
എനിക്കുമീ മണ്ണില്‍
തരിക്കും തമ്മിലേ-
തതീത ജന്മസൗ
ഹൃദ പരമ്പര? - എന്ന് 'ഭൂമിഗീതങ്ങള്‍' എന്ന കവിതയിലും
''ഭൂമിയെന്നാലെനിയ്ക്കെന്റെ
കുലപൈതൃകമല്ലയോ'' എന്ന് പിതൃയാനം എന്ന കവിതയിലും ഭൂമിയെ പ്രതി ഗൃഹാതുരമായി ആശ്ചര്യവും അന്‍പും കൂറിയ വിഷ്ണു നാരായണന്‍ നമ്പൂതിരി ഭൂമിയോടു വിട പറഞ്ഞശേഷം സൂര്യനെ ഒരു വട്ടം പ്രദക്ഷിണം വെച്ചെത്തിയിരിക്കുന്നു ഭൂമി!
വജ്രനിശാതമായ തന്റെ കടാക്ഷങ്ങളാല്‍ എട്ടുപതിറ്റാണ്ടു ചേര്‍ത്തു നിര്‍ത്തി ഭൂമി കവിയെ, നഷ്ടപ്പെടുത്താതെ. കവി മാത്രമേ മറഞ്ഞിട്ടുള്ളൂ. ആ കാവ്യതേജസ്സ് ഇപ്പോഴുമുണ്ട് അനുവാചക ഹൃദന്തങ്ങളില്‍ വ്യക്തി ജീവിതവിശുദ്ധി കാവ്യജീവിതത്തിലും കാവ്യജീവിതവിശുദ്ധി വ്യക്തിജീവിതത്തിലും നിലനിര്‍ത്തിയ ഒരു കവി നമുക്കുവേറെ ഉണ്ടായിരുന്നോ?
അനുകരണീയമായ രൂപമാതൃകകള്‍ പാടെ അന്തര്‍ദ്ധാനം ചെയ്യുന്ന വര്‍ത്തമാന വിപര്യയങ്ങളില്‍ കവിതയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം രൂപമാതൃകയാക്കാന്‍ നമ്മോടൊപ്പമുണ്ടായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരി എന്ന കവി. പ്രലോഭനങ്ങളുടെ മാടിവിളിക്കലുകളെ പുറംകൈകൊണ്ടാട്ടിയകറ്റി കവിത വിശുദ്ധമായ ഒരു പ്രാര്‍ത്ഥനപോലെ ആദ്യന്തം കൊണ്ടു നടന്ന കവി.
അതെ, 'ഭൂമിയെന്ന താരുണ്യ'ത്തെ തന്റെ 'ശരീരകോശങ്ങളില്‍' കോരിനിറച്ച കവി മറഞ്ഞുപോയിട്ട് ആണ്ടെത്തിയിരിക്കുന്നു.
നിന്റെ താഴ് വാരതടങ്ങളിലുദ്ദാമ-
മെന്റെ പര്‍ജ്ജന്യങ്ങള്‍ താണു വര്‍ഷിക്കുക
എന്നുകേണപേക്ഷിച്ചു ഈ കവി ഭൂമിയോട്, 'ഭൂമിക്കു നഷ്ടമാകുന്നവന്‍' എന്ന കവിതയില്‍.
അല്ലയോ സര്‍വംസഹയായ ഭൂമാതേ, ഭൂമീഗീതങ്ങള്‍ പാടിയ, ഭൂമിയോടൊട്ടിനിന്ന ഈ അനന്തനഗരീവാസിയുടെ ഓര്‍മകളില്‍ത്തന്നെ ഞങ്ങള്‍ വീണ്ടും വീണ്ടും മുങ്ങി നിവരട്ടെ അവ പുനരുജ്ജീവനമന്ത്രമാക്കിക്കൊണ്ട്.
''രോഗത്തെ ഒരു വിളക്കു കൊളുത്തിവെച്ച് സ്വീകരിക്കണം'' എന്ന് ഒരു സംഭാഷണമധ്യേ പറഞ്ഞ കവി അതേ രോഗാതുരതയില്‍ ''എഴുതിയത് ഒരുപാടുണ്ട് സമാഹരിക്കാന്‍. ഒന്നും ചലഞ്ചിംഗ് ആയി തോന്നുന്നില്ല'' എന്ന മൗഢ്യത്തിലേക്കു പിന്‍വാങ്ങി അവസാന നാളുകളില്‍.
കവിയുടെ അസമാഹൃതങ്ങളായ, സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യമണ്ഡലങ്ങളിലെ അറുപത്തിരണ്ടു സുകൃതികളെ ഓര്‍ത്തെടുക്കുന്ന വ്യക്തനുസ്മരണങ്ങള്‍ പ്രകാശിതമാകുകയാണ്. ലോഗോസ് ബുക്സിന്റെ പ്രസാധനത്തില്‍, കവി തന്നെ പറഞ്ഞുതന്ന 'അനുസ്മൃതികളുടെ സൗഗന്ധികങ്ങള്‍' എന്ന പേരില്‍ 'നന്നായി പരിശോധിക്കണം എന്നിട്ടേ ചെയ്യാവൂ' എന്ന അച്ഛന്റെ തന്നെ വാക്കുകള്‍ ശിരസാവഹിച്ച മകള്‍ അദിതിയുടെയും ഡോ.രതീമേനോന്റെയും ഉത്സാഹപരിശ്രമങ്ങളില്‍ ഞാനും ഭാഗഭാക്കായിരിക്കുന്നു.
പോളയോരോന്നു കൊഴിയേ
തെളിയും കൂമ്പുമാതിരി
കാണുന്നേനെന്നെ ഞാന്‍ തന്നെ
കൈവല്യമിതു ദര്‍ശനം
എന്ന് കവി 'പിതൃയാന'ത്തില്‍ തന്നെക്കുറിച്ചു പറയുന്നു.
'അനുസ്മൃതികളുടെ സൗഗന്ധികങ്ങള്‍' എന്ന അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഇവിടെ മറ്റൊരര്‍ത്ഥത്തിലും പ്രസക്തി കൈവരിക്കുന്നു.
അടുത്തറിയുംതോറും ഗുണവൈശിഷ്ടലങ്ങളേറുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരി എന്ന വ്യക്തിക്ക്, ആഴ്ന്നിറങ്ങും തോറും വ്യത്യസ്ത അര്‍ത്ഥദളങ്ങള്‍ വിടര്‍ത്തുന്ന വിഷ്ണു നാരായണന്‍ നമ്പൂതിരിക്കവിതയ്ക്ക് ഈ കേതകീപത്രങ്ങള്‍ തന്നെ ആണ്ടുബലിയ്ക്ക് സമര്‍പ്പിക്കട്ടെ...
Content Highlights: padmadas writes about vishnu narayanan namboothiri
Published: 25 Feb 2022, 01:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented