അകലൂരിലെ ഒട്ടും വീതിയില്ലാത്ത ചെറു നാട്ടുപാത താണ്ടി കയറി ചെല്ലുമ്പോള്‍ അമരാവതിയെന്ന ചെറുവനത്തിന്റെ പടിപ്പുര വാതില്‍ തുറന്നു കിടക്കുന്നുണ്ടായിരുന്നു. പടിപ്പുരവാതിലിന്റെ പുറത്ത് ഒരു നാട്ടുമ്പുറത്തുകാരി നില്‍ക്കുന്നുണ്ട്.

To advertise here,

 'ഇതല്ലേ ലോഹിസാറിന്റെ വീട്. ചേച്ചി ഇവിടെയുണ്ടോ?'

ഞാന്‍ അവരോട് ചോദിച്ചു.
അതാ...ന്നും പറഞ്ഞ് അവര്‍ അകത്തേക്ക് കൈ ചൂണ്ടി. പടിപ്പുരവാതില്‍ തൊട്ട് വീടുവരെ നീണ്ടുകിടക്കുന്ന നടപ്പാതയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ചപ്പിലകള്‍ അടിച്ചുവാരിക്കൊണ്ട് നില്‍ക്കുകയാണ് സിന്ധു ലോഹിതദാസ്!

 നാട്ടുമ്പുറത്തുകാരി ശബ്ദം താഴ്ത്തി പറഞ്ഞു പറഞ്ഞു.
 'രണ്ടുമൂന്നു ദിവസമായിട്ട് അവരാകെ വിഷമത്തിലാണ്. '
 എന്തുപറ്റി?
'അവരുടെ നായക്ക് തീരെ വയ്യ.'
 ഞങ്ങളുടെ സംസാരം കേട്ട് അടിച്ചുവാരുന്ന സിന്ധു തലയുയര്‍ത്തി നോക്കി. 
'എന്നെ കാണാന്‍ വന്നതാണോ?'
അതേ...
എന്താ ചെയ്യുന്നത്?
ടീച്ചറാണ്.
അത് മാത്രം പോരല്ലോ എന്നെ കാണാന്‍ വരണമെങ്കില്‍...
ചെറുതായി എഴുതും.
'അങ്ങനെ പറ.
നായയ്ക്ക് സുഖമില്ല. അവനെ കുളിപ്പിച്ച് ഇവിടെയൊക്കെ വെള്ളം ഒഴിച്ച് കഴുകുകയായിരുന്നു. മൂന്നാല് ദിവസമായി ഞാന്‍ ആകെ ഇറിട്ടേറ്റഡ് ആണ് .
ഞാനൊന്ന് വേഷം മാറി വരുന്നത് വരെ നിങ്ങളീ പടിപ്പുരയില്‍ തന്നെ ഇരിക്കൂന്നും പറഞ്ഞ് അവര്‍ അകത്തേക്ക് പോയി.

placeholder
സിന്ധു ലോഹിതദാസ് (ഫയൽഫോട്ടോ)

ഞങ്ങള്‍ രണ്ടാളും പടിപ്പുരയിലിരുന്നു. ഞങ്ങള്‍ എന്നു പറയുമ്പോള്‍ ഞാനും എനിക്ക് കൂട്ടുവന്ന ചങ്ങാതിയും.
സിന്ധുവിന്റെ ഇന്റര്‍വ്യൂ കണ്ട അന്ന് തൊട്ട് എനിക്ക് അവരെ ഒന്ന് കാണണമെന്ന് പറഞ്ഞ് ഞാനവനെ ശല്യം ചെയ്യാന്‍ തുടങ്ങിയതാണ്.
നാട്ടുമ്പുറചേച്ചി അപ്പോഴേക്ക് പോയിരുന്നു.

 ഞങ്ങള്‍ പടിപ്പുരത്തിണ്ണയില്‍ ഇരുന്നതും നേരെ എതിര്‍വശതിണ്ണയില്‍ ഒരു നായ വന്നിരുന്നു. തൊട്ടപ്പുറത്ത് നിന്നും വലിയൊരു മയില്‍ കൂവി വിളിച്ചു. 
നായ നാടനാണ്. 
കഴുത്തില്‍ ബെല്‍റ്റ് ഉണ്ട്. ആരോഗ്യവുമുണ്ട്. അത് കുരയ്ക്കുകയോ വാലാട്ടുകയോ ചെവിയാട്ടുകയോ ഒന്നും ചെയ്യുന്നില്ല. ജാഗ്രതയോടെ ഞങ്ങളെ നോക്കി നിവര്‍ന്ന് ഇരിക്കുകയാണ്. നായ്ക്കളെ കാണുന്ന പാടെ വശത്താക്കുന്ന കൂട്ടുകാരന്റെ കൊഞ്ചിക്കലിനൊന്നും ഈ നായയില്‍ നിന്ന് മറുപടിയില്ല. ഗൗരവം ഒട്ടും വിടുന്നില്ല.
സിന്ധു കുളിച്ച് വേഷം മാറി വന്നു.
'സൂര്യനും കാറ്റും ഇപ്പൊ വരുംട്ടൊ.' എന്നു ഉറക്കെ പറഞ്ഞുകൊണ്ടാണ് വരുന്നത്.
മഴ ഇരുണ്ടുമൂടി നില്‍ക്കുന്ന അന്തരീക്ഷം. ഏക്കര്‍ കണക്ക് പരന്നുകിടക്കുന്ന പറമ്പില്‍ കാവുപോലെ നിറഞ്ഞ് മഹാവൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും  അനക്കമില്ലാതെ നിഗൂഢതയില്‍ കനത്തുപിടിച്ചു നില്‍ക്കുന്നു. 
 കാറ്റു വന്നേക്കാം, പക്ഷേ സൂര്യനെവിടുന്നു വരാന്‍. എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് അവര്‍ക്കൊപ്പം വീട്ടിലേക്ക് നടക്കുമ്പോള്‍ നടവഴിയില്‍ ഒരിടത്തെത്തിയപ്പോള്‍ സിന്ധുപറഞ്ഞു.

'ചെരുപ്പ് ഊരിയിട്ട് ഇവിടെ എന്റടുത്തു വന്നുനില്‍ക്കൂ. ഞാനൊരു കാര്യം കാണിച്ചുതരാം. ആകാശത്തേക്ക് നോക്കൂ. എന്റെ ഏകാന്തകാന്തനെ കാണാം. 
പൊടുന്നനെ മരച്ചില്ലകള്‍ക്കിടയിലൂടെകാണുന്ന ആകാശത്തില്‍  ഇരുണ്ടുകറുത്ത ഒരു മേഘക്കീറ് തെന്നി മാറി സൂര്യന്‍ ഒന്ന് തെളിഞ്ഞു. ഒരു ഗന്ധര്‍വന്റെ വരവറിയിക്കും പോലെ. ആകാശപാതയായി ആ സൂര്യപ്രകാശം കൃത്യമായി സിന്ധുവിന്റെ ദേഹത്തും മുഖത്തും വീണു.

 'ഇനി കാറ്റ് വീശും. ഞാന്‍ പറയുന്ന ചില്ലയിലേക്ക് നോക്കൂ. സിന്ധു പറഞ്ഞു.

അവര്‍ പറഞ്ഞിടത്തേക്ക് നോക്കി. ആകാശ ഉയരത്തിലുള്ള മാമരച്ചില്ല കാറ്റുപിടിച്ചു ഇളകുന്നു. അതീവ പ്രണയലോലഭാവത്തോടെ അതും നോക്കി നില്‍ക്കുകയാണ് അവര്‍. ആ കാറ്റ് തൊടിയിലാകെയുള്ള വൃക്ഷത്തലപ്പുകളിലൂടെ ഒന്ന് വലംവച്ചു.

എന്റെ ഏകാന്തകാന്തന്‍ നിങ്ങള്‍ക്ക് സ്വാഗതം പറഞ്ഞതാണ്. സിന്ധു ആഹ്ലാദത്തോടെ പറഞ്ഞു. എല്ലായ്പ്പോഴും ഇങ്ങനെയൊന്നും സംഭവിക്കില്ല കെട്ടോ എന്നും.

 ലോഹിതദാസിന്റെ ആത്മസാന്നിധ്യത്തെ കുറിച്ചാണ് സിന്ധു സംസാരിക്കുന്നതെന്നോര്‍ത്ത് ഞാന്‍ രോമാഞ്ചിതയായി.
പക്ഷേ, എനിക്ക് തെറ്റി.
സൂര്യനെയാണ് അവര്‍ ഏകാന്ത കാന്തന്‍ എന്ന് വിശേഷിപ്പിച്ചത്!
സൂര്യനില്‍ നിന്നാണ് എനിക്ക് വേണ്ട ഊര്‍ജ്ജം മുഴുവനും ലഭിക്കുന്നതെന്ന് പറഞ്ഞ് മോഹിത ഭാവത്തില്‍ കൈക്കുമ്പിള്‍ നിവര്‍ത്തിക്കാട്ടി. 
'നോക്കൂ... എന്റെ കൈക്കുമ്പിള്‍ നിറയെ എത്ര നിറങ്ങളാണെന്ന്!'

placeholder
ലോഹിതദാസും സിന്ധുവും വിവാഹവേളയിൽ

എനിക്ക് അവരുടെ കയ്യില്‍ വെളിച്ചമല്ലാതെ മറ്റ് നിറങ്ങളൊന്നും കാണുന്നില്ലെങ്കിലും ഞാന്‍ ഉണ്ടെന്ന് തലയാട്ടി.
'ഞാന്‍ വിളിച്ചപ്പോള്‍ കാറ്റും സൂര്യനും വെളിച്ചവും വന്നത് നിങ്ങള്‍ കണ്ടു. നിങ്ങളത് അനുഭവിച്ചു. എന്നാല്‍ ഈ അനുഭവം ഇല്ലാത്തവര്‍ക്ക് ഞാന്‍ ഭ്രാന്തിയാണ്. നിങ്ങള്‍ ഇത് പോയി ആരോടെങ്കിലും പോയി പറഞ്ഞാല്‍ നിങ്ങളും അതാവും.' സിന്ധു മുന്നറിയിപ്പുപോലെ പറഞ്ഞു.

ഞാനും ചങ്ങാതിയും ഒന്നും മിണ്ടാതെ പരസ്പരം ഒന്ന് നോക്കി. പിന്നെ സിന്ധുവിന് പിന്നാലെ നടന്നു.
ദേവാസുരം മോഡല്‍ തുറന്നു കിടക്കുന്ന പൂമുഖം. പൂമുഖത്തിന് പടികള്‍ക്ക് താഴെ കെട്ടിയിട്ടിരിക്കുന്ന റോട്ട് വീലര്‍ അവശനായികിടക്കുന്നു. ഇടയ്ക്ക് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. മരണസമയം അടുത്ത പോലെ ഈച്ചകള്‍ ആര്‍ക്കുന്നു.
 
ഇതിന് എന്തുപറ്റി? ഞാന്‍ ചോദിച്ചു. 
'അവനു പ്രായമായി. അവന്റെ സമയമെത്തി. അല്ലെങ്കിലും അവന്റെ ജീവിതത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അവന്റെ വര്‍ഗ്ഗത്തില്‍പെട്ട ഒരാളെയും കാണാതെ ഒരു ഇണയില്ലാതെ കൂട്ടിലും ചങ്ങലയിലുമായി കഴിയുകയാണ്. എന്തൊരു ജീവിതമാണത്? അത് അവസാനിക്കാറായത് നന്നായി. 'സിന്ധു പറഞ്ഞു.

ഇത്രയും കാലം താന്‍ ഓമനിച്ചു വളര്‍ത്തിയവന്‍, തനിക്ക് കൂട്ടുണ്ടായിരുന്നവന്‍ എന്ന സെന്റിമെന്‍സ് ഒന്നുമില്ല. വളരെ പ്രാക്ടിക്കല്‍ ആയിട്ടാണ് സംസാരം. 
പൂമുഖത്തളം മുഴുവന്‍ വെള്ളം കെട്ടിക്കിടക്കുന്നു. റോട്ട് വീലര്‍ ഉച്ചവരെ അവിടെ കിടന്നതിന് ഡെറ്റോളും ഉപ്പും വെള്ളവും  കൊണ്ട് അടിച്ചു കഴുകിയതാണ്.

 ജോലിക്ക് ആരെങ്കിലും ഉണ്ടോ? ഞാന്‍ ചോദിച്ചു.

 എന്റെ വീട്ടിലെ ജോലികള്‍ മറ്റൊരാളെക്കൊണ്ട് ചെയ്യിച്ചാല്‍ എനിക്ക് തൃപ്തിയാവില്ല. എനിക്ക് തന്നെ അത് ചെയ്യണം. രാത്രി ഞാന്‍ ഈ വീട്ടില്‍ ഒറ്റയ്ക്കാണ്. ഏകാന്തത എനിക്ക് അത്ര ഇഷ്ടമാണ്. അതെനിക്ക് ഭയങ്കര ഊര്‍ജ്ജം തരും. രാവിലെ ഒരു ചായയും രണ്ടു ബിസ്‌കറ്റും കഴിച്ച് ഈ പണികളെല്ലാം ചെയ്തിട്ടും എനിക്ക് എന്തെങ്കിലും ക്ഷീണം ഉണ്ടോ എന്ന് നോക്കൂ... 

ഏതോ ലോകത്തിരുന്ന് സിന്ധു ഇത് പറയുമ്പോള്‍ അവരുടെ ഉള്ളില്‍ ഉരുത്തിരിയുന്ന നമുക്ക് പിടികിട്ടാത്ത എന്തോ എനര്‍ജിയുടെ ഷൈനിങ് ആണ് അവരുടെ മുഖത്തും പാടെ മെലിഞ്ഞ ദേഹത്തും, ഭക്ഷണം കഴിക്കാത്ത ക്ഷീണമല്ല.

 വീടിന്റെ അകത്തള വരാന്തയിലേക്ക് അവര്‍ ഞങ്ങളെ ക്ഷണിച്ചു. സോഫയില്‍ ഇരുന്നതും പഞ്ഞിക്കെട്ടുകള്‍ പോലെ രണ്ട് പേര്‍ഷ്യന്‍ പൂച്ചകള്‍ പാഞ്ഞ് വന്നു. 

'ഇവരുടെ അച്ഛന്‍ ലൂമിയര്‍ മരിച്ചുപോയി. ഇവന്‍ ലൂയിസ് ലൂമിയര്‍, കറുപ്പുനിറമുള്ളത് കപ്രൂ ലൂമിയര്‍. 'പൂച്ചകളെ പരിചയപ്പെടുത്തി.
 പൂച്ചകള്‍ക്ക് മനുഷ്യസ്വഭാവം. അത് അടുത്തുവന്നു കുട്ടികളെ പോലെ നമ്മളെ തോണ്ടിവിളിച്ച് 'റ' പോലെ വളഞ്ഞു നിന്ന് മുതുക് കാണിച്ചുതരുന്നു. തലോടാന്‍ വേണ്ടി.

'പൊതുവേ ആരോടും അങ്ങനെ അടുപ്പം കാണിക്കാത്തവരാണ് വിട്ടുനിന്നു നോക്കാറേ ഉള്ളൂ. 'സിന്ധു പറഞ്ഞു.  

കൂട്ടത്തില്‍ കുട്ടിക്കാലം തൊട്ട് തനിക്ക് പഞ്ഞിയോടുള്ള ഫോബിയയെ കുറിച്ചും. അതുകൊണ്ടുതന്നെ കയ്യില്‍ തുണി കെട്ടി പ്ലാസ്റ്റിക് കവറിട്ടിട്ടാണ് പൂച്ചയെ തൊടാറെന്നും പൂച്ചയും നായയും ഒന്നും സത്യത്തില്‍ തന്റെ ചോയ്സ് അല്ല, പല രീതിയില്‍ വന്നുപെട്ടവരാണെന്നും സിന്ധു പറയുന്നുണ്ട്.
 സിന്ധുവിന്റെ സംസാരത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാത്ത വിധം പേര്‍ഷ്യന്‍ പൂച്ചകള്‍ കൈകൊണ്ട് തോണ്ടി വിളിച്ചു പുറംമാന്താന്‍ പറയുന്നു. സിന്ധു എഴുന്നേറ്റുപോയി കുറച്ചു പൂച്ചത്തീറ്റ ഒരു പാത്രത്തില്‍ ഇട്ടുകൊടുത്തപ്പോള്‍ അവര്‍ രണ്ടും പിന്നെ അതിന്റെ മുന്നില്‍ ഇരുന്നു. 

placeholder
വി.കെ ദീപ ലോഹിതദാസിൻെറ അമരാവതിയിൽ

'എന്താ എന്നെ കാണണമെന്ന് തോന്നിയത്?'സിന്ധു ചോദിച്ചു.

'അറിയില്ല, ഒന്ന് കാണാന്‍ തോന്നി'. ഞാന്‍ പറഞ്ഞു. അത് സത്യമായിരുന്നു. 

'സാധാരണ എല്ലാവരും ലോഹി സാറിനെ കുറിച്ച് അറിയാനും കേള്‍ക്കാനും ഓര്‍മ്മ പുതുക്കാനും ഒക്കെയാണ് വരാറ്. നിങ്ങള്‍ എന്നെക്കുറിച്ച് അറിയാന്‍ വന്നതുകൊണ്ടാണ് പ്രകൃതി നിങ്ങളെ സ്വാഗതം ചെയ്തത്.'

സിന്ധു പറഞ്ഞതുകേട്ട് ഞാന്‍ കൂട്ടുകാരന്റെ മുഖത്തേക്ക് ഒരു സംശയനോട്ടം നോക്കി.

ഞാന്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കിയ അവന്‍ 'നീ ഇപ്പൊ അവരെ വിധിക്കാന്‍ നില്‍ക്കാതെ തല്‍ക്കാലം അവരെന്താണ് പറയുന്നതെന്ന് മിണ്ടാതെയിരുന്ന് കേള്‍ക്ക്' എന്ന മുഖഭാവം കൊണ്ടന്നെ ശകാരിച്ചു.

 സിന്ധു താന്‍ വരച്ച ചിത്രങ്ങള്‍, എഴുതിയ കവിതകള്‍, ലേഖനങ്ങള്‍... എഴുത്തുകള്‍ എല്ലാം കാണിച്ചും അതിന്റെ പിന്നിലെ ഭാവനകള്‍ പറഞ്ഞും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് സംസാരം അസ്ഥിരമാകുന്നുണ്ട്. സമഗ്രതയില്ലാതെ ചിതറി പോകുന്നുണ്ട്. വീണ്ടും ഒരുമിച്ചാവുന്നുണ്ട്... 

 പുരാണങ്ങള്‍, കൈരേഖ, ജ്യോതിഷം, അതീന്ദ്രിയാനുഭവങ്ങള്‍, ലോഹിതദാസ്, ചാലക്കുടി, അവരുടെ പഴയകാലം, ലാബ്, സിനിമ ഒക്കെ വിഷയങ്ങളായി കടന്നുവന്നു. അവര്‍ ജീവിച്ച ജീവിതം, നേടിയ അറിവുകള്‍, അനുഭവങ്ങള്‍, അന്ധവിശ്വാസമെന്ന് നമ്മള്‍ വിലയിരുത്തുന്ന ചിലത്. അങ്ങനെ പലതിന്റേയും  പങ്കുവെക്കലുകള്‍.... 

അതിനിടയില്‍ റോട്ട് വീലര്‍ മുറ്റത്ത് പതിയെ ഒന്ന് എണീറ്റ് നിന്നു. ഒരിക്കല്‍ അത് കടിച്ചിട്ട് ഇഞ്ചക്ഷന്‍ എടുക്കാത്തതിനെക്കുറിച്ച് ഞാനൊന്ന് ചോദിച്ചു. 'വാക്‌സിനേഷന്‍ എടുത്ത നായയാണ് അവന്‍. പോരാത്തതിന് ദിവസവും വെള്ളത്തില്‍ കിടന്ന് കുത്തി മറിയൂംചെയ്യും. പിന്നെന്തിനാ ഞാന്‍ ഇഞ്ചക്ഷന്‍ എടുക്കുന്നത്'എന്ന മറുപടി കിട്ടി.

ജീനിയസ് ആണ് സിന്ധു, അസാധാരണയായ സ്ത്രീയും, അസാധ്യ വില്‍പവറും, ഓര്‍മ്മശക്തിയും.

അതിലൊന്നും തര്‍ക്കമില്ല. പക്ഷേ അവര്‍ തനിക്ക് ചുറ്റും ഉന്മാദം കൊണ്ട് ഒരു വേലിയും കെട്ടിയിരിക്കുന്നു. സ്വയം സൃഷ്ടിച്ച തന്റെ ലോകത്തിന് പോറലേല്‍ക്കാതിരിക്കാന്‍ വേണ്ടിയാണോ അതെന്ന് തോന്നിപ്പോകും വിധം!

 സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ 'പ്ടും' എന്നൊരു ശബ്ദം കേട്ടു.

'അത് എലി വീണതാ' സിന്ധു കൂളായി പറഞ്ഞു. അവര്‍ ഇരുന്നിടത്ത് നിന്ന് ഒന്ന് തിരിഞ്ഞുനോക്കിയത് പോലുമില്ല. 

ഞാന്‍ നോക്കി. ഒരു പോക്കാച്ചന്‍ എലി. ലൂയീസ് ഓടിപ്പോയി എലിയെ വായ്ക്കുള്ളിലാക്കി. ലൂയിസിന്റെ വായ്ക്കുള്ളില്‍ കിടന്ന് അത് പിടയുന്നത് കണ്ടിട്ട് എനിക്ക് വയറുകാളി. കപ്രു ഓടിവന്ന് എലിയുടെ പാതി കടിച്ചു. എലിയുടെ ചലനം അവസാനിക്കുന്ന വരെ രണ്ടുപേരും അതിനെ കടിച്ചുവലിച്ചു നിന്നു. ചോര ഇറ്റിവീഴുന്നു. രണ്ടുപേരും എലിയെ പാതിപാതി മുറിച്ചെടുത്ത് കുറച്ച് അപ്പുറം ഇരുന്നുതിന്നുകയാണ്.

എനിക്ക് തലകറങ്ങി ഛര്‍ദ്ദിക്കാന്‍ മുട്ടുന്ന പോലെ. 

ഒരു എലിയെ തിന്ന ഇടം എന്ന് തോന്നാത്തവിധം രണ്ടു പൂച്ചകളും കൂടി അവിടെ നക്കി വൃത്തിയാക്കി. സ്വാഭാവികമായ ഒരു കാര്യം പോലെ സിന്ധു അതൊന്ന് ശ്രദ്ധിക്കുന്ന പോലുമില്ല.

 ഉച്ചതിരിഞ്ഞ് 4 മണിക്ക് കേറി ചെന്നതാണ് ഞാന്‍. ആറുമണിവരെ പലതും സംസാരിച്ചിരുന്നു.
 സന്ധ്യ പടി കടന്നുവരുന്ന് കണ്ട് ഞാന്‍ പെട്ടന്ന് നേരം വൈകിയെന്ന് യാത്ര പറഞ്ഞ് പടിയിറങ്ങി പോന്നു. 
സന്ധ്യാസമയത്ത് അവിടെ വല്ലാത്തൊരു അന്തരീക്ഷവും ചുറ്റുപാടും ആണ് എന്നെ സംബന്ധിച്ച്... ഒപ്പം ലൂപ്പില്‍ എന്നോണം പെട്ടുപോകുന്ന ഒരു ഒരിടവും ഒരു വ്യക്തിയും.

 പടിപ്പുര കടക്കുമ്പോള്‍ പിന്നില്‍ നിന്ന് സിന്ധു വിളിച്ചു പറയുന്നുണ്ട് 'ഇനി ഒരു ദിവസം ധാരാളം സമയം ഇവിടെ ഇരിക്കാന്‍ പാകത്തിന് വരൂ...'
 ഇല്ല, ഇനി ഞാന്‍ വരില്ല. ഒരു തവണ ഒന്ന് കാണണം അത്രയേ ഉണ്ടായിരുന്നുള്ളൂ. മനസ്സ് എന്നേയ്ക്കുമായി നിശബ്ദ യാത്രാമൊഴി പറഞ്ഞു.

കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ചങ്ങാതി പറഞ്ഞു: 'ഇനി ഞാന്‍ ഒറ്റയ്ക്ക് വരും. വെറുതെ അവരെ ശാന്തമായിരുന്നു കേള്‍ക്കാന്‍. നീ അവര്‍ സംസാരിക്കുന്നതിനിടയ്ക്ക് 'നമുക്ക് ഇനി പോകാം'എന്ന് പറഞ്ഞ് എന്നെ തോണ്ടിയത് അവര്‍ കണ്ടു കാണണം. നീ അവരെ കേള്‍ക്കാനായി അങ്ങോട്ട് ചെന്നതാണ്. അപ്പൊ പിന്നെ അതിന്റെ ക്ഷമ കാണിക്കണം. അതിന്റെ എടേക്കൂടെ അവരെ വിധിക്കാന്‍ നടക്കരുത്' അവന്‍ എന്നെ കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്.

എന്നിട്ടും ഞാന്‍ ചോദിച്ചു. എവിടെയൊക്കയോ അവര്‍ നോര്‍മല്‍ അല്ലെന്ന് തോന്നുന്നില്ലേ?

'ഇതാണ് അവരുടെ നോര്‍മല്‍. അത് അടക്കിപ്പിടിച്ച് അവര്‍ മറിച്ച് ജീവിച്ചത് അബ്നോര്‍മലും.'
അവന്‍ ഉത്തരം കൊണ്ട് എന്നെ കണ്‍ഫ്യൂസ്ഡ് ആക്കി. ഇറങ്ങാന്‍ നേരം സിന്ധു പറഞ്ഞത് ഓര്‍ത്തു. 

'ഏതോ ഇന്റര്‍വ്യൂവില്‍ കേട്ട സിന്ധുവിനെ കാണാനല്ലേ വന്നത്. ഇനി കുട്ടി കണ്ട സിന്ധുവിനെ പറ്റി സത്യമായിട്ടു തന്നെ എഴുതണം. എന്റെ ലോകം വേറെയാണ്. അതിവിടെ വരുന്നവര്‍ക്ക് മനസ്സിലാകുന്നില്ല എന്നേയുള്ളൂ. കുട്ടിക്കത് കുറച്ച് മനസ്സിലായിട്ടുണ്ട്. കുട്ടിക്കൊപ്പം ഉള്ള ആള്‍ക്ക് നല്ലോണവും.

സിന്ധു ശാന്തമായി തന്നെയാണ് ഇന്നും ഒഴുകുന്നത് എന്ന് എഴുതൂ!'