മതസഹിഷ്ണുതയുടെയും പരസ്പര സഹവര്‍ത്തിത്വത്തിന്റെയും ഉജ്ജ്വലമായ മാതൃകയായി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് തിളങ്ങിനിന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ മകന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഓര്‍മകളാല്‍ രേഖപ്പെടുത്തിയ പുസ്തകമാണ് പ്രിയപ്പെട്ട ബാപ്പ. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്നു ബാപ്പയുടെ വായനലോകം എന്ന അധ്യായം. 

To advertise here,

വായന ബാപ്പയുടെ ഒരു പാഷനായിരുന്നു. കിട്ടിയതെന്തും വായിച്ചുനോക്കുക, ഇഷ്ടപ്പെട്ടത് വാങ്ങി സൂക്ഷിക്കുക. ഇതൊക്കെയായിരുന്നു ബാപ്പയുടെ പ്രധാന ഹോബി. വെറുതേയിരിക്കുമ്പോഴൊക്കെ കൈയില്‍ വല്ല പുസ്തകമോ മാഗസിനോ കിടക്കുന്നുണ്ടാകും. ബാപ്പയുടെ ഒരു ദിവസത്തിന്റെ തുടക്കംതന്നെ വായനയിലായിരുന്നു. ഖുര്‍ആന്‍ പാരായണം കഴിഞ്ഞാല്‍ പിന്നീട് വിശാലമായ പത്രവായനയാണ് പ്രധാന പരിപാടി. പക്ഷേ, അതു തീരുന്നതിനു മുന്‍പുതന്നെ ബാപ്പയെ കാണാന്‍ ആളുകളെത്തിത്തുടങ്ങിയിട്ടുണ്ടാകും. പിന്നെ യാത്രകളും തിരക്കുകളുമായി ആ ദിവസം കടന്നുപോകും.
യാത്രയ്ക്കിടയിലും ബാപ്പ പുസ്തകം കരുതുമായിരുന്നു. യാത്രയ്ക്കിടയിലെ വായന കുറച്ചുകൂടി സെലക്റ്റീവ് റീഡിങ്ങായിരുന്നു. അല്‍ അസ്ഹറിലെ പഠനകാലശേഷം ബാപ്പ നിരവധി അറബ് മാഗസിനുകളുടെ വരിക്കാരനായിരുന്നു. അറബ് ടൈംസ്, ലോക മുസ്ലിം പണ്ഡിതസംഘടനയായ റാബിഥതുല്‍ ആലമില്‍ ഇസ്ലാമിയ്യ പുറത്തിറക്കുന്ന അല്‍ റാബിത്വ എന്നിവ സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. ഈ മാഗസിനുകളിലൂടെയാണ് ബാപ്പ പുറംലോകത്തെ വിശിഷ്യ, അറബ് ലോകത്തെ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുപോന്നത്. ബാപ്പ ലീഗ് പ്രസിഡന്റാകുന്നതിനു മുന്‍പ് മുറിയില്‍ ചടഞ്ഞിരുന്ന് വായിക്കുന്ന രീതിയുണ്ടായിരുന്നു. ദീര്‍ഘനേരം വായിക്കുക മാത്രമല്ല, പലതും കുറിച്ചുവെക്കുകയും ചെയ്യും. പക്ഷേ, മുസ്ലിം ലീഗിന്റെ പ്രസിഡന്റായതോടെ ഇതിനു സമയമില്ലാതായി.

കാറില്‍ കയറുമ്പോള്‍ വായിക്കാനായി വല്ലതും കരുതും. രാത്രിയില്‍ വായിക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക റീഡിങ് ലൈറ്റ് ബാപ്പ
കാറില്‍ ഘടിപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ച് അര്‍ധരാത്രികളില്‍പ്പോലും പത്രങ്ങളും മാഗസിനുകളും പുസ്തകങ്ങളും വായിക്കുന്ന ബാപ്പ
എനിക്ക് ഒരദ്ഭുതമായിരുന്നു. വിമാനയാത്രയിലാണെങ്കില്‍ ബാപ്പ എയര്‍ഹോസ്റ്റസുമാരോട് മാഗസിനുകള്‍ ചോദിച്ചുവാങ്ങുന്നതും സ്ഥിരം കാഴ്ചയായിരുന്നു.
ബാപ്പയുടെ വായനാതാത്പര്യം എന്നെയേറെ സ്വാധീനിച്ച സമയമായിരുന്നു അദ്ദേഹത്തോടൊപ്പം ചികിത്സാവശ്യാര്‍ഥം അമേരിക്കയിലേക്കു പോയ സന്ദര്‍ഭം. വിശ്രമവേളകളിലെല്ലാം അദ്ദേഹം വായനയുടെ ലഹരിയിലായിരുന്നു. ഹോസ്പിറ്റലിലേക്കു പോകുന്ന ഒരു ഘട്ടത്തില്‍ ഹോസ്പിറ്റല്‍ ലോഞ്ചില്‍ നാഷണല്‍ ജ്യോഗ്രഫി എന്ന പേരില്‍ ഒരു മാഗസിന്‍ വെച്ചത് ബാപ്പ ശ്രദ്ധിക്കാനിടയായി. ഉടനെ അതു മുഴുവന്‍ മറിച്ചുനോക്കി. ചില പേജുകള്‍ ശ്രദ്ധയോടെ വായിച്ചു. പ്രകൃതിയും വന്യജീവികാഴ്ചകളുമായിരുന്നു അതിന്റെ പ്രതിപാദ്യവിഷയം. തുടര്‍ന്ന് ബാപ്പ ഇതിന്റെ കോപ്പി മാസം തോറും ലഭിക്കാന്‍ എന്തു ചെയ്യണമെന്നന്വേഷിച്ചു. ശേഷം അത് സബ്സ്‌ക്രൈബ് ചെയ്യാനാവശ്യമായ കാര്യങ്ങള്‍ നടത്താന്‍ അവിടെ ജോലി ചെയ്തിരുന്ന മലയാളിയായ നജീബിനെ പറഞ്ഞേല്പിച്ചു. പിന്നീടുള്ള മാസങ്ങളില്‍ മാഗസിന്‍ പോസ്റ്റല്‍ വഴി കൊടപ്പനയ്ക്കല്‍ വീട്ടിലെത്താറുണ്ടായിരുന്നു.

placeholder
Caption

തന്റെ പാരമ്പര്യത്തിന്റെ വേരുകള്‍ അന്വേഷിച്ച് ബാപ്പ ഒരിക്കല്‍ യമനിലേക്ക് യാത്ര ചെയ്തിരുന്നു. പാണക്കാട് തങ്ങള്‍കുടുംബത്തിന്റെ വേരുകള്‍ ഉറങ്ങുന്നത് യമനിലെ ഹദര്‍മൗത്തിലാണ്. അതിന്റെ അന്വേഷണം കൂടിയായിരുന്നു ബാപ്പയുടെ യാത്ര. യമനിലെ വിവിധ ചരിത്രപ്രദേശങ്ങളെക്കുറിച്ച് വിശദമായ പഠനംതന്നെ നടത്താന്‍ ബാപ്പ ആ യാത്രയെ ഉപയോഗപ്പെടുത്തി. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം യമന്‍ചരിത്രത്തെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് ബാപ്പ തീര്‍ച്ചപ്പെടുത്തി. യാത്രകളില്‍ ഏതെങ്കിലും ബുക്സ്റ്റാളുകളില്‍ കയറിയാല്‍, വിശിഷ്യ, വിദേശയാത്രകളില്‍ ബാപ്പ താരീഖുല്‍ യമന്‍ അഥവാ യമന്‍ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ലഭ്യമാണോ എന്ന് അന്വേഷിക്കുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കുറെയേറെ പുസ്തകങ്ങള്‍ ബാപ്പ അങ്ങനെ ശേഖരിച്ചു. ഒടുവില്‍ യമന്‍ ചരിത്രത്തെക്കുറിച്ചും അവിടത്തെ മആരിബ് അണക്കെട്ടിനെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു പഠനലേഖനം സ്വന്തമായിത്തന്നെ തയ്യാറാക്കി. ശേഷം ചന്ദ്രികയില്‍ വിളിച്ച് ലേഖനം അയയ്ക്കുന്നുണ്ടെന്നറിയിച്ചു. ലേഖനം പിന്നീട് ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നെയും ചില ലേഖനങ്ങള്‍ എഴുതാന്‍ ബാപ്പ പുസ്തകങ്ങള്‍ ശേഖരിച്ചു വെച്ചെങ്കിലും തിരക്കുമൂലം അവയൊന്നും മുഴുമിക്കാനായില്ല. പുസ്തകം വായിച്ച് അതിലെ പ്രധാന പോയന്റുകള്‍ കുറിച്ചുവെക്കുക എന്നത് ബാപ്പയുടെ ഒരു ശീലംതന്നെയായിരുന്നു. പിന്നീട് ഈ പോയന്റുകള്‍ സന്ദര്‍ഭോചിതമായി പ്രസംഗത്തിലും മറ്റും ഉപയോഗിക്കുമായിരുന്നു. ഇതിനുവേണ്ടി ബെഡ്റൂമില്‍ ഒരു പ്രത്യേക സംവിധാനംതന്നെ ഒരുക്കിയിരുന്നു. പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ ഒരു ഷെല്‍ഫും.

ഞാന്‍ വളാഞ്ചേരി മര്‍ക്കസില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു നബിദിനപരിപാടിയില്‍ പ്രസംഗിക്കാനുള്ളവരുടെ ലിസ്റ്റില്‍ എന്റെയും പേര് വന്നു. ഇംഗ്ലീഷ് പ്രസംഗമാണ്. അതുവരെ ഒരു വേദിയിലും പ്രസംഗിച്ച പരിചയമില്ല. ഞാന്‍ ബാപ്പയോട് സങ്കടം പറഞ്ഞു. ബാപ്പ ഉടന്‍തന്നെ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ഒരു ദീര്‍ഘമായ പ്രസംഗം എഴുതിയുണ്ടാക്കി സി.പി. സൈദലവി വഴി എനിക്ക് കൊടുത്തയച്ചു. എന്നിട്ട് മുഴുവന്‍ മനഃപാഠം പഠിക്കാനാവശ്യപ്പെടുകയും ചെയ്തു. ഞാന്‍ ആ പ്രസംഗം മുഴുവന്‍ ഹൃദിസ്ഥമാക്കുകയും മത്സരത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുകയും ചെയ്തു. ജീവിതത്തിലെ ആദ്യ പ്രസംഗമായിരുന്നു. അതിന്റെ മുഴുവന്‍ ക്രെഡിറ്റും ബാപ്പയ്ക്കുതന്നെ.

അല്‍ അസ്ഹറില്‍ പഠിക്കുന്ന സമയത്ത് ഒരു ഘട്ടത്തില്‍ ബാപ്പ ക്ലാസിക് മിസ്റ്റിക് കവി ഖലീല്‍ ജിബ്രാന്റെ ഫാനായിരുന്നു. ജിബ്രാന്റെ കഥകളും കവിതകളും വായിക്കുകയും പുസ്തകങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ജിബ്രാന്റെ വിവര്‍ത്തനങ്ങള്‍ മലയാളത്തില്‍ വന്നുതുടങ്ങുന്ന കാലവും കൂടിയായിരുന്നു അത്. ആ കാലത്താണ് ബാപ്പ ജിബ്രാന്റെ പ്രസിദ്ധമായ 'ശ്മശാനഭൂമി' മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. മനോഹരമായ ഭാഷാശൈലിയിലാണ് തങ്ങള്‍ ആ വിവര്‍ത്തനപ്രക്രിയ പൂര്‍ത്തീകരിച്ചത്. ചന്ദ്രികയില്‍ അത് പ്രസിദ്ധീകരിച്ചുവരികയും ചെയ്തു.

placeholder
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍

മലേഷ്യയില്‍ ഞാന്‍ പഠിക്കുന്ന സമയത്ത് ബാപ്പ കുടുംബസമേതം കാണാന്‍ വന്നിരുന്നു. ആ ഘട്ടത്തില്‍ ഏതാണ്ട് പത്തു ദിവസത്തോളം അവിടെ താമസിച്ചിരുന്നു. ആ സമയത്തെല്ലാം ബാപ്പയുടെ പ്രധാന ജോലി വായനതന്നെയായിരുന്നു. മലേഷ്യന്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയില്‍ ബാപ്പ വരും. ലൈബ്രറിയിലെ നൂതനസാങ്കേതികവിദ്യകള്‍ ഇവിടത്തെക്കാള്‍ മികച്ചതായിരുന്നു. എല്ലാം ഡിജിറ്റലൈസ് ചെയ്ത സമയം. ബാപ്പ കമ്പ്യൂട്ടറിലിരുന്ന് സ്വയം ടൈപ്പ് ചെയ്ത് പുസ്തകം കണ്ടുപിടിക്കും. എന്നിട്ട് എന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് റൂമിലേക്ക് കൊണ്ടുപോയി വായിക്കും. യാത്രാവേളകള്‍ എങ്ങനെ ബുദ്ധിപരമായ വ്യായാമങ്ങളാക്കാം എന്നതിന് ബാപ്പ കാണിച്ചുതന്ന ജീവിതപാഠങ്ങളായിരുന്നു അവ.

അല്‍ അസ്ഹറില്‍ പഠിച്ചതുകൊണ്ടുതന്നെ അറബിസാഹിത്യത്തില്‍ ബാപ്പയ്ക്ക് അഗാധപരിജ്ഞാനമുണ്ടായിരുന്നു. അറബികളുമായി സംവദിക്കാനും അറബി പഠിക്കുന്നവരുമായി സംസാരിക്കാനും ബാപ്പയ്ക്ക് പ്രത്യേക താത്പര്യമായിരുന്നു. അറബിയില്‍ പ്രസംഗിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ബാപ്പ കളഞ്ഞിരുന്നില്ല. കേരളത്തിലെ ഉന്നത ഇസ്ലാമിക കലാലയമായ ജാമിഅ നൂരിയ്യയില്‍ സമ്മേളനത്തിന് പ്രസംഗിക്കാനുണ്ടാകുമ്പോള്‍ ബാപ്പ മിക്കപ്പോഴും അറബിഭാഷയാണ് ഉപയോഗിച്ചത്. അറബിയില്‍ ഒഴുകിനീങ്ങുന്ന ഒരു ലഘു നദിപോലെ ആ പ്രസംഗം നീണ്ടുപോകും. അറബിയില്‍ പ്രസംഗിക്കുമ്പോള്‍ മലയാളത്തില്‍ സംസാരിക്കുന്നതിനെക്കാള്‍ ഫോമിലായിരിക്കും ബാപ്പയുടെ പെര്‍ഫോമന്‍സ്.

മലയാളസാഹിത്യത്തെക്കുറിച്ചും ബാപ്പയ്ക്ക് നല്ല ബോധമുണ്ടെന്ന് മലയാളത്തിന്റെ പ്രിയകഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഒരിടത്തെഴുതിയിട്ടുണ്ട്. ഒരു അവാര്‍ഡുദാനച്ചടങ്ങിനിടെ എം.ടിയുമായി സംസാരിക്കാന്‍ ഇടവന്നപ്പോള്‍ ബാപ്പ ചോദിച്ചു, ഇപ്പോള്‍ കൂടല്ലൂരൊന്നും പോകാറില്ലേയെന്ന്. എം.ടി. ആദ്യം ഒന്നമ്പരന്നു. കാരണം, തന്റെ സാഹിത്യത്തെക്കുറിച്ച് മാത്രമല്ല, സാഹിത്യത്തില്‍ കൂടുതലായി ഉപയോഗിച്ച ഗ്രാമത്തെക്കുറിച്ചുപോലും ചോദിക്കുന്നു. എം.ടി. തന്നെയായിരുന്നു മലയാളത്തില്‍ ബാപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട എഴുത്തുകാരന്‍. തന്റെ മതം, സമൂഹം, സംസ്‌കാരം എന്ന പേരിലെ ലേഖനസമാഹാരം പ്രകാശനം ചെയ്യാന്‍ എം.ടിയെ ബാപ്പ നേരിട്ടു വിളിച്ചതും അതുകൊണ്ടുതന്നെ.

placeholder
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍
 

ബാപ്പയുടെ വായനയുടെ 'ഇര'യായത് പലപ്പോഴും ചന്ദ്രിക പത്രത്തിലെ എഡിറ്റര്‍മാര്‍ തന്നെയായിരുന്നു. ചന്ദ്രികയിലെ എഡിറ്റര്‍മാരായിരുന്ന സി.കെ. താനൂരും കമാല്‍ വരദൂറുമെല്ലാം ആ വിളിയുടെ ചൂടറിഞ്ഞിട്ടുണ്ട്. ടെന്നീസ്താരം സാനിയ മിര്‍സയുടെ വന്‍ കളര്‍ ഫോട്ടോ മുഴുനീള വലിപ്പത്തില്‍ ചന്ദ്രിക സ്പോര്‍ട്സ് പേജില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ബാപ്പ നേരിട്ട് സ്പോര്‍ട്സ് എഡിറ്റര്‍ കമാല്‍ വരദൂറിനെ വിളിച്ചു. 'കമാലേ, സ്പോര്‍ട്സ് പേജ് നന്നാവുന്നുണ്ട്. പക്ഷേ, ആ ഫോട്ടോക്ക് അത്ര വലിപ്പമൊന്നും വേണ്ട.' ഇങ്ങനെ ബാപ്പ വായനയ്ക്കപ്പുറം ഒരു വായനക്കാരന്റെ പരിഭവങ്ങളും പ്രതികരണങ്ങളും സമയം കിട്ടുമ്പോഴൊക്കെ പ്രകടിപ്പിച്ചുപോന്നു.

കവിതയും ലേഖനവും ഗവേഷണപ്രബന്ധങ്ങളും ചരിത്രാഖ്യായികളുമെല്ലാം ബാപ്പയുടെ എഴുത്തില്‍ വ്യാപരിച്ച മേഖലകളാണ്. അറബ്സാഹിത്യത്തിലെ മഹാപ്രതിഭകളായ അബ്ബാസ് മഹ്‌മൂദുല്‍ അഖാദ്, നജീബ് മഹ്ഫൂസ്, ത്വാഹാ ഹുസൈന്‍ തുടങ്ങിയവരായിരുന്നു ക്യാമ്പസ് ജീവിതകാലത്തെ പ്രിയപ്പെട്ട എഴുത്തുകാരെന്ന് ബാപ്പ പറഞ്ഞിട്ടുണ്ട്. 'ഈജിപ്തിലെ ബഷീര്‍' ആയിരുന്ന അബ്ബാസ് മഹ്‌മൂദുല്‍ അഖാദിന്റെ വീട്ടില്‍ എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും സാഹിത്യചര്‍ച്ചയ്ക്കായി ഒത്തുചേരുന്ന സംഘത്തിലെ ഒരു പ്രധാനിയും കൂടിയായിരുന്നു ബാപ്പ എന്ന അറിവ് എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. ലോകത്തിന്റെ നാനാദിക്കില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ ചേര്‍ന്നിരിക്കുന്ന അലക്സാന്‍ഡ്രിയന്‍തീരത്തു വെച്ച് നടന്ന വിദ്യാര്‍ഥിസംഗമത്തില്‍ ബാപ്പ, 'ബച്പന്‍ കെ ദിന്‍ ഭുലാന ദേനാ...' എന്ന ഹിന്ദിഗാനം രാഗാര്‍ദ്രമായി ആലപിച്ചത് സഹപാഠികള്‍ ഇന്നും ഓര്‍മയില്‍ സൂക്ഷിക്കുന്നുണ്ട്.

1990- വേള്‍ഡ് അക്കാദമി ഓഫ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ കെയ്റോയില്‍ സംഘടിപ്പിച്ച പതിനൊന്നാമത് ലോക കവിസമ്മേളനത്തിലേക്ക് പ്രബന്ധാവതരണത്തിന് ശിഹാബ് തങ്ങള്‍ ക്ഷണിക്കപ്പെട്ട കാര്യം മലയാളിക്ക് കൗതുകവാര്‍ത്ത മാത്രമായിരുന്നുവെങ്കിലും തങ്ങള്‍ക്കത് ജീവിതത്തിന്റെ ഭാഗമായിരുന്നു. കാരണം, ബാപ്പ പഠനകാലത്തെഴുതിയ ചില കവിതകള്‍ ഏതൊക്കെയോ അറബിമാസികകളില്‍ പ്രസിദ്ധീകൃതമായിരുന്നു. അതിന്റെ കോപ്പികള്‍ സൂക്ഷിച്ചുവെച്ചിരുന്നെങ്കിലും ഇപ്പോള്‍ നഷ്ടപ്പെട്ടുപോയ കാര്യവും വേദനയോടെ ഓര്‍ക്കുന്നു.