ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ രക്തശോഭയാര്‍ന്ന ഒരേടാണ് കേരളാ പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബ് എന്ന കെ.പി.എ.സി. അധ്വാനിക്കുന്ന മനുഷ്യനെ അടിമയെപ്പോലെ കണ്ടിരുന്ന ഒരു സാമൂഹികവ്യവസ്ഥയില്‍, അവന് തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കാന്‍ തന്റേടം പകര്‍ന്ന, അവകാശങ്ങള്‍ക്കുവേണ്ടി പോരാട്ടം നയിക്കാന്‍ ആത്മധൈര്യം കൊടുത്ത ഐതിഹാസിക നാടകമായിരുന്നു കെ.പി.എ.സി.യുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'. ഈ നാടകം രചിച്ചുകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയഭാഗധേയം തിരുത്തിക്കുറിച്ച, സാമൂഹികപ്രതിബദ്ധത കൊടിയടയാളമായ മറ്റനേകം നാടകങ്ങളും രചിച്ച പുരോഗമന കേരളത്തിന്റെ നാടകാചാര്യന്‍ തോപ്പില്‍ ഭാസിയുടെ ജന്മശതാബ്ദിയാണ് ഇന്ന്.

To advertise here,

തമിഴ് സംഗീതനാടക പാരമ്പര്യത്തില്‍ തട്ടിക്കൂട്ടിയൊരുക്കിയ വര്‍ണശബളമായ കെട്ടുകാഴ്ചകളില്‍നിന്ന് മലയാളനാടകത്തെ മോചിപ്പിച്ച് നീറുന്ന ജീവല്‍പ്രശ്‌നങ്ങളുടെ യഥാതഥമായ രംഗാവിഷ്‌കാരങ്ങളാക്കിമാറ്റിയത് തോപ്പില്‍ ഭാസിയാണ്. അരങ്ങിന്റെ അലകുംപിടിയുമാകെ അഴിച്ചുപണിഞ്ഞ ഭാസിയുടെ നാടകങ്ങള്‍ സമൂഹത്തില്‍ നിലനിന്നിരുന്ന അനീതിക്കും അസമത്വത്തിനും അടിച്ചമര്‍ത്തലിനും അന്ധവിശ്വാസങ്ങള്‍ക്കുമെല്ലാമെതിരേയുള്ള ധീരമായ പോര്‍വിളികളായിരുന്നു. അധഃസ്ഥിതവര്‍ഗമുന്നേറ്റത്തിന്റെ, തൊഴിലാളിയുടെയും കൃഷിക്കാരന്റെയും വിമോചനത്തിന്റെ, സ്ത്രീപക്ഷനീതിയുടെ, മതേതരവിശ്വാസത്തിന്റെ - അങ്ങനെ വിശ്വമാനവികതയുടെ രാഷ്ട്രീയസന്ദേശമാണ് ആ നാടകങ്ങളിലൂടെ ഭാസി ഉറക്കെ വിളിച്ചുപറഞ്ഞത്. കാലത്തിന്റെ സ്പന്ദനങ്ങള്‍ പ്രതിഫലിക്കുന്ന പ്രമേയങ്ങള്‍, മണ്ണിലാഴത്തില്‍ വേരൂന്നിയ കഥാപാത്രങ്ങള്‍, പ്രേക്ഷകരുടെ ഉള്ളില്‍ ചെന്നുകൊണ്ടുകയറുന്ന വൈകാരികസന്ദര്‍ഭങ്ങള്‍ -ഇവയിലൂടെയെല്ലാം ഭാസി ആസ്വാദകരോടുപറഞ്ഞത് അവര്‍തന്നെ നായകരായിമാറുന്ന കഥകളാണ്. ആ മനുഷ്യഗാഥകള്‍ കണ്ടിരുന്നവരുടെയെല്ലാം ഉള്ളിലേക്ക് ആഴത്തില്‍ തറഞ്ഞുകയറാന്‍ സഹായിച്ചത് പ്രഗല്ഭരായ ഒരു കൂട്ടം അഭിനേതാക്കളും ഗായകരും പാട്ടെഴുത്തുകാരും സംഗീതസംവിധായകരും പിന്നെ ആ അതുല്യപ്രതിഭാശാലികളെല്ലാം ഒരുമിച്ചണിനിരന്ന കെ.പി.എ.സി. എന്ന വിപ്ലവനാടകസംഘവുമാണ്. തോപ്പില്‍ ഭാസി മുന്നില്‍നിന്ന് നയിച്ചുകൊണ്ട് കെ.പി.എ.സി. നടത്തിയ ആ ജൈത്രയാത്ര കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രത്തിലെ ഏറ്റവും നിറപ്പകിട്ടുള്ള അധ്യായമാണ്.

തോപ്പില്‍ ഭാസിയുടെ കഥാപാത്രങ്ങളില്‍ ഒരാള്‍പോലും എല്ലാം തികഞ്ഞ അതിമാനുഷരല്ല; സാധാരണരില്‍ സാധാരണരായ വെറും മനുഷ്യരാണ്. എന്തും നേരിടാനുള്ള തന്റേടവും ചങ്കുറപ്പും അവരാര്‍ജിക്കുന്നത് അനുഭവങ്ങളുടെ കനല്‍പ്പൊള്ളലേല്‍ക്കുമ്പോഴാണ്, ജീവിതത്തെക്കുറിച്ചുള്ള ചില തിരിച്ചറിവുകള്‍ ഏറ്റുവാങ്ങുമ്പോഴാണ്. അതേസമയം, ഭാസിയുടെ സ്ത്രീകഥാപാത്രങ്ങളില്‍ പലതും അനീതിയുടെയും അവഹേളനത്തിന്റെയും മുന്നില്‍ അടിയറവുപറയാന്‍ കൂട്ടാക്കാത്ത, തിരിച്ചടികള്‍ക്കുമുന്നില്‍ തളരാതെ പിടിച്ചുനില്‍ക്കുന്ന ആത്മാഭിമാനമുള്ള സ്ത്രീജന്മങ്ങളാണെന്നുകൂടി എടുത്തുപറയേണ്ടിയിരിക്കുന്നു.

നാടകത്തെപ്പോലെ സിനിമയും തോപ്പില്‍ ഭാസിയുടെ വിരലടയാളം ആഴത്തില്‍ പതിഞ്ഞ സാംസ്‌കാരിക ഇടമാണ്. മലയാളസിനിമ ചൈതന്യശോഭയാര്‍ജിച്ച ഒരു കാലഘട്ടത്തിലാണ് ഭാസി നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയതും പതിനാറുചിത്രങ്ങള്‍ സംവിധാനംചെയ്തതും.

തിരുവിതാംകൂര്‍ സ്വാതന്ത്ര്യപ്രക്ഷോഭത്തിലെ ആ വീറുറ്റ സമരഭടന്‍ കമ്യൂണിസ്റ്റ് വിപ്ലവകാരിയായിമാറിയ സാഹസികകഥ നാമെല്ലാം 'ഒളിവിലെ ഓര്‍മകളി'ല്‍ വായിച്ച് കോരിത്തരിച്ചിരുന്നതാണല്ലോ. 1957-ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് നിയമസഭയാകെ നിറഞ്ഞുനിന്ന 'ജിഞ്ചര്‍'ഗ്രൂപ്പിന്റെ നേതാവെന്നനിലയില്‍ ഭാസി നടത്തിയ പ്രസംഗങ്ങളും ഇടപെടലുകളും രാഷ്ട്രീയവിദ്യാര്‍ഥികള്‍ പഠനവിഷയമാക്കേണ്ടതാണ്. ഒരു യഥാര്‍ഥ കമ്യൂണിസ്റ്റുകാരനായി മരണംവരെ ജീവിച്ചു, തോപ്പില്‍ ഭാസി എന്ന യശസ്വി.

(സി.പി.ഐ. സംസ്ഥാന സെക്രട്ടറിയും കെ.പി.എ.സി. അധ്യക്ഷനുമാണ് ലേഖകന്‍)