
കുട്ടിക്ക് അന്ന് അവധി ആയിരുന്നു. രാവിലെ മുതല്‍ കളിക്കൂട്ടുകാരെ കാത്തിരുന്ന് കുട്ടിക്ക് മടുത്തു. ഉച്ചവെയില്‍ ചൂടാറിയശേഷമേ അവരെയൊക്കെ കളി മൈതാനത്തില്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ. പക്ഷേ, അത്രയും നേരം തള്ളിനീക്കാന്‍ എന്താണ് ഒരു വഴി?
വീട്ടില്‍ അച്ഛനും അമ്മയും ഇല്ല. രണ്ടാളും ജോലിക്ക് പോയതാണ്. കുട്ടിയുടെ ഏട്ടനാണെങ്കില്‍ മടല്‍ ബാറ്റുമായി രാവിലെ തന്നെ ഇറങ്ങി. കനാലിനപ്പുറത്ത് ഇരുളുമൂടിയ ശേഷമേ ഏട്ടന്‍ ഇനി തിരിച്ചെത്തുകയുള്ളൂ. വീട്ടില്‍ ആരുമില്ലാത്ത അവധി ദിവസങ്ങളില്‍ കുട്ടിയെ നോക്കാന്‍ മാണിക്കേടത്തിയോ നാരാണ്യേടത്തിയോ കല്യാണ്യേടത്തിയോ വരും. അവര്‍ വന്നില്ലെങ്കില്‍ കുട്ടി അവരുടെ ആരുടെയെങ്കിലും വീട്ടിലേക്ക് ചെല്ലും.
അന്ന് കുട്ടി അവരുടെ ആരുടെയും വീട്ടിലേക്ക് ചെന്നില്ല. വേറെ ചില പ്ലാനുകള്‍ മനസ്സിലുണ്ട്. വിറകുപുരയില്‍ പുള്ളിപ്പൂച്ച പെറ്റിട്ടുണ്ട്. മിയോമിയോ എന്ന് കരയുന്ന മൂന്ന് സുന്നരന്‍ കുഞ്ഞുങ്ങള്‍. ഒന്ന് തൂവെള്ള. ഒന്നൊരു കരിമ്പന്‍. പിന്നെ ഒരു പുള്ളി. അതില്‍ ഒരാളെ ഇന്ന് കുട്ടി തട്ടിയെടുക്കും. കാരണം ഇന്ന് കുട്ടിക്ക് അമ്മയും പശുവും കളിക്കണം. കുറെ നാളായി ഇതിനായി കാത്തിരിക്കുന്നു. കഴുത്തില്‍ കയറിട്ട് നടത്താന്‍ പാകത്തിന് ഒരു പശുവിനെ ഇത്രനാളും കിട്ടിയിരുന്നില്ല. പുള്ളിപ്പൂച്ചയുടെ കുഞ്ഞുങ്ങളില്‍ ഒരാളെ കിഡ്‌നാപ്പ് ചെയ്യാം. പശുവിന് പരിപാകം.
കുട്ടി ചെന്നപ്പോള്‍ വിറകുപുരയില്‍ അനക്കം ഉണ്ടായിരുന്നില്ല. പുള്ളിപ്പൂച്ച ഉമ്മുമ്മയുടെ വീട്ടില്‍ മീന്‍ കക്കാന്‍ പോയതാവും. വിറകുപുരയുടെ പിന്‍ഭാഗത്ത് ഒരു പൊളിഞ്ഞ മേശ ചാരി വച്ചിട്ടുണ്ട്. അതിനു പിന്നിലെ സുരക്ഷിതമായ ഒളിത്താവളത്തില്‍ കുഞ്ഞുങ്ങള്‍ മൂന്നാളും അടുക്കിവെച്ചതുപോലെ കിടന്നുറങ്ങുന്നു. പഞ്ഞിക്കട്ട പോലെ മൂന്നെണ്ണം. ഏറ്റവും മീതെ കിടന്ന കരിമ്പന്‍ കുഞ്ഞനെ സാവധാനം എടുത്തു. അപ്പോഴേക്കും മറ്റ് രണ്ടുപേരും ഉണര്‍ന്നു. അതുരണ്ടും വിറയ്ക്കുന്ന കാലുകളില്‍ വെച്ചുവേച്ച് അട്ടിയിട്ട ചേരിക്കൂനയ്ക്ക് പിറകിലേക്ക് പതുങ്ങി. പാവങ്ങള്‍.
കരിമ്പന്‍ പശു കയ്യിലിരുന്ന് കരയുന്നുണ്ട്. വേഗം കൊണ്ടുപോയി തൊഴുത്തില്‍ കെട്ടണം. അതിന് പുല്ലും വെള്ളവും കൊടുത്ത ശേഷം കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകേണ്ടതാണ്.
ഒരു അരിഷ്ടക്കുപ്പിയാണ് കുട്ടിയുടെ സ്ഥിരം കുഞ്ഞ്. ഉപയോഗിക്കാത്ത കുപ്പികള്‍ കൂട്ടിവയ്ക്കുന്ന ഇടത്തുനിന്നും ഒന്നാം ക്ലാസിലെ ഓണപ്പൂട്ടിനാണ് കുട്ടി കുഞ്ഞിനെ കണ്ടെടുത്തത്. അന്നുമുതല്‍ അതിനു പനിയാണ്. അമ്മയുടെ പഴയ സാരി കൊണ്ടുണ്ടാക്കിയ കിടക്കയില്‍ സദാ പുതച്ചു മൂടി കിടപ്പാണ് കുപ്പിക്കുഞ്ഞന്‍. അതിനെ ഇടയ്ക്കിടെ ഡോക്ടറെ കാണിക്കണം. ഇഞ്ചക്ഷന്‍ എടുക്കുകയും കുപ്പിമൂടി തുറന്ന് മരുന്നു വെള്ളം അകത്തേക്ക് ഒഴിച്ചു കൊടുക്കുകയും വേണം. വലിയ പ്രാരാബ്ധം തന്നെ.
കരിമ്പൻ പശുവിനെ കുട്ടി തന്റെ കളിവീടിന്റെ പന്തല്‍ കാലുകളിലൊന്നില്‍ കെട്ടി. വണ്ണമുള്ള ഒരു ചാക്ക് നൂല് നേരത്തെ കണ്ടെത്തി വെച്ചിട്ടുണ്ട്. അതുവെച്ചാണ് പശുവിനെ കെട്ടിയത്. ഒരു കൊച്ചുചിരട്ടയില്‍ വെള്ളം മുന്നില്‍ വച്ചു. കുറച്ചു പുല്ലും പറിച്ച് കൂടെ വച്ചു. എന്തൊക്കെ ചെയ്തിട്ടും നന്ദിയില്ലാതെ കരയുന്നുണ്ട് പശു.
ഇനി കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ പോകാം. അച്ഛന്റെ പഴയ ഒരു ലുങ്കിക്കീറ് ദേഹത്ത് വരിഞ്ഞു ചുറ്റി. അതിന്റെ ഒരറ്റം തോളിലൂടെ പുറകിലേക്ക് ഇട്ടു. ഉഗ്രന്‍ സാരിയായി. പക്ഷേ ഒരൊറ്റ പ്രശ്‌നം മാത്രം. ഞൊറിഞ്ഞുടുക്കാത്തതുകൊണ്ട് കാലുകള്‍ സ്വതന്ത്രമായി ചലിപ്പിച്ച് നടക്കാന്‍ പറ്റുന്നില്ല. സാരമില്ല. കുഞ്ഞിനെയും എടുത്ത് ആശുപത്രി വരെ തുള്ളിത്തുള്ളി പോകാം.
കുപ്പിക്കുഞ്ഞിനെ മാറോട് അടുക്കിപ്പിടിച്ച് തുള്ളിത്തുള്ളി നടക്കാന്‍ തുടങ്ങിയതേയുള്ളൂ. അപ്പോഴാണ് നട കയറി അച്ഛന്‍ വരുന്നത് കണ്ടത്. ഉച്ചയ്ക്ക് മുന്നേ അച്ഛന്‍ എത്തിയോ? സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന് കുട്ടിക്ക് തീരുമാനിക്കാന്‍ ആയില്ല.
ലുങ്കിസാരി ചുറ്റി കുപ്പിക്കുഞ്ഞിനെയും മാറോട് അടക്കി നില്‍ക്കുന്ന കുട്ടിയെ കണ്ടതും അച്ഛന്‍ ചിരി തുടങ്ങി. അച്ഛന് കുട്ടിയുടെ ഇത്തരം കളികള്‍ വലിയ ഇഷ്ടമാണ്. കുട്ടിയുടെ കളിപ്പുരയുടെ പരിസരത്ത് ചുറ്റിപ്പറ്റി നടന്ന ശേഷം എല്ലാ വിശേഷങ്ങളും അമ്മയ്ക്ക് വിസ്തരിച്ചു പറഞ്ഞുകൊടുക്കുന്നത് കുട്ടി പലതവണ കണ്ടിട്ടുണ്ട്. ഇതും അച്ഛന് ഇഷ്ടപെടും. പക്ഷേ....

'എന്താ പാച്ചിയമ്മേ, കുഞ്ഞിന് പനി കുറവില്ലേ?' അച്ഛന്‍ കുട്ടിയുടെ മൂര്‍ദ്ധാവില്‍ ഉഴിഞ്ഞു. പാച്ചിക്കുഞ്ഞ്, പാച്ചി മോള്, പാച്ചിയമ്മ, പാച്ചി മുത്താച്ചി... അച്ഛന്‍ കുട്ടിയെ ഇടയ്ക്കിടെ പല പേരുകളില്‍ വിളിക്കും. അച്ഛന്റെ കൂട്ടുകാരും ആ പേരുകളിലാണ് കുട്ടിയെ വിളിക്കുക. ആരാണാവോ ഈ പാച്ചി?
പെട്ടെന്നാണ് പശു കരഞ്ഞത്. മീയോ മീയോ... അത് കേട്ടതും അച്ഛന്‍ ശബ്ദം വന്ന ദിക്കിലേക്ക് നടന്നു. അതാ കളിപ്പന്തലിന്റെ മുന്‍പില്‍ ഒരു കണ്ണു കീറാത്ത പൂച്ചക്കുഞ്ഞ്. അയ്യയ്യോ പാവം...അച്ഛന്‍ അതിനെ മെല്ലെ എടുക്കാന്‍ നോക്കി. പൂച്ചക്കുഞ്ഞിന്റെ കഴുത്തില്‍ കെട്ടിയ ചാക്കുനൂല്‍ അപ്പോഴാണ് അച്ഛന്റെ കണ്ണില്‍ പെട്ടത്. ചിരട്ടയിലെ വെള്ളവും അടുത്തായി പുല്ലും കണ്ടതോടെ അച്ഛന് കാര്യങ്ങള്‍ തെളിഞ്ഞു. മുലകുടി മാറാത്ത, കണ്ണു കീറാത്ത പൂച്ചക്കുഞ്ഞിനെ കുട്ടി കളിക്കാന്‍ എടുത്തുകൊണ്ടുവന്നതാണ്. അച്ഛന്റെ മൂക്കിന്റെ അറ്റം ചുവന്നു.
കടുത്ത ദേഷ്യം വരുന്നതിന്റെ സൂചനയാണത്. അച്ഛന്റെ ചുവന്ന മൂക്കും ഞരമ്പുകള്‍ തെളിഞ്ഞു നില്‍ക്കുന്ന ചെവിയും വിറയ്ക്കുന്ന കവിളും കണ്ടാല്‍ കുട്ടിക്കും ഏട്ടനും പേടിയാണ്. ഒന്നോ രണ്ടോ വീക്ക് ഉറപ്പ്.
അച്ഛന്‍ ഒരക്ഷരം മിണ്ടിയില്ല. കടുത്ത വികൃതികള്‍ക്ക് എടുക്കുന്ന പേര വടിയോ ഇടത്തരം വികൃതികള്‍ക്ക് എടുക്കുന്ന ചെമ്പരത്തി വടിയോ കൊച്ചു വികൃതികള്‍ക്ക് എടുക്കുന്ന ഈര്‍ക്കിലോ എടുത്തില്ല. പകരം പൂച്ചക്കുഞ്ഞിന്റെ കഴുത്തിലെ കെട്ട് സൂക്ഷ്മതയോടെ അഴിച്ചു. അതിനെ വിറകുപുരയിലെ തള്ളപ്പൂച്ചയുടെ അടുത്ത് കൊണ്ടുവച്ചു. അതിനുശേഷം ഒരു ചൂടിക്കയറുമായി കുട്ടിയുടെ അടുത്തെത്തി. കഴുത്തില്‍ ലൂസായി ഒരു കെട്ടിട്ടു. മറ്റേയറ്റം പന്തല്‍ക്കാലിലും കെട്ടി.
'നിന്റെ അമ്മ വരും വരെ അവിടെ ഇരിക്ക്. കണ്ണുകീറാത്ത പൊടിക്കുഞ്ഞിനെ ഉപദ്രവിക്കാന്‍ നടക്കുന്നു. രാവിലെ മുതല്‍ അതിവിടെ ഇരുന്നു കരഞ്ഞതല്ലേ. നീയും അതിന്റെ വിഷമം കുറച്ച് അറിയ്യ്. 'കൂടുതലൊന്നും പറയാതെ അച്ഛന്‍ വീടിന് അകത്തേക്ക് പോയി. അടി കിട്ടിയില്ലല്ലോ എന്ന് ആശ്വസിച്ചു കൊണ്ട് കുട്ടി ചിരട്ടയിലെ വെള്ളം നിലത്തേക്ക് കമിഴ്ത്തി. അമ്മ വരാന്‍ ഇനിയും രണ്ടു മൂന്നു മണിക്കൂര്‍ കഴിയും. മൈതാനത്തിലെ ഇന്നത്തെ കളി സ്വാഹ.
അച്ഛന്റെ ഉറക്കെയുള്ള ശബ്ദം കേട്ടാവണം മാണിക്കേടത്തി എത്തി. അതാ കുട്ടിയെ കെട്ടിയിട്ടിരിക്കുന്നു. അവര്‍ അമ്പരന്നു.
മാണിക്കേടത്തി ഓടിവന്ന് കുട്ടിയുടെ കെട്ടഴിക്കാന്‍ തുടങ്ങി. ശബ്ദം കേട്ട് അച്ഛന്‍ പുറത്തേക്ക് പറന്നുവന്നു.
'വേണ്ടാത്ത പണി എടുക്കണ്ട. ഒരു കയര്‍ എടുത്ത് ങ്ങളെയും ഇവിടെ കെട്ടിയിടും.'
അത് കേട്ടതും മാണിക്കേടത്തി പിന്‍വാങ്ങി. കോപിച്ച് കലിതുള്ളി നില്‍ക്കുന്ന അച്ഛനോട് എതിരിടാത്തതാണ് ബുദ്ധി. പക്ഷേ വേലിക്കല്‍ പോയി നിന്ന് മാണിക്കേടത്തി പിറുപിറുത്തു.
'അല്ല മാശ്ശെ, ങ്ങളൊരു മനിച്ചന്‍ തന്നെയാണോ? ഒരു പൈതലിനെയാണോ കെട്ടിയിടുന്നത്? 'കുറച്ചുനേരം കൂടി പിറുപിറുത്ത ശേഷം അവര്‍ വീട്ടിലേക്ക് തിരിച്ചുപോയി.
ചൂടിക്കയറിന് നല്ല നീളമുണ്ട്. കുട്ടി പന്തല്‍ പുരയില്‍ കയറി ഇരുന്നു. ഉച്ചവെയില്‍ ഏല്‍ക്കാതെ ഓലപ്പന്തലില്‍ കാറ്റേറ്റിരുന്നപ്പോള്‍ കുട്ടിക്ക് ഉറക്കം വന്നു.
അപ്പോഴാണ് അച്ഛന്‍ അങ്ങോട്ട് വന്നത്. ചൂടിക്കയറഴിച്ച് കുട്ടിയെ കയ്യും മുഖവും കഴുകിച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി. മേശപ്പുറത്ത് ചോറും കറിയും പൊരിച്ച മീനും വിളമ്പി വച്ചിരിക്കുന്നു. കുട്ടി അച്ഛന്റെ മുഖത്തേക്ക് പാളി നോക്കി. നേരത്തെ കണ്ട ചുവന്ന മുഖം അല്ല ഇപ്പോള്‍. കട്ടി മീശയ്ക്കുള്ളില്‍ ചിരി ഒളിപ്പിച്ചു വച്ചിരിക്കുന്നു. കണ്ണുകളില്‍ ചിരി തിളങ്ങുന്നു.
പൊരിച്ച മീനിന്റെ പൊട്ടുതൊട്ട രുചികരമായ ചോറുരുള കുട്ടിയുടെ വായില്‍ വെച്ച് കൊടുക്കുമ്പോള്‍ ഇടതുകൈകൊണ്ട് അച്ഛന്‍ കുട്ടിയുടെ കൊച്ചുകൈപ്പത്തി പിടിച്ചുമ്മവച്ചു.
'ഈ കുഞ്ഞിക്കൈ കൊണ്ട് നീയെങ്ങനെ ഇത്ര നല്ല കെട്ടിടാന്‍ പഠിച്ചു? തീരെ മുറുകിയിട്ടില്ല, മിടുക്കി.'
അത്‌കേട്ടതും കുട്ടിയുടെ ഹൃദയം തണുത്തു.
പൂച്ചക്കേസില്‍ നിന്നും താന്‍ രക്ഷപ്പെട്ടിരിക്കുന്നു.
Content Highlights: akhila priyadarshini short story poochappasu
Published: 30 Nov 2023, 03:16 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented