മറന്നിരിക്കുന്നു. കുഴിഞ്ഞ കണ്ണുകളില്‍ സദാ വിഷാദ ഭാവം സ്ഫുരിച്ചിരുന്ന സ്ത്രീ. സഹല പോയതിനു ശേഷമായിരുന്നുവോ ആ ഭാവം കണ്ടു വന്നിരുന്നത് എന്നും ശ്രദ്ധിച്ചിരുന്നില്ല. അവര്‍ മറാഠി സംസാരിച്ചിരുന്നു. മകളെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അംബര്‍നാഥിലെ തങ്ങളുടെ ഗേയ്റ്റഡ് കോളനിയോടു ചേര്‍ന്ന ചെറ്റപുരയില്‍ ആ സ്ത്രീയും കൂടെ അഞ്ചു വയസ്സുകാരി പെണ്‍കുട്ടിയും താമസിക്കാനെത്തിയത്. ഓമനത്തം ഏറെയുള്ള കുഞ്ഞ്. ഇരുനിറത്തില്‍ നന്നേ ഒട്ടിയ ശരീരം. അവളുടെ മുടിയിഴകള്‍ ജട കെട്ടിയിരുന്നു. അവള്‍ ചിരിക്കുമ്പോള്‍ വരണ്ട മുഖത്ത് നുണക്കുഴികള്‍ വിരിഞ്ഞു നിന്നു. ചിരിക്കാന്‍ മാത്രമറിയുന്ന പെണ്‍കുട്ടി. 

'ആ തള്ളയെ നിനക്ക് സഹായത്തിനു നിര്‍ത്താം. എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് ഓടിയെത്താമല്ലോ.' നാട്ടില്‍ നിന്ന് അമ്മമാര്‍ രണ്ടു പേരും വരില്ല എന്നു തീര്‍ച്ചയായപ്പോള്‍ പ്രമോദ് ഉപായം പറഞ്ഞു. ഗര്‍ഭാവസ്ഥയില്‍ ക്ഷീണം കലശലായി തുടങ്ങിയിരുന്നു. അവരോടു ചോദിക്കേണ്ട താമസമേയുണ്ടായുള്ളു. കണക്ക് പറയാതെ തന്നെ അവര്‍ വീടും വീട്ടുകാരിയേയും നോക്കി തുടങ്ങി.

'സഹല! എന്റെ മകളുടെ മകളാണ്. ഇവളുടെ അമ്മ തീ പൊള്ളിയാണ് മരിച്ചത്. എന്റെ പിടിവാശിയില്‍ നടത്തിയ വിവാഹം. ഞാനിത് അനുഭവിക്കേണ്ടതാണ്.' നീര് കെട്ടി വീര്‍ത്ത കാലുകള്‍ തടവി തരുമ്പോള്‍ ഒരിക്കല്‍ അവര്‍ കണ്ണീര്‍ വാര്‍ത്തു. 

placeholder
വര: സജീവ് രാധാകൃഷ്ണൻ

'എന്റെ കുഞ്ഞിന്റെ ഗര്‍ഭാവസ്ഥയില്‍ ഇതു പോലെ പരിചരിക്കാന്‍ ആളുണ്ടായില്ല. ഭര്‍തൃവീട്ടില്‍ അവള്‍ നന്നേ കഷ്ടപ്പെട്ടിരുന്നു. കഷ്ടപ്പാടില്‍ നിന്നും സ്വയം മോചനം നേടി പോയതാണവള്‍. ഇവള്‍ക്കങ്ങനെ ഒരു വിധിയുണ്ടായിക്കൂടാ.' അവര്‍ പേരക്കുട്ടിയെ അനുകമ്പയോടെ നോക്കി. മുത്തശ്ശിയെ അനുകരിച്ച് സഹല അവളുടെ പ്രിയപ്പെട്ട പക്ഷിയുടെ കാലുകള്‍ തടവി കൊണ്ടിരിക്കുകയായിരുന്നു.

അവളുടെ മുത്തശ്ശി പണിയെടുക്കുമ്പോഴെല്ലാം അവളും സഹായിച്ചു. മുത്തശ്ശി തനൂജയ്ക്ക് ഭക്ഷിക്കാന്‍ നല്‍കിയതെല്ലാം അവള്‍ പക്ഷിക്കും നല്‍കി.

'ഈ പക്ഷിയുടെ പേരറിയാമോ?' 

'പക്ഷി'

'ഇതു പക്ഷിയാണ്. എന്നാല്‍ ഈ പക്ഷിക്കൊരു പേരുണ്ട്. പെന്‍ഗ്വിന്‍!'

അവള്‍ ആദ്യമായി കേള്‍ക്കും മട്ടില്‍ തനൂജയെ നോക്കി. ശേഷം പാവയുടെ നെറുകയില്‍ താലോടി. 

'ത്സോപലേലാ പെന്‍ഗ്വിന്‍' അവള്‍ പാവയെ നോക്കി രണ്ടുമൂന്നാവര്‍ത്തി അതു തന്നെ പറഞ്ഞു.

ഉറങ്ങുന്ന പെന്‍ഗ്വിന്‍! മറാത്തിയാണ്. അടുക്കളയില്‍ നിന്ന് മുത്തശ്ശി പേരക്കുട്ടി പറഞ്ഞതിന്റെ അര്‍ത്ഥം തനൂജയ്ക്ക് ഹിന്ദിയില്‍ പറഞ്ഞു കൊടുത്തു. 

ശരിയാണ്, ആ പെന്‍ഗ്വിന്റെ കണ്ണുകള്‍ പാതി മയക്കത്തിലെന്ന പോലെ സദാ അടഞ്ഞിരുന്നു. മുത്തശ്ശി പാടിക്കൊടുത്ത താരാട്ടു പാട്ടുകള്‍ പാടി അവള്‍ ആ പക്ഷിയെ ദിനവും ഉച്ചമയക്കത്തിനു വിട്ടു കൊടുത്തു.

'തായീ, നിങ്ങളുടെ വയറ്റിനുള്ളില്‍ ആണ്‍കുട്ടിയാണോ അതോ പെണ്‍കുട്ടിയാണോ?' പെന്‍ഗ്വിനെ ഉറക്കിക്കിടത്തിയ ഒരു നട്ടുച്ചയ്ക്ക് മറ്റൊന്നും ചെയ്യാനില്ലാതെ അവള്‍ തനൂജ കിടക്കുന്ന കട്ടിലിനരികില്‍ വന്നു നിന്നു. വീര്‍ത്ത വയറില്‍ അവളുടെ നന്നേ ചെറിയ വിരലുകള്‍ കൊണ്ടു തൊട്ടു. 

'അറിയില്ല. എന്തേ?' 

'പെണ്‍കുട്ടിയാണെങ്കില്‍ എന്റെ പക്ഷിയെ ഞാനവള്‍ക്ക് കൊടുക്കും. കുട്ടികള്‍ക്ക് കളിക്കാന്‍ ഈ വീട്ടില്‍ വേറെ പാവക്കുട്ടികളില്ലല്ലോ.'

'ആണ്‍കുട്ടിയാണെങ്കില്‍ കൊടുക്കില്ലേ?'

'ആണ്‍കുട്ടികള്‍ പാവക്കുട്ടിയുമായി കളിക്കില്ലല്ലോ?' അവള്‍ക്ക് സംശയമായി.

തനൂജ അവളെ കോരിയെടുത്ത് കട്ടിലില്‍ കൂടെ കിടത്തി. അരുമയായ കുഞ്ഞ്! ഇവളെ കണ്ടതു മുതല്‍ക്ക് പെണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹം കലശലാണ്.

'ആട്ടെ, നീയെന്തിനാണ് എന്നെ തായീ (ചേച്ചി) എന്നു വിളിക്കുന്നത്. എനിക്കു നിന്റെ അമ്മയോ അമ്മായിയോ ആകാനുള്ള പ്രായമുണ്ട്. അറിയാമോ?'

'ആജ്ജി (മുത്തശ്ശി) പറഞ്ഞു അങ്ങനെ വിളിക്കാന്‍.' അതു പറയുമ്പോള്‍ അവള്‍ പരിഭ്രമിച്ചുവെന്ന് തോന്നി. തനൂജയുടെ കണ്ണുകള്‍ മുറിയുടെ വാതില്‍ക്കലേക്ക് പാഞ്ഞു. അവിടെങ്ങും ആരുമില്ലെന്ന് ഉറപ്പു വരുത്തി അവള്‍ ശബ്ദം താഴ്ത്തി.

'നീയെന്നെ ആയി (അമ്മ) എന്നു വിളിച്ചോളൂ. ആരോടും പറയാന്‍ നില്‍ക്കണ്ട.' തനൂജ അവളുടെ നെറ്റിയില്‍ ഉമ്മ വച്ചപ്പോള്‍ അവള്‍ നാണം കൊണ്ടു.

'ഇന്ന് സഹായത്തിന് അവര്‍ വന്നില്ല. വരില്ലെന്നൊട്ടു പറഞ്ഞതുമില്ല.' വൈകുന്നേരം ഓഫീസ് വിട്ടു വന്ന പ്രമോദിനോട് അന്നൊരിക്കല്‍ തനൂജ പരിഭവം പറഞ്ഞു.

'അപ്പോള്‍ നീയറിഞ്ഞില്ലേ? കോളനിയില്‍ പോലീസെത്തിയിട്ടുണ്ട്. അവരുടെ പേരക്കുട്ടിയെ രാവിലെ മുതല്‍ക്ക് കാണാനില്ലത്രേ.'

'അയ്യോ' തനൂജയുടെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി.

'കുട്ടി തനിയെ ഇറങ്ങിപ്പോയതാണോ അതോ ആരെങ്കിലും കൊണ്ടു പോയതാണോ എന്നേ അറിയേണ്ടതുള്ളൂ.' 

'നമ്മുടെ സെക്യൂരിറ്റി ശ്രദ്ധിച്ചില്ലേ?'

'അയാളുടെ ജോലി ഗെയ്റ്റിനിപ്പുറമുള്ള കാര്യങ്ങള്‍ നോക്കുകയെന്നാണ്. അപ്പുറത്തെ കാര്യങ്ങള്‍ അയാളുടെ ഉത്തരവാദിത്തമല്ല തനൂ.' 

തനൂജയ്ക്ക് ആകെ തളരുന്നതു പോലെ തോന്നി.

'നിറയെ ഗല്ലികള്‍ ഉള്ളയിടമാണ്. കിട്ടാനുള്ള സാധ്യതയൊക്കെ വളരെ കുറവാണ്.' കുളിക്കാനായി തോര്‍ത്തുമുണ്ട് തപ്പുന്നതിനിടെ അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു. 

'ഇതു പോരാ. നല്ല വണ്ണം മുറുകണം. എന്നാലേ വയറൊട്ടുകയുള്ളൂ.' പ്രസവാനന്തരം വയറില്‍ കെട്ടിയിരുന്ന തുണിക്ക് മുറുക്കം പോരെന്ന് വാതില്‍ക്കല്‍ നിന്നുള്ള ഒറ്റ നോട്ടത്തില്‍ തന്നെ അവര്‍ മനസ്സിലാക്കിയിരുന്നു. അവര്‍ യാത്ര പറയാന്‍ വന്നതായിരുന്നു.

'അമ്മയാകാനുള്ള യോഗ്യതയില്ലാത്ത ആളായിരുന്നു ഞാന്‍. മുത്തശ്ശിയാകാനുള്ള യോഗ്യതയുമില്ലെന്നു മനസ്സിലായി. എന്റെ കുഞ്ഞുങ്ങളെ കാക്കാന്‍ ഈ കിളവിക്ക് കഴിഞ്ഞില്ലല്ലോ ഭഗവാനേ.' അവര്‍ കൈ രണ്ടും കൂപ്പി മുകളിലേക്കു നോക്കി. 

'ഞാനവളെ അന്വേഷിച്ചു പോകുകയാണ്. എന്റെ കുഞ്ഞ് തിരിച്ചുവരാന്‍ വഴിയറിയാതെ പേടിച്ചു കരയുന്നുണ്ടാകും. എന്നെ കണ്ടാലേ അവള്‍ കരച്ചില്‍ നിര്‍ത്തുകയുള്ളൂ.' 

കണ്ണീര്‍ തുടച്ച് അവര്‍ ഭാണ്ഡം മുറുക്കി പോകാനായി എഴുന്നേറ്റു. അകത്തു നിന്ന് മകളുടെ കരച്ചിലുയര്‍ന്നപ്പോഴാണ് കുഞ്ഞിനെ അവരെ കാണിച്ചില്ലല്ലോയെന്ന് തനൂജയോര്‍ത്തത്.

തൊട്ടിലില്‍ കിടന്ന് പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ടിരുന്ന മകളെ അവര്‍ കുറേ നേരം നോക്കിനിന്നു. അവളെ തൊട്ടിലില്‍ നിന്നും കയ്യിലെടുത്തു കൊള്ളാന്‍ പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ല.

'മക്കള്‍ വാഴാത്ത ശാപം പിടിച്ച കൈകളാണിത്. ഇവള്‍ക്കു നല്ലത് വരട്ടെ.' അവര്‍ മകളുടെ ശിരസ്സില്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കൈ വച്ചനുഗ്രഹിച്ചു. പോകാന്‍ നേരം ഭാണ്ഡക്കെട്ടില്‍ നിന്നും പേരക്കുട്ടിയുടെ പ്രിയപ്പെട്ട പക്ഷിയെ പുറത്തെടുത്ത് അവര്‍ തൊട്ടിലിനുള്ളില്‍ മകള്‍ക്കരികില്‍ വച്ചു.

'എന്റെ കുഞ്ഞ് തനിയെ ഇറങ്ങിപ്പോയതല്ലെന്ന് എനിക്കറിയാം. ഈ പാവയെ എടുക്കാതെ അവളെങ്ങോട്ടും പോകുകയുമില്ല. അവളെ തിരികെ കിട്ടുമ്പോള്‍ ഇതവള്‍ക്കു കൊടുക്കേണ്ടതാണ്. അതുവരെ ഇതിവിടെയിരിക്കട്ടെ.' അവരുടെ വാക്കുകള്‍ക്ക് മറുപടി പറയാനാകാതെ സ്തംഭിച്ചു നില്‍ക്കുകയാണുണ്ടായത്. 

'ഇനി..യെന്നാണ്...' തനൂജയുടെ വാക്കുകള്‍ മുറിഞ്ഞിരുന്നു.

'ഈ കളിപ്പാട്ടം തിരികെ വാങ്ങിക്കാനായെങ്കിലും എനിക്ക് നിങ്ങളെ അന്വേഷിച്ചു വരാമല്ലോ.' അവര്‍ ചിരിച്ചു. ചിരിക്കുമ്പോള്‍ പൊടിഞ്ഞ കണ്ണുനീര്‍ തുടയ്ക്കാന്‍ അവര്‍ മിനക്കെട്ടില്ല.

മകള്‍ നാലാമത്തെ ബാഗും നിറച്ചു കൊണ്ടു വന്നു കഴിഞ്ഞിരുന്നു. പക്ഷിയെ ചേര്‍ത്തു പിടിച്ച് വെറും നിലത്തിരിക്കുകയായിരുന്ന അമ്മയെ അവള്‍ ശ്രദ്ധിച്ചില്ല. ഉറങ്ങുന്ന പക്ഷിയില്‍ അഞ്ചു വയസ്സുകാരിയുടെ മുഖം തിരയുകയായിരുന്നു അപ്പോള്‍ അവളുടെ അമ്മ. 

പ്രിയപ്പെട്ട സഹല,

നിന്റെ പക്ഷിയെ അന്വേഷിച്ച് ഒരിക്കല്‍ പോലും നിന്റെ ആജ്ജി വന്നില്ല. ആ വരവ് കാത്ത് നിന്റെ പ്രിയപ്പെട്ട പക്ഷി പാതിമയക്കത്തില്‍ കാത്തിരിക്കുന്നുണ്ട്. നീ വന്ന് ഉണര്‍ത്താനായി മാത്രം കള്ളയുറക്കം നടിക്കുന്ന പക്ഷി. നീ മാത്രം അവകാശിയായ നിന്റെ ഉറങ്ങുന്ന പെന്‍ഗ്വിന്‍

എന്ന് നിന്റെ 

ആയി.