
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വി.എസ്. അച്യുതാനന്ദന്റെ 'അയ്യങ്കാളി മുതല്‍ പശ്ചിമഘട്ടം വരെ' എന്ന പുസ്തകത്തില്‍നിന്നും എന്‍ഡോസള്‍ഫാന്‍: ഒടുങ്ങാത്ത നിലവിളി എന്ന അധ്യായം. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നേരിട്ടുപോയി കണ്ട് അവിടത്തെ ദുരിതാവസ്ഥ കണ്ട് നടത്തിയ ഇടപെടലുകളെക്കുറിച്ച് ഈ അധ്യായത്തില്‍ അദ്ദേഹം വിശദമാക്കുന്നു.
കൃത്യം പത്തു കൊല്ലം മുന്‍പാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്നം എന്റെ ശ്രദ്ധയില്‍ വന്നത്. കാസറഗോട്ടെ ഏതാനും പരിസ്ഥിതിപ്രവര്‍ത്തകര്‍ പ്രതിപക്ഷനേതാവായ എന്നെ വന്നു കണ്ട് എന്‍ഡോസള്‍ഫാന്‍ വിഷബാധമൂലമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ വിവരിക്കുകയായിരുന്നു. അവര്‍ ചില ഫോട്ടോകളും കാണിച്ചുതന്നു. കശുമാവിന്‍തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനെതിരേ ലീലാകുമാരിയമ്മ, വൈ.എസ്.മോഹന്‍കുമാര്‍, ശ്രീപഡ്രെ തുടങ്ങിയവരും മറ്റും ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിരുന്നെങ്കിലും പൊതുവില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നം അന്നു വലിയ വാര്‍ത്തയായിരുന്നില്ല. ഗവണ്‍മെന്റും രാഷ്ട്രീയപാര്‍ട്ടികളും എന്‍ഡോസള്‍ഫാന് അനുകൂലമായിരുന്നു. കാസറഗോഡ് എന്‍മകജെ മേഖലയില്‍ നിരവധി പേര്‍ക്ക് അംഗവൈകല്യവും ജനിതകരോഗങ്ങളും ഉണ്ടായതിനു കാരണം എന്‍ഡോസള്‍ഫാനാണെന്ന് ശാസ്ത്രീയമായ ഔദ്യോഗിക പഠനറിപ്പോര്‍ട്ടുകളൊന്നും 2002 വരെ ഉണ്ടായിരുന്നില്ല. പോരാത്തതിന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍വക അയ്യായിരത്തോളം ഹെക്ടര്‍ കശുമാവിന്‍തോപ്പിലെ തൊഴിലാളികളുടെ ജീവിതപ്രശ്നവും. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനെതിരേ ബോധവത്കരണത്തിനു ശ്രമിക്കുകയും പ്രതിഷേധിക്കുകയും ചെയ്തവരെ ശത്രുക്കളായാണ് അധികൃതര്‍ കണ്ടത്. മിക്ക രാഷ്ട്രീയപാര്‍ട്ടികളും അതേ നിലപാടിലായിരുന്നു. പുഞ്ചിരി ക്ലബ്ബിന്റെയും മറ്റും ചില പ്രസ്താവനകള്‍, പ്രശസ്ത ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ ഹൃദയസ്പര്‍ശിയായ ഫോട്ടോകള്‍, എം.എ. റഹ്‌മാന്റെ ഫോട്ടോകളും ഡോക്യുമെന്ററിയും, മാതൃഭൂമിയിലും മറ്റും വന്ന വാര്‍ത്തകള്‍- അത്രയുമായിരുന്നു അന്നേവരെ ഉണ്ടായിരുന്നത്.
കാസറഗോഡുനിന്നു വന്ന പ്രവര്‍ത്തകര്‍ ദീര്‍ഘസമയമെടുത്ത് കാര്യങ്ങള്‍ എനിക്കു വിശദീകരിച്ചുതന്നു. ഞാന്‍ അപ്പോള്‍ത്തന്നെ സി.പി.ഐ. (എം) കാസറഗോഡ് ജില്ലാ സെക്രട്ടറി കെ. കുഞ്ഞിരാമനെ ഫോണില്‍ വിളിച്ചു പറഞ്ഞു, ഞാന്‍ അടുത്ത ദിവസം കാസറഗോഡേക്കു വരുന്നു, എന്‍ഡോസള്‍ഫാന്‍ബാധിതമേഖലയില്‍ പോകണം, കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കണം. കാസറഗോട്ടെ എല്‍.ഡി.എഫ്. നേതാക്കളോടൊപ്പം എന്‍മകജെ, മൂളിയാര്‍ മേഖലകളില്‍ പോയപ്പോള്‍ ഞാന്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ചയാണ്. ബുദ്ധിമാന്ദ്യവും അംഗവൈകല്യങ്ങളും ബാധിച്ച കുട്ടികളും അമ്മമാരും വൃദ്ധന്മാരും... ഭയാനകമാംവിധം വയര്‍ വീര്‍ത്തവര്‍...ഡോക്ടര്‍ വൈ.എസ്. മോഹന്‍കുമാര്‍, എന്‍ഡോസള്‍ഫാനെക്കുറിച്ച് ലേഖനത്തിലൂടെ ആദ്യം പുറത്തറിയിച്ച കന്നട പത്രലേഖകനായ പഡ്രെ എന്നിവര്‍ എനിക്ക് കാര്യങ്ങള്‍ വിശദീകരിച്ചുതന്നു. വയര്‍ ഭയാനകമാംവിധം വീര്‍ത്ത് കടുത്ത കഷ്ടപ്പാടനുഭവിക്കുകയായിരുന്ന കുമാരന്‍മാഷ് ഭരണക്കാര്‍ കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ രോഷത്തോടെ പ്രതികരിച്ചത് ഇന്നും ഓര്‍ക്കുന്നു.
എന്‍ഡോസള്‍ഫാന്‍ബാധിതമേഖലയില്‍നിന്നു ശേഖരിച്ച വിവരങ്ങളും ഇരകളുടെ പടങ്ങളും ഞാന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. അന്ന് കൃഷിമന്ത്രിയായിരുന്ന ഗൗരിയമ്മ പറഞ്ഞത് കാസറഗോട്ടെ പ്രശ്നത്തില്‍ എന്‍ഡോസള്‍ഫാനു ബന്ധമില്ലെന്നാണ്. അസംബ്ലിയില്‍ തുടരത്തുടരെ ഈ പ്രശ്നം ഞാന്‍ ഉന്നയിക്കുകയുണ്ടായി. അതോടൊപ്പംതന്നെ കാസറഗോട്ട് ബഹുജനസമരം വളര്‍ന്നുവരികയും ചെയ്തു. സി.പി.ഐ.(എം) ഉം മറ്റ് ഇടതുപക്ഷ പാര്‍ട്ടികളുമെല്ലാം സമരരംഗത്തു വന്നു. സി.പി.ഐ.(എം) നേതൃത്വത്തില്‍ നടന്ന ബഹുജനസമരം ഉദ്ഘാടനം ചെയ്തതും ഞാനാണ്. അപ്പോഴും ഞാന്‍ എന്‍ഡോസള്‍ഫാന്‍ബാധിതമേഖല സന്ദര്‍ശിക്കുകയുണ്ടായി. രണ്ടു പതിറ്റാണ്ടിലേറെക്കാലം ഹെലികോപ്ടര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതിനെത്തുടര്‍ന്ന് പതിനൊന്നു പഞ്ചായത്തുകളിലെ ആവാസവ്യവസ്ഥയ്ക്കുതന്നെ വലിയ ആഘാതമുണ്ടായിക്കഴിഞ്ഞിരുന്നു. എന്നാല്‍ അതിന്റെ പൂര്‍ണമായ ചിത്രം അന്നും വ്യക്തമല്ലായിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയില്‍ അര്‍ബുദബാധമൂലം 53 പേര്‍ മരിച്ചു, ഇരുനൂറോളം പേര്‍ക്ക് അംഗവൈകല്യമുള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ട് എന്ന ഒരു കണക്കാണന്നുണ്ടായിരുന്നത്. പിന്നീട് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയില്‍ വ്യക്തമായത് നാനൂറില്‍പ്പരം പേര്‍ മരണപ്പെട്ടുവെന്നും രണ്ടായിരത്തിലധികം പേര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ട് എന്നുമാണ്.
2001-2006 ലെ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് ഈ പ്രശ്നം എന്‍ഡോസള്‍ഫാന്‍മൂലമാണെന്ന് ഔദ്യോഗികമായി സമ്മതിക്കാന്‍ തയ്യാറായില്ല. മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്കാനോ ഇരകള്‍ക്കു ചികിത്സാസംവിധാനം ഏര്‍പ്പെടുത്താനോ തയ്യാറായില്ല. എന്നാല്‍ അതിനകംതന്നെ അരഡസനോളം പഠനറിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞിരുന്നു. ഐ.സി.എം.ആര്‍. 2002- ല്‍ത്തന്നെ അസന്ദിഗ്ധമായി വ്യക്തമാക്കിയത് എന്‍ഡോസള്‍ഫാന്‍ മാരകമാണ്, അത് വിനാശകാരിയാണ് എന്നാണ്. ഫിലിപ്പൈന്‍സിലെ വിദഗ്ധര്‍ ഉള്‍പ്പെടെ ഈ കീടനാശിനി സംബന്ധിച്ച് പഠിച്ചു നല്കിയ റിപ്പോര്‍ട്ടുകളും കാസറഗോട്ടെ പ്രശ്നകാരണം എന്‍ഡോസള്‍ഫാന്‍തന്നെയാണെന്നാണ്. അസംബ്ലിയില്‍ നിരന്തരം പ്രശ്നം ഉന്നയിച്ചതിനു പുറമേ ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്നത്തെ കേന്ദ്ര കൃഷിമന്ത്രി അജിത് സിങ്, ആരോഗ്യമന്ത്രി ശത്രുഘ്നന്‍ സിന്‍ഹ എന്നിവര്‍ക്ക് പല തവണ എഴുതുകയുണ്ടായി. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എ.കെ. ആന്റണി, ആരോഗ്യമന്ത്രി പി. ശങ്കരന്‍ എന്നിവര്‍ക്കും എഴുതി. പല തവണ നേരില്‍ സംസാരിച്ചു. പക്ഷേ, നടപടിയുണ്ടായില്ല. എന്‍ഡോസള്‍ഫാന്‍ബാധിതമേഖലയില്‍ പ്രത്യേക ആരോഗ്യ പാക്കേജ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പ്ലാന്റേഷന്‍ കോര്‍പ്പറേഷനും അതിനു നേതൃത്വം നല്കുന്ന കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും എന്‍ഡോസള്‍ഫാന് ഒരു കുഴപ്പവുമില്ലെന്ന ഉറച്ച അഭിപ്രായമായിരുന്നു.
2006 മെയ് 18 ന് എന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. അടുത്ത മാസം നടന്ന നിയമസഭാസമ്മേളനത്തില്‍ കൃഷിമന്ത്രി രേഖാമൂലം നല്കിയ ഒരുത്തരം പ്രശ്നമായി. എന്‍ഡോസള്‍ഫാന്‍ കാരണം കാസറഗോട്ട് ആരെങ്കിലും മരിച്ചുവോ എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്ത മറുപടി ആരും മരിച്ചിട്ടില്ലെന്നായിരുന്നു. കൃഷിമന്ത്രി ഒപ്പിട്ടു നല്കിയ ആ മറുപടി പിശകായിരുന്നു. തെറ്റായ ഉത്തരത്തിന്റെകൂടി സാഹചര്യത്തില്‍ എം.എ. റഹ്‌മാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കടുത്ത രോഷത്തോടെ ഒരു സചിത്രലേഖനമെഴുതി. നിരാലംബരായ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതാവസ്ഥയുടെ ഹൃദയസ്പര്‍ശിയായ വിവരണമായിരുന്നു അത്. ആ ലേഖനം വായിച്ച ഉടനെത്തന്നെ ഞാന്‍ കൃഷിമന്ത്രിയെ വിളിച്ചു സംസാരിച്ചു. ഉത്തരത്തില്‍ വന്ന പിശക് മന്ത്രി തിരുത്തി. ആ ദിവസംതന്നെ മറ്റൊരാവശ്യത്തിനു കാസറഗോഡ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ തലസ്ഥാനത്തുണ്ടായിരുന്നു. അദ്ദേഹത്തെ ഓഫീസിലേക്കു വിളിച്ചുവരുത്തി. അപ്പോഴേക്കും പാസായിക്കഴിഞ്ഞ ബജറ്റില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസപദ്ധതി നടപ്പാക്കുന്നതിന് അരക്കോടി രൂപ വകയിരുത്തിയിട്ടുണ്ടായിരുന്നു. സാമൂഹ്യക്ഷേമവകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പാക്കേണ്ടത്. പുനരധിവാസപദ്ധതി ത്വരിതപ്പെടുത്താന്‍ ജില്ലാപഞ്ചായത്തിനു നിര്‍ദേശം നല്കി. എന്‍ഡോസള്‍ഫാന്‍ വിഷബാധ കാരണം 178 പേര്‍ മരിച്ചുവെന്നായിരുന്നു ജില്ലാ പഞ്ചായത്തിന്റെ പ്രാഥമികകണക്ക്. മരിച്ചവരുടെ കുടുംബത്തിന് അര ലക്ഷം രൂപ വീതം ധനസഹായം നല്കാന്‍ തീരുമാനിച്ചു. അടുത്ത ആഴ്ചതന്നെ കാസറഗോട്ടു പോയി തുക വിതരണം ചെയ്തു. വീണ്ടും ദുരിതബാധിതമേഖല സന്ദര്‍ശിച്ചു. ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍ കാസറഗോട്ടു വന്ന് പുനരധിവാസപദ്ധതി കുറ്റമറ്റ നിലയില്‍ നടപ്പാക്കുന്നതിനു നടപടികള്‍ സ്വീകരിച്ചു.
അപ്പോഴും സര്‍ക്കാര്‍സഹായങ്ങള്‍ അപര്യാപ്തമായിരുന്നു. ജില്ലയിലെ എം.എല്‍.എമാരുടെയും മറ്റു ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്ത് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. യഥാര്‍ഥ സര്‍വേ നടത്തി രോഗബാധിതരെ ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. രോഗബാധിതര്‍ക്ക് 250 രൂപയും പരിചരിക്കുന്നവര്‍ക്ക് 250 രൂപയും പ്രതിമാസം അലവന്‍സ് നല്കാനും കാസറഗോഡ് മേഖലയിലെ ഗവണ്‍മെന്റ് ആശുപത്രികളില്‍ എന്‍ഡോസള്‍ഫാന്‍രോഗബാധിതകര്‍ക്ക് പ്രത്യേക ചികിത്സ ലഭ്യമാക്കാനും സംവിധാനമൊരുക്കി. എല്ലാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതകുടുംബത്തിനും ബി.പി.എല്‍., എ.പി.എല്‍. പരിഗണനയില്ലാതെ രണ്ടുരൂപാനിരക്കില്‍ റേഷനരി ലഭ്യമാക്കി- അതും അപര്യാപ്തമാണെന്നുകണ്ട് രോഗിയുടെ അലവന്‍സ് 700 രൂപയും പരിചരിക്കുന്നവരുടെത് 300 രൂപയുമാക്കി വര്‍ധിപ്പിച്ചു. പിന്നെയും ആ തുക വര്‍ധിപ്പിച്ച് രണ്ടായിരവും ആയിരവുമാക്കി. ഏത് ആശുപത്രിയിലും സൗജന്യമായി വിദഗ്ധചികിത്സയ്ക്ക് സംവിധാനമുണ്ടാക്കി. സാമൂഹ്യക്ഷേമവകുപ്പ് കാസറഗോഡ് പെരിയയില്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ച് രോഗികള്‍ക്കുള്ള പ്രതിമാസ അലവന്‍സ് വിതരണത്തിന്റെ ഉദ്ഘാടനം ഞാന്‍ നിര്‍വഹിച്ചു. എന്‍ഡോസള്‍ഫാന്‍ പ്രശ്നവുമായി ബന്ധപ്പെട്ട് അംബികാസുതന്‍ മാങ്ങാട് എഴുതിയ എന്‍മകജെ എന്ന നോവലിന്റെ പുതിയ പതിപ്പ് ആ ചടങ്ങില്‍വെച്ച് ഞാന്‍ പ്രകാശനം ചെയ്തു. വിശദമായ സര്‍വേ നടത്തിയപ്പോഴാണ് നേരത്തേ പുറത്തുവന്നതിലും ഗുരുതരമാണ് സ്ഥിതി എന്ന് മനസ്സിലായത്. അംഗവൈകല്യം, ബുദ്ധിമാന്ദ്യം, ഗര്‍ഭച്ഛിദ്രം, വന്ധ്യത എന്നിങ്ങനെ കടുത്ത ജനിതകരോഗങ്ങള്‍ ബാധിച്ച നൂറുകണക്കിനാളുകള്‍...സ്വാഭാവികമരണങ്ങളായി കരുതിയ മരണങ്ങള്‍പോലും സ്വാഭാവികമരണങ്ങളായിരുന്നില്ലെന്ന തിരിച്ചറിവ്...അപ്പോഴേക്കും പൊതുപ്രവര്‍ത്തകരും സന്നദ്ധസംഘടനകളും മാധ്യമങ്ങളുമെല്ലാം എന്‍ഡോസള്‍ഫാനെതിരായ ഒരു പ്രചാരണയുദ്ധംതന്നെ ആരംഭിച്ചിരുന്നു. കീടനാശിനിലോബിയുടെ പിണിയാളുകളായി പരിണമിച്ച കേന്ദ്രസര്‍ക്കാര്‍ മാത്രമാണ് കണ്ണുതുറക്കാതിരുന്നത്. സര്‍വേയിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ സാഹചര്യത്തില്‍ സെക്രട്ടറിയേറ്റില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമരസംഘടനാപ്രതിനിധികളും പങ്കെടുത്ത വിപുലമായ യോഗം ചേര്‍ന്നു. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അയല്‍സംസ്ഥാനങ്ങളില്‍നിന്നും അത് രഹസ്യമായി കൊണ്ടുവന്നുപയോഗിക്കുന്നുണ്ടെന്ന് യോഗത്തില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനു സമ്മര്‍ദം ചെലുത്തണമെന്ന് തീരുമാനമായി. സ്റ്റോക്ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന പ്രമേയത്തെ ഇന്ത്യ എതിര്‍ക്കരുതെന്നാവശ്യപ്പെടാന്‍ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ബാധിതമേഖലയില്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആരോഗ്യവകുപ്പിലെ ജീവനക്കാരെ ഓരോ പഞ്ചായത്തിലും പ്രത്യേകമായി നിയോഗിച്ചു. എല്ലാ പഞ്ചായത്തിലും രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ പ്രത്യേക വാഹനം നല്കി. പുനരധിവാസപദ്ധതിയും രോഗീപരിചരണവും ഏകോപിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനെ നിയോഗിച്ചു.

ബാധിതര്‍ക്ക് സഹായധനം വി.എസ് കൈമാറുന്നു
എന്‍ഡോസള്‍ഫാന്‍മേഖലയിലേക്ക് സ്ഥിരം മെഡിക്കല്‍സംഘത്തെ നിയോഗിച്ചു. മൊബൈല്‍ ചികിത്സാ യൂണിറ്റ് ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയില്‍ റേഷന്‍ പൂര്‍ണമായി സൗജന്യമാക്കി. ആശുപത്രികള്‍ നവീകരിച്ചു. വിവിധ മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘങ്ങള്‍ ഓരോ പഞ്ചായത്തിലും ക്യാമ്പ് ചെയ്ത് വിദഗ്ധപരിശോധന നടത്തി കൂടുതല്‍ ചികിത്സ ആവശ്യമായവരെ മെഡിക്കല്‍ കോളേജുകളിലേക്കു മാറ്റി. എന്‍ഡോസള്‍ഫാന്‍ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടി ആരംഭിച്ചു. ഇതെല്ലാം സമയബന്ധിതമായി നീക്കുന്നതിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ സംവിധാനമുണ്ടാക്കി. ഇങ്ങനെ എന്‍ഡോസള്‍ഫാന്‍ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിക്കാന്‍ കുറെ കാര്യങ്ങള്‍ ചെയ്തു... എന്നാല്‍ അതുകൊണ്ട് എല്ലാമായി എന്നല്ല.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയില്‍ ഒരു മെഡിക്കല്‍ കോളേജാശുപത്രി ആരംഭിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. കേന്ദ്രഗവണ്‍മെന്റ് അനുവദിച്ച പ്രസ്തുത മെഡിക്കല്‍ കോളേജ് എന്‍ഡോസള്‍ഫാന്‍ മേഖലയിലാവണമെന്ന് ഞാന്‍ നിര്‍ദേശിച്ചത് വലിയ അപരാധമായിപ്പോയെന്ന് പത്തനംതിട്ട എം.പി. ഉള്‍പ്പെടെ ചിലര്‍ ആക്ഷേപിക്കുകയുണ്ടായി. അവര്‍ക്ക് അധികാരം കിട്ടിയപ്പോള്‍ പ്രസ്തുത മെഡിക്കല്‍ കോളേജ് കാസറഗോട്ടുനിന്ന് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിക്കുന്നതിന് കേരളത്തില്‍ നടന്ന സമരങ്ങള്‍ ഏറെ സഹായകമായി. കാസറഗോഡ് വിവിധ സംഘടനകള്‍ നടത്തിയ സമരങ്ങള്‍, സാംസ്‌കാരികകൂട്ടായ്മകള്‍, ഒപ്പുമരംപോലുള്ള പരിപാടികള്‍, ഉപവാസസത്യാഗ്രഹങ്ങള്‍ എന്നിവയെല്ലാം വന്‍തോതില്‍ ജനശ്രദ്ധയാകര്‍ഷിച്ചു. സ്റ്റോക്ഹോം കണ്‍വെന്‍ഷന്‍ നടക്കുന്ന ഘട്ടത്തില്‍ തിരുവനന്തപുരത്ത് രക്തസാക്ഷിമണ്ഡപത്തിനു സമീപം എന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസം സ്റ്റോക്ഹോം കണ്‍വെന്‍ഷനില്‍ ചര്‍ച്ചാവിഷയമായി. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനനുകൂലമായി ജനവികാരമുയര്‍ത്താന്‍ ഈ സമരങ്ങള്‍ സഹായകമായി. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരേ നിലപാടെടുത്ത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അപഹാസ്യമാവുകയായിരുന്നു.
സ്റ്റോക്ഹോം കണ്‍വെന്‍ഷനില്‍ നിരോധനപ്രമേയത്തെ അനുകൂലിക്കണമെന്നാവശ്യപ്പെടാന്‍ പ്രധാനമന്ത്രിയെ കണ്ട സര്‍വകക്ഷി പ്രതിനിധിസംഘത്തിനു കിട്ടിയ മറുപടി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നാണ്. കൂടുതല്‍ പഠനം ആവശ്യമാണെന്നും ഐ.സി.എം.ആറിന്റെ പഠനഫലം കിട്ടിയ ശേഷം നടപടി സ്വീകരിക്കാമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ ആപത്കാരിയാണെന്നും അത് നിരോധിക്കണമെന്നും 2002-ല്‍ത്തന്നെ ഐ.സി.എം.ആര്‍. ശിപാര്‍ശ ചെയ്തത് മറച്ചുവെച്ചാണ് വീണ്ടും പഠനം നടത്തിയേ തീരൂ എന്ന കര്‍ശനനിലപാട് പ്രധാനമന്ത്രി സ്വീകരിച്ചത്.
ഒരു പഠനവും വേണ്ട, എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന പ്രശ്നമേയില്ലെന്നാണ് ശരത് പവാര്‍ കര്‍ശനനിലപാടെടുത്തത്. പരിസ്ഥിതി മന്ത്രി ജയറാം രമേശ് പറഞ്ഞത് കാസറഗോട്ടെ പ്രശ്നം മാത്രം കണക്കിലെടുത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നാണ്.
എന്നാല്‍ മഹാഭൂരിപക്ഷം രാഷ്ട്രങ്ങളുടെയും ശക്തമായ സമ്മര്‍ദത്തിനു മുന്‍പില്‍ ഇന്ത്യയ്ക്കു വഴങ്ങേണ്ടിവന്നു. അതിന്റെ ജാള്യം മറയ്ക്കാന്‍ ഇന്ത്യ നിരോധനത്തിന് എതിരായിരുന്നില്ലെന്നും എതിരാണെന്ന് കേരളത്തില്‍നിന്നുള്ള സ്വതന്ത്രപ്രതിനിധികള്‍ പ്രചരിപ്പിച്ചതാണെന്നും അവാസ്തവപ്രസ്താവന നടത്തുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. വാസ്തവത്തില്‍ ദേശസ്നേഹപരവും മനുഷ്യത്വപരവുമായ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ലോകരാഷ്ട്രങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങിയ സ്വതന്ത്രപ്രതിനിധികളെ (ജയകുമാര്‍, ഡോ. അഷീല്‍) അപമാനിക്കുന്ന പ്രസ്താവനയാണ് ജയറാം രമേശ് നടത്തിയത്.
എന്നാല്‍ ഇന്ത്യാഗവണ്‍മെന്റ് എന്‍ഡോസള്‍ഫാന്‍നിരോധനത്തിനു ദീര്‍ഘമായ കാലപരിധിസമ്മര്‍ദത്തിലൂടെ നേടിയെടുക്കുകയും 22 വിളകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാമെന്ന ഉപാധി അംഗീകരിപ്പിക്കുകയും ചെയ്തത് അപമാനകരമാണ്. ബദല്‍കീടനാശിനി കണ്ടെത്താന്‍ ഇത്രയും വലിയ കാലയളവ് അനാവശ്യമാണ്. എന്‍ഡോസള്‍ഫാന്‍ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനു കേന്ദ്ര മനുഷ്യാവകാശകമ്മീഷന്‍ തയ്യാറാക്കിയ 237 കോടി രൂപയുടെ പാക്കേജ് നടപ്പാക്കാന്‍ കേന്ദ്രം നടപടിയെടുക്കുന്നില്ല. ദുരിതബാധിതരെ സഹായിക്കുന്നതിനു മുന്‍ഗവണ്‍മെന്റ് തയ്യാറാക്കിയ 125 കോടി രൂപയുടെ സ്‌കീം നടപ്പാക്കുന്നതിന് അത്രയും തുക ഗ്രാന്റ് അനുവദിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമായിരുന്നു. അതുമുണ്ടായില്ല. ഇപ്പോഴത്തെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ഉടനെ പറഞ്ഞത് എന്‍ഡോസള്‍ഫാന്‍ പുനരധിവാസപദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നാണ്. എന്നാല്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് പി.സി.കെയെ ഒഴിവാക്കിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര മനുഷ്യാവകാശകമ്മീഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാരം ഇപ്പോഴും കടലാസില്‍ത്തന്നെ.
എന്‍ഡോസള്‍ഫാന്‍ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും വിദഗ്ധചികിത്സ ആവശ്യമുള്ളേടത്തോളം കാലം ലഭ്യമാക്കുന്നതിനും ദുരിതബാധിതമേഖലയിലെ മണ്ണും വെള്ളവും പ്രകൃതിയും പൂര്‍വസ്ഥിതിയിലാക്കുന്നതിനു കഴിയാവുന്നതെല്ലാം ചെയ്യേണ്ടതും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്വമാണ്.
എന്‍ഡോസള്‍ഫാന്‍വിരുദ്ധസമരം അവസാനിച്ചിട്ടില്ല. മേല്‍പ്പറഞ്ഞ ആവശ്യം ഉന്നയിച്ചുള്ള യോജിച്ച പ്രക്ഷോഭമാകണം അടുത്ത ഘട്ടം.
Content Highlights: V.S Achuthanandan, Endosulfan, Kasarkode, Mathrubhumi Books, Mathrubhumi
Published: 20 Oct 2023, 05:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented