പ്രശസ്ത ചിത്രകാരി ടി.കെ പദ്മിനിയുടെ സ്മരണാര്‍ഥം പദ്മിനി സ്മാരക ട്രസ്റ്റ് നല്‍കുന്ന അവാര്‍ഡിനായി ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടത് സംവിധായകനും കലാസംവിധായകനും ചിത്രകാരനും ഗ്രന്ഥകാരനുമായ നേമം പുഷ്പരാജ് ആയിരുന്നു. നേമം പുഷ്പരാജിന് അത്രയൊന്നും കഴിവില്ലെന്ന വിശദീകരണം നല്‍കിക്കൊണ്ട് ലളിതകലാ അക്കാദമിയുടെ അങ്കണം പുരസ്‌കാരച്ചടങ്ങിനായി ഉപയോഗിക്കാനാവില്ല എന്ന് സെക്രട്ടറി നിലപാട് എടുത്തതോടെ വിവാദത്തിന് തിരികൊളുത്തി. സംഭവത്തെക്കുറിച്ച് നേമം പുഷ്പരാജ്, അക്കാദമി വൈസ് ചെയര്‍മാന്‍ എബി. എന്‍.ജോസഫ്, പദ്മിനി ട്രസ്റ്റ് ചെയര്‍മാന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പ്രതികരിക്കുന്നു.
സെക്രട്ടറി തീര്‍ക്കുന്നത് മുന്‍കാല വിരോധം - നേമം പുഷ്പരാജ്

ഇതൊരു ഓട്ടമത്സരമല്ല എന്ന കാര്യം ആദ്യമേ പറയട്ടെ. ഞാന്‍ ഒരാളുടേയും പിറകേ നടന്ന് ടി.കെ പദ്മിനി പുരസ്‌കാരം എനിക്കുതരണം എന്നുപറഞ്ഞ നേടിയെടുത്തതല്ല. കാനായി കുഞ്ഞിരാമന്‍, ബി.ഡി ദത്തന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറി, കലാകാരനെന്ന നിലയില്‍ ഇത്രയും നാള്‍ ഞാന്‍ നല്‍കിയ സംഭാവനകളെ മാനിച്ചുകൊണ്ട് നല്‍കുന്ന പുരസ്‌കാരമാണ്. ലളിതകലാ അക്കാദമിയോട് ഞാന്‍ പുരസ്‌കാരം ചോദിച്ചിട്ടില്ല. അക്കാദമി സെക്രട്ടറി പറഞ്ഞതുവായിച്ചു. അത്രയൊന്നും കഴിവില്ലാത്ത ഒരാളാണ് ഞാനെങ്കില്‍ എന്തിനായിരുന്നു ലളിതകലാ അക്കാദമി എന്നെ രണ്ടുതവണ പുരസ്‌കാരം നല്‍കി ആദരിച്ചത്? മലയാറ്റൂര്‍ പുരസ്‌കാരവും ചിത്രകലാരത്‌ന പുരസ്‌കാരവും നല്‍കിയതെന്തിനായിരുന്നു? മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും കലാസംവിധാനത്തിന് തുടര്‍ച്ചയായി അഞ്ചുതവണ പുരസ്‌കാരങ്ങളും എന്‍.സി.ആര്‍.ടി ദേശീയപുരസ്‌കാരവും തുടങ്ങി ഒട്ടനേകം പുരസ്‌കാരങ്ങള്‍ നല്‍കി സര്‍ക്കാറും സംഘടനകളും എന്നിലെ കലാകാരനെ അംഗീകരിച്ചത് എന്തിനായിരുന്നു?
ഇടതുപക്ഷ സര്‍ക്കാറിന്റെ കീഴില്‍ത്തന്നെ ആറുവര്‍ഷക്കാലം ലളിതകലാ അക്കാദമി അധ്യക്ഷനായി ഞാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്കാദമിയുടെ അധ്യക്ഷനായിരുന്ന ഒരാളെ ഇപ്പോഴത്തെ സെക്രട്ടറിപദത്തിലിരിക്കുന്നയാള്‍ യോഗ്യത ചോദ്യം ചെയ്തുകൊണ്ട് പരസ്യമായി അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. വ്യക്തിപരമായി ഞാനതില്‍ വിഷമിക്കുന്നുണ്ട്. മാത്രമല്ല, ഏറ്റവും നികൃഷ്ടമായി എനിക്കുതോന്നിയത് ഒരു അക്കാദമി സെക്രട്ടറി ഒരു പുരസ്‌കാരജൂറിയെ പരിഹസിക്കുക എന്നതാണ്. ഇത് തികച്ചും അപമാനകരവും അപലപനീയവുമാണ്. ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ലോകപ്രശസ്തനായ ശില്പിയാണ് കാനായി കുഞ്ഞിരാമന്‍. രാജാരവിവര്‍മ പുരസ്‌കാരത്തിനര്‍ഹനായ മഹാനായ കലാകാരനും അക്കാദമിക്കുമാണ് ബി.ഡി ദത്തന്‍. എഴുത്തുകാരനെന്ന നിലയില്‍ പ്രതിഭ തെളിയിച്ചയാളാണ് ആലങ്കോട് ലീലാകൃഷ്ണന്‍. കലയും ചിത്രകലയുമെല്ലാം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നയാളാണ് അദ്ദേഹം. അത്രയും പ്രതിഭകള്‍ ഉള്‍പ്പെട്ട ഒരു ജൂറിയെ പരസ്യമായി അപമാനിക്കുകയാണ് സെക്രട്ടറി ചെയ്തിരിക്കുന്നത്. ജൂറി എടുക്കുന്ന തീരുമാനത്തെ ബഹുമാനത്തോടെ അംഗീകരിക്കുക എന്ന ശീലമാണ് ഞാന്‍ അധ്യക്ഷനായിരുന്നപ്പോള്‍ അനുവര്‍ത്തിച്ചിരുന്നത്. ജൂറിയുടെ തീരുമാനത്തില്‍ ഇടപെട്ട് പുരസ്‌കാരം മാറ്റുന്ന ശീലം സെക്രട്ടറിക്കോ അധ്യക്ഷനോ ഇതുവരെയില്ലായിരുന്നു. ആ പ്രോട്ടോക്കോള്‍ അതിലംഘിച്ചിരിക്കുകയാണ്. കാനായിയും ബി.ഡി ദത്തനും ആലങ്കോടും ഉള്‍പ്പെട്ട ജൂറിയെ മാറ്റണമെന്നും പുരസ്‌കാരം മാറ്റി നിര്‍ണയിക്കണമെന്നും പറയാനുള്ള അധികാരം സെക്രട്ടറിക്ക് എന്ത് അര്‍ഹതയാണുള്ളത്. കേരള ലളിതകലാ അക്കാദമി ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പുരസ്‌കാരങ്ങളുടെ വിശുദ്ധിയില്ലായ്മയാണ് സെക്രട്ടറിയുടെ നടപടിയിലൂടെ വെളിച്ചത്തുവരാന്‍പോകുന്നത്. സെക്രട്ടറിയുടെ തീരുമാനമാണ് അന്തിമമെന്നത് ഈ സെക്രട്ടറി വന്നതിനുശേഷം പ്രഖ്യാപിച്ചിട്ടുള്ള എല്ലാ അവാര്‍ഡുകളും അവിശുദ്ധമുള്ളതാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. ജൂറിക്കു മുകളില്‍ ഒരു കമ്മറ്റിയായി അയാള്‍ സ്വയം അവരോധിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത് തെറ്റാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതെന്താണ്? അക്കാദമി അവാര്‍ഡുകളില്‍ നിന്നും അര്‍ഹതപ്പെട്ടവര്‍ എത്രമാത്രം പുറത്താക്കപ്പെട്ടു എന്നതും അന്വേഷിക്കേണ്ടതുണ്ട്. ടി.കെ പദ്മിനി സ്മാരക പുരസ്‌കാരം നല്‍കുന്നത് ടി.കെ പദ്മിനി സ്മാരക ട്രസ്റ്റാണ്. അക്കാദമി ചെയ്യുന്നത് പുരസ്‌കാരവേളയില്‍ ഒരു ക്യാമ്പ് സംഘടിപ്പിക്കാനുള്ള വേദി നല്‍കുകയും ക്യാമ്പ് സമാപനത്തില്‍ പുരസ്‌കാരം നല്‍കുകയും ചെയ്യുക എന്നതുമാത്രമാണ്.

ഞാന്‍ അക്കാദമി അധ്യക്ഷനായിരുന്ന കാലത്ത് ഇപ്പോഴത്തെ സെക്രട്ടറി എക്‌സിക്യുട്ടീവ് കമ്മറ്റിയിലുണ്ടായിരുന്നു. അന്ന് ചില തീരുമാനങ്ങളെടുക്കുന്നതില്‍ ഞങ്ങള്‍ തമ്മില്‍ വിയോജിപ്പുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടത് ദര്‍ബാര്‍ഹാളില്‍ 'ലോകമേ തറവാട്' എന്ന പരിപാടിക്കുവേണ്ടി ഏഴുമാസക്കാലത്തോളം ദര്‍ബാര്‍ഹാള്‍ വിട്ടുകൊടുക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ഞാന്‍ അനുവദിക്കാത്തതായിരുന്നു. ലോകമേ തറവാട് ആണ് പിന്നീട് ബിനാലെ ആയി രൂപാന്തരം പ്രാപിച്ചത്. എഴുമാസക്കാലം തുടര്‍ച്ചയായുള്ള എക്‌സിബിഷനുവേണ്ടി ദര്‍ബാര്‍ഹാള്‍ വിട്ടുകൊടുക്കുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയാത്തതിന്റെ കാരണം കേരളത്തിലെ ചിത്രകലാകാരന്മാര്‍ തങ്ങളുടെ എക്‌സിബിഷന്‍ നടത്താനായി ആശ്രയിക്കുന്ന ഏക ഗ്യാലറിയാണ് ദര്‍ബാര്‍ഹാള്‍. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ആര്‍ട്ട് ഗ്യാലറിയാണ്. അത് ദീര്‍ഘനാളത്തേക്ക് വിട്ടുകൊടുക്കാന്‍ പറ്റില്ല. പരമാവധി ഒരു മാസത്തേക്ക് കൊടുക്കാം എന്നായിരുന്നു എന്റെ നിലപാട്. എക്‌സിബിഷന്‍ നടത്താന്‍ ഹാള്‍ വിട്ടുകിട്ടണമെന്ന് അപേക്ഷിച്ചുകൊണ്ട് ധാരാളം കലാകാരന്മാര്‍ പുറത്തുനില്‍ക്കുമ്പോള്‍ ലോകമേ തറവാടിന് കൊടുക്കാന്‍ കഴിയില്ലായിരുന്നു. ബുക്ക് ചെയ്തു കാത്തുനില്‍ക്കുന്നവര്‍ക്കാണ് പരിഗണന കൊടുക്കേണ്ടത്. ദര്‍ബാര്‍ഹാള്‍ കിട്ടാനായി ബോസ് കൃഷ്ണമാചാരി കുറേയേറെ ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോഴത്തെ സെക്രട്ടറി ബോസിനുവേണ്ടി ശക്തമായി നിലനിന്നിരുന്നു. എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍മാരില്‍ ഭൂരിപക്ഷം പേരും എന്റെ തീരുമാനത്തിനൊപ്പം നിന്നു. ലോകമേ തറവാടിനു ഹാള്‍ കൊടുത്തില്ല. വ്യക്തിപരമായി ഞങ്ങള്‍ തമ്മിലുള്ള ഏക അസ്വാരസ്യം ഇതാണ്.
ടി.കെ പദ്മിനി ട്രസ്റ്റ് തീരുമാനിക്കുന്ന ജൂറിയാണ് പുരസ്‌കാരജേതാവിനെ കണ്ടെത്തുന്നത്. അക്കാദമിക്ക് പുരസ്‌കാര നിര്‍ണയത്തില്‍ യാതൊരു പങ്കുമില്ല. എന്റെ യോഗ്യതയെ നിര്‍ണയിക്കുന്നത് സര്‍ക്കാര്‍ ഗുമസ്തനായിട്ട് വന്നിരിക്കുന്ന ഒരാളല്ല. കഴിവുള്ളവരെ തിരഞ്ഞെടുക്കേണ്ടത് ജൂറിയാണ്. എന്തടിസ്ഥാനത്തിലാണ് കഴിവില്ല എന്നുപറഞ്ഞിരിക്കുന്നത്? ചിത്രകല, സിനിമ, കലാസംവിധാനം, ഗ്രന്ഥരചന തുടങ്ങിയ മേഖലകളില്‍ എന്റെ കഴിവും പ്രയത്‌നവും തെളിയിച്ചതുകൊണ്ടാണ് സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചത്. എന്റെ കഴിവുകേടായിട്ടല്ല, അയാളുടെ മൗഢ്യമായിട്ടാണ് ഞാനതിനെ കാണുന്നത്.
അക്കാദമിയുടെ ഔദ്യോഗികവാഹനത്തില്‍ മദ്യശാലകളില്‍ പോവുകയും ഓഫീസിനകത്തിരുന്ന് മദ്യപിക്കുകയും ചെയ്ത വ്യക്തിയാണിയാള്‍. ഇതു മോശമാണ് എന്ന് പറഞ്ഞതുകൊണ്ട്, കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവറെ അധികാരമുപയോഗിച്ച് പിരിച്ചുവിട്ടു. ഡ്രൈവര്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കുമൊക്കെ കൊടുത്ത പരാതിയില്‍ ഇതു വ്യക്തമാവുന്നുമുണ്ട്. അക്കാദമിയുടെ ഫണ്ട് ധൂര്‍ത്തടിക്കുന്ന കാര്യത്തില്‍ നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെയുണ്ട്. എറണാകുളത്ത് ആര്‍ടിസ്റ്റ് റെഡിഡന്‍സി എന്നുപറഞ്ഞ് ഒരു കെട്ടിടം വാടകയ്‌ക്കെടുത്ത് 50000-60000 രൂപ മാസവാടക കൊടുത്തുകൊണ്ടിരിക്കുകയാണ്. സാമ്പത്തികദുരിതം അനുഭവിക്കുമ്പോഴാണ് ഇത് നടക്കുന്നത് എന്നോര്‍ക്കണം. കേട്ടതുപ്രകാരം ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ കെട്ടിടമാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. ഏഴുലക്ഷത്തോളം രൂപ ചെലവഴിച്ച് കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനം നടത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. റെഡിസന്‍ഡ് നടത്താനായി മുമ്പ് കിളിമാനൂരും കണ്ണൂരും കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്തിട്ടുണ്ട്. ഞാന്‍ ചെയര്‍മാനായി ഇരിക്കുന്ന കാലത്താണ് ഇത്. ഇനിയും എന്തിനാണ് കൂടുതല്‍ പണം ധൂര്‍ത്തടിക്കുന്നത്.
ആര്‍ടിസ്റ്റുമാരില്‍ പലരും പരാതികള്‍ വിളിച്ചുപറയാറുണ്ട്. അക്കാദമിയില്‍ നിന്നും ഇറങ്ങിയതിനുശേഷം അവിടത്തെ ഒരു കാര്യത്തിലും ചോദ്യം ചെയ്യാനോ അഭിപ്രായം പറയാനോ ഞാന്‍ മുതിരാറില്ല. സാംസ്‌കാരിക മന്ത്രിയും മുഖ്യമന്ത്രിയുമാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.
പദ്മിനി പുരസ്‌കാരം ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ളത് പുരുഷന്മാര്‍ക്കാണ്. പുരുഷനോ സ്ത്രീയോ എന്ന വ്യവച്ഛേദം ബൈലോയില്‍ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ടാവില്ല. മികച്ച ആര്‍ടിസ്റ്റിന് എന്നുമാത്രമേ തീരുമാനിച്ചിട്ടുണ്ടാവുള്ളൂ. 1850-ല്‍ ജനിച്ച പദ്മിനി തികച്ചും ഗ്രാമാന്തരീക്ഷത്തില്‍ നിന്നും യാഥാസ്ഥിതികമായിട്ടുള്ള കുടുംബത്തില്‍ നിന്നും പരിമിതികളെ മറികടന്ന് കേരളത്തിനുപുറത്തുപോയി ചിത്രകല പഠിച്ച് ആധുനിക ചിത്രകലയ്ക്ക് ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കിവരവേ ഇരുപത്തിയൊമ്പതാമത്തെ വയസ്സില്‍ മരിച്ചുപോയ പ്രതിഭയാണ്. കേരളത്തിലല്ല അവര്‍ ജീവിച്ചിരുന്നതെങ്കില്‍ ലോകമറിയുന്ന ഒരു ആര്‍ടിസ്റ്റായി അവര്‍ മാറുമായിരുന്നു. ആ പ്രതിഭയുടെ പേരിലുള്ള പുരസ്‌കാരവും തുകയും നല്‍കുന്നത് ടി.കെ പദ്മിനി സ്മാരക ട്രസ്റ്റ് ആണ്.
കാലത്തെ അതിജീവിച്ചുവന്ന വലിയൊരു ആര്‍ട്ടിസ്റ്റായിരുന്നിട്ടുകൂടി അര്‍ഹിക്കുന്ന അംഗീകാരം അവര്‍ക്ക് ലഭിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിലാണ് ഞാന്‍ അക്കാദമി അധ്യക്ഷനായിരിക്കുമ്പോള്‍ പുരസ്‌കാരച്ചടങ്ങ് വിപുലമായി നടത്താന്‍ തീരുമാനിച്ചത്. ദര്‍ബാര്‍ഹാളില്‍ പദ്മിനിക്കുവേണ്ടി വലിയൊരു ഗ്യലറിയുണ്ടാക്കുന്നത് ഞാന്‍ അധ്യക്ഷനായിരിക്കുമ്പോഴാണ്. പൂപ്പല്‍ പിടിച്ച് ഗോഡൗണുപോലുള്ള ഒരിരുട്ടുമുറിയിലിരുന്ന അവരുടെ ചിത്രങ്ങള്‍ മുഴുവന്‍ നവീകരിച്ച് ഗ്യാലറിയുണ്ടാക്കി ആളുകള്‍ക്ക് കാണാന്‍ കഴിയുന്ന തരത്തിലാക്കിയെടുത്തത് എന്റെ സമയത്താണ്. അവരെക്കുറിച്ച് ഒരു പുസ്തകം എഴുതാനും എനിക്ക് സാധിച്ചു. ടി.കെ പദ്മിനിയോടുള്ള എന്റെ ബഹുമാനം ഇതൊക്കെയാണ്. എന്റെ പുരസ്‌കാരങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഞാന്‍ തന്നെ പറയേണ്ടിവരിക എന്നത് ഒരേസമയം ഗതികേടും നാണക്കേടുമാണ്. പക്ഷേ തെറ്റിദ്ധാരണ മാറ്റേണ്ടത് എന്റെകൂടി ആവശ്യമാണ്.
പദ്മിനിയുടെ പേരിലുള്ള അവാര്‍ഡ് തരുന്നത് അക്കാദമിയോ സെക്രട്ടറിയോ അല്ല. ഞാന്‍ ബഹുമാനിക്കുന്ന ഒരു പ്രതിഭയുടെ പേരിലുള്ള പുരസ്‌കാരത്തിന് എന്നെ തിരഞ്ഞെടുത്തത് ഞാന്‍ ആദരിക്കുന്ന പ്രതിഭകളായ വ്യക്തിത്വങ്ങളാണ്. അധമനായിട്ടുള്ള ഒരാളുടെ, കലാവിരുദ്ധനായിട്ടുള്ള ഒരാളുടെ ജല്പനത്തിന്റെ പേരില്‍ പുരസ്‌കാരം സ്വീകരിക്കാതിരിക്കേണ്ടതിന്റെ ഒരാവശ്യവുമില്ല. പദ്മിനി പുരസ്‌കാരം ഏറെ ആദരവോടെ ഏറ്റുവാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. മാത്രവുമല്ല, ചെയര്‍മാനോ, വൈസ് ചെയര്‍മാനോ ഇല്ലാത്ത സാഹിചര്യത്തില്‍ എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ അഭിപ്രായം തേടാതെ സെക്രട്ടറി സ്വന്തം നിലയ്ക്ക് എടുത്ത തീരുമാനമാണിത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏകാധിപത്യ പ്രവണതയാണിത്. എക്‌സിക്യുട്ടീവ് നേരത്തെ എടുത്ത തീരുമാനം പുരസ്‌കാര സമിതിയുമായി സഹകരിക്കുക എന്നതാണ്. അത് എത്രപെട്ടെന്ന് ഇങ്ങനെയായിത്തീര്‍ന്നു എന്ന് മറുപടി പറയാന്‍ ബന്ധപ്പെട്ട ഭാരവാഹികള്‍ ഉത്തരവാദിത്തപ്പെട്ടവരാണ്. സെക്രട്ടറിയുടെ തീരുമാനമാണ് അന്തിമം എന്ന് അടിച്ചേല്‍പ്പിക്കുന്ന പ്രവണത അക്കാദമികള്‍ക്ക് ഗുണം ചെയ്യില്ല. അക്കാദമിയുടെ അവാര്‍ഡുകളെ വിശുദ്ധിയെ ഇത് ഇല്ലാതാക്കുകയാണ് ചെയ്യുക എന്ന് ഞാന്‍ വീണ്ടും ഓര്‍മിപ്പിക്കുന്നു.
പുരസ്‌കാരദാനച്ചടങ്ങില്‍ അക്കാദമിയെ പ്രതിനിധീകരിക്കും- എബി എന്‍ ജോസഫ് (അക്കാദമി വൈസ് ചെയര്‍മാന്‍)

ടി.കെ പദ്മിനി സ്മാരക സമിതിയുമായി സഹകരിക്കാമെന്ന് ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ തീരുമാനിക്കപ്പെട്ടതാണ്. പിന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. അന്നത്തെ തീരുമാനപ്രകാരം ടി.കെ പദ്മിനി പുരസ്‌കാരം ടി.കെ പദ്മിനി സ്മാരകസമിതി ഏര്‍പ്പെടുത്തുന്ന ജൂറി നിശ്ചയിക്കുകയും ഫലകവും തുകയും സ്മാരകസമിതി നല്‍കുകയും പരിപാടി സംഘടിപ്പിക്കാനുള്ള വേദി ലളിതകലാ അക്കാദമി വിട്ടുനല്‍കുകയുമാണ് വേണ്ടത്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന അനിശ്ചിത്വത്തിന് മറുപടി നല്‍കേണ്ടത് സെക്രട്ടറിയാണ്. കാരണം അക്കാദമിയിലെ സ്ഥാവരജംഗമവസ്തുക്കളുടെ കസ്റ്റോഡിയന്‍ നിയമപരമായി സെക്രട്ടറിയാണ്. പദ്മിനി പുരസ്‌കാരദാനച്ചടങ്ങുമായി സഹകരിക്കേണ്ടെന്ന തീരുമാനം ചെയര്‍മാന്‍ അറിഞ്ഞോ എന്നറിയില്ല. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം അക്കാദമിയെ പ്രതിനിധീകരിച്ചുകൊണ്ട് വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ പുരസ്‌കാരദാനച്ചടങ്ങില്‍ സാന്നിധ്യമറിയിക്കും.
ബി.എഫ്.എ ഒന്നാം റാങ്കോടുകൂടി പാസ്സായ നേമം പുഷ്പരാജിന്റെ കലാനൈപുണ്യത്തില്‍ അക്കാദമി സെക്രട്ടറി സംശയം പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത കണ്ടു. അത് നിരാശാജനകമാണ്. ഗ്രന്ഥകാരന്‍, കലാസംവിധായകന്‍, ചലച്ചിത്ര സംവിധായകന്‍, ഡോക്യുമെന്ററി സംവിധായകന്‍ തുടങ്ങി അനേകം മേഖലകളില്‍ തന്റേതായ കഴിവ് തെളിയിക്കുകയും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത കലാകാരനാണ് നേമം പുഷ്പരാജ്. ഇടതുസര്‍ക്കാരിന്റെ തന്നെ കാലത്ത് അദ്ദേഹം അക്കാദമി ചെയര്‍മാനായി സേവനം ചെയ്തിട്ടുമുണ്ട്. പദ്മിനി സ്മാരകസമിതി ജൂറിയായി നിയമിച്ചത് കേരളചിത്രകലാരംഗത്തെ പരമോന്നത പുരസ്‌കാരമായ രാജാരവിവര്‍മ പുരസ്‌കാരം നേടിയിട്ടുള്ള കാനായി കുഞ്ഞിരാമനെയും ബി.ഡി ദത്തനെയും സാംസ്‌കാരികപ്രവര്‍ത്തനത്തില്‍ തന്റേതായ പ്രതിഭ തെളിയിച്ച ആലങ്കോട് ലീലാകൃഷ്ണനെയുമാണ്. സെക്രട്ടറിയുടെ പ്രസ്താവന ജൂറിയംഗങ്ങളുടെ കഴിവിനെയാണ് ചോദ്യം ചെയ്യുന്നത്. സെക്രട്ടറിക്ക് അദ്ദേഹത്തിന്റേതായ വിശദീകരണം നല്‍കാനുണ്ടാവും. അടുത്ത എക്സിക്യുട്ടീവ് കമ്മറ്റിയില്‍ അദ്ദേഹത്തിന്റെ ഭാഗം കൂടി കേട്ടതിനുശേഷം മാത്രമേ കൂടുതലായി പ്രതികരിക്കാന്‍ കഴിയുകയുള്ളൂ.
ജനാധിപത്യവിരുദ്ധമായ നീക്കങ്ങള്‍- ആലങ്കോട് ലീലാകൃഷ്ണന്‍ (ടി.കെ പദ്മിനി ട്രസ്റ്റ് ചെയര്‍മാന്‍)

ടി.കെ പദ്മിനിയുടെ പേരില്‍ മുമ്പ് ലളിതകലാ അക്കാദമി പുരസ്‌കാരം നല്‍കി വന്നിരുന്നു. വാസ്തവത്തില്‍ അക്കാദമി നല്‍കിക്കൊണ്ടിരുന്ന പുരസ്‌കാരമായിരുന്നു അത്. അക്കാദമി ഇടക്കുവെച്ച് നിര്‍ത്തിയപ്പോഴാണ് ടി.കെ പദ്മിനി ട്രസ്റ്റ് ഏറ്റെടുത്ത് നടത്താന്‍ തുടങ്ങിയത്. അച്യുതന്‍ കൂടല്ലൂര്‍, ആര്‍ടിസ്റ്റ് നമ്പൂതിരി, അക്കിത്തം നാരായണന്‍, യൂസഫ് അറയ്ക്കല്‍, കാനായി, കവിതാബാലകൃഷ്ണന്‍, പി. ഗോപിനാഥ് തുടങ്ങി എട്ടുപത്തോളം പുരസ്‌കാരങ്ങള്‍ ട്രസ്റ്റ് കൊടുത്തു. ആദ്യഘട്ടത്തില്‍ പദ്മിനി ട്രസ്റ്റ് തന്നെയായിരുന്നു പുരസ്‌കാരം നല്‍കിയതും വേദി സംഘടിപ്പിച്ചതും. ഇടക്കാലത്ത് അക്കാദമി തന്നെ ഇങ്ങോട്ടുവന്ന് പറയുകയായിരുന്നു ഞങ്ങള്‍ പദ്മിനി ട്രസ്റ്റുമായി സഹകരിക്കാം. അവാര്‍ഡ് ട്രസ്റ്റ് കൊടുക്കുകയും പുരസ്‌കാരദാന നടത്തിപ്പ് അക്കാദമി ഏറ്റെടുക്കാം എന്നുമായിരുന്നു ധാരണ. അക്കാദമിയുടെ സഹകരണത്തോടെ നടത്തിയപ്പോള്‍ ടി.കെ പദ്മിനി പുരസ്‌കാരദാനച്ചടങ്ങ് പ്രൗഢഗംഭീരമായിത്തന്നെ നടന്നു. പദ്മിനിയെക്കുറിച്ചുള്ള പുസ്തകം അക്കാദമി ഇറക്കി. അവര്‍ക്കുവേണ്ടി ഗ്യാലറിയുണ്ടാക്കി. അങ്ങനെ നല്ല നിലയില്‍ അക്കാദമിയുമായി സഹകരിച്ചുപോന്നിരുന്ന അക്കാദമി പെട്ടെന്നാണ് പുരസ്‌കാരദാനച്ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. പുതിയ കമ്മറ്റി വന്നപ്പോഴാണ് അവര്‍ പ്രയാസം അറിയിച്ചത്. പദ്മിനി പുരസ്‌കാരം ഇനി അക്കാദമി തന്നെ ഏറ്റെടുക്കുമെന്നും ട്രസ്റ്റ് സഹകരിക്കണമെന്നുമൊക്കെ കഴിഞ്ഞവര്‍ഷം അവര്‍ പരസ്യമായി പ്രഖ്യാപിച്ചതാണ്. ഇത്തവണ പുരസ്‌കാരം നിശ്ചയിച്ചപ്പോള്‍ നേരെ അക്കാദമിയില്‍ പോയി. ചെയര്‍മാന്‍ സ്ഥലത്തില്ലായിരുന്നു. സെക്രട്ടറിയെ കണ്ടു പുരസ്‌കാരവിവരം അറിയിച്ചു. ലളിതകലാഅക്കാദമി അങ്കണത്തില്‍ വെച്ച് പുരസ്‌കാരദാനച്ചടങ്ങ് നടത്താം എന്ന ധാരണയായി. നേമം പുഷ്പരാജിന് പുരസ്‌കാരം പ്രഖ്യാപിച്ചതിനുശേഷം നോട്ടീസുവരെ അടിച്ചിറക്കിയതാണ്. അപ്പോഴൊന്നും ഇല്ലാതിരുന്ന പ്രശ്നം പെട്ടെന്നാണ് നേരെ തിരിഞ്ഞത്. എക്സിക്യുട്ടീവ് അംഗങ്ങളില്‍ ചിലരൊന്നും സഹകരിക്കുന്നില്ല എന്നാണ് ആദ്യം പറഞ്ഞത്. അങ്കണം ഉപയോഗിക്കാന്‍ പറ്റില്ല, വേണമെങ്കില്‍ വൈലോപ്പിള്ളി ഹാള്‍ ഒഴിവുണ്ടോ എന്നന്വേഷിച്ചുനോക്കിക്കോളൂ എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.
അക്കാദമി തന്നെ ഏറ്റവും നല്ല ചിത്രകാരനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചയാളാണ് നേമം പുഷ്പരാജ്. അദ്ദേഹത്തിന്റെ യോഗ്യതയെ കുറച്ചുകാണിച്ചത് ഒരു ന്യായമുള്ള കാര്യമല്ല. ട്രസ്റ്റിന്റെ ചെയര്‍മാന്‍ എന്ന നിലയിലാണ് ഞാന്‍ വിധികര്‍ത്താക്കളില്‍ ഒരാളാവുന്നത് എന്നുവെക്കാം. പക്ഷേ കാനായി കുഞ്ഞിരാമനും ബി.ഡി ദത്തനും തെറ്റുപറ്റുമോ? പദ്മിനി ട്രസ്റ്റ് നിയമിച്ച ജൂറിയംഗങ്ങള്‍ തിരഞ്ഞെടുത്ത പുരസ്‌കാരജേതാവ് മോശമായതിനാല്‍ ചടങ്ങിനോട് സഹകരിക്കുന്നില്ല എന്നു തീരുമാനിക്കാന്‍ അക്കാദമിക്കു പറ്റുമോ? ഇതൊക്കെ ജനാധിപത്യവിരുദ്ധമായ നീക്കങ്ങളാണ്. പദ്മിനി എന്ന ചിത്രകാരിയെ സൃഷ്ടിക്കുന്നതിനുവേണ്ടി ജീവിതം സമര്‍പ്പിച്ച പദ്മിനിയുടെ അമ്മാവന്‍ ദിവാകര മേനോന്‍ തന്റെ അവസാനകാലത്ത് പ്രത്യേക താല്‍പര്യമെടുത്താണ് എന്നെ ട്രസ്റ്റിന്റെ ചെയര്‍മാനാക്കിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന ഒരു സമിതിയാണത്. എടപ്പാളില്‍ നിന്നും ലോകോത്തര നിലവാരത്തിലേക്കുയര്‍ന്ന ഒരു ചിത്രകാരിയുടെ സ്മരണനിലനിര്‍ത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അത് തുടരുക തന്നെ ചെയ്യും. അതിനകത്ത് വേറെ താല്‍പര്യങ്ങളൊന്നുമില്ല. അക്കാദമി സഹകരിച്ചുകൊണ്ടിരുന്ന ഒരു കാര്യം പുരസ്‌കാരജേതാവ് മോശക്കാരനായിപ്പോയി എന്ന കാരണം പറഞ്ഞുകൊണ്ട് പിന്‍വാങ്ങുന്നതില്‍ യുക്തിയില്ല. മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും ഞങ്ങള്‍ ഇതേപ്പറ്റി വിശദമായി എഴുതിയിട്ടുണ്ട്. അക്കാദമി സഹകരിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ മുന്നോട്ടുപോവുക തന്നെ ചെയ്യും. അക്കാദമിയുടെ ഒരു രൂപപോലും ഇതിനായി ചെലവഴിക്കുന്നില്ല. ആകെയുള്ളത് പുരസ്‌കാരദാനം നടത്തുമ്പോൾ ഒരു ക്യാമ്പ് അക്കാദമിയുടെ ചെലവില്‍ നടത്തുന്നു എന്നുമാത്രമാണ്. ക്യാമ്പ് അംഗങ്ങളുടെ ടി.എ, ഡി.എ വരെ കൊടുത്തുകൊണ്ടിരുന്നത് ട്രസ്റ്റാണ്. ട്രസ്റ്റിന് ഇതൊന്നും വലിയ ഭാരമുള്ള കാര്യമല്ല. സെക്രട്ടറിയുടെ നിലപാട് ഒരു കാരണമല്ല, തികച്ചും മോശമായ നിലപാട് മാത്രമാണ്.
Content Highlights: tk padmini award controversy nemom pushparaj kanayi kunjiraman bd dathan
Published: 12 May 2024, 12:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented