ഷേക്‌സ്പിയറുടെ 'ടെംപെസ്റ്റ്' എന്ന നാടകത്തില്‍ പ്രോസ്പെരോ എന്ന കഥാപാത്രം ജീവിതത്തിന്റെ നശ്വരതയെ ചൂണ്ടിക്കാണിക്കുന്നതിനായി, 'സ്വപ്നങ്ങളെ നിര്‍മിച്ച അതേ സംഗതികൊണ്ടാണ് നമ്മളെയും നിര്‍മിച്ചിരിക്കുന്നത്' എന്ന് പറയുന്നുണ്ട്. കലാകാരന്മാര്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് സ്വപ്നങ്ങള്‍ കൊണ്ടല്ല, ലെജെന്റുകള്‍ അഥവാ കഥകള്‍ കൊണ്ടാണെന്ന് പറയപ്പെടാറുണ്ട്. ചരിത്രത്തിനും കഥകള്‍ക്കും ഇടയിലുള്ള ഒരു അന്തരാളത്തിലാണ് കലാകാരന്മാരുടെ മരണാനന്തരജീവിതം കുടികൊള്ളുന്നത്.

To advertise here,

പ്രമുഖ കലാകാരനായ എ. രാമചന്ദ്രന്റെ മരണവാര്‍ത്ത അറിഞ്ഞ ആ നിമിഷം എന്റെ മനസ്സിലൂടെ കടന്നുപോയ വിചാരമാണ് മേല്‍ കുറിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ കലാകാരന്മാരെക്കുറിച്ചുള്ള കഥകള്‍ അത്രയേറെ വിശ്വസനീയമായി തോന്നുകയില്ല. നാമത്തില്‍ നിന്ന് നാമമാത്രമായ ശരീരത്തിലേയ്ക്ക് കടന്ന് 'ബോഡി' എന്ന് വിശേഷിപ്പിക്കുന്ന ആ നിമിഷം മുതല്‍ കഥകള്‍ക്ക് വിശ്വസനീയതയുണ്ടാകുന്നു.

 പ്രാന്തവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍

എ. രാമചന്ദ്രന്‍ ഇനി ജീവിക്കുന്നത് അദ്ദേഹം സൃഷ്ടിച്ച ചിത്ര-ശില്പങ്ങളിലൂടെയും അവയെ സംബന്ധിച്ചും അദ്ദേഹത്തെക്കുറിച്ചും അനേകംപേര്‍ പറയാന്‍ പോകുന്ന കഥകളിലൂടെയുമായിരിക്കും. ഒന്നോര്‍ത്താല്‍ രാമചന്ദ്രന്‍ എന്ന കലാകാരന്റെ ഓരോ പെയിന്റിങ്ങും ഓരോ ശില്പവും ഓരോ കഥകളുടെ ദൃശ്യാവിഷ്‌കാരങ്ങള്‍ ആയിരുന്നു. കഥകള്‍ പറയുന്നതില്‍ തത്പരനായിരുന്ന ഒരാളായിരുന്നു എന്നതുകൊണ്ട് മാത്രമല്ല, നേരെ മറിച്ച് ഒരുപക്ഷെ കഥകളില്ലാതെ ജനിച്ചു ജീവിച്ച് മരിച്ചുപോകുമായിരുന്ന അനേകം മനുഷ്യരുടെ കഥകള്‍ ആണ് അദ്ദേഹം തന്റെ ചിത്രങ്ങളിലും ശില്പങ്ങളിലും പകര്‍ത്തി വെച്ചത്. ആ അര്‍ത്ഥത്തില്‍ അദ്ദേഹത്തെ ആരെങ്കിലും സബാള്‍ട്ടണ്‍ കലാകാരനായി വിശേഷിപ്പിച്ചതായി തോന്നുന്നില്ല. എന്നാല്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട മനുഷ്യരോടും അവരുടെ ജീവിതകഥകളോടും ഉള്ള രാമചന്ദ്രന്റെ ആഭിമുഖ്യം വരുന്നത് ഒരു ഗുരുദക്ഷിണയായിട്ടാകണം.

placeholder
ചിത്രകാരന്‍ എ. രാമചന്ദ്രന്‍ | ഫോട്ടോ: മാതൃഭൂമി

ആ ഗുരുവിനെ അദ്ദേഹം 'കിങ്കര്‍ ദാ' എന്നാണ് വിളിച്ചത്. കിങ്കര്‍ ദാ എന്നാല്‍ രാം കിങ്കര്‍ ബെയ്ജ്. എ. അയ്യപ്പന്‍ എന്ന കവി മലയാളികളായ സാഹിത്യപ്രേമികള്‍ക്ക് എന്താണോ അതാണ് ബംഗാളികള്‍ക്കും അരാജകത്വം ഇഷ്ടപ്പെടുന്ന ഏതൊരു കലാകാരനും രാം കിങ്കര്‍ ബെയ്ജ്. അദ്ദേഹത്തിന്റെ ശിഷ്യനായി അറിയപ്പെടാനായിരുന്നു രാമചന്ദ്രന്‍ എന്നും ആഗ്രഹിച്ചിരുന്നത്. ആറ്റിങ്ങലില്‍ ജനിച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് മലയാളം എം.എ. പാസ്സായി ഓള്‍ ഇന്‍ഡ്യാ റേഡിയോയിലെ ഗ്രേഡ് ഉള്ള ഗായകനായി തിരുവനന്തപുരത്തുതന്നെ പറ്റിക്കൂടാന്‍ സ്വാഭാവികമായും സാധ്യത ഉണ്ടായിരുന്ന രാമചന്ദ്രന്‍ രാമാനന്ദ ചാറ്റര്‍ജി പത്രാധിപത്യം വഹിച്ചുനയിച്ചിരുന്ന മോഡേണ്‍ റിവ്യൂ വായിച്ച് കൊല്‍ക്കത്തയിലേക്ക്, അവിടെ നിന്ന് ശാന്തിനികേതനത്തിലേയ്ക്ക് വണ്ടി കയറണമെങ്കില്‍ അതിനുള്ള ഏതോ ഒരു പ്രചോദനം അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കണം. ഒരിക്കല്‍ ആ പ്രചോദനത്തെക്കുറിച്ച് രാമചന്ദ്രന്‍ എന്നോട് പറഞ്ഞു. 'എനിയ്ക്കൊരു പ്രണയമുണ്ടായിരുന്നു. ഡല്‍ഹിയില്‍ ഒരു സര്‍വകലാശാലാ പരിപാടിയില്‍ പോയി തിരികെ എത്തിയപ്പോഴേക്കും ആ പ്രണയം വളര്‍ന്നു. പക്ഷെ വിവാഹത്തിലേക്ക് അത് എത്തിച്ചേര്‍ന്നില്ല.'

 നിഷേധത്തിന്റെ ഇഷ്ടകാലം

പൊതുവെ കലാകാരന്മാരെക്കുറിച്ചുള്ള ലെജെന്റുകളില്‍ ഭഗ്നപ്രണയം പാലായനത്തിന്റെ ഇന്ധനം തന്നെയാണ്. എന്നാല്‍ രാമചന്ദ്രന്റെ കഥകളില്‍ അതുമാത്രമായിരുന്നില്ല. ആറ്റിങ്ങലിലെ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകനായിരുന്നു ബാലനായ രാമചന്ദ്രന്‍. അവിടെ അന്നേ നിറങ്ങള്‍ ഇളകി തുടങ്ങിയിരുന്ന കൃഷ്ണകഥയുടെ ചിത്രരൂപങ്ങള്‍ ആ ബാലനെ ആകര്‍ഷിച്ചു. വരയ്ക്കാനുള്ള സ്വാഭാവികമായ കഴിവിനൊപ്പം ഈ ചിത്രങ്ങള്‍ ഉണര്‍ത്തിയ കൗതുകങ്ങള്‍ ശാന്തിനികേതനത്തിലേക്കുള്ള യാത്രയ്ക്ക് മറ്റൊരു പ്രചോദനമായി. തിരുവനന്തപുരത്ത് ഒ.എന്‍.വി കുറുപ്പിന്റെയും എന്‍. മോഹനന്റെയും ഒക്കെ സഹപാഠിയും സുഹൃത്തുമായിരുന്നു രാമചന്ദ്രന്‍. കവിതയും കഥയും ഗാനവും ചിത്രവും ഒരുമിക്കുന്ന മനോഹരമായ ഒരു സൗഹൃദം. എന്നാല്‍ രാമചന്ദ്രനിലെ കലാകാരന് ദൃശ്യകലയോടായിരുന്നു താത്പര്യം. തിരുവനന്തപുരത്ത് അന്ന് സജീവമായിരുന്ന രവിവര്‍മ്മ ശൈലി അദ്ദേഹത്തിനെ അധികം പിടിച്ചുലച്ചില്ല. കലയ്ക്ക് അക്കാദമിക് റിയലിസത്തിനും നാച്ചുറലിസത്തിനും അപ്പുറം മറ്റെന്തെക്കൊയോ ഉണ്ട് എന്നുള്ളത് ആ യുവമനസ്സില്‍ തീക്ഷ്ണമായി കത്തിപ്പടര്‍ന്നിരുന്നു.

കൊളോണിയല്‍ വിരുദ്ധത ബംഗാള്‍ സ്‌കൂളിന്റെയും അതുവഴി ശാന്തിനികേതനത്തിന്റെയും ആശയപരിസരത്തിനെ നിര്‍വചിച്ചിരുന്നതിനാല്‍ പാശ്ചാത്യമായ ശൈലികള്‍ പഥ്യമായിരുന്നില്ല അവിടെ. പകരം പൗരസ്ത്യം എന്ന പൊതു സംവര്‍ഗത്തിന്റെ ഉള്ളിലായിരുന്നു കലാപരിശീലനം പാകപ്പെട്ടത്. ഇന്ത്യന്‍ ദേശീയതയുടെ ഭാഗമായി നന്ദലാല്‍ ബോസും ശിഷ്യരും അജന്തയിലെ ചിത്രങ്ങളെ പകര്‍ത്തിക്കഴിഞ്ഞിരുന്നു. എണ്ണച്ചായത്തിനെ പാശ്ചാത്യം എന്ന് വിവക്ഷിച്ചതിനാല്‍ മഷി, ജലച്ചായം, പൊടിച്ചായം തുടങ്ങിയ മാധ്യമങ്ങള്‍ ആയിരുന്നു അവിടെ പരിശീലിക്കപ്പെട്ടത്. 

ശാന്തിനികേതനത്തിനുള്ളില്‍ എണ്ണച്ചായം ഉപയോഗിക്കുന്നതിന് അലിഖിതമായ നിരോധനമുണ്ടായിരുന്നു. രാം കിങ്കര്‍ ബെയ്ജ് ആ നിരോധനങ്ങളെയൊക്കെ മറികടന്ന് തന്നിഷ്ടം പോലെ എണ്ണച്ചായത്തില്‍ വരച്ചു. ആ നിഷേധമാണ് രാമചന്ദ്രന് ഇഷ്ടമായത്. കലാഭാവനയിലെ ഒരു പ്രൊഫെസറുടെ വീടിന്റെ ടെറസില്‍ ഒളിച്ചിരുന്ന് താന്‍ എണ്ണച്ചായം കൊണ്ട് കാന്‍വാസില്‍ വരച്ചിരുന്നത് രാമചന്ദ്രന്‍ ഇടയ്ക്കിടെ ഓര്‍ക്കുമായിരുന്നു. അതിനാല്‍ പില്‍ക്കാലത്ത് രാമചന്ദ്രന്‍ എണ്ണച്ചായത്തെ ജലച്ചായം പോലെ സുതാര്യമായി വരയ്ക്കാന്‍ ശീലിച്ചു. പാശ്ചാത്യശൈലിയുടെയും പൗരസ്ത്യശൈലിയുടെയും ഒരു സമ്മേളനസ്ഥലമായി രാമചന്ദ്രന്റെ ചിത്രങ്ങള്‍.

ഡല്‍ഹിയുടെ കലാകാലം

നെഹ്രുവിയന്‍ കാലം ചരിത്രത്തിലേക്ക് വഴുതുകയും മൂര്‍ത്തരൂപങ്ങളില്‍ ഇന്ദിരാഗാന്ധിയുടെ ഇന്ത്യയിലേയ്ക്ക് രാജ്യം സംക്രമിക്കുകയും ചെയ്യുന്ന കാലത്താണ് രാമചന്ദ്രന്‍ ഡല്‍ഹിയില്‍ എത്തുന്നത്. ജാമിയാ മില്ലിയയില്‍ പെയിന്റിങ് വിഭാഗത്തില്‍ പ്രൊഫസറായിരുന്നു അപ്പോള്‍. ഒപ്പം ജതിന്‍ ദാസ്, പരംജിത് സിംഗ് തുടങ്ങിയ പ്രതിഭാശാലികളായ ചെറുപ്പക്കാരും സഹഅധ്യാപകരായി ഉണ്ടായിരുന്നു. ചെറുപ്പത്തിന്റെ ലഹരിയുള്ള കാലം. അന്ന് രാമചന്ദ്രന്‍ വിവാഹിതനായിക്കഴിഞ്ഞിരുന്നു. ശാന്തിനികേതനത്തില്‍ ചൈനീസ് പഠിപ്പിക്കാന്‍ എത്തിയ താന്‍ യുങ് ഷാന്‍-ന്റെ മകളായ ചമേലിയായിരുന്നു വധു. ശാന്തിനികേതനത്തില്‍ പിറന്ന ചൈനീസ് കുഞ്ഞിന് ചമേലി എന്ന പേര് വെച്ചത് രബീന്ദ്രനാഥ് ടാഗോര്‍ തന്നെയായിരുന്നു. 

ആറ്റിങ്ങലില്‍ ജനിച്ച രാമചന്ദ്രന്‍ അങ്ങനെ ചൈനയുടെ മരുമകനായി മാറുകയും ചെയ്തു. ഇന്ത്യ വളരെ കലുഷിതമായ ഒരു കാലത്തിലൂടെ കടന്നുപോവുകയായിരുന്നു. ഇന്ത്യയും പാകിസ്താനുമായി നടന്ന യുദ്ധവും ബംഗ്ളാദേശിന്റെ വിഭജനവും രാഷ്ട്രീയാധികാരത്തിനുള്ള വടംവലികളും എല്ലാം യുവാവായിരുന്ന രാമചന്ദ്രനെ അസ്വസ്ഥനാക്കിയിരുന്നു. അക്കാലത്ത് അദ്ദേഹം രചിച്ച ചിത്രങ്ങളില്‍ ഒക്കെയും അത് കാണാന്‍ കഴിയും. മനുഷ്യത്വത്തെ അധമമാക്കും വിധം ഉള്ള ചരിത്രഗതിയെ സ്വര്‍ഗനഷ്ടമായും, കബന്ധങ്ങളുടെ ഘോഷയാത്രയായും ഒക്കെ സങ്കല്‍പ്പിച്ചുകൊണ്ട് രാമചന്ദ്രന്‍ ചിത്രങ്ങള്‍ രചിച്ചു. അവയൊന്നുപോലും അക്കാലത്ത് വിറ്റുപോവുകയോ അവയ്ക്ക് അധികം ആരാധകര്‍ ഉണ്ടാവുകയോ ചെയ്തില്ല. എന്നാല്‍ വിമര്‍ശകശ്രദ്ധ അവയില്‍ പതിഞ്ഞു.

ഉപേക്ഷിക്കപ്പെട്ട നഗരഭാവനകള്‍

ഒരിക്കല്‍ ഞാന്‍ ചോദിച്ചു, 'എന്തായിരുന്നു ആ നരകഭാവനകളെ ഉപേക്ഷിക്കാനുള്ള കാരണം?'. ഭാരതി ആര്‍ട്ടിസ്റ്റ് കോളനിയിലെ മൂന്നുനിലകളുള്ള വീട്ടിലെ മുകള്‍നിലയിലെ സ്റ്റുഡിയോയില്‍ ഇരുന്ന് രാമചന്ദ്രന്‍ പറഞ്ഞു, 'ഇന്ദിരാഗാന്ധിയുടെ കൊലപാതകവും തുടര്‍ന്നുണ്ടായ നരഹത്യകളും നേരില്‍ക്കണ്ട ആഘാതം.' മനുഷ്യനെക്കുറിച്ചുള്ള ആകുലതകളും അവരുടെ ആസുരതകളും ഒരു കലാകാരനും പരിഹരിക്കാന്‍ കഴിയില്ലെന്ന് താന്‍ തിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു. അതിനുശേഷം രാമചന്ദ്രന്‍ തന്റെ മാഗ്നം ഓപ്പസ് എന്ന് പറയാവുന്ന 'യയാതി' എന്ന ചിത്രത്തിലേക്ക് തിരിഞ്ഞു. ഉഷസ്, മധ്യാഹ്നം, സന്ധ്യ എന്നിങ്ങനെ തിരിച്ചിട്ടുള്ള ആ കൂറ്റന്‍ ചിത്രം, പോള്‍ ഗോഗാന്‍ എന്ന ചിത്രകാരന്റെ മാഗ്നം ഓപ്പസായ 'നാം ആരാണ്, നമ്മള്‍ എവിടെനിന്ന് വരുന്നു, എങ്ങോട്ടു പോകുന്നു' എന്ന ചിത്രത്തിലെ താത്വികമായ അഗാധത വഹിക്കുന്ന ഒന്നാണ്. 

ഇന്ത്യന്‍ മിത്തോളജിയില്‍ പിതാവിന് തന്റെ യൗവനം നല്‍കി വാര്‍ദ്ധക്യത്തെ സ്വയം സ്വീകരിച്ച യയാതിയുടെ ബാല്യം, യൗവനം, വാര്‍ദ്ധക്യം എന്നിങ്ങനെ മൂന്ന് അവസ്ഥകളെ മുന്‍നിര്‍ത്തിയാണ് ആ ചിത്രം രചിക്കപ്പെട്ടത്. ഇവിടെയാണ് രാമചന്ദ്രനില്‍ കവി, ഗായകന്‍, സാമൂഹികശാസ്ത്രജ്ഞന്‍, നരവംശശാസ്ത്രജ്ഞന്‍ എന്നീ സ്വത്വങ്ങള്‍ ഉണര്‍ന്നുവരുന്നതായി കാണുന്നത്. രാജസ്ഥാനിലെ ബനേശ്വര്‍ എന്ന ഗ്രാമത്തിലെ ലോഹാര്‍ എന്ന സമൂഹത്തിലെ അംഗങ്ങളാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളായി വരുന്നത്. രാമചന്ദ്രന്റെ സുഹൃത്തായ ജി. അരവിന്ദന്‍ സംവിധാനം ചെയ്ത 'കാഞ്ചനസീത' എന്ന സിനിമ അദ്ദേഹത്തിനെ ഉപബോധത്തിലെങ്കിലും സ്വാധീനിച്ചിട്ടുണ്ടാകുമോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.

placeholder
ഫോട്ടോ: മാതൃഭൂമി

ബനേശ്വറില്‍ ഒരു തീര്‍ത്ഥാടകനെപ്പോലെ എല്ലാ വര്‍ഷവും പോയിരുന്ന രാമചന്ദ്രന്റെ ചിത്രങ്ങളില്‍ ആ സമൂഹത്തിലെ വ്യക്തികള്‍ തന്നെ പിന്നീട് ഇപ്പോഴും കഥാപാത്രങ്ങളായി. അവരിലൂടെ ഈ പ്രപഞ്ചത്തെയും പ്രകൃതിയെയും മനുഷ്യഭാവനകളെയും കാളിദാസ സമാനമായ ഭാവനകളെയും ഋതുക്കളെയും രാഗങ്ങളെയും ഒക്കെ വരച്ചിടാന്‍ കഴിയുമെന്ന് രാമചന്ദ്രന്‍ തെളിയിച്ചു. ചിത്രകാരന്‍ എന്ന നിലയില്‍ പ്രശസ്തനായെങ്കിലും അത്രമേല്‍ ഇഷ്ടം ശില്പങ്ങളോടും രാമചന്ദ്രന് ഉണ്ടായിരുന്നു. പാഞ്ചാലി അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കഥാപാത്രമായി. ചതുരംഗക്കരുക്കള്‍ക്ക് മുന്നില്‍ നിരാലംബയായ നില്‍ക്കുന്ന പാഞ്ചാലി അദ്ദേഹത്തിന്റെ ശില്പ സമുച്ചയങ്ങളില്‍ പ്രധാനമാണ്. ആ പാഞ്ചാലിയാകട്ടെ ഒരു ഗോത്രയുവതിയും ആണ്. വളരെ സൗമ്യമായ ഒരു അട്ടിമറി ആണ് അദ്ദേഹം തന്റെ ചിത്രശില്പങ്ങളിലൂടെ നടത്തിയത്. ഒപ്പം അവയില്‍ അദ്ദേഹം തന്നെത്തന്നെ ആഖ്യാതാവിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. സ്വയം വ്യാസനായും വിദുരനായും ബ്രഹ്‌മാവായും വിഷ്ണുവായും ശിവനായും പൂവായും പൂമ്പാറ്റയായും പുഴുവായും അവരോധിച്ചുകൊണ്ട് ചിത്രങ്ങളിലും ശില്പങ്ങളിലും അദ്ദേഹം കടന്നുകയറി. കര്‍ത്താവ് മരിക്കുകയും കൃതി വ്യാഖ്യാനവിധേയമായ അനാഥനാവുകയും ചെയ്തുവെന്ന് തോന്നിയ അദ്ദേഹം കര്‍ത്താവ് കേന്ദ്രസ്ഥിതനാണെന്ന ആധുനികതാവാദം തന്റെ ചിത്രങ്ങളില്‍ ഉറപ്പിച്ചുവെച്ചു.

ഉള്ളില്‍ കേരളം

രാമചന്ദ്രന്‍ കേരളത്തിനെ വളരെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ എന്തുകൊണ്ടോ കേരളം അദ്ദേഹത്തെ സ്വീകരിക്കാന്‍ തയാറായില്ല എന്നൊരു തോന്നല്‍ അദ്ദേഹത്തിനുണ്ടായി. കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിക്കാന്‍ അദ്ദേഹത്തെ നിയോഗിക്കുകയും, രാജാ രവി വര്‍മ്മയെ ദേശീയ ശ്രദ്ധയില്‍ എത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചപ്പോള്‍ 'രാമചന്ദ്രന്‍ രവിവര്‍മ്മയുടെ ഒറിജിനലുകള്‍ ഡല്‍ഹിയില്‍ കൊണ്ടുപോയി വില്‍ക്കും' എന്ന് ആരോപിച്ചവരാണ് ചില മലയാളികള്‍. പക്ഷെ രാമചന്ദ്രന്‍ എന്ന ഒരു വ്യക്തിയുടെ ശ്രമഫലമായാണ് രാജാ രവി വര്‍മ്മ ഇന്ത്യന്‍ കലയിലേയ്ക്ക് വമ്പിച്ച തിരിച്ചുവരവ് നടത്തിയത്. കേരളത്തിലെ എല്ലാ ചുവര്‍ചിത്രങ്ങളെയും ഡോക്യുമെന്റ് ചെയ്ത അദ്ദേഹം ബൃഹത്തായ ഒരു പഠനഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ഏറ്റവും ഒടുവില്‍ അദ്ദേഹം തന്റെ ചിത്രങ്ങള്‍, ഡ്രോയിങ്ങുകള്‍, ശില്പങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ കേരളത്തില്‍ ഒരു മ്യൂസിയം നിര്‍മിച്ച് കിട്ടിയാല്‍ നല്‍കാന്‍ തീരുമാനിച്ചു. ആ പ്രൊപോസല്‍ അദ്ദേഹം മുന്നോട്ട്‌വെച്ച കാലത്ത് അവയുടെ മൊത്തമൂല്യം മുപ്പത്തിയഞ്ചു കോടി രൂപ ആയിരുന്നു. ഇപ്പോള്‍ അവയ്ക്ക് മാര്‍ക്കറ്റില്‍ എഴുപത്തിയഞ്ച് കോടിയിലധികം രൂപ വിലമതിക്കും. കൊല്ലത്ത് നിര്‍മിതമായ ഒരു സമുച്ചയത്തില്‍ അവയെ വെയ്ക്കാന്‍ ശ്രമം നടന്നിരുന്നു. പക്ഷെ ഇതുവരെ അത് ഉണ്ടായില്ല. എ. രാമചന്ദ്രന്റെ മരണം അത്തരമൊരു സ്മൃതിസമുച്ചയത്തിന്റെ ആവശ്യകത ഒന്നുകൂടി ഉറപ്പിക്കുകയാണ്.

(പ്രശസ്ത കലാചരിത്രകാരനും ക്യൂറേറ്ററും എഴുത്തുകാരനുമാണ് ലേഖകന്‍.)