പോളണ്ടിലെത്തിയപ്പോള്‍ പ്രിയപ്പെട്ട കവയിത്രിയെ ഓര്‍മവന്നു. അവര്‍ ജനിച്ച ഗ്രാമത്തില്‍, അവരുടെ വീട്ടില്‍ നില്‍ക്കുമ്പോള്‍ കവിത മാത്രമല്ല ഏകാന്തതയും വന്നുപൊതിയുന്നു. തണുത്തകാറ്റില്‍ കാലം മന്ത്രിക്കുന്നു...

To advertise here,

ശൈത്യകാലത്തിന്റെ അവസാനദിനങ്ങളിലെ ഒരു നേര്‍ത്ത നിശ്വാസത്തിലേക്കാണ് ഞാന്‍ പോളണ്ടിലെ പോസ്നാനില്‍ എത്തിയത്. ശബ്ദങ്ങളുടെ ഉത്സവത്തില്‍നിന്ന് നിശ്ശബ്ദതയുടെ അപാരതയിലേക്ക്. നേരം ഉച്ചതിരിഞ്ഞ് മൂന്നുമണി. നരച്ച വെളിച്ചം പകലിന് ചാരത്തിന്റെ മൂടുപടം അണിയിച്ചതുപോലെ.

എന്റെ ക്ലിഫ്ഹാങ്ങേര്‍സ് എന്ന നോവലിന്റെ പോളിഷ് പരിഭാഷയുടെ പ്രസിദ്ധീകരണം സംബന്ധിച്ച് പോസ്നാന്‍ ബുക്ക് ഫെയറില്‍ പങ്കെടുക്കാനായി ആദം മിക്കയെവിച്ച് യൂണിവേഴ്സിറ്റിയാണ് എന്നെ പോസ്‌നാനിലേക്ക് ക്ഷണിച്ചത്. ഇലകള്‍ കൊഴിഞ്ഞ്, കറുത്ത നേര്‍ത്ത വിരലുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങളുടെ ഇടയിലൂടെയുള്ള, മനനം ഘനീഭവിച്ച നിരത്തിലൂടെ നീങ്ങുമ്പോള്‍ എനിക്ക് ഓര്‍മവന്നത് ഈ പട്ടണത്തിനടുത്തുള്ള കോര്‍ണിക് എന്ന ഒരു ഗ്രാമത്തില്‍ ജനിച്ച് നൊബേല്‍ ജേതാവായ ഷിംബോര്‍സ്‌കയുടെ കവിതകളിലെ അരിച്ചിറങ്ങുന്ന, സൂക്ഷ്മതയുടെ ലാളിത്യത്തെയാണ്.

ആ അപരാഹ്നത്തിന്റെ ധൃതിയില്ലായ്മ ഷിംബോര്‍സ്‌കയുടെ കവിതകളിലെ നേര്‍മയുടെ കൃത്യതപോലെ എനിക്കുതോന്നി. വാക്കുകളുടെ മിതത്വം, എന്നാല്‍, ആ കവിതകളിലെ ചരിത്രത്തിന്റെയും മാനുഷികതയുടെയും അനന്യമായ മാനങ്ങളുടെ വൈവിധ്യം. ലിബര്‍ട്ടി സ്‌ക്വയറുംകഴിഞ്ഞ് മുന്നോട്ടുനീങ്ങുമ്പോള്‍, പോസ്‌നന്‍ എന്ന പട്ടണത്തിലെ രണ്ടാം ലോകയുദ്ധത്തിന്റെയും ജര്‍മന്‍-റഷ്യന്‍ അധിനിവേശത്തിന്റെയും അവശേഷിപ്പുകള്‍ ചെറുതായി അലോസരപ്പെടുത്തി.

"ഷിംബോര്‍സ്‌കയുടെ വരികള്‍ ഓര്‍മവന്നു.
ഓരോ യുദ്ധം കഴിയുമ്പോഴും ആരെങ്കിലും ഇവിടം വൃത്തിയാക്കണം. ഒന്നും തനിയെ മുമ്പത്തെപോലെയാകില്ല.
ശവങ്ങള്‍ നിറച്ച വണ്ടികള്‍ക്ക് പോകാനായി, തകര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ കല്ലുകളെ ആരെങ്കിലും റോഡില്‍നിന്ന് മാറ്റണം.
ആരെങ്കിലും തൂണുകള്‍കൊണ്ട് ഈ ഭിത്തിയെ താങ്ങിനിര്‍ത്തണം, ആരെങ്കിലും ഈ ജനാലയില്‍ ചില്ലുപതിപ്പിക്കണം,
ആരെങ്കിലും ഒരു കതക് വീണ്ടും ഉറപ്പിക്കണം. 
ഒന്നും ഇപ്പോള്‍ ഫോട്ടോയ്ക്ക് നല്ലതല്ല. ഇനിയും വര്‍ഷങ്ങളെടുക്കും. ക്യാമറകളെല്ലാം മറ്റൊരു യുദ്ധം പകര്‍ത്താന്‍ പോയിരിക്കുന്നു."

കവിതയുടെ ലാളിത്യത്തെ ദാര്‍ശനികതയുടെയും സ്വകാര്യതയുടെയും സമ്പര്‍ക്കമുഖമാക്കിയ എഴുത്തുകാരി ജനിച്ച, കോര്‍ണിക് തടാകക്കരയിലെ വീട് സന്ദര്‍ശിക്കണമെന്ന് ഞാന്‍ അപ്പോഴേ മനസ്സില്‍ കുറിച്ചു.

എന്നെ സ്വീകരിക്കാനെത്തിയ ജെറാര്‍ഡിനോട് കാര്യം പറഞ്ഞപ്പോള്‍, ആ ചെറുപ്പക്കാരന്‍ എന്നെ നോക്കി ചിരിച്ചിട്ട്, 'ഉറപ്പായും' എന്നുപറഞ്ഞു. ആദം മിക്കയെവിച്ച് യൂണിവേഴ്സിറ്റിയിലെ ക്ലാസിക്കല്‍ ആന്‍ഡ് പോളിഷ് ഫിലോളജി ഡിപ്പാര്‍ട്‌മെന്റിലെ അംഗമാണ് ജെറാര്‍ഡ്. ഹോളോകാസ്റ്റിനുശേഷം പോളണ്ടിലുണ്ടായ സാംസ്‌കാരികമാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ജെറാര്‍ഡ് രണ്ടാഴ്ച ഇന്ത്യയില്‍, മണിപ്പാല്‍ യൂണിവേഴ്സിറ്റിയിലുണ്ടായിരുന്നു.

placeholder
ഷിംബോർസ്കയുടെ ജന്മഗൃഹം. 

കോര്‍ണിക് പോസ്‌നനില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയാണ്. പതിനായിരം ആളുപോലുമില്ലാത്ത ഒരു ചെറിയ ഗ്രാമം. അവിടെ, കോര്‍ണിക് തടാകത്തിന്റെ കരയിലുള്ള ഒരു വീട്ടിലാണ് ഷിംബോര്‍സ്‌ക ജനിച്ചത്. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ സമയം രാവിലെ പതിനൊന്നുമണി. തടാകത്തില്‍നിന്ന് തണുത്ത കാറ്റ് അരിച്ചുകയറുന്നു. പ്രൊവിന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് അടുത്തമാസമാണ്. രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് ഒരു കോണ്‍ക്രീറ്റ് ബ്ലോക്കില്‍ ഒരു സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നു. തികച്ചും ശാന്തം. നമ്മുടെ നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വളരെ വ്യത്യസ്തം. ലോകയുദ്ധങ്ങളുടെയും കമ്യൂണിസ്റ്റ്-നാസി ചൂഷണങ്ങളുടെയും ഓര്‍മകള്‍ പേറുന്ന നാട്. ഞങ്ങള്‍ തടാകക്കരയിലേക്ക് നടന്നു. അങ്ങിങ്ങായി മരങ്ങളില്‍ ഇലകള്‍ വരുന്നതിന്റെ ലക്ഷണങ്ങള്‍. മാര്‍ച്ച് അവസാനത്തോടുകൂടി ശൈത്യകാലം അവസാനിക്കും.

നിശ്ചലമായിക്കിടക്കുന്ന കോര്‍ണിക് തടാകം. പുഴകളെപ്പോലെ ആഹ്ലാദവതികളല്ല തടാകങ്ങള്‍ എന്ന് തോന്നിയിട്ടുണ്ട്. തടാകങ്ങള്‍ നെഞ്ചിനുള്ളില്‍ തളംകെട്ടിക്കിടക്കുന്ന ഓര്‍മ്മകളുടെയും നഷ്ടസ്വപ്നങ്ങളുടെയും ഓര്‍മപ്പെടുത്തലുകളാണ്. തണുപ്പ് കവിളുകളില്‍ കുത്തിക്കയറുന്നു. ഒന്നുരണ്ട് കുട്ടികളും മാതാപിതാക്കളും തടാകക്കരയിലൂടെ നടക്കുന്നു.

ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ ഷിംബോര്‍സ്‌ക, താന്‍ ജനിച്ച വീടിനരികിലുള്ള തടാകത്തെക്കുറിച്ച് പറഞ്ഞു: ''എന്റെ കുട്ടിക്കാലത്ത് കോര്‍ണിക് തടാകത്തില്‍ ബോട്ടുകളുണ്ടായിരുന്നു. ഇന്നത് വളരെ ചുരുങ്ങിപ്പോയി... അത് ഇനിയും ചുരുങ്ങും.''

ഷിംബോര്‍സ്‌ക കൂടുതലായും ജീവിച്ചത് ഏകദേശം 500 കിലോമീറ്റര്‍ അപ്പുറത്തുള്ള ക്രാക്കോവ് എന്ന പട്ടണത്തിലായിരുന്നു. ആദ്യകാലത്ത് സ്റ്റാലിനെ പിന്തുണച്ച ഷിംബോര്‍സ്‌ക, എണ്‍പതുകളിലെ സോളിഡാരിറ്റി മൂവ്‌മെന്റോടുകൂടി കമ്യൂണിസ്റ്റ് വിരുദ്ധയായി. തന്റെ ആദ്യകാല കമ്യൂണിസ്റ്റ് ചിന്തകളെപ്പറ്റി അവര്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ''എന്റെ യുവത്വത്തിലെ ഒരു തെറ്റായിപ്പോയി അത്. ഞാന്‍ കമ്യൂണിസത്തില്‍ വിശ്വസിച്ചത്, അത് മനുഷ്യരാശിക്ക് നല്ലതായിരിക്കുമെന്ന് ചിന്തിച്ചിട്ടായിരുന്നു. പക്ഷേ, എനിക്ക് തെറ്റിപ്പോയി. ഈ രാജ്യത്തിലെ ഒരു പൗര എന്നനിലയില്‍ സോളിഡാരിറ്റി മൂവ്‌മെന്റ് എന്റെ ജീവിതത്തെ മാറ്റി. പക്ഷേ, എന്റെ രാഷ്ട്രീയചിന്തകള്‍ ഒരിക്കലും എന്റെ കവിതയെ സ്വാധീനിച്ചിട്ടില്ല.''

തന്റെ കവിതകള്‍ വായനക്കാര്‍ക്ക് വ്യക്തിപരമായ ഒരനുഭവം കൊടുക്കണമെന്നാഗ്രഹിച്ച ഷിംബോര്‍സ്‌ക ബഹളങ്ങളില്‍നിന്ന് മാറി തിരക്കൊഴിഞ്ഞ, സ്വച്ഛതയുള്ള സ്ഥലങ്ങളില്‍ ജീവിക്കാന്‍ ആഗ്രഹിച്ചു. ''തിരക്കുകള്‍ക്കിടയിലോ ജനക്കൂട്ടങ്ങള്‍ക്കിടയിലോ ബസ്സിലോ അല്ല കവിത പിറക്കുന്നത്. അതിന്, സ്വസ്ഥതയുള്ള, ഫോണ്‍ അടിക്കാത്ത നാലുചുമരുകള്‍ക്കുള്ളിലെ ഒരു സ്ഥലം വേണം'' - അവര്‍ ഒരിക്കല്‍ പറഞ്ഞു.

ഞങ്ങള്‍ ഷിംബോര്‍സ്‌കയുടെ വീടിനുമുന്നില്‍ കാര്‍ നിര്‍ത്തി. ഒരു ചെറിയ വെളിപ്രദേശത്തിന് ചുറ്റും മൂന്നുനാലുവീടുകള്‍. അതിലൊന്നാണ് ഷിംബോര്‍സ്‌കയുടേത്. അവിടെ ഇപ്പോള്‍ ആരും താമസിക്കുന്നില്ലെന്നുതോന്നി. മുന്നിലെ ഭിത്തിയില്‍ കവിയുടെ മുഖത്തിന്റെ ഒരു ലോഹഫലകം. അതില്‍ Nothing Twice എന്ന കവിതയിലെ ആദ്യ വരികള്‍.

placeholder
ഷിംബോര്‍സ്‌കയുടെ
കാവ്യപുസ്തകത്തിന്റെ കവര്‍

നിശ്ശബ്ദത പൊതിഞ്ഞുനില്‍ക്കുന്ന വീടിനുള്ളില്‍ കവിയുടെ ശബ്ദത്തിന്റെ നേര്‍ത്ത പ്രതിധ്വനി കേള്‍ക്കുന്നുണ്ടോ? ഞാന്‍ ചെവിയോര്‍ത്തു. ഇല്ല. ഇവിടെ ആരും കവിയെ ഓര്‍ക്കുന്നില്ലേ? മറ്റൊരു പോളിഷ് നൊബേല്‍ ജേതാവായ ചെസ്റ്റോഫ് മിവോഷിന്റെ House in Kransogruda എന്ന കവിതയുടെ ആദ്യവരി ഓര്‍മവന്നു. മരങ്ങള്‍ വെള്ളത്തിലേക്ക് നീണ്ടു, പിന്നെ, നിശ്ശബ്ദതയുടെ അപാരത. ഞങ്ങള്‍ വീടിനുപുറകുവശത്തുള്ള തടാകക്കരയിലൂടെ പോകുന്ന ഷിംബോര്‍സ്‌ക പ്രോമിനാടിലേക്ക് നടന്നു. മരങ്ങള്‍ക്കുമധ്യേ വളഞ്ഞുപുളഞ്ഞു നീങ്ങുന്ന നടപ്പാത. തെന്നിയും തെറിച്ചും ചിലര്‍ അതുവഴി പോകുന്നുണ്ട്. അവിടെയിട്ടിരിക്കുന്ന കസേരകളില്‍ ഒന്നിനോടുചേര്‍ന്ന് ഒരു ചെറിയ ലോഹപ്രതിമ. ഞാന്‍ അങ്ങോട്ടുപോയി. കൈയില്‍ ചുരുട്ടിപ്പിടിച്ച കടലാസുമായി തൊട്ടടുത്തിരിക്കുന്ന പൂച്ചയുടെ പ്രതിമയിലേക്ക് നോക്കിനില്‍ക്കുന്ന കവി. മുഖത്ത് ഒരു അര്‍ഥഗര്‍ഭമായ ചെറുപുഞ്ചിരി. പൂച്ചയുടെ അടുത്ത് Cat in an empty apartment! (ഒഴിഞ്ഞ വീട്ടിലെ പൂച്ച) എന്ന ഷിംബോര്‍സ്‌കയുടെ പ്രസിദ്ധമായ കവിതയുടെ വരികള്‍. 

ഒറ്റപ്പെടലിനെയും കാത്തിരിപ്പിനെയും മാറുന്ന ജീവിതയാഥാര്‍ഥ്യങ്ങളെയും ഭംഗിയായി വരച്ചിടുന്ന സവിശേഷമായ ഒരു ഷിംബോര്‍സ്‌ക കവിത. ഷിംബോര്‍സ്‌കയുടെ വീടിനടുത്തുള്ള കള്‍ച്ചറല്‍ സെന്ററിന്റെ ഓഫീസിലേക്ക് ഞങ്ങള്‍ നടന്നു. ഒരുപക്ഷേ, അവിടെ ജനിച്ച കവിയെക്കുറിച്ച് എന്തെങ്കിലും പരിപാടികള്‍ അവര്‍ സംഘടിപ്പിക്കുന്നുണ്ടാവും. ഓഫീസിനുള്ളില്‍ ആരുമില്ല. നോട്ടീസ് ബോര്‍ഡിലെ പ്രോഗ്രാം ചാര്‍ട്ടിലോ ഭിത്തികളില്‍ ഒട്ടിച്ചിരിക്കുന്ന പോസ്റ്റേഴ്സുകളിലോ ഷിംബോര്‍സ്‌കയുടെ ഒരു സാന്നിധ്യവുമില്ല. ഞാന്‍ ജറാര്‍ഡിനോട് അതേപ്പറ്റി ചോദിച്ചപ്പോള്‍, അയാള്‍ക്കും അദ്ഭുതം. ''ഒരുപക്ഷേ, പുതിയ തലമുറയ്ക്ക് ഷിംബോര്‍സ്‌കയെ അത്രയ്ക്ക് അറിയില്ലായിരിക്കും'' -അയാള്‍ പറഞ്ഞു.

ക്രാക്കോവില്‍വെച്ച് 2012-ല്‍ മരിക്കുമ്പോള്‍ ഷിംബോര്‍സ്‌കയ്ക്ക് 89 വയസ്സായിരുന്നു. ഞങ്ങള്‍ തിരിച്ച് ഷിംബോര്‍സ്‌കയുടെ വീടിനടുത്തേക്കുപോയി. ഇല്ല, ആരും കവിയുടെ വീടുതിരക്കി വരുന്നില്ല. തടാകത്തില്‍നിന്നുള്ള കാറ്റ് ചെറുതായി മൂളാന്‍ തുടങ്ങി. ഓരോ വാക്കും അളന്നും അനുഭവിച്ചും എഴുതിയ കവി. ദാര്‍ശനികതയെയും ആത്മീയതയെയും വ്യക്തിപരതയെയും കോര്‍ത്തിണക്കിയ കവി. ആരും ആ വീടിനെത്തിരക്കി വരുന്നില്ല. തന്റെ മെല്ലിച്ച വരികള്‍പോലെ, കവിയുടെ സാന്നിധ്യം ആ വീടിനും ചുറ്റുമുണ്ടോ? ഒഴിഞ്ഞ വീട്ടിലെ, കൂടൊഴിഞ്ഞുപോയ കവി എന്നെനിക്ക് തോന്നി.