മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹപാഠിയായ അസ്ഗർ അലി വോറയുടെ 19 വർഷം നീണ്ട ഭൂമി തർക്കത്തിന് ഒടുവിൽ അനുകൂല തീരുമാനമായി. മഹാരാഷ്ട്രയിലെ മീരാ-ഭയാന്ദറിലുള്ള 2,810 ചതുരശ്ര മീറ്റർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശമാണ് 81-കാരനായ അസ്ഗർ അലി വോറയ്ക്ക് റവന്യൂ രേഖകളിൽ തിരികെ ലഭിച്ചത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മൂന്ന് മാസത്തിനകമാണ് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് പരിഹാരമായത്.

To advertise here,

1989-ൽ സ്ഥലം ഉടമയായ പോൾ ആന്റണി ഫെർണാണ്ടസിൽ നിന്ന് അസ്ഗർ അലി വോറയും ദാവൂദ് വോറയും ചേർന്ന് രജിസ്റ്റർ ചെയ്ത കരാറിലൂടെയാണ് 2,810 ചതുരശ്ര മീറ്റർ സ്ഥലം വാങ്ങിയത്. 2007-ൽ ഇവരുടെ പേരുകൾ റവന്യൂ രേഖകളിൽ ചേർത്തു. എന്നാൽ, അതേവർഷം പോൾ ആന്റണിയുടെ അവകാശികളിൽ ഒരാളെക്കുറിച്ചുള്ള അന്വേഷണത്തിനിടെ അധികൃതർ വോറയുടെയും ദാവൂദ് വോറയുടെയും പേരുവിവരം റദ്ദാക്കി. ഇതോടെയാണ് ഭൂമിയുമായി ബന്ധപ്പെട്ട് അവകാശവാദങ്ങളും തർക്കങ്ങളും ആരംഭിച്ചത്.

2011-ൽ സ്വയം ബിൽഡേഴ്‌സ് എന്ന സ്ഥാപനം പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് സ്ഥലത്തിന്റെ 50 ശതമാനം അവകാശം വാങ്ങി. എന്നാൽ ഈ രേഖയിൽ തിരിമറി നടന്നിട്ടുണ്ടെന്നും ഇത് മറ്റൊരു സർവേ നമ്പറുമായി ബന്ധപ്പെട്ടതാണെന്നും അസ്ഗർ അലി ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് 2015-ൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് 2014-ൽ പോൾ ആന്റണിയുടെ അവകാശിയാണെന്ന് അവകാശപ്പെട്ട് മെർവിൻ ജോസഫ് ഫെർണാണ്ടസ് അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ഭൂമിയുടെ ബാക്കി 50 ശതമാനം ഭാഗത്ത് സ്വന്തം പേര് ചേർക്കുകയും ചെയ്തു.

2019-ൽ ബി.ജെ.പി. എം.എൽ.എ. നരേന്ദ്ര മേത്തയുമായി ബന്ധമുള്ള 'സെവൻ ഇലവൻ കൺസ്ട്രക്ഷൻസ്' എന്ന കമ്പനി തർക്കഭൂമിയുടെ ഒരു ഭാഗം വാങ്ങി. മീരാ-ഭയാന്ദർ മുൻസിപ്പൽ കോർപ്പറേഷൻ ഇവർക്ക് നിർമാണ അനുമതി നൽകിയെങ്കിലും അസ്ഗർ അലിയുടെ പരാതിയെ തുടർന്ന് അത് പിന്നീട് റദ്ദാക്കി.

വർഷങ്ങളോളം പരാതി നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് അസ്ഗർ അലി പ്രധാനമന്ത്രിയെ സമീപിച്ചത്. ഗുജറാത്തിലെ വഡ്നഗറിലുള്ള ബി.എൻ. സ്കൂളിൽ നരേന്ദ്ര മോദിക്കൊപ്പം പഠിച്ചയാളാണ് അസ്ഗർ അലി വോറ. സെപ്റ്റംബർ 8-ന് പ്രധാനമന്ത്രിയെ നേരിൽ കണ്ട അദ്ദേഹം താൻ നേരിട്ട ദുരനുഭവങ്ങൾ വിശദീകരിക്കുകയും സംഭവത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എം.എൽ.എ. നരേന്ദ്ര മേത്തയുമായി ബന്ധമുള്ള ബിൽഡർമാർ തന്റെ ഭൂമി കൈയേറിയതായും അദ്ദേഹം പരാതിപ്പെട്ടു.

കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, ബി.ജെ.പി. എം.എൽ.എ. നരേന്ദ്ര മേത്ത തർക്കഭൂമിയുടെ അവകാശവാദം ഉപേക്ഷിക്കുന്നതായും അസ്ഗർ അലിക്കെതിരെ നൽകിയ പോലീസ് പരാതി പിൻവലിക്കുന്നതായും പ്രഖ്യാപിച്ചു. ഇതിനു പുറമെ മുൻസിപ്പൽ കോർപ്പറേഷൻ ഇവർക്ക് നൽകിയ നിർമാണ അനുമതിയും ബന്ധപ്പെട്ട അവകാശങ്ങളും പൂർണമായി റദ്ദാക്കി. ഇതിനിടെ, പോൾ ആന്റണി ഫെർണാണ്ടസും അസ്ഗർ അലിക്ക് അനുകൂലമായി പോലീസിനോട് വെളിപ്പെടുത്തൽ നടത്തി.

വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ റവന്യൂ വകുപ്പ് അസ്ഗർ അലിയുടെ പേര് റവന്യൂ രേഖകളിൽ പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനിടെ സ്വയം ബിൽഡേഴ്‌സും മുകേഷ് പരേഖും നൽകിയ എതിർപ്പുകളിൽ 10 തവണ വാദം കേൾക്കൽ നടന്നു.‌ അഡീഷണൽ തഹസിൽദാർ ഉത്തരവിലൂടെ ഈ എതിർപ്പുകളെല്ലാം തള്ളി. 1989-ൽ അസ്ഗർ അലിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വിൽപന ആധാരം ഒരു കോടതിയും റദ്ദാക്കാത്തതിനാൽ അത് നിയമപരമായി സാധുവാണെന്ന് ഉത്തരവിൽ വ്യക്തമാക്കി.

തുടർന്ന് റവന്യൂ വകുപ്പ് റവന്യൂ രേഖകളിൽമാറ്റം വരുത്താൻ അംഗീകാരം നൽകുകയും മുഴുവൻ ഭൂമിയുടെയും നിയമപരമായ ഉടമയായി അസ്ഗർ അലി വോറയുടെ പേര് ചേർക്കുകയും ചെയ്തു.