'നല്ല പത്രവര്‍ത്തകരാവണമെങ്കില്‍ ആദ്യം നല്ല മനുഷ്യരാവണം. മാനവികത ഉയര്‍ത്തിപ്പിടിക്കണം, മൂല്യങ്ങള്‍ കൈമോശം വരരുത്.' 2012-ല്‍ കോഴിക്കോട്ട് വെച്ചുനടന്ന ഒരു മീഡിയ സെമിനാറില്‍ ജേണലിസം വിദ്യാര്‍ഥികളോടായി ടി.ജെ.എസ് പറഞ്ഞു. 'സല്‍പ്പേര് നഷ്ടപ്പെട്ടാല്‍ പിന്നെ എന്തെഴുതിയിട്ടും കാര്യമില്ല. കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ ഇത് എളുപ്പമുള്ള പണിയല്ല. പലതരത്തിലുള്ള താല്പര്യങ്ങള്‍ക്ക് നടുവിലാണ് ഇന്ന് പത്രപ്രവര്‍ത്തകന്‍ ജോലി ചെയ്യുന്നത്. അതിന്റെ നിയന്ത്രണങ്ങള്‍ വലിയ പരിമിതി തന്നെയാണ്. ഇപ്പോള്‍ മാധ്യമരംഗത്ത് വന്നിട്ടുള്ള കളങ്കങ്ങള്‍ പെട്ടെന്ന് തുടച്ചുനീക്കാന്‍ കഴിയില്ലെങ്കിലും അത് ശുദ്ധീകരിക്കപ്പെടും എന്നാണ് പ്രത്യാശ. സൊസൈറ്റി ഡെവലപ്പ് ചെയ്യുമ്പോള്‍ ആ മാറ്റം അനുഭവപ്പെടും. പക്ഷെ, അതിന് ഇനിയും രണ്ടുമൂന്ന് തലമുറകള്‍ കാത്തിരിക്കേണ്ടിവരും'- ടി.ജെ.എസ് പ്രത്യാശ പ്രകടിപ്പിച്ചു.
'കമ്മിറ്റഡ് ജേണലിസം' എന്നൊരു സംഗതി ഇന്ത്യയില്‍ വളര്‍ത്തിയെടുത്തത് ഇന്ദിരാ ഗാന്ധിയാണ്. അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പുതന്നെ അതിന് മുളപൊട്ടിയിരുന്നു. തങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന വിഭാഗത്തെ അവര്‍ പ്രോത്സാഹിപ്പിച്ചു. പാരിതോഷികങ്ങള്‍ നല്‍കി. പിന്നീട് മുലായം സിങ്ങും ഈ ശൈലിയാണ് അനുവര്‍ത്തിച്ചത്. തിരുത്തല്‍ ശക്തിയാവേണ്ട പത്രപ്രവര്‍ത്തകന്‍ അങ്ങനെ ഭരണവര്‍ഗ്ഗത്തിന്റെ കുഴലൂത്തുകാരനാവുന്നു. ജനപക്ഷ നിലപാടുകള്‍ ഇല്ലാതാവുന്നു. ജോലിയിലെ ധാര്‍മ്മികതയും കര്‍ത്തവ്യബോധവും നഷ്ടപ്പെടുന്നിടത്ത് മൂലച്യുതി തുടങ്ങുന്നു. രാജ്യത്തെ പിടിച്ചുകുലുക്കിയ സ്‌പെക്ട്രം കേസില്‍ ഇടനിലക്കാരായിക്കൊണ്ട് പത്രപ്രവര്‍ത്തനരംഗത്തെ അതികായര്‍ എന്ന് ചിലര്‍ കരുതിയവര്‍ പോലും സംശയത്തിന്റെ നിഴലിലായി. അതേസമയം ആ സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്നതും ഒരു പത്രപ്രവര്‍ത്തകനാണ്. സമൂഹത്തിന്റെ പൊതുതാല്പര്യം എന്നൊരു സേവനമുഖം മാധ്യമങ്ങള്‍ക്കുള്ളതാണ് ഇന്നും അതിന്റെ ശക്തി. കാര്യങ്ങളൊക്കെ മറികടക്കാന്‍ ഒരു പരിധി വരെ അതുകൊണ്ട് കഴിയുന്നുമുണ്ട്.
ടി.ജെ.എസ്. അന്ന് പങ്കുവെച്ച ആശങ്കകള്‍ എക്കാലത്തും പ്രസക്തമായിരുന്നു. അഴിമതിയുടെ കറ മുമ്പില്ലാത്ത വിധം മാധ്യമ പ്രവര്‍ത്തനരംഗത്തും പടര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ടി.ജെ.എസ് ചില ആശങ്കകള്‍ പങ്കുവെച്ചത്. അഴിമതിയുടെ നാണിപ്പിക്കുന്ന കഥകളാണ് ഓരോ ദിവസവും പുറത്തു വരുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കര്‍ണാടകത്തില്‍ ഖനിമുതലാളിമാരായ രാഷ്ട്രീയക്കാര്‍ ഭാഗഭാക്കായ അധികാരവടംവലിയുടെ ഗുണഭോക്താക്കളായി പത്രപ്രവര്‍ത്തകര്‍ മാറുന്നു എന്നത് വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂല്യബോധം നഷപ്പെടുന്ന തൊഴില്‍ രംഗമായി ഇത് മാറുന്നതിന്റെ അപകടത്തെക്കുറിച്ച് ടി.ജെ.എസ് പലപ്പോഴും ഓര്‍മ്മപ്പെടുത്തിയിരുന്നു. മൂലധന സ്രോതസ്സുകളുടേയും രാഷ്ട്രീയ ധനശക്തികളുടേയും അടിയാളന്മാരായി മാധ്യമ പ്രവര്‍ത്തകര്‍ അധഃപതിക്കരുത്. പത്രമുതലാളിമാരുടെ താല്പര്യങ്ങള്‍ പത്രാധിപന്മാരെ കൂച്ചു വിലങ്ങിടുമ്പോഴും വായനക്കാര്‍ ചതിക്കപ്പെടുന്നില്ല എന്നൊരു വിശ്വാസം നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ടായിരുന്നു. പക്ഷെ. കാശ് കൊടുക്കാനും, വാങ്ങാനും ചോദിക്കാനും മടിയില്ലാത്ത കര്‍മ്മരംഗമായി പത്രപ്രവര്‍ത്തനം മാറുന്നത് കാണേണ്ടി വരുന്നുവെന്നും ടി.ജെ.എസ് പറഞ്ഞു.
പത്രഉടമകളുടെ ഇടപെടല്‍ തന്റെ ജോലിക്കുമീതെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ പത്തറുപത് കൊല്ലത്തെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ അങ്ങനെയൊരു സ്വാതന്ത്ര്യം ഉണ്ടായിട്ടുണ്ട്. അതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഫ്രീ പ്രസ് ജേര്‍ണലിന്റെ എഡിറ്ററായിരുന്നപ്പോഴും, സെര്‍ച്ച് ലൈറ്റില്‍ ജോലി ചെയ്തപ്പോഴും, ദീര്‍ഘകാലം ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ കോളം കൈകാര്യം ചെയ്തപ്പോഴും എഴുതിയതൊന്നും 'കില്‍' ചെയ്യേണ്ടി വന്നിട്ടില്ല.'-ടി ജെ.എസ് പറഞ്ഞു. അഴിമതിക്കും അനീതിക്കും രാഷ്ടീയ മേല്‍ക്കോയ്മകള്‍ക്കുമെതിരെ നിര്‍ഭയമായി നിരന്തരം എഴുതി കൊണ്ടിരുന്ന ഒരു പത്രപ്രവര്‍കനായിരുന്നു ടി.ജെ.എസ് ജോര്‍ജ്. പത്രപ്രവര്‍ത്തന രംഗത്തേക്ക് വരുന്ന ഇളംതലമുറയോട് അദ്ദേഹത്തിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളു- 'ഒഴുക്കിനെതിരെ നീന്താനുള്ള കഴിവിലാണ് ജേണലിസത്തിന്റെ ശക്തി. സത്യം അത് എത്ര അപ്രിയമായിരുന്നാലും മറച്ചുവെക്കരുത്.' കനലെരിയുന്ന മനസ്സ് തന്നെയായിരുന്നു ടി.ജെ.എസ്സിന്റെ ശക്തി. ടി.ജെ. എസ്സിനെപ്പോലുള്ളവര്‍ക്ക് പത്രപ്രവര്‍ത്തനം ഒരു തൊഴില്‍ മാത്രമായിരുന്നില്ല.
മൂല്യബോധത്തിന്റെ പ്രതിസ്ഫുരണമായിരുന്നു ടി.ജെ.എസ്. പത്രപ്രവര്‍ത്തനത്തിലെ മാനവികതയുടെ അംശം അപ്രത്യക്ഷമാവുന്നതിലാണ് അദ്ദേഹം വ്യാകുലപ്പെട്ടത്. എല്ലാം കച്ചവടവത്ക്കരിക്കപ്പെടുമ്പോള്‍ വാര്‍ത്തകളുടെ ലോകത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം എന്നും ഓര്‍മ്മപ്പെടുത്തി. പോരാളിയായ ആ പത്രപ്രവര്‍ത്തകന്റെ വെല്ലുവിളികള്‍ നിറഞ്ഞ കര്‍മരംഗം വലിയ പ്രചോദനവും പാഠങ്ങളുമാവുന്നു. മാതൃഭൂമി മുന്‍ പത്രാധിപര്‍ കെ. ഗോപാലകൃഷ്ണനുമൊത്ത് ബെംഗളൂരിലെ ഇന്ത്യന്‍ എക്‌സ് പ്രസ്സിലെ അദ്ദേഹത്തിന്റെ ക്യാബിനില്‍ പോയതോര്‍ക്കുന്നു. പത്രപ്രവര്‍ത്തനം വിട്ട് ക്രിയേറ്റീവ് റൈറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോവുകയാണെന്ന് അന്ന് അദ്ദേഹം പറഞ്ഞു. മുപ്പത് കൊല്ലത്തോളം മലയാളം എഴുതാതിരുന്നിട്ടും വലിയ പ്രയാസമില്ലാതെ ഭാഷ വീണ്ടെടുക്കാന്‍ ആവുന്നുണ്ടെന്നും ടി.ജെ.എസ് പറഞ്ഞു. ഭാഷാശൈലി പലതും പരീക്ഷിച്ച് നോക്കിയെങ്കിലും നല്ലത് സാധാരണ സംസാരഭാഷയാണെന്ന് തോന്നി. തന്റെ നാട്ടുഭാഷയിലാണ് 'ഘോഷയാത്ര' എഴുതിയത്. അതിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. മലയാളത്തില്‍ എഴുതി തുടങ്ങിയപ്പോള്‍ ചിലതെല്ലാം ആദ്യം അയച്ചുകൊടുത്തത് സാഹിത്യകാരന്‍ സി.രാധാകൃഷ്ണനാണ്. സുഹൃത്തായ അദ്ദേഹം ചില മിനുക്ക് പണികള്‍ നടത്തി അഭിപ്രായം പറയും. സര്‍ഗാത്മകമായ എഴുത്തിനോടും എഴുത്തുകാരോടും ഈ പത്രപ്രവര്‍ത്തകന് വലിയ പ്രിയമായിരുന്നു. കമ്പ്യൂട്ടറിനുമപ്പുറത്താണ് മനുഷ്യന്റെ യുക്തിയും ഭാവനയുമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
ടി.ജെഎസ് പിന്നീടൊരിക്കല്‍ കോഴിക്കോട്ട് വന്നപ്പോള്‍ മാതൃഭൂമിയിലും വന്നു. കൊട്ടാരംറോഡിലെ വീട്ടില്‍ പോയി എം.ടി വാസുദേവന്‍ നായരെ കണ്ടു. അളകാപുരിയില്‍ പോയി പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കണ്ടു. മാവൂര്‍റോഡിലൂടെ തിരക്കേറിയ സന്ധ്യയില്‍ ഒരു സ്‌കൂട്ടര്‍യാത്രയും നടത്തി. അന്ന് മടങ്ങുമ്പോള്‍ ടി.ജെ.എസ് പറഞ്ഞു: 'പലതരത്തിലുള്ള വായനക്കാരെ ടെക്‌നോളജി ഉണ്ടാക്കിയിരിക്കുന്നു. പുതിയ തലമുറ ആവശ്യത്തിനനുസരിച്ച് മാത്രം വായനയെ ചിട്ടപ്പെടുത്തിയവരാണ്. ഇന്നൊരു മൊബൈല്‍ ഫോണ്‍ കൈയ്യിലുണ്ടെങ്കില്‍ ഏത് വിവരവും അറിയാം. ഏത് വിധേനയും സംവദിക്കാം. അച്ചടി-ദൃശ്യ മാധ്യമങ്ങളേക്കാള്‍ സ്വാധീനം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ കൈവരിക്കുകയാണ് അഭിപ്രായ രൂപവത്ക്കരണത്തിനായി സോഷ്യല്‍ മീഡിയയില്‍ ഇടം കണ്ടെത്തുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി കൊണ്ടിരിക്കമാണ്. ഈയൊരു മാറ്റവും യാഥാര്‍ത്ഥ്യവും മാധ്യമരംഗത്തുള്ളവര്‍ ഉള്‍ക്കൊള്ളണം.' ഇന്ത്യയിലെ കോളമിസ്റ്റുകളില്‍ അഗ്രഗണ്യനായ ടി.ജെ.എസ് വിടപറയുമ്പോള്‍ വെല്ലുവിളികള്‍ നിറഞ്ഞ കര്‍മ്മരംഗത്ത് അദ്ദേഹം നടത്തിയ പോരാട്ടമാണ് നമുക്ക് മുന്നിലുള്ളത്. ബീഹാര്‍ മുഖ്യമന്ത്രി കെ.ബി. സഹായിക്കെതിരെയുള്ള മൂര്‍ച്ചയേറിയ എഡിറ്റോറിയലുകളാണ് അദ്ദേഹത്തെ ജയിലിലെത്തിച്ചത്. ടി.ജെ.എസ്സിന് പത്രപ്രവര്‍ത്തനം വലിയ പോരാട്ടമായിരുന്നു. ആര്‍ക്കും ഊതിക്കെടുത്താനാവാത്തൊരു ജ്വാല അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നു.
Published: 04 Oct 2025, 06:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented