വര നിര്‍ത്തി വിടപറഞ്ഞ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുമായുള്ള ഒരു പുസ്തകാനുഭവമാണിത്. 23 വര്‍ഷം മുമ്പുനടന്ന ഈ സംഭവത്തില്‍ നമ്പൂതിരി എന്ന മനുഷ്യനും കലാകാരനുമുണ്ട്. അദ്ദേഹത്തിന്റെ വരരീതിയുടെ രഹസ്യമുണ്ട്. നിറയെ സ്‌നേഹമുണ്ട്...

To advertise here,

നമ്പൂതിരിയെക്കുറിച്ചുള്ള ആദ്യപുസ്തകം 'നമ്പൂതിരി' പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് രസകരമായ കുറേ ഓര്‍മകളുണ്ട്. അങ്ങനെയൊരു പുസ്തകം വരുന്നതില്‍ അദ്ദേഹത്തിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. 'ഓ, എന്താപ്പ ഒരു പുസ്തകത്തിനൊക്കെയൊണ്ടോ ഈ ജീവിതം, അത്രയ്ക്കങ്ങട്ടായോ?' എന്നായിരുന്നു ആദ്യസന്ദേഹം.

വരയില്‍ ഒട്ടും സന്ദേഹമില്ലെങ്കിലും തന്നെക്കുറിച്ച് പറയുന്നതില്‍ അദ്ദേഹം ഒരു 'സന്ദേഹമനസ്സ്' സൂക്ഷിച്ചു. പുരോഗമന കലാസാഹിത്യസംഘം മയ്യഴിയില്‍ സംഘടിപ്പിച്ച ഒരു ചിത്രകലാ ക്യാമ്പില്‍വെച്ചാണ് അദ്ദേഹത്തെച്ചെന്ന് നേരില്‍ക്കാണുന്നത്. ആ കൂടിക്കാഴ്ച മറ്റൊരു കാരണംകൊണ്ടാണ് മനസ്സില്‍ നിലനില്‍ക്കുന്നത്. അന്നദ്ദേഹം ചിത്രംവരയ്ക്ക് ഉപയോഗിച്ചത് ബ്രഷിനു പകരം കമ്യൂണിസ്റ്റ് പച്ചയുടെ കമ്പായിരുന്നു. ഒരു ക്ഷേത്രസന്നിധിയിലായിരുന്നു ക്യാമ്പ്. എം. മുകുന്ദന്റെ നോവലിലുള്ള ആദിതിയ്യരുടെ ആ ക്ഷേത്രം. അവിടെ ക്ഷേത്രചുറ്റുമതിലിന് പുറത്ത് പടര്‍ന്ന കാട്ടുചെടികള്‍ക്കിടയില്‍നിന്ന് ഒരു കമ്യൂണിസ്റ്റ് പച്ചയുടെ കമ്പ് ഒടിച്ച്, മതിലിന് അതിന്റെ അറ്റം ഉരച്ച് ബ്രഷ്പോലെ പതംവരുത്തി, കാന്‍വാസില്‍ ഒരു രേഖാചിത്രം വരച്ചു. അത് അപൂര്‍വമായ ഓര്‍മയാണ്. അധികം. സംസാരമില്ല. വരയാണ് വാക്ക്. എന്തിനധികം വാചകമടി എന്നമട്ട്.

പുസ്തകചിന്തയ്ക്ക് നമ്പൂതിരിയില്‍നിന്ന് അനുകൂലമായ മറുപടി വൈകിയപ്പോള്‍ ജയന്‍സാര്‍ (എസ്. ജയചന്ദ്രന്‍ നായര്‍) വിശുദ്ധമധ്യസ്ഥനായി ഇടപെട്ടു. പിന്നെയെല്ലാം വേഗത്തിലായി. എം.ടി.യെ നേരില്‍ക്കണ്ട് സംസാരിച്ചു. സഹ എഡിറ്ററായ രമേശന്‍ ബ്ലാത്തൂര്, രാഗേഷ് വെങ്കിലാട്ട് എന്നീ സുഹൃത്തുക്കളോടൊപ്പം ബിലാത്തിക്കുളത്തെ നമ്പൂതിരിയുടെ വീട്ടില്‍ച്ചെന്ന് ദീര്‍ഘമായ അഭിമുഖം നടത്തി. ക്രയോണ്‍ പ്രസിദ്ധീകരിച്ച 'നമ്പൂതിരി' എന്ന പുസ്തകം കറന്റ് ബുക്സ് കോട്ടയം വിതരണമേറ്റെടുത്തു.

കണ്ണൂരില്‍നടന്ന ഗംഭീരമായ പ്രകാശനച്ചടങ്ങില്‍ എം.എന്‍. വിജയന്‍ പ്രകാശനം നിര്‍വഹിച്ചു. ആര്‍ട്ടിസ്റ്റ് ശിവകൃഷ്ണന്‍ സ്വീകരിച്ചു. പുനത്തില്‍ കുഞ്ഞബ്ദുള്ള ആ പ്രകാശനച്ചടങ്ങിനെക്കുറിച്ചുള്ള വിവരമറിഞ്ഞ്, ക്ഷണിക്കപ്പെടാതെത്തന്നെ ഒരതിഥിയായി പ്രത്യക്ഷപ്പെട്ടു. പുനത്തിലിന്റെ ആകസ്മികമായ വരവില്‍ എല്ലാവരും സന്തോഷിച്ചു. പ്രകാശനത്തില്‍ നമ്പൂതിരി വരച്ച കുറെ ഇല്ലസ്ട്രേഷനുകള്‍ പ്രദര്‍ശിപ്പിച്ചു. പ്രകാശനം കഴിഞ്ഞ് ആ ഇല്ലസ്ട്രേഷനുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ പോയപ്പോള്‍ പറഞ്ഞു: ''കൈയില്‍വെച്ചോളൂ.''

''എന്റെ രേഖാചിത്രം വരച്ചുതരുമോ'' -പുസ്തകപ്രകാശനം കഴിഞ്ഞ രാത്രി പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍വെച്ച് ചോദിച്ചപ്പോള്‍, പറഞ്ഞു:

''വരച്ചു തരാം ട്ടോ. മുഖം നോക്കട്ടെ''
അദ്ദേഹം എന്നെ നോക്കി.
കണ്ണടച്ചു.
കണ്‍തുറന്നു പറഞ്ഞു:
''മനസ്സില് പതിഞ്ഞൂട്ടോ. പിന്നെ വരച്ചുതരാം''
ഗസ്റ്റ് ഹൗസിന് പുറത്ത് കടലിനഭിമുഖമായി കൈവരിയില്‍ കൈയൂന്നി അദ്ദേഹം കടല്‍നോക്കിനിന്നു.
ആ 'പിന്നെ' പിന്നീടൊരിക്കലും നടന്നില്ല. അതിന്റെ പിന്നാലെ പോയതുമില്ല. മനസ്സിലുണ്ടല്ലോ, അതുമതി.

വര്‍ഷങ്ങള്‍ക്കുമുമ്പാണ് നമ്പൂതിരിയെ അവസാനമായിക്കണ്ടത്. 'അത്രയങ്ങട്ട് സംസാരിക്കാത്ത' ആളായതുകൊണ്ട്, സംസാരിച്ചിരിക്കാനുള്ള സന്ദര്‍ശനങ്ങള്‍ തീരെയുണ്ടായില്ല എന്നുതന്നെ പറയാം. ആദ്യ പുസ്തകത്തിന്റെ പബ്ലിഷര്‍ എന്ന ഒരു ഓര്‍മ അദ്ദേഹത്തിനുണ്ടായിരിക്കണം. കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് എന്‍.പി. വിജയകൃഷ്ണന്‍ അതിന്റെ ഒരു കോപ്പി നമ്പൂതിരിക്കുവേണ്ടി ചോദിച്ചിരുന്നു. ഫയല്‍ കോപ്പി മാത്രമേ എന്റെ കൈയിലുള്ളൂ എന്നു പറഞ്ഞു.

എന്റെ ഉപ്പയും ഉമ്മയും ഹജ്ജിനുപോയി തിരിച്ചുവന്ന സന്ദര്‍ഭം. 'സംസ'(ഹജ്ജ് തീര്‍ഥാടകര്‍ കൊണ്ടുവരുന്ന തീര്‍ഥജലം)വും കാരക്കയും ജയന്‍സാറിനും മറ്റുചില സുഹൃത്തുക്കള്‍ക്കും നല്‍കാനായി തിരുവനന്തപുരം പരശുരാമിന് പോകുമ്പോള്‍ കോഴിക്കോട്ടുവെച്ച് നമ്പൂതിരി കയറി. ഒരേ സീറ്റില്‍, ആകസ്മികമായി ഇരിപ്പ്. എന്റെ മുഖം അദ്ദേഹം മറന്നുപോയിരുന്നു. സംസാരിച്ചു. മുഖത്ത് ആ ചിരി വിടര്‍ന്നു.

''ങ്ങട്ടാ?''
യാത്രാദൗത്യം വെളിപ്പെടുത്തി. അദ്ദേഹം കലൂരേക്ക് ജയന്‍സാറിനെ കാണാന്‍ പോവുകയാണ്. സംസവും കാരക്കയും ജയന്‍സാറിനു കൈമാറാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു.
''മുഖം സ്‌കെച്ച് ചെയ്തു തരുമെന്ന് പറഞ്ഞിരുന്നു.''
''ഉവ്വോ?''
അദ്ദേഹം എന്നെ നോക്കി, കണ്ണടച്ചു, തുറന്നു.
''മനസ്സില്‍ പതിഞ്ഞൂട്ടോ. പിന്നെ വരയ്ക്കാം''
തീവണ്ടിയുടെ ചതുരജനാലയിലൂടെ പിന്നോട്ടുചലിക്കുന്ന ദൃശ്യങ്ങളിലേക്കുനോക്കി അദ്ദേഹമിരുന്നു.