ചെന്നൈ: തിരുനെല്‍വേലിയില്‍ ഇതരജാതിക്കാര്‍ക്കിടയിലുണ്ടായ ഏറ്റുമുട്ടലിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ 17-കാരന് പരിക്കേറ്റു. തിരുനെല്‍വേലി പാപ്പാകുടിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ദളിത് യുവാക്കളും എംബിസി (മോസ്റ്റ് ബാക്ക്വേര്‍ഡ് കാസ്റ്റ്) വിഭാഗത്തിലെ യുവാക്കളും നടത്തിയ ഏറ്റുമുട്ടലില്‍ ദളിത് യുവാവ് പപ്പാകുടിയില്‍ താമസിക്കുന്ന ശക്തികുമാറിന്(23)വെട്ടേറ്റിരുന്നു.

To advertise here,

സംഭവസ്ഥലത്തെത്തിയ പോലീസുകാരന്‍ രഞ്ജിതിനും വെട്ടേറ്റു. സബ് ഇന്‍സ്‌പെക്ടര്‍ മുരുഗന്‍ രക്ഷപ്പെടാനായി ഒരു വീട്ടിലെ മുറിയില്‍ക്കയറി വാതിലടച്ചു. തുടര്‍ന്ന് ഒരുകൂട്ടമാളുകള്‍ മുറിയുടെ വാതില്‍ തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ രക്ഷപ്പെടാനായി വെടിവെച്ചു. വെടിവെപ്പില്‍ 17-കാരന് പരിക്കേല്‍ക്കുകയായിരുന്നു. പതിനേഴുകാരനെ ഉടന്‍ തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെട്ടേറ്റ പോലീസുകാരന്‍ രഞ്ജിത്തിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിനെ ആക്രമിക്കാനായെത്തിയ മറ്റുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

എല്ലാവരുടെ കൈയിലും വെട്ടുകത്തിയും നാടന്‍ ബോബുകളുമുണ്ടായിരുന്നു. പലരുടെയും പേരില്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. തമിഴ്നാടിന്റെ തെക്കന്‍ജില്ലകളായ തിരുനെല്‍വേലി, മധുര, തെങ്കാശി, കന്യാകുമാരി, രാമനാഥപുരം ജില്ലകളിലും ദളിത്-എംബിസി ഏറ്റുമുട്ടല്‍ പതിവാണ്. ഇത് അന്വേഷിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.