എഴുത്തച്ഛനെഴുതുമ്പോൾ

To advertise here,

സംഭവിപ്പതെന്തെന്നു ഞാനറിയുന്നു

പറുക്കുന്നൂ കുതിരക-

ളെഴുത്താണിത്തുമ്പിലൂടെ

എന്നെഴുതിയ കവി ഗുരുവായ സച്ചിദാനന്ദന് 29-ന് എൺപത് വയസ്സ് പൂർത്തിയാവുന്നു. അദ്ദേഹത്തെ അർഹിക്കുന്ന രീതിയിൽ ആദരിക്കാൻ മുന്നോട്ടുവന്ന മാതൃഭൂമി'യെ ആദ്യമായി അഭിനന്ദിക്കുന്നു. മേൽ ഉദ്ധരിച്ച കവിതയിലെ കവി മനസ്സും എഴുത്താണിയും പിറന്നുവീഴുന്ന പനയോലയും ഒന്നായി മാറുന്ന സർഗ്ഗപ്രക്രിയയുടെ അസുലഭ നിമിഷമാണ് നാം ദർശിക്കുന്നത്. ഇവ പരസ്പരപുരങ്ങകളാണ്. കവി വെറും നിമിത്തമായി മാത്രം വർത്തിക്കുന്നു. ഉറക്കത്തിനും ഉണർച്ചയിലേക്കുമപ്പുറമുള്ള അവസ്ഥയിലേക്ക് എഴുത്തുകാരൻ എത്തിേച്ചരണമെന്നുകൂടി ഭംഗ്യന്തരേണ കവി വ്യഞ്ജിപ്പിക്കുന്നു.

1970 കാലഘട്ടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കാലഘട്ടത്തിലേക്ക് തിരിഞ്ഞു നോക്കുകയാണ്. ഒരു ദിവസം ഇംഗ്ലീഷിന് പൊക്കം കുറഞ്ഞ്, തലയൽപം ചെരിച്ചുപിടിച്ച് സാധാരണക്കാരനായ ഒരധ്യാപകൻ ക്ലാസ് എടുക്കാനെത്തി. പതിവു പോലെ, ഇദ്ദേഹത്തേയേും ഞങ്ങൾ കണക്കാക്കി.. പക്ഷേ, ദിവസങ്ങൾക്കകം കണക്കുകൂട്ടലുകളെയെല്ലാം കീഴ്മേൽ മറിച്ച്, സച്ചിസാർ ഞങ്ങളുടെ മനസ്സ് കീഴടക്കുകയായിരുന്നു.

വിശിഷ്യ സാഹിത്യ തല്പരരെ സാഗരം സാഗരോപമമെന്ന പോലെ, പറഞ്ഞറിയിക്കാൻ പറ്റാത്ത പല പ്രത്യേകതകളും സാറിന്റെ ക്ലാസുകളെ വ്യത്യസ്തമാക്കി. അതിവാചാലത അല്പം പോലും അലോസരപ്പെടുത്താത്ത ജ്ഞാനപ്പൊരുൾ എന്നു വിശേഷിപ്പിക്കാം. അപ്പോൾ മുതൽ ആരംഭിക്കുകയായി അതുവരെ അനുഭവിച്ചറിയാത്ത വിദ്യാർത്ഥി- അധ്യാപക ബന്ധം.

തോമസ് ഹാർഡിയുടെ വിഖ്യാതമായ 'റിട്ടേൺ ഓഫ് നേറ്റീവി'ലെ സുന്ദരിയും മദാലസയുമായ 'യൂസ്റ്റേഷ്യാവി'യെ ഞങ്ങൾക്കദ്ദേഹം പരിചയപ്പെടുത്തിയത് പുതിയ വീക്ഷണകോണിലൂടെ ആയിരുന്നു. നമ്മുടെ പുരാണപ്രസിദ്ധമായ 'ഉർവ്വശി'യുമായും 'ഹെലൻ ഓഫ് ട്രോയി'യുമായുള്ള താരതമ്യം ഞങ്ങളിൽ പുത്തൻ അവബോധം പടുത്തുയർത്തി. അതുപോലെ, പാശ്ചാത്യ- പൗരസ്ത്യരായ പ്രശസ്ത എഴുത്തുകാരേയും കഥാപാത്രങ്ങളേയും താരതമ്യപ്പെടുത്തിയ പഠനം അതുവരെ ഞങ്ങൾക്കന്യമായിരുന്നു. ചില അധ്യാപകർക്ക് ബാലികേറാ മലയായ ലോകപ്രശസ്ത എഴുത്തുകാരൻ 'ബർട്രന്റ് റസ്സലി'ന്റൈ 'ഗേറ്റ്സ് ഓഫ് വിസ്ഡ'വും  അദ്ദേഹം പഠിപ്പിച്ചത് അന്നും ഇന്നും എന്നും വിദ്യാർത്ഥികളായിരുന്ന എന്നെപ്പോലുള്ളവർ ഓർമ്മയിൽ സുഗന്ധമായി സൂക്ഷിക്കുന്നു, തലമുറവ്യത്യാസമില്ലാതെ.

കോളേജിലെ പാഠ്യേതര വിഷയളിലും അദ്ദേഹം കൂടുതൽ ശ്രദ്ധ പതിച്ചിച്ചു. സച്ചിസാർ മുൻകൈയെടുത്ത് ആരംഭിച്ച റൈറ്റേഴ്സ് ക്ലബ്ബിന്റെ 'ഇന്ന്' മാഗസിനിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തമാണ് ഏറെ ശ്രേദ്ധയമായത്. അദ്ദേഹത്തിന്റൈ പത്രാധിപത്യത്തിൽ പുറത്തിറക്കിയ 'ജ്വാല' മാസികയുടെ പ്രചാരണത്തിനായി ഞാനും, പരേതനായ എന്റെ ആത്മസുഹൃത്ത് എൻ.ഒ. ആന്റണിയും പരമാവധി ശ്രമിച്ചുവെന്ന കാര്യവും ആനുഷംഗികമായി സൂചിപ്പിക്കട്ടെ. തുടർന്ന് ഞങ്ങൾ സച്ചി സാറിന്റെ അനുഗ്രഹാശിസ്സുകളോടെ 'തിര' മാസികയ്്ക്കു രൂപം നൽകി. അക്കാലത്ത് നമ്മെ വിട്ടുപിരിഞ്ഞ പ്രശസ്ത എഴുത്തുകാരൻ ടി.വി. കൊച്ചുബാവ ആദ്യമായി കഥയെഴുതുന്നത് 'തിര'യിലാണെന്ന പ്രത്യേകത കൂടിയുണ്ട്.

കവി, വിമർശകൻ, പത്രാധിപർ, നാടകകൃത്ത് തുടങ്ങിയ ബഹുമുഖ മേഖലകളി പ്രാഗത്ഭ്യം തെളിയിച്ച സച്ചി സാറിനെത്തേടി നിരവധി അംഗീകാരങ്ങൾ എത്തിച്ചേരുകയുണ്ടായി. മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ഇന്നമനത്തിനായി അദ്ദേഹം അനുഷ്ഠിച്ച സേവനങ്ങൾക്ക് കണക്കില്ല. മലയാളത്തിലെ വിഖ്യാത എഴുത്തുകാരുടെ പ്രശസ്ത കൃതികൾ മറ്റു ഭാരതീയ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയും അവിടങ്ങളിലെ ഉത്തമഗ്രന്ഥങ്ങൾ നമുക്കായും പരിചയപ്പെടുത്തിയ സാംസ്‌കാരിക പൈതൃകം ദേശിയോദ്ഗ്രഥനത്തിനു കൂടി വിത്തുപാകി.

മഹാകവി ഉള്ളൂരിനെപ്പോലെ, സച്ചിദാനന്ദൻ എഴുത്തിനു പുതിയ ദിശാബോധം നൽകി. ഇരിങ്ങാലക്കുടയിലെ സാമൂഹിക- സാംസ്‌കാരിക മണ്ഡലത്തിൽ നിറഞ്ഞുനിന്ന അദ്ദേഹം ശക്തി സാംസ്‌കാരികവേദി, മാതൃഭൂമി സ്റ്റഡി സർക്കിൾ, കേരള ലിറ്റററി ഫോറത്തിലൂടെയും മറ്റും എഴുത്തിന്റേയും ആസ്വാദനത്തിന്റേയും അനന്തസാധ്യതകൾ പരിചയപ്പെടുത്തി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് കാലാവധി പൂർത്തിയാക്കി വിരമിച്ച സച്ചി സാർ എൺപതിന്റെ നിറവിൽ നിൽക്കുകയാണ്. തുടർന്നും ദീർഘകാലം ആയുരാരോഗ്യസൗഖ്യത്തോടെ സാഹിതീസപര്യ നിർവ്വഹിക്കാൻ സാധിക്കട്ടെ എന്ന് ഈ വിനീതശിഷ്യൻ പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.