ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, ഒരു നേര്‍ത്ത കാറ്റിന്റെ ഊഷ്മള സാന്നിധ്യമായിരുന്നു, സതീഷ് ബാബു പയ്യന്നൂര്‍. എനിക്ക് മാത്രമല്ല, അദ്ദേഹത്തോട് കൂടി നിന്നവര്‍ക്കൊക്കെ അത് അനുഭവപ്പെട്ടിട്ടുണ്ടാവും. സൗഹൃദത്തെ അത്രമേല്‍ സ്‌നേഹിച്ചിരുന്നു, മാത്രമല്ല ആദരിച്ചിരുന്നു. സൗഹൃദത്തിന്റെ കോലായിലിരുന്ന് എഴുത്തിന്റെ വിശേഷങ്ങള്‍ പങ്കിടാന്‍ എന്നും താല്പര്യപ്പെട്ടിരുന്നു. എഴുത്ത് സ്‌നേഹം സൗഹൃദം ഇവ സമന്വയിച്ചതായിരുന്നു സതീഷ് ബാബുവിന്റെ ജീവിതം. കാലം അത് തിരിച്ചറിഞ്ഞിരുന്നു.

To advertise here,

എണ്‍പതുകളിലെ വായനയില്‍ നിന്നാണ് സതീഷ് ബാബു പരിചിതനാവുന്നത്.അന്ന് പ്രധാനപ്പെട്ട ആനുകാലികങ്ങളിലും ലിറ്റില്‍ മാഗസിനുകളിലും സതീഷ് നിരന്തരമായി എഴുതിയിരുന്നു. കഥകള്‍ മാത്രമല്ല, ഫീച്ചറുകള്‍, ലേഖനങ്ങള്‍, കുറിപ്പുകള്‍ എല്ലാം ഉണ്ടാവും. വടക്കേ മലബാറിലെ സവിശേഷ സാംസ്‌കാരിക ചരിത്രങ്ങളും സന്ദര്‍ഭങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും ഞാന്‍ വായിച്ചറിഞ്ഞത് സതീഷിന്റെ ഫീച്ചറുകളിലൂടെയാണ്. തെയ്യത്തിന്റെ വൈവിധ്യ ആവിഷ്‌ക്കാരങ്ങള്‍, വിഭിന്ന സാക്ഷാത്ക്കാരങ്ങള്‍, തെയ്യക്കാരന്റെ ജീവിത വിതാനങ്ങള്‍ എല്ലാം കേരളത്തിന്റെ തെക്കേ അറ്റത്തിരുന്ന് വായിച്ചെടുത്തത് ഇപോഴും ഓര്‍മ്മിക്കുന്നു. വടക്കേ മലബാറിന്റെ സംസ്‌കൃതിയുടെ അംബാസിഡറായിരുന്നു സതീഷ്. അന്ന് അംബികാസുതന്‍ മാങ്ങാടിനെ പോലുള്ളവരും ആസാംസ്‌ക്കാരിക ഭുമിയിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. അതിന്റെ തുടര്‍ച്ച സതീഷിന്റെ കഥകളിലും നോവലുകളിലും ഉണ്ടായിരുന്നു, ഈ സവിശേഷ സാംസ്‌കാരിക മുദ്രകള്‍ പതിഞ്ഞ രചനകള്‍, സമകാലിക കഥാകാരന്മാരില്‍ നിന്നും വേറിട്ടുനിര്‍ത്തി. മണ്ണും മനുഷ്യനും സംസ്‌ക്കാരവും സംസ്‌കൃതിയുമാണ് സതീഷിന്റെ രചനകളുടെ അടിത്തറ.

ആധുനികതയുടെ പ്രഭാവം ഒഴിഞ്ഞ കാലത്താണ് സതീഷ് ബാബു കഥാലോകത്തേക്ക് പ്രവേശിക്കുന്നത്. അതിന്റെ നിഴലും വെളിച്ചവും ഇല്ലാത്ത ലോകം സൃഷ്ടിക്കാനാണ് ആദ്യം മുതല്‍ തന്നെ ശ്രമിച്ചത്. സി.വി.ബാലകൃഷ്ണന്‍, സതീഷ് ബാബു പയ്യന്നൂര്‍, രഘുനാഥ് പലേരി, വി.പി. മനോഹരന്‍, അംബികാസുതന്‍ മാങ്ങാട് എന്നിങ്ങനെ ഒരു നിര കഥയെഴുത്തുകാര്‍, വടക്കേ മലബാറില്‍ നിന്നും എഴുത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നു. സത്യത്തില്‍ അവരെല്ലാം മനുഷ്യ ജീവിത കഥാനുഗായികളായിരുന്നു. മനുഷ്യനോടും സമൂഹത്തോടും ജീവിതത്തോടും അനുഭവങ്ങളോടുമായിരുന്നു അവര്‍ പ്രധാനമായും ആഭിമുഖ്യം പൂലര്‍ത്തിയിരുന്നത്. ചരിത്രവും രാഷ്ടിയവും എഴുത്തിന്റെ പ്രകാശമായിരുന്നു.അതുകൊണ്ട് തന്നെ അവര്‍ വേറിട്ട എഴുത്തനുഭവങ്ങള്‍ സൃഷ്ടിച്ചു. സതീഷ് ബാബുവിന്റെ ആദ്യരചനകളിലൊന്നായ മണ്ണ്, ചരിത്രവും രാഷ്ടീയവും ഇഴപാകി തുന്നിയെടുത്തതാണ്. പിന്നീട് വന്ന പല രചനകളും ഇതേ പാത പിന്തുടര്‍ന്നു.

കഥകള്‍ക്കുള്ളില്‍ ജീവിതത്തിന്റെ വിഹ്വലതകളും സന്ദിഗ്ധതകളും സമസ്യകളും സൂക്ഷിച്ചു. പേരമരം, വൃശ്ചികം വന്നു വിളിച്ചപ്പോള്‍ തുടങ്ങിയ  കഥാ സമാഹാരങ്ങളിലെ കഥകള്‍ അതിന്റെ സാക്ഷ്യങ്ങളാണ് സമൂഹത്തില്‍ നിന്നും ചീന്തിയെടുത്ത കഥാപാത്രങ്ങളേയും കഥാ സന്ദര്‍ഭങ്ങളേയുമാണഅവതരിപിക്കുന്നത്. യാത്ര പറയുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് എന്റെ ഗ്രാമകഥകള്‍ എന്ന സമാഹാരം, ഞാന്‍ കൂടി പങ്കെടുത്ത്  പ്രകാശിപ്പിച്ചത്. ആകഥകളിലൂടെയുളള യാത്ര,ഗ്രാമത്തിന്റെ നന്മകളിലൂടെയുള്ള സഞ്ചാരമായിരുന്നു. പ്രകൃതിയുടെ ലാവണ്യദീപ്തിയും മനുഷ്യരുടെ ജീവിതവിശുദ്ധിയും ആകഥകളില്‍ പ്രസരിച്ചിരുന്നു. രചനകളില്‍ എപ്പോഴും ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ ഉണ്ടായിരുന്നു.. മാത്രമല്ല കഥകളുടെ ആഖ്യാനത്തിലും ലാളിത്യം പുലര്‍ത്തിയിരുന്നു. സങ്കീര്‍ണമായ ആഖ്യാനഘടന കൊണ്ട് വായനയെ ക്ലേശകരമാക്കിയില്ല. വായനക്കാരോട് ആ കഥകള്‍ ഊഷ്മളമായി തന്നെ സംവേദിച്ചു.

സതീഷ് ബാബുവിനെ ഞാന്‍ നേരിട്ടു കാണുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. വള്ളത്തോളിന്റെ വിശേഷണം പോലെ, ഒരു ദിവസം 'മേ ദുര ദീര്‍ഘകായന്‍ 'എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.ആ സൗഹൃദം ജീവിതത്തിന്റെ അന്ത്യം വരെ നിലനിന്നു. പലപ്പോഴും നഗരത്തിന്റെ വിവിധ മൂലകളില്‍ കൂടി, സാഹിത്യംപങ്കു വെച്ചു.ആ സായാഹ്നങ്ങള്‍ ഓര്‍മ്മകളില്‍ അസ്തമിക്കില്ല. സതീഷിന് എഴുത്തിനെ കുറിച്ച് ഒരു പാട് പ്രതീക്ഷ കളും സ്വപ്നങ്ങളുമുണ്ടായിരുന്നു. മരണത്തിന് മുമ്പുള്ള ഓണക്കാലം, കഥകളുടെ വസന്തം കൂടിയായിരുന്നു. മാതൃഭൂമി ഉള്‍പെടെ നിരവധി ഓണപതിപ്പുകളില്‍ കഥകള്‍ വന്നു. എഴുതാന്‍ നിരവധി കഥകള്‍ ഉണ്ടെന്ന് പറഞ്ഞു. കാലം അതിന് കാത്തുനിന്നില്ല.ആ മേദുര ദീര്‍ഘകായന്‍ ഓര്‍മകളില്‍, വായനയില്‍ പ്രകാശിച്ചുനില്‍ക്കും