
കോഴിക്കോട്ട് പോകുമ്പോഴെല്ലാം പാളയം ബസ്സ്റ്റാന്റിലെ കൈരളി ബുക്ക് സ്റ്റാളിന് മുന്നില്‍ വെറുതെ ചെന്നുനില്‍ക്കും; ഉച്ചത്തില്‍ സംസാരിച്ചും പൊട്ടിച്ചിരിച്ചും പരസ്പരം കൈകോര്‍ത്തും അലസമായി തലങ്ങും വിലങ്ങും നടന്നുപോകുന്ന ജനക്കൂട്ടത്തെ കണ്ണിമ ചിമ്മാതെ നോക്കിക്കൊണ്ട്.
പഴയ പ്രൗഢിയില്ല ഇപ്പോള്‍ ബുക്ക് സ്റ്റാളിന്. പത്രങ്ങളും വാരികകളും വാങ്ങാന്‍ ആരും തിക്കിത്തിരക്കാറില്ല. അടുത്തുള്ള തൂണില്‍ ചാരിനിന്ന് ചുളുവില്‍ സൗജന്യ വായന തരപ്പെടുത്തുന്നവരും കുറവ്. വായിക്കുന്നവര്‍ തന്നെ കുറഞ്ഞില്ലേ? എങ്കിലും കോണിച്ചോട്ടിലെ ആ പുസ്തകക്കടക്ക് മുന്നില്‍ ചെന്നുനില്‍ക്കുമ്പോള്‍ ഒരു കാലം മുഴുവന്‍ മനസ്സിലേക്ക് ഇരച്ചുകയറി വരും. ഉള്ളിലെങ്ങോ നാണംകുണുങ്ങിയ ഒരു സ്‌കൂള്‍ കുട്ടി വീണ്ടും ജനിക്കും.
ഉള്ളിലിരുന്ന് ആരോ മന്ത്രിക്കും അപ്പോള്‍: 'ഓര്‍മയില്ലേ? നിന്റെ തീര്‍ത്ഥാടനകേന്ദ്രമായിരുന്നു ഒരിക്കല്‍ ഈ പുസ്തകശാല. വീണ്ടും വീണ്ടും തിരിച്ചുവരാന്‍ നീ മോഹിച്ച ഇടം.'
വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയേ കോഴിക്കോട് നഗരത്തില്‍ കാലുകുത്താന്‍ ഭാഗ്യമുണ്ടാകൂ കുട്ടിക്കാലത്ത്; വേനലവധിക്കോ ഓണാവധിക്കോ വയനാട്ടില്‍ നിന്ന് മലപ്പുറം ജില്ലയിലെ ജന്മഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ ബസ് മാറിക്കയറാന്‍ അച്ഛനൊപ്പം പാളയം സ്റ്റാന്റില്‍ വന്നിറങ്ങുമ്പോള്‍. കിഴക്കേ സ്റ്റാന്റിലാണ് വയനാടന്‍ ബസ്സുകള്‍ വന്നുനില്‍ക്കുക. അധികവും പച്ച പെയിന്റടിച്ച സി.ഡബ്ലിയു എം.എസ്. ശകടങ്ങള്‍. അവിടെ നിന്നിറക്കി കൈപിടിച്ച് കൊണ്ടുപോയി തൊട്ടപ്പുറത്തെ പടിഞ്ഞാറന്‍ സ്റ്റാന്റില്‍ നിന്ന് പുറപ്പെടുന്ന മലപ്പുറം ബസ്സുകളില്‍ അമ്മയെയും ഞങ്ങളേയും കയറ്റിയിരുത്തും അച്ഛന്‍. എന്നിട്ട് കണ്ടക്ടറെ വിളിച്ച് ചട്ടം കെട്ടും: 'ഇവരെ എടരിക്കോട്ട് എറക്കി വിടണം ട്ടോ.'
ഇടയ്ക്ക് ചിലപ്പോള്‍ നഗരത്തില്‍ ഔദ്യോഗിക ദൗത്യങ്ങള്‍ വല്ലതും നിറവേറ്റാനുണ്ടെങ്കില്‍ അച്ഛന്‍ ഞങ്ങളെ ബസ്സ്റ്റാന്റിന്റെ ഒരു കോണിലുള്ള കൈരളി ബുക്ക് സ്റ്റാളിന് മുന്‍പില്‍കൊണ്ടുനിര്‍ത്തും. പച്ചക്കറി മാര്‍ക്കറ്റില്‍ നിന്ന് സ്റ്റാന്റിലേക്ക് കയറിവരുന്ന വഴിക്കാണ് പുസ്തകക്കട; ഒന്നാം നിലയിലേക്ക് കയറിപ്പോകുന്ന കോണ്‍ക്രീറ്റ് പടവുകള്‍ക്കരികെ. മുന്‍പൊരു ടെലിഫോണ്‍ ബൂത്തുണ്ടായിരുന്നു അവിടെ. 'ങ്ങള് ഇബടെത്തന്നെ നിന്നോളിന്‍. ഞാന്‍ ഇപ്പൊ വരും. പേടിക്കണ്ട.' കൈയിലെ ഇരുമ്പു പെട്ടിയും ചൂരല്‍ക്കൊട്ടയും തുണിസഞ്ചിയുണ്ടെങ്കില്‍ അതും നിലത്ത് ഭദ്രമായിവെച്ചശേഷം അച്ഛന്‍ പറയും.
ഒരിക്കലും 'ഇപ്പൊ വരും' എന്ന വാഗ്ദാനം പാലിക്കാന്‍ കഴിയാറില്ല അച്ഛന്. ചിലപ്പോള്‍ ഒരു മണിക്കൂര്‍. അല്ലെങ്കില്‍ ഒന്നര...
ആ നില്‍പ്പിന്റെ വിരസത അകറ്റിയത് ബുക്ക് സ്റ്റാളില്‍ നിരന്നിരിക്കുന്ന പുസ്തകങ്ങളാണ്. പലതും കേട്ടറിവ് പോലുമില്ലാത്തവ. ഇല്ലസ്‌ട്രേറ്റഡ് വീക്ലി ഓഫ് ഇന്ത്യ, ഫിലിം ഫെയര്‍, സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍, ഈവ്‌സ് വീക്ക്ലി, പിക്ചര്‍പോസ്റ്റ്, സ്‌പോര്‍ട്‌സ് വീക്ക്, സ്‌പോര്‍ട്‌സ് സ്റ്റാര്‍, സ്‌പോര്‍ട്‌സ് വേള്‍ഡ്, ഓണ്‍ലുക്കര്‍, സണ്‍ഡേ, ഇംപ്രിന്റ്, സ്‌പോര്‍ട്‌സ് സിനി, മൈ മാഗസിന്‍, നാന, ഫിലിം മാഗസിന്‍, ചിത്രകൗമുദി, സിനിമാമാസിക, മലയാളനാട് സിനിമാമാസിക, സൈക്കോ, സ്റ്റേഡിയം... വെറുതെ ആ മുഖചിത്രങ്ങളിലൂടെ കണ്ണോടിച്ച് നില്‍ക്കും ഞാന്‍. മാസങ്ങളായി സ്വരുക്കൂട്ടിവെച്ച ഒന്നോ രണ്ടോ രൂപക്ക് ഏത് പുസ്തകം സ്വന്തമാക്കണമെന്ന ആശയക്കുഴപ്പത്തോടെ.
ഇന്ദ്രജാല്‍ കോമിക്‌സിന്റെയും ഇരുമ്പുകൈ മായാവിയുടേയും ആദ്യ പ്രതികള്‍ വാങ്ങിയത് അവിടെനിന്നാണ്; മലയാളത്തില്‍ അന്ന് പുറത്തിറങ്ങിയിരുന്ന ഒരേയൊരു സ്‌പോര്‍ട്‌സ് മാസികയായ ഫുട്‌ബോള്‍ ഫ്രണ്ടിന്റെയും.
ആ വാങ്ങലായിരുന്നു വഴിത്തിരിവ്. ഇഷ്ടതാരമായ ഇന്ദര്‍ സിംഗിന്റെ മുഖചിത്രവുമായി വന്ന 'ഫുട്‌ബോള്‍ ഫ്രണ്ട്' അന്നത്തെ ഒന്‍പതാം ക്ലാസുകാരനെ ഫുടബോളിന്റെ മാത്രമല്ല ഫുട്‌ബോളെഴുത്തിന്റെയും നിത്യകാമുകനാക്കി മാറ്റുന്നു. ആദ്യം വാങ്ങിയ ലക്കത്തില്‍ നിന്ന് സംഘടിപ്പിച്ച മേല്‍വിലാസത്തില്‍ ജീവിതത്തിലാദ്യമായി ഒരു സ്‌പോര്‍ട്‌സ് ലേഖനം പത്രാധിപര്‍ക്കയച്ചുകൊടുക്കുന്നു അവന്‍. അവനെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ആ ലേഖനം 'ഫുട്‌ബോള്‍ ഫ്രണ്ട്' മാസികയില്‍ അടിച്ചുവരുന്നു; മാസങ്ങളുടെ ഇടവേളക്ക് ശേഷം.
അടുത്ത അവധിക്ക് കൈരളി ബുക്ക് സ്റ്റാളിന് മുന്നില്‍ ചെന്നുനിന്നത് അന്തര്‍മുഖനായ ആ പഴയ ഒന്‍പതാം ക്ലാസുകാരനല്ല. 'അഭിമാന പുളകിത'നായ ഒരു പുത്തന്‍ എഴുത്തുകാരനാണ്. അച്ചടിച്ച് വന്ന ലേഖനത്തിന്റെ കര്‍ത്താവല്ലേ? ലേഖനം പ്രസിദ്ധീകരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മുഖചിത്രമുള്ള ആ മാസത്തെ ലക്കം അപ്പോഴും വിറ്റുതീര്‍ന്നിരുന്നില്ല. ഇടക്കിടെയുള്ള സന്ദര്‍ശനങ്ങളിലൂടെ പരിചിതനായി മാറിക്കഴിഞ്ഞിരുന്ന സെയില്‍സ്മാന് മാസികയിലെ രവീന്ദ്രനാഥ് ചുണ്ടേല്‍ എന്ന ബൈലൈന്‍ ചൂണ്ടിക്കാണിച്ച് കൊടുത്ത് ഇങ്ങനെ പറയണമെന്ന് തോന്നി: 'ദാ, ഇത് ഞാനാ...' അല്ലെങ്കില്‍ വേണ്ട. 'ഓഹോ അത് ശരി; അയിന് ഞാനെന്താക്കണം' എന്നെങ്ങാനും അയാള്‍ കളിയാക്കി ചോദിച്ചാലോ? സകല അഭിമാനവും തവിടുപൊടിയാവില്ലേ?
വായനയുടെ ലോകത്ത് വിഹരിക്കാന്‍ പ്രേരിപ്പിച്ച പ്രസിദ്ധീകരണങ്ങളെല്ലാം പണം കൊടുത്ത് കൈവശമാക്കിയത് കൈരളി ബുക്ക് സ്റ്റാളില്‍ നിന്നാണ്; ഇലസ്‌ട്രേറ്റഡ് വീക്കിലിയുടെ 1975 ലോകകപ്പ് ക്രിക്കറ്റ് സ്പെഷല്‍ ഉള്‍പ്പെടെ. അന്ന് വാങ്ങിക്കൂട്ടിയ വാരികകള്‍ പലതും ഇന്നുമുണ്ട് എന്റെ ശേഖരത്തില്‍. അക്കൂട്ടത്തില്‍ പകരം വെക്കാനില്ലാത്ത വായനാനുഭവം നല്‍കിയത് ഇലസ്‌ട്രേറ്റഡ് വീക്കിലി തന്നെ. പ്രത്യേകിച്ച് പ്രീതിഷ് നന്ദിയുടെ പത്രാധിപത്യത്തില്‍ പുറത്തുവന്ന ലക്കങ്ങള്‍.
സത്യസായി ബാബ, രാംനാഥ് ഗോയങ്ക, കിഷോര്‍ കുമാര്‍, ധീരേന്ദ്ര ബ്രഹ്‌മചാരി... ഇവരുടെയൊക്കെ സുദീര്‍ഘ അഭിമുഖങ്ങള്‍ എങ്ങനെ മറക്കാന്‍? ആഗ്രഹിച്ചു ചെല്ലുന്ന പുസ്തകങ്ങളില്‍ ചിലത് അപൂര്‍വമായി കിട്ടാതെ വരുമ്പോള്‍ കുറച്ചകലെ എതിര്‍വശത്തുള്ള നവകേരള ബുക്ക് സ്റ്റാള്‍ ചൂണ്ടിക്കാട്ടി കൈരളിയിലെ സെയില്‍സ് മാന്‍ പറയും: 'അവിടേം കൂടി അന്വേഷിച്ചോളു. ചെലപ്പോ കോപ്പി ബാക്കിണ്ടാവും.'
അച്ഛന്റെ തിരിച്ചുവരവിനായുള്ള അനന്തമായ കാത്തിരിപ്പിനിടെ, പടങ്ങളില്‍ കണ്ടുമാത്രം പരിചയമുള്ള പല പ്രഗത്ഭരും കൈരളി ബുക്ക് സ്റ്റാളിന് മുന്നില്‍ മാസികത്താളുകള്‍ മറിച്ചുനോക്കി നില്‍ക്കുന്നത് കാണാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. തിക്കോടിയന്‍, എന്‍.പി. മുഹമ്മദ്, യു.എ. ഖാദര്‍, കുഞ്ഞുണ്ണി മാഷ്, ടി. ദാമോദരന്‍ മാഷ്, കുഞ്ഞാണ്ടി, പി.എം. താജ്, കെ.ടി. മുഹമ്മദ്, പി.എ. മുഹമ്മദ് കോയ... അങ്ങനെ പലരും. അവരുടെയൊക്കെ സൗഹൃദവലയത്തില്‍ ചെന്നുപെടാന്‍ പിന്നീട് ഭാഗ്യമുണ്ടായി എന്നത് വിധിനിയോഗമാകാം.
കോഴിക്കോട് സാഹിത്യനഗരമായി പ്രഖ്യാപിക്കപ്പെടുന്നു എന്നറിഞ്ഞപ്പോള്‍, മനസ്സ് വീണ്ടും അറിയാതെ പഴയ കൈരളി ബുക്ക് സ്റ്റാളിന് മുന്നില്‍ ചെന്നുനില്‍ക്കുന്നു. ഇരമ്പിയാര്‍ക്കുന്ന ആള്‍ക്കൂട്ടത്തെ നോക്കി അന്തംവിട്ടു നില്‍ക്കുന്ന കുട്ടിയുടെ തോളില്‍ തട്ടി, കൈയിലെ ഇരുമ്പുപെട്ടി താഴെവെച്ച് അച്ഛന്‍ പറയുകയാണ്: 'കൊറച്ചു നേരം ഇവിടെ നിന്നോ. പേടിക്കേണ്ട. ഞാന്‍ ഇപ്പൊ വരും.'
ചിരിയോടെ എന്റെ മറുപടി: 'വേണ്ടച്ഛാ. നല്ലോണം വൈകി വന്നാല്‍ മതി. എനിക്കിവിടെ ഇങ്ങനെ നിക്കാന്‍ ഇഷ്ടാ. ഇതാണ് ന്റെ ലോകം...'
Content Highlights: Ravi Menon writes memories of Kozhikode city of literature
Published: 23 Jun 2024, 11:48 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented