ഡൽഹി/ചെന്നൈ: പാർലമെന്റിൽ വരാനിരിക്കുന്ന മണ്ഡല പുനർനിർണയ (ഡീലിമിറ്റേഷൻ) ബില്ലിൽ ഡി.എം.കെ.യുടെ പിന്തുണ ഉറപ്പാക്കാനും പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിനെ അനുനയിപ്പിക്കാനും ഇന്ത്യ സഖ്യം തീവ്രശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള ഇന്ത്യാ സഖ്യനേതാക്കൾ ചെന്നൈയിലെത്തി. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഗാർഗെ, മമതാ ബാനർജി തുടങ്ങിയ മുതിർന്ന നേതാക്കൾ അടങ്ങുന്ന 21 അംഗ സംഘം രണ്ട് പ്രത്യേക വിമാനങ്ങളിലായാണ് ചെന്നൈയിലെത്തിയത്. 

To advertise here,

വൈകീട്ട് നാല് മണിക്ക് ആൽവാർ പേട്ട് ചിത്തരഞ്ജൻ ശാലയിലുള്ള എം.കെ. സ്റ്റാലിന്റെ വസതിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. തുടർന്ന്, മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എൻ.സി.പി. നേതാവ് ശരത് പവാറിനെയും രാത്രി എട്ട് മണിയോടെ നേതാക്കൾ സന്ദർശിക്കും.

ചെന്നൈയിലെത്തിയ ഉന്നതതല സംഘത്തിൽ കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, എം.എ. ബേബി, വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കളുമുണ്ട്. ഡൽഹിയിൽ വിളിച്ചുചേർത്ത കോൺഗ്രസിന്റെ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സംയുക്ത വാർത്താസമ്മേളനം പോലും റദ്ദാക്കിയാണ് നേതാക്കൾ പുറപ്പെട്ടത്. സമീപകാലത്തൊന്നും ഇത്തരത്തിലുള്ള അനുനയ ചർച്ചകളിൽ നേരിട്ട് പങ്കെടുക്കാതിരുന്ന സോണിയാ ഗാന്ധിയടക്കം കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്. എം.കെ. സ്റ്റാലിനുമായുള്ള സോണിയയുടെ നല്ല വ്യക്തിബന്ധം ഡി.എം.കെ.യുടെ നിലപാടിൽ മാറ്റമുണ്ടാക്കുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ. അതേസമയം പാർലമെന്റിൽ എല്ലാ എംപിമാരും പങ്കെടുക്കണമെന്ന് കാട്ടി ഡിഎംകെ വിപ്പ് നൽകിയിട്ടുണ്ട്.

നവംബർ 30 മുതൽ ഡിസംബർ മൂന്നുവരെ നാല് ദിവസത്തെമാത്രം പാർലമെന്റ് സമ്മേളനമാണ് നടക്കുന്നത്. സമ്മേളനം ആരംഭിക്കുമ്പോൾ തന്നെ ബിൽ ചർച്ചയ്ക്കെടുക്കുകയും ഡിസംബർ മൂന്നിന് ലോക്സഭയിൽ വോട്ടെടുപ്പ് നടക്കുകയും ചെയ്യും. 2026 ഏപ്രിലിൽ മുൻപ് ഈ ബിൽ വന്നപ്പോൾ ഡി.എം.കെ.യും ശരത് പവാറിന്റെ പാർട്ടിയും ബില്ലിനെ എതിർത്ത് വോട്ട് ചെയ്തിരുന്നു. എന്നാൽ, തമിഴ്നാട്ടിൽ കോൺഗ്രസ് ടി.വി.കെ. പാർട്ടിയുമായി കൈകോർത്തതോടെയാണ് ഡി.എം.കെ. ഇന്ത്യ സഖ്യം വിട്ടത്.

നിലവിൽ എൻ.ഡി.എ. ചില പ്രതിപക്ഷ എം.പി.മാരെ തങ്ങളുടെ ഭാഗത്താക്കിയിട്ടുണ്ട്. അതേസമയം, പട്ടികവർഗ്ഗ (ST) വിഭാഗങ്ങൾക്ക് എത്രത്തോളം സംവരണം/പ്രാതിനിധ്യം ലഭിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും തങ്ങളുടെ വോട്ടെന്ന് ജെ.എം.എം. നേതാവ് ഹേമന്ത് സോറൻ വ്യക്തമാക്കിയിട്ടുമുണ്ട്.

രാഹുൽ ഗാന്ധി 'എക്സ്' പ്ലാറ്റ്‌ഫോമിൽ ഡി.എം.കെ.യെ പുകഴ്ത്തി പോസ്റ്റിട്ടിരുന്നെങ്കിലും എം.കെ. സ്റ്റാലിൻ നിലപാടിൽ അയവ് വരുത്തിയിട്ടില്ല. "നേതാക്കൾ വരട്ടെ, എന്നാൽ അന്തിമ തീരുമാനം സ്റ്റാലിന്റേതായിരിക്കും" എന്ന് ഉദയനിധി സ്റ്റാലിനും ഡി.എം.കെ. വക്താവ് ടി.കെ.എസ്. ഇളങ്കോവനും വ്യക്തമാക്കി. തങ്ങൾ ബി.ജെ.പി.യെ പിന്തുണയ്ക്കുകയല്ല, മറിച്ച് തമിഴ്നാടിന്റെ താല്പര്യം സംരക്ഷിക്കുകയാണെന്ന് ഇളങ്കോവൻ പ്രതികരിച്ചു. രാഹുൽ ഗാന്ധിക്കുള്ള മറുപടിയിൽ തമിഴ്നാടിന്റെ താല്പര്യത്തിനാണ് പ്രഥമ പരിഗണനയെന്നും തങ്ങൾ പരമ്പരയായി ഒറ്റുകൊടുക്കുന്നവരല്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.

തങ്ങൾ നിലപാടിൽ മാറ്റം വരുത്തുകയോ മറിയുകയോ ചെയ്തിട്ടില്ലെന്ന് ഡി.എം.കെ. വൃത്തങ്ങൾ വ്യക്തമാക്കുന്നു. മുൻപ് കൊണ്ടുവന്ന ബില്ലിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ദോഷകരമായ വകുപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഭേദഗതി വരുത്തി ഇപ്പോൾ അവതരിപ്പിക്കുന്ന പുതിയ ബില്ലിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് യാതൊരുവിധ ദോഷവുമില്ല. സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം വർധനയുണ്ടാകും. ഇതിലൂടെ തമിഴ്നാടിന്റെ പ്രാതിനിധ്യം കൂടുകയാണ് ചെയ്യുന്നത്. അടുത്ത 25 വർഷത്തേക്ക് ഇനി മണ്ഡല പുനർനിർണയം ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ബില്ലിന്റെ പകർപ്പ് നേരത്തെ നൽകിയിട്ടുമുണ്ടെന്നും ഡി.എം.കെ. വ്യക്തമാക്കുന്നു.

ഇന്ത്യ സഖ്യത്തിന്റെ ഇപ്പോഴത്തെ സന്ദർശനത്തെ 'വൈകിപ്പോയ വിവേകം' എന്നാണ് ഡി.എം.കെ. വിശേഷിപ്പിച്ചത്. ഇന്നലെ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ഡി.എം.കെ. പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാനത്തെ മന്ത്രിസ്ഥാനത്തിനുവേണ്ടി വിശ്വസ്ത സഖ്യകക്ഷിയായ തങ്ങളെ വഞ്ചിച്ച് ടി.വി.കെ. പാളയത്തിൽ പോയ കോൺഗ്രസിനെ എങ്ങനെ വിശ്വസിക്കുമെന്ന് ഡി.എം.കെ.യും പാർട്ടിയുടെ ഐ.ടി. വിങ്ങും രൂക്ഷമായി ചോദിക്കുന്നു.