കഥ, വാസ്തവത്തില്‍, ആര്‍ക്കും എങ്ങനെയും പറയാവുന്ന ഒരു ഭാവനാവ്യവഹാരമാണ്. പറയുക എന്നു പറയുമ്പോള്‍, ഒരാള്‍ കേള്‍ക്കാനുമുണ്ട് എന്നാണ് ധ്വനി. കേള്ക്കുന്നയാളിനു രസിച്ചില്ലെങ്കില്‍ പറഞ്ഞത് ഏതാണ്ട് വെറുതേയായി. 'ഏതാണ്ട്' എന്നു പറഞ്ഞതിനൊരു കാരണമുണ്ട്. കേട്ടവനു രസിച്ചില്ലെങ്കില്പ്പോലും പറഞ്ഞവനു രസിച്ചാല്‍- ഞാനതു നന്നായി പറഞ്ഞു എന്നൊരു ആത്മസംതൃപ്തി അവനു ലഭിച്ചാല്‍- അതിലും ഒരു ചെറിയ കാര്യമുണ്ട്. അതവനെ വീണ്ടും, കുറച്ചുകൂടി ഉഷാറായി, കഥ പറയാന്‍ പ്രേരിപ്പിച്ചേക്കാം. ലോകത്തിന് കഥകള്‍ ആവശ്യമുണ്ട്.
അടിസ്ഥാനപരമായി കഥയുടെ വെല്ലുവിളി അതു കേള്‍ക്കുന്ന, അല്ലെങ്കില്‍ വായിക്കുന്ന, ആളുകളില്‍ വാക്കുകളുടെ ഭംഗിയാലോ കഥാപാത്രങ്ങളാലോ അര്ഥത്താലോ ശില്പസൗന്ദര്യത്താലോ ബുദ്ധിസാമര്ഥ്യത്താലോ പുതുമയാലോ വൈകാരികശക്തിയാലോ ഒക്കെ കൊള്ളാം രസമുണ്ട്, അല്ലെങ്കില്‍ ഇതിലൊരു സത്യമുണ്ട് എന്ന രസാനുഭൂതിയുളവാക്കാന് കഴിയുക എന്നതാണ്. എന്നുവെച്ച് എല്ലാവരെയും രസിപ്പിക്കാനായി, അല്ലെങ്കില്‍ കുറച്ചുപേരെ രസിപ്പിക്കാനായിട്ട് കഥയെഴുതാന്‍ സാധിക്കുമോ?
സാധിക്കും. പക്ഷേ, പാടില്ല. അതിലൊരു കൃത്രിമമുണ്ട്. കാരണം, അപ്പോള്‍ നമ്മള് കഥയെ പണയംവെക്കുന്നതുപോലെയൊരു കാര്യമാണു ചെയ്യുന്നത്. നമ്മുടെ ഉള്ളില്‍നിന്ന് കഥയിലേക്ക് ആരും പറയാതെ ഒഴുകിവരേണ്ട കാര്യങ്ങള്‍ക്കു പകരം ആളുകളെ സന്തോഷിപ്പിക്കുന്നവയാണെന്നു നാം കരുതുന്ന കാര്യങ്ങള്‍ കയറിവരുന്നു. ആളുകളെ രസിപ്പിക്കാന്‍ പോകുന്നതെന്തെന്ന് ആലോചിക്കുകതന്നെ വേണം. അത് എഴുത്തുകാരന്റെ ജോലിയാണ്. പക്ഷേ, അത് എഴുത്തിന്റെ മാനദണ്ഡങ്ങളെ താഴ്ത്തിക്കെട്ടിക്കൊണ്ടായിരിക്കരുത്, കൂടുതല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാവണം. കഥയിലൂടെ വായനക്കാരെയും താഴ്ത്തിക്കെട്ടരുത്. കഥ അവര്‍ക്ക് തോളില്‍ കൈയിടാവുന്ന ഒരു സുഹൃത്താകണം.
പക്ഷേ, ആളുകള്‍ രസിച്ചേ തീരൂ. എല്ലാവരെയും ഒരുപോലെ ഒരേസമയം രസിപ്പിക്കുന്നത് അസാധ്യം എന്നത് പറയേണ്ടതില്ലല്ലോ. അപ്പോള്‍പ്പിന്നെ കഥയെഴുത്തുകാരന് എന്തു ചെയ്യണം?
കഥ നന്നാവണമെങ്കില്‍ ആദ്യം എഴുത്തുകാരി അഥവാ എഴുത്തുകാരന് നന്നാവണം എന്നാണ് എന്റെ ഉറച്ച വിശ്വാസം. നന്നാകലിനെപ്പറ്റി ഞാന്‍ മനസ്സിലാക്കുന്നത് ഇതാണ്: എഴുത്തുകാര്‍ മെച്ചപ്പെട്ട മനുഷ്യരും പൗരന്മാരുമായിത്തീരണം. ഇതിന്റെ വിശദീകരണം ലളിതമാണ്. പൊതുജനങ്ങളുടെ വിശ്വാസമാര്‍ജിച്ച് അവരോട് ആശയസംവേദനം നടത്തുന്നവരല്ലെങ്കില് പിന്നെയാരാണ് മെച്ചപ്പെട്ടവരാകേണ്ടത്? മെച്ചപ്പെട്ട മനുഷ്യരും പൗരന്മാരുമായിത്തീരാന് എന്റെയറിവില്‍ ഒരു മാര്‍ഗമേയുള്ളൂ. നമ്മെത്തന്നെ നിരന്തരം ചെത്തിമിനുക്കി മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുക. ഏറ്റവും മികച്ച മാനുഷികമാനദണ്ഡങ്ങളെ തേടിപ്പിടിക്കുക. അവയില്‍ മുറുക്കിപ്പിടിക്കുക. നാം ജീവിക്കുന്ന ലോകത്തെപ്പറ്റിയും രാഷ്ട്രത്തെപ്പറ്റിയും സമൂഹത്തെപ്പറ്റിയും നല്കപ്പെട്ടിരിക്കുന്ന ഓരോ ധാരണയെയും ചോദ്യംചെയ്യുക. മതവും ജാതിയും രാഷ്ട്രീയവും മാധ്യമങ്ങളും മുതലാളിത്തവും അടിച്ചേല്പിച്ചിട്ടുള്ള മസ്തിഷ്കപ്രക്ഷാളനങ്ങളില്നിന്ന് ഒരു ജീവന്മരണപ്രശ്നമെന്നപോലെ കുതറിപ്പുറത്തുചാടുക.
അതിനു വായനയും നില്‍ക്കാത്ത അന്വേഷണവും മാത്രമേ മാര്‍ഗമുള്ളൂ. ഫിക്ഷന്കൊണ്ടു മാത്രം മൗലികമായ സാക്ഷരത, ബോധജ്ഞാനം അസാധ്യമാണ്. വായനയും അന്വേഷണവും മനുഷ്യന് സമ്പാദിച്ചിട്ടുള്ള അറിവുകളുടെ എല്ലാ മേഖലകളിലേക്കും പരക്കണം. കണക്ക് എന്റെ വിഷയമല്ല. പക്ഷേ, കണക്കില്‍ എന്താണു സംഭവിക്കുന്നതെന്ന് ഒരു വാചകത്തിലെങ്കിലും അറിയുമ്പോള്‍ എഴുത്തുകാരനായ എന്റെ ഹൃദയത്തില്‍ ഒരു കിളിവാതില്‍കൂടി തുറക്കുന്നു. എന്തുപയോഗം? വമ്പിച്ചതൊന്നുമില്ല. പക്ഷേ, ഓരോ കിളിവാതിലും പുതിയ കാറ്റും വെളിച്ചവും കൊണ്ടുവരുന്നു. ഒന്നില്‍ അസ്തമയമായിരിക്കാം പ്രത്യക്ഷപ്പെടുക. മറ്റൊന്നില്‍ ഉദയവും. എനിക്കു മനസ്സിലാകുന്നിടത്തോളം, ചരിത്രമാണ് സര്‍വപ്രധാനമായ അറിവ്. മലയാളി എഴുത്തുകാരനായ എനിക്ക് കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ചരിത്രത്തെപ്പറ്റി ഒരു ഏകദേശരൂപമെങ്കിലുമില്ലെങ്കില് എങ്ങനെ എന്റെ വായനക്കാരോടു നീതിപുലര്‍ത്താനാകും? ഞാന്‍ എഴുതുന്ന കാര്യങ്ങളോട് ചരിത്രത്തിനു നേരിട്ട് ബന്ധമില്ലെങ്കിലും ചരിത്രത്തെപ്പറ്റിയുള്ള അജ്ഞത അവയെ തൊട്ടുരുമ്മുന്നതുപോലും അപകടകരമാണ്. ആ അജ്ഞത എന്റെ എഴുത്തില്‍ അല്പമൊന്നു കൈകടത്തിയാല്‍ എന്നെ വിശ്വസിക്കുന്ന വായനക്കാരിയെ, വായനക്കാരനെ ഞാന്‍ മാപ്പര്‍ഹിക്കാത്തവിധം ചതിക്കുന്നു. സമൂഹത്തിലെ ആസ്ഥാനശക്തികള് നിര്‍മിക്കുന്ന വ്യാജചരിത്രങ്ങള്ക്ക് ഞാനവരെ അടിമ
യാക്കുന്നു.
മനുഷ്യന്റെ രാഷ്ട്രീയ- സാമൂഹികചരിത്രംപോലെത്തന്നെ എഴുത്തുകാരനു പ്രധാനമാണ് ചിന്തയുടെ ചരിത്രവും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ചിന്തയുടെ ചരിത്രമാണ് മനുഷ്യചരിത്രം. ചിന്തയില്നിന്നേ പ്രവൃത്തി ഉടലെടുത്തിട്ടുള്ളൂ. മഹാന്മാര് ചിന്തിച്ചത് എന്തെന്ന് അറിയാതെയെങ്ങനെയാണ് നാം ചിന്തിക്കാന്‍ സ്വയംപര്യാപ്തരാകുക? അക്ഷരമറിയാതെയെങ്ങനെയാണ് എഴുതുക? നാം കണ്ടെത്തുന്ന ഓരോ പുതിയ ചിന്തയും നമുക്കുള്ളില്‍, നമ്മെ പരിണമിപ്പിച്ചുകൊണ്ട്, ഒരു പുതിയ വിളക്കു കൊളുത്തുന്നു- സോക്രട്ടീസും ബുദ്ധനുമെല്ലാം ഇന്നും പുതിയതായി നില്‍ക്കുന്നത് അതിനാലാണ്. പക്ഷേ, മഹാന്മാര് ചിന്തിച്ചതു മാത്രം അറിഞ്ഞാല്‍ പോരാ. ഹിറ്റ്ലറും സ്റ്റാലിനും പോള്‍പോട്ടുമെല്ലാം ചിന്തിച്ചതും അറിയണം. അല്ലെങ്കില്‍ ചരിത്രം ആവര്‍ത്തിക്കുമ്പോള്‍- ചരിത്രം എല്ലായ്പോഴും ആവര്‍ത്തിച്ചിരിക്കും- ഇവരുടെ പുതിയ അവതാരങ്ങളെ നാം എങ്ങനെ തിരിച്ചറിയും? ഇന്ത്യയില്‍ ഇന്നു പുതിയ അവതാരങ്ങളുടെ പ്രളയമാണ്.
എഴുത്തുകാരിയുടെത്, എഴുത്തുകാരന്റെത് ദുര്‍ഘടമായ ജോലിയാണ്. അത് ഭാഷ, ശില്പം, ശൈലി തുടങ്ങിയ സാങ്കേതികതകളെപ്പറ്റിയുള്ള പ്രശ്നമല്ല. അതിനെ നമുക്ക് എങ്ങനെയെങ്കിലും പരിഹരിക്കാം. എഴുത്തുകാരെ ഒട്ടനവധിയാളുകള്‍ വിശ്വസിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം. എഴുത്തുകാര്‍ തങ്ങളെ വിശ്വസിക്കുന്നവരോട് അറിഞ്ഞോ അറിയാതെയോ പറയുന്നത് കളവാണെങ്കില്‍ അതെന്തൊരു ഭീകരമായ ദൗര്‍ഭാഗ്യവും വഞ്ചനയുമായിരിക്കും. എഴുത്തുകാരന് സമൂഹത്തിന്റെ ശത്രുവായിത്തീരുന്നു. സത്യമന്വേഷിക്കാത്തവരും എന്നാല്‍ ശക്തരുമായ എഴുത്തുകാരുള്ള ഒരു സമൂഹം ശപിക്കപ്പെട്ടതായിത്തീരുന്നത് അങ്ങനെയാണ്. മനഃപൂര്‍വം സത്യമന്വേഷിക്കാത്ത ഒരെഴുത്തുകാരന്റെ ഭാവന ഒരു ജീവിക്കുന്ന പ്രേതമായിത്തീരുന്നു- അവനെ വിശ്വസിക്കുന്നവരില്‍ ചിത്തഭ്രമം വരുത്തിവെക്കുന്ന ഒരു ദുര്‍ബാധ.
ഇന്ത്യയില്‍ എഴുതുന്ന ഒരെഴുത്തുകാരനെപ്പറ്റി എനിക്കുള്ള പ്രതീക്ഷകള്‍ ഇത്രമാത്രമാണ്. അയാള്‍ ജനാധിപത്യവാദിയായിരിക്കും; മതേതരവിശ്വാസിയായിരിക്കും; സാധുജനപക്ഷത്തായിരിക്കും; സ്ത്രീപക്ഷത്തായിരിക്കും. സര്‍വോപരി, അവന്റെ ജീവിതത്തിനും എഴുത്തിനും ഒരു ആണിക്കല്ലായി, അവന് സ്വതന്ത്രനായിരിക്കും. സമൂഹത്തിലെ വിപരീതശക്തികളെല്ലാത്തില്നിന്നും, മതം, ജാതി, മാധ്യമ ഗൂഢതന്ത്രങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, ബുദ്ധിജീവിതന്ത്രങ്ങള്, മുതലാളിത്തം, വ്യാജരാജ്യസ്നേഹം, വാര്ധക്യജാഡകള്, മുഖസ്തുതി- അവന് കുതറിപ്പുറത്തു ചാടണം. ഇല്ലെങ്കില്‍ ഭാവന വെറും പ്രേതമല്ല, ഡ്രാക്കുളയായി മാറുന്നു. അങ്ങനെ മാറിയ ഒരെഴുത്തുകാരി അഥവാ എഴുത്തുകാരനാണ്, കടം വാങ്ങിയ ഒരു പദം ഉപയോഗിച്ചു പറഞ്ഞാല്‍, കുലംകുത്തി- എഴുത്തിന്റെയും നാട്ടുകാരുടെയും.
(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സക്കറിയയുടെ കാലത്തിന്റെ കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്നും...)
Content Highlights: paul zacharia book excerpt kaalathinte kurippukal
Published: 10 May 2025, 12:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented