തിരൂര്‍: താന്‍ തുഞ്ചന്‍ പറമ്പിലെത്തിയാല്‍ മണ്‍തരികള്‍ ശിരസ്സിലണിയുമെന്നു പറഞ്ഞ മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ കാല്‍പാടുകള്‍ തേടി തുഞ്ചത്താചാര്യന്റെ സന്നിധിയില്‍ കവിയുടെ മക്കളെത്തി. മഹാകവിയുടെ മക്കളായ ലീല അമ്മാൾ രവീന്ദ്രന്‍ നായരും പേരക്കുട്ടികളായ ജയശ്രീയും അരുളും കാവ്യബന്ധുക്കളും ഭാഷാസ്‌നേഹികളുടെ ഉള്‍പ്പെടുന്ന സംഘമാണ് തിരൂര്‍ തുഞ്ചന്‍പറമ്പിലെത്തിയത്.

To advertise here,

കവിയുടെ ജന്മദിനമായ ഒക്ടോബര്‍ നാലിന് വെള്ളിക്കോത്തു നിന്നും തുടങ്ങിയ യാത്ര തിങ്കളാഴ്ച തുഞ്ചന്‍പറമ്പില്‍ സമാപിച്ചു അവര്‍ ജന്മനാട്ടിലേക്ക് മടങ്ങി.

'മഞ്ജുളകോമള കാകളി തൂകുകെന്‍ /മംഗളപ്പൈങ്കിളിപ്പെണ്‍കിടാവാണ്' മഹാകവിക്ക് തുഞ്ചന്റെ കിളിമകള്‍. ഇവിടെ നില്‍ക്കുമ്പോള്‍ ലീല അമ്മാളും രവീന്ദ്രന്‍ നായരും ഓര്‍മ്മകളുടെ ചുഴിയിലകപ്പെട്ടതുപോലെയായി. തിരുനാവായയിലെത്തുമ്പോള്‍ സര്‍വം മറക്കുന്ന മഹാകവിയുടെ ചിത്രമാണ് മനസ്സില്‍. കേളപ്പജിയും സര്‍വോദയമേളയും കവിസമ്മേളനവും പി.യുടെ ജീവത്തായ വികാരമായിരുന്നു. ഭൂപ്രകൃതിയും മനുഷ്യപ്രകൃതിയും ഭിന്നമല്ലെന്ന് കവിവാക്യമോര്‍മ്മിപ്പിച്ച മധുര കാഞ്ഞിരം. ഗുരുവായൂരമ്പലവും പരിസരവും പിയുടെ പ്രാണനലഞ്ഞ ഇടമാണ്.

യാത്രക്കിടയില്‍ അവര്‍ ഗുരുവായൂരുമെത്തി. തിരുമുടിമാലയുടെ പുതിയ പതിപ്പിറങ്ങിയതിന്റെ ആവേശം 90-ാം വയസ്സിലും മകനെ വികാര തരളിതനാക്കി. ശരണം തേചരണമെന്‍ പവനേശ... നരകാരേ... എന്ന കീര്‍ത്തനം പാടിയാണ് ആ സന്തോഷം പ്രകടിപ്പിച്ചത്. പുസ്തകം ഗുരുവായൂരില്‍ പ്രകാശനം ചെയ്തതിന്റെ സന്തോഷമേറ്റു വാങ്ങിയാണവര്‍ തിരൂരിലേക്ക് യാത്ര തിരിച്ചത്. കൂടാളി സ്‌കൂള്‍, കൊല്ലങ്കോട് ഇയ്യങ്കോട് ശ്രീധരനെയും കണ്ടു. 'അച്ഛന്‍ കവിത ചൊല്ലാന്‍ തുഞ്ചന്‍ പറമ്പിലെത്താറുണ്ടായിരുന്നു. പ്രത്യേക ജീവിതരീതിയും സമ്പ്രദായവുമായിരുന്നു അച്ഛന്. കവി പോയ വഴികളിലൂടെ ഞങ്ങള്‍ പ്രകൃതിയുമായി സംവദിച്ച് നടക്കുകയായിരുന്നു ഈ യാത്ര ഞങ്ങള്‍ക്ക് ഏറെ സന്തോഷം പകര്‍ന്നു'- മകന്‍ രവീന്ദ്രന്‍ നായര്‍ പറഞ്ഞു. 'അച്ഛന്‍ എന്നെ തീവണ്ടിയിലാണ് ഗുരുവായൂരില്‍ കൊണ്ടുപോയത്. കാളവണ്ടിയിലും കുതിരവണ്ടിയിലും കയറ്റി. അമ്മയെക്കാപ്പം ഞാന്‍ പൊന്മളയില്‍ താമസിച്ചു. അച്ഛന്‍ യാത്ര ചെയ്ത വഴികളിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നു.' പി.യുടെ മകള്‍ ലീല അമ്മാളും പറഞ്ഞു. ഇവര്‍ക്കൊപ്പം ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും കവി മാധവന്‍ പുറച്ചേരി, പി.സാഹിത്യവേദി പ്രസിഡന്റ് പ്രൊഫ.യു.ശശി മേനോന്‍ എന്നിവരുമുണ്ടായിരുന്നു. പി.യുടെ ഭാര്യ കുഞ്ഞി ലക്ഷ്മിയമ്മയുടെ തറവാടായ മലപ്പുറം പൊന്മളയിലെ വടയക്കളത്തും പോയിരുന്നു.