
എം.ടി വാസുദേവന്‍ നായരുടെ പിതൃഗൃഹം സ്ഥിതി ചെയ്യുന്ന പുന്നയൂര്‍ക്കുളത്തെക്കുറിച്ചും പിതാവ് തെണ്ടിയത്ത് നാരായണന്‍ നായരുടെ കുടുംബചരിത്രത്തെക്കുറിച്ചും എം.ടിയുടെ ജ്യേഷ്ഠന്‍ എം.ടി ഗോവിന്ദന്‍ നായരുടെ മകനായ ടി. മോഹന്‍ ബാബു എഴുതുന്നു.
മാടത്ത് തെക്കേപ്പാട്ട് 'എം.ടി.' എന്ന രണ്ടക്ഷരമായി ലോകസാഹിത്യത്തില്‍ നിറഞ്ഞുനിന്നിട്ട് ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ടു. മലയാളികളുടെ മനസ്സിന്റെ താളമായി മാറിയ മഹാനായ ഒരു എഴുത്തുകാരന്റെ ജീവിതയാത്രയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന തെക്കേപ്പാട്ട് തറവാട് ഇന്നും പലരും പല സ്ഥലങ്ങളില്‍നിന്നും വന്ന് സന്ദര്‍ശിച്ചുപോകുന്നു.
പക്ഷെ, പുന്നയൂര്‍ക്കുളത്തെ തെണ്ടിയത്ത് തറവാട് അങ്ങനെയാര്‍ക്കും പരിചിതമല്ല. ഈ വീടിനോട് ബന്ധപ്പെട്ട പല കഥാപാത്രങ്ങളും, എം.ടി. കഥകളിലൂടെ ഇന്നും ജീവിക്കുന്നു. നാലപ്പാട്ട് നാരായണമേനോനും ബാലാമണിയമ്മയും മാധവിക്കുട്ടിയും ജനിച്ചു വളര്‍ന്ന നാട്. ഇവിടുത്തെ പ്രകൃതിക്കും മനുഷ്യര്‍ക്കും കലാബോധം ജന്മസിദ്ധമാണ്. പൂഴിമണ്ണ് ഇടകലര്‍ന്നുകിടക്കുന്ന വിശാലമായ തെങ്ങിന്‍തോപ്പുകള്‍ക്കിടയില്‍ വീടുകള്‍. ഒരു വീടിനും മതിലുകളോ വേലികളോ ഇല്ലാത്ത കാലം. ആര്‍ക്ക് ഏതുവഴിയിലൂടെയും എങ്ങനെ വേണമെങ്കിലും സഞ്ചരിക്കാം. നടവഴികളാല്‍ സമൃദ്ധമായ ഭൂമികള്‍. സൗഹാര്‍ദ്ദപരമായ പൈതൃകമാണ് പുന്നയൂര്‍ക്കുളത്തിന്. എം.ടി. സഹോദരന്‍മാരുടെ പിതൃഗ്യഹം ഇവിടെയായിരുന്നു. പുന്നയൂര്‍ക്കുളം അവരെ വളരെയധികം സ്വാധീനിച്ചിരുന്നു.
കപ്രവള്ളി അംശം പുന്നുയൂര്‍ക്കുളം ദേശത്തെ തെണ്ടിയത്ത് തറവാട് പുരാതനകാലത്ത് മറ്റൊരു സ്ഥലത്തായിരുന്നു. തെണ്ടിയത്ത് പറമ്പ് എന്ന് പിന്നീടും അറിയപ്പെട്ടിരുന്ന സ്ഥലം. പുതിയ തറവാട് വീടിന്റെ വടക്കെദിശയില്‍ 800 മീറ്റര്‍ ദൂരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഓരോ ഭൂമിക്കും വ്യത്യസ്ത പേരുകളുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു തറവാടുകളുടെ പേര് അറിയപ്പെട്ടിരുന്നത്.
1914-ല്‍ കൂടല്ലൂരില്‍, മാടത്ത് തെക്കേപ്പാട്ട് തറവാട്ടിലെ ഭാഗം നടന്നപ്പോള്‍ എം.ടിയുടെ 'നാലുകെട്ട്' വേറെ തായ്‌വഴിക്കായിരുന്നു കിട്ടിയിരുന്നത്. മരുമക്കള്‍ സമ്പ്രദായത്തിന്റെ കാലഘട്ടം. 1936-ലാണ് അച്ഛന്‍ നാരായണന്‍ നായര്‍ അത് വിലയ്ക്ക് വാങ്ങിയത്, പില്‍ക്കാലത്ത് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച പഴയ തറവാട്. വീട് സ്വന്തമാകുമ്പോള്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് മൂന്നു വയസ്സ്. അദ്ദേഹത്തിന്റെ ബാല്യം ഈ വീട്ടിലായിരുന്നു. പത്തായപ്പുരയായിരുന്നു അദ്ദേഹത്തിന്റെ പ്രിയങ്കരമായ ഇടം. പുന്നയൂര്‍ക്കുളത്തും നാരായണന്‍ നായരും സഹോദരന്‍മാരും ചേര്‍ന്നാണ് മുല്ലമംഗലം മനയുടെ (എം.ആര്‍.ബിയുടേയും ഭരത് പ്രേംജിയുടേയും അടുത്ത തായ്‌വഴിക്കാര്‍) പടിഞ്ഞാറെ ഭാഗത്തുള്ള അഞ്ച് ഏക്കര്‍ ഭൂമി വാങ്ങുന്നതും അതില്‍ വലിയൊരു വീടുപണിയുന്നതും.
ആണ്‍മക്കളുടെ വരുമാനം കൈകാര്യം ചെയ്തിരുന്നത് അമ്മ ഇട്ടിമായമ്മയാണ്. എം.ടി. സഹോദരന്മാരുടെ അച്ഛമ്മ. ഈ വീട്ടിലേക്കാണ് വിവാഹം കഴിഞ്ഞ് കൂടയല്ലൂരില്‍നിന്നും ഇവരുടെ അമ്മ അമ്മാളുഅമ്മ വന്നു കയറിയത്. മൂന്നു നിലകളിലായി മൂവായിരത്തിലധികം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച തെണ്ടിയത്ത് തറവാട്. അനുബന്ധമായി പ്രൗഢമായ രണ്ട് നിലകളുള്ള പത്തായപ്പുര. പിന്നെ കൊയ്ത്ത്, മെതി എന്നിവയ്ക്കായി നീളത്തിലുള്ള ഒരു കയ്യാല. രണ്ട് തൊഴുത്തുകളുണ്ടായിരുന്നു. പത്തായപ്പുരയില്‍നിന്ന് നോക്കിയാല്‍ നേരെ വലിയ ഒരു തൊഴുത്ത്. ഒരെണ്ണം പടിഞ്ഞാറെ കോലായക്കഭിമുഖമായിരുന്നു. പത്തായപ്പുരയുടെയും കയ്യാലയുടെയും തറവാടിന്റേയും തൊഴുത്തിന്റെയും മധ്യത്തില്‍ ദീര്‍ഘചതുരാകൃതിയില്‍ വലിയൊരു ചത്വരം. ഇതായിരുന്നു അന്നത്തെ എം.ടി. സഹോദരന്‍മാരുടെ പിതൃഗൃഹം.
ഇട്ടിമായമ്മ എന്ന അതിശക്തയായ സ്ത്രീയുടെ ഭരണത്തിലായിരുന്നു ഈ തറവാട്. ഇട്ടിരിനായര്‍ എന്ന കൈപ്പന്‍ അഞ്ചേരി തറവാട്ടിലെ ഒരാളായിരുന്നു, ഇവരുടെ ഭര്‍ത്താവ്. പുരുഷമേധാവിത്വം അതിന്റെ പാരമ്യത്തില്‍ പരിലസിച്ചിരുന്ന ഈ കാലഘട്ടത്തില്‍, പതറാതെ ഒരു വ്യവസ്ഥിതിയേയും വകവെക്കാതെ ആണ്‍മക്കള്‍ക്കെല്ലാം ഉയര്‍ന്ന വിദ്യാഭാസം നല്‍കി, അവരെ നല്ല രീതിയില്‍ എത്തിക്കാന്‍ ഇട്ടിമായമ്മയ്ക്ക് കഴിഞ്ഞു.
അഞ്ച് മക്കളായിരുന്നു ഇട്ടിമായമ്മക്ക്. നാരായണന്‍ നായര്‍, ഗോവിന്ദന്‍ നായര്‍, മാധവന്‍ നായര്‍, മീനാക്ഷി എന്ന അമ്മിണി അമ്മ, പിന്നെ ലക്ഷ്മികുട്ടിഅമ്മ.
നാരായണന്‍ നായര്‍ ജനനം 1886-ല്‍. പുന്നയൂര്‍കുളം കടിക്കാട് എന്ന സമീപപ്രദേശത്തെ എലിമന്ററി സ്‌കൂളില്‍ നാലാം തരം വരെ പഠിച്ചു. ലോവര്‍ പ്രൈമറി സ്‌കൂള്‍ എന്നാണ് അന്ന് പറയുക. രണ്ടാം ഫോറം, പിന്നെ നാലാം ഫോറം. അത് കുന്ദംകുളം എന്ന പട്ടണത്തില്‍, 13 നാഴിക അകലെ. അഞ്ചാം ഫോറവും, പിന്നീട് മെട്രിക്കുലേഷനും കഴിഞ്ഞു. അവിടെനിന്ന് പല ജോലികളിലും ഏര്‍പ്പെട്ട്, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൂടല്ലൂരില്‍ ലോവര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകനായി പോകുന്നത്.

പുന്നയൂര്‍ക്കുളം പേരുകേട്ട അറക്കല്‍ തറവാടുമായി ബന്ധമുണ്ടായിരുന്ന റാവുബഹാദൂർ ര്‍ പി.കെ. കുഞ്ഞഹമ്മദ് സാഹിബ്ബ് (ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിക്കുന്ന അധികാരി) മുഖേനയാണ് അദ്ദേഹത്തിന് എയുപി സ്‌കൂളില്‍ ജോലി ശരിപ്പെടുന്നത്. സാഹിബ് കൂടല്ലൂര്‍ പ്രദേശത്തിന്റെ ബ്രിട്ടീഷ് പ്രതിനിധി ആയിരുന്നു. 1875-ലാണ് അദ്ദേഹം ജനിച്ചത്. സമുദായത്തിന് എഴുത്തും വായനയും നിഷിദ്ധമാണെന്ന ധാരണ തിരുത്തിക്കുറിച്ച ധിഷണാശാലിയായിരുന്നു അദ്ദദ്ദേഹം. മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ അതിയായ പ്രാവീണ്യം നേടി. മികച്ച പ്രഭാഷകനുമായിരുന്നു. കൂടല്ലൂരില്‍ എയുപി സ്‌കൂള്‍ സ്ഥാപിച്ചതും അദ്ദേഹമായിരുന്നു. അറക്കല്‍ തറവാടുമായി അക്കാലത്ത് നാരായണന്‍ നായര്‍ക്ക് വലിയ സൗഹൃദബന്ധമായിരുന്നു. പിന്‍തലമുറ ഇപോഴും ആ ബന്ധം തുടര്‍ന്നു പോകുന്നുണ്ട്.
മാടത്ത് തെക്കേപ്പാട്ടുനിന്ന് അമ്മാളുഅമ്മയെ അദ്ദേഹം വിവാഹം കഴിക്കുന്നത്, ഈ കാലഘട്ടത്തിലാണ്. നാരായണന്‍ നായരുടെ സഹോദരന്‍ ഗോവിന്ദന്‍ നായര്‍ നാട്ടില്‍ തന്നെ അധ്യാപകനായിരുന്നു. വിവാഹം കഴിച്ചത് ആലൂരില്‍നിന്ന്. കരുപറമ്പില്‍ എന്ന നായര്‍ തറവാട്ടില്‍ നിന്ന്. കൂടല്ലൂരിന്റെ അയല്‍ പ്രദേശമാണ് ആലൂര്. മാധവന്‍ നായര്‍ എന്ന സഹോദരന്‍ വിവാഹം കഴിച്ചത് അയല്‍ദേശമായ പുന്നയൂരിലെ കണ്ടിനിവീട്ടില്‍ എന്ന തറവാട്ടില്‍നിന്ന്. മാധവന്‍ നായര്‍, വാല്‍പ്പാറയില്‍ സായിപ്പിന്റെ ചായത്തോട്ടത്തിലെ മാനേജരായിരുന്നു. അക്കാലത്തെ മികച്ച ഉദ്യോഗമാണത്. അദ്ദേഹമാണ് കൂടുതല്‍ ധനം സമ്പാദിച്ചതും തെണ്ടിയത്ത് തറവാടിന്റെ വലിയ ഭൂസ്വത്തിന് സ്രോതസ്സായതും.
ഇട്ടിമായമ്മയുടെ ഭരണകാലത്ത് 30 ഏക്കറിലധികം ഭൂസ്വത്തുണ്ടായിരുന്നു തെണ്ടിയത്ത് തറവാടിന്. 14 കുടികിടപ്പുകാര്‍. ജന്മിത്വ വ്യവസ്ഥിതിയുടെ ഒരു ഭാഗം. തെങ്ങും മാവും പ്ലാവും നിറഞ്ഞ ഫലഭൂയിഷ്ടമായ ഭൂമി. വരുമാനത്തിന്റെ വലിയൊരു ഭാഗം ഇതില്‍നിന്ന്. തറവാടിന്റെ 4 കിലോമീറ്റര്‍ ദൂരപരിധിയില്‍ പലയിടങ്ങളിലായി ഈ ഭൂമിയുണ്ടായിരുന്നു. ഇവ കാത്തുസൂക്ഷിക്കാന്‍ ഒരു വീട് വെക്കാനുള്ള അനുവാദം കൊടുക്കല്‍ അന്ന് സര്‍വസാധാരണം. സാധാരണക്കാരന് സ്വന്തം ഭൂമി പാടില്ല! തറവാട്ടില്‍ പണികള്‍ക്ക് പുറമെ പുറംപണികളും ചെറിയ കച്ചവടങ്ങളും ചെയ്ത് ജീവിക്കുന്നവരായിരുന്നു ഈ ഭൂരഹിതര്‍. 1959-ലെ ഭൂ നിയമപ്രകാരം ഒരേക്കര്‍ 40 സെന്റ് ഭൂമി ഇവര്‍ക്ക് കൊടുക്കേണ്ടി വന്നു.
നാരായണന്‍ നായരുടെ സഹോദരി മീനാക്ഷി എന്ന അമ്മിണി അമ്മയ്ക്ക് മൂന്ന് മക്കളായിരുന്നു.മാധവിക്കുട്ടി, ബാലകൃഷ്ണന്‍, കാര്‍ത്ത്യായനി. പില്‍ക്കാലത്ത് ടീച്ചര്‍ എന്ന നിലയില്‍ ഖ്യാതി നേടിയ കാര്‍ത്ത്യായനി അമ്മ, ഇട്ടിമായമ്മയുടെ മനോധൈര്യം പാരമ്പര്യമായി കിട്ടിയ ആളാണ്. സ്ത്രീകള്‍ പഠിക്കണ്ട, ജോലിക്ക് പുറത്ത് പോകരുത് എന്നീ പഴയകാല വ്യവസ്ഥിതിക്കെതിരെ പൊരുതി ജയിച്ച ആളാണ്. 1930-ല്‍ ജനിച്ച എം.ടിയുടെ കാര്‍ത്ത്യായനി ഓപ്പു. ഇവരുടെ കാലം കഴിയും വരെ എം.ടി. സ്ഥിരം ഓടിയെത്താറുള്ള ഇടമായിരുന്നു അത്.
ഇട്ടിമായമ്മയും കാര്‍ത്ത്യായനി ടീച്ചറും ഒരു കാലഘട്ടത്തിലെ സ്ത്രീശക്തിയുടെ പ്രതീകങ്ങളാണ്. ലക്ഷ്മികുട്ടിഅമ്മക്ക് ഒരു മകള്‍ മാത്രം- പ്രേമ. ഇട്ടിമായമ്മയുടേതുപോലെതന്നെ പെണ്‍മക്കളുടെ വൈവാഹിക ജീവിതം അധികകാലം നീണ്ടുനിന്നില്ല. അന്നത്തെ പുരുഷ മേധാവിത്വത്തിന്റെ നിത്യസ്മാരകങ്ങളെപ്പോലെ ആര്‍ക്കോ വേണ്ടി ജീവിതം തളളി നീക്കിയവര്‍.
കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ അത്ഭുതാവഹമാകുന്നത് ഇത്തരം സ്ത്രീജീവിതത്തെ ഓര്‍ത്തെടുക്കുമ്പോഴാണ്. അന്നത്തെ പുരുഷമേധാവിത്വത്തിന്റെ ബലിയാടുകളായ നായര്‍ സ്ത്രീകള്‍ എന്ന് തന്നെ പറയാം.
നാരായണന്‍ നായരുടെ മാടത്ത് തെക്കേപ്പാട്ട് പ്രവേശാനന്തരം, തെണ്ടിയത്ത് തറവാടുമായി ഒരുപാട് വൈവാഹികബന്ധമുണ്ടായി. മൂത്തമകന്‍ എം.ടി. ഗോവിന്ദന്‍ നായര്‍ അമ്മിണിഅമ്മയുടെ മകള്‍ മാധവിക്കുട്ടിഅമ്മയെ വിവാഹം കഴിച്ചു. അദ്ദേഹം അന്ന് ഹൈസ്‌കൂള്‍ മാഷായിരുന്നു. പുന്നയൂര്‍കുളത്ത് ഗോവിന്ദപുരം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹകര്‍മ്മങ്ങള്‍. രാത്രിയായിരുന്നു മുഹൂര്‍ത്തം. രണ്ടാമത്തെ മകന്‍ ബാലകൃഷ്ണന്‍ എന്ന എം.ടി.ബി. നായര്‍, മാധവന്‍ നായരുടെ മകള്‍ പത്മാവതിയെ വിവാഹം കഴിച്ചു. മൂന്നാമത്തെ മകന്‍ എം.ടി.എന്‍. നായര്‍ വിവാഹം കഴിച്ചത് ലക്ഷ്മികുട്ടിയമ്മയുടെ മകള്‍ പ്രേമയെയാണ്, നാരായണന്‍ നായരുടെ മരുമക്കള്‍. മുറപ്പെണ്ണ് എന്ന സങ്കീര്‍ത്തനത്തിന്റെ നേര്‍പ്പതിപ്പാണ്, എം.ടി സഹോദരന്‍മാരുടെ വൈവാഹിക ബന്ധം; എം.ടി വാസുദേവന്‍ നായരൊഴിച്ച്.
എം.ടിയിലെ എഴുത്തുകാരനെ ഉണര്‍ത്തുന്നതില്‍ പുന്നയൂര്‍ക്കുളത്തിന് വലിയ പങ്കുണ്ട്- അദ്ദേഹത്തിന്റെ ചെറിയച്ഛന്‍മാരായ മാധവന്‍ നായരും ഗോവിന്ദന്‍ നായരും കലാബോധമുളളവരായിരുന്നു. ഗോവിന്ദന്‍ നായര്‍ നാടകങ്ങളില്‍ അക്കാലത്ത് അഭിനയിക്കാറുണ്ട്. മാധവന്‍ നായര്‍ മികച്ച വായനക്കാരനും കലാസ്വാദകനുമായിരുന്നു. ഒരു പുസ്തകശേഖരം അന്നേ ഉണ്ടായിരുന്ന തറവാടാണ് പുന്നയൂര്‍ക്കുളം. ജയകേരളം പോസ്സലായി വരുത്തുന്ന പതിവുണ്ടായിരുന്നു, ആനന്ദവികടന്‍ എന്ന തമിഴ്മാസികയും. പുന്നയൂര്‍കുളത്തിന്റെ മനസ്സ് എന്നും കലാപ്രസ്ഥാനങ്ങളുടെ പിറകെയാണ്. എലിയങ്ങാട്ട് കോവിലകം അതിനെ പ്രോത്സാഹിപ്പിച്ചിരുന്ന കാലഘട്ടമായിരുന്നു. അവരായിരുന്നു നാടുവാഴികള്‍, ബ്രിട്ടീഷ് ഭരണകാലത്ത്. വീടുകളില്‍ പാട്ട് പഠിക്കുക, ഡാന്‍സ് പഠിക്കുക എന്നിവക്ക് അന്നും അദ്ധ്യാപകരുണ്ടായിരുന്നു. തെണ്ടിയത്ത് തറവാട്ടിലും സംഗീതം പഠിക്കാന്‍ സൗകര്യം ഉണ്ടായിരുന്നു.
കാര്‍ഷിക വരുമാനമായിരുന്നു പ്രധാനം. അത് കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും സ്ഥലഭേദമില്ലാതെ പിന്‍തുടര്‍ന്നിരുന്ന പാരമ്പര്യമാണ് - വിദ്യാഭ്യാസവും ജോലിയും ഉളള വ്യക്തികള്‍ വളരെ പരിമിതമായിരുന്നു. അക്കാര്യത്തില്‍ രണ്ടും ഒരുപോലെ കൊണ്ടുപോയിരുന്ന ഒരു തറവാടായിരുന്നു തെണ്ടിയത്ത്. ഇട്ടിമായമ്മയായിരുന്നു കൃഷിയിടങ്ങള്‍ നോക്കിനടത്തിയിരുന്നത്. നെല്‍കൃഷി കൊണ്ട് ഒരുവര്‍ഷത്തെ ആഹാരത്തിനും മറ്റ് വരുമാനത്തിനും വഴി കണ്ടിരുന്ന കാലം. ഇട്ടിമായമ്മ കൃഷിയിടങ്ങളില്‍ പോയി പണിയെടുക്കുമായിരുന്നു. അവര്‍ക്ക് വിശ്രമിക്കാന്‍ വയല്‍ നടുവില്‍ ഒരു വൃക്ഷം വെച്ചു പിടിപ്പിച്ചു. അതിനു ചുറ്റും മണ്ണിട്ട് തൂര്‍ത്ത് ഒരു വിശ്രമത്തറയാക്കി. അമ്മത്തറ എന്നായിരുന്നു അതിന്റെ പേര്.
എം.ടി. പാലക്കാട് വിക്ടോറിയയില്‍ പഠിക്കുമ്പോഴും കോഴിക്കോട്ട് എം.ബി. ട്യൂട്ടോറിയലില്‍ അധ്യാപകനായിരുന്നപ്പോഴും പുന്നൂയൂര്‍കുളത്ത് ഇടക്കിടെ വന്ന് താമസിക്കുമായിരുന്നു. വിക്ടോറിയയില്‍ പഠിക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ അമ്മ മരിക്കുന്നത്. 1953-ല്‍. 56-ാമത്തെ വയസ്സില്‍. ജനനം 1897-ലായിരുന്നു. പുന്നയൂര്‍ക്കുളത്തിന്റെ സമീപപ്രദേശമായ തളിക്കുന്നത്ത് വില്ലേജ് അസിസ്റ്റന്റ് ആയി ഒരാഴ്ച ജോലി ചെയ്തു. പിന്നെ ഉപേക്ഷിച്ചു.
ബാല്യകൗമാരദശകളിലെല്ലാം പുന്നയൂര്‍കുളത്ത് പലപ്പോഴും വന്ന് താമസിച്ചതിനാല്‍ ഈ പ്രദേശത്തെ മനുഷ്യജീവിതത്തിന്റെ താളങ്ങളും താളപ്പിഴകളും സൂക്ഷ്മമായി മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ഓപ്പോള്‍ എന്ന കഥയുടെ ബീജം പുന്നയൂര്‍കുളത്തുനിന്നാണ്, അതിലെ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരുന്നവരും തറവാടുമായി ബന്ധപ്പെട്ടവരുമായിരുന്നു. എക്കാലത്തും വായനക്കാരുടെ മനസ്സിനെ കീഴ്‌പ്പെടുത്തിയിട്ടുളള നിന്റെ ഓര്‍മ്മക്ക് എന്ന കഥയിലെ ലീല എന്ന പെണ്‍കുട്ടി ഇതേ തറവാട്ടിലാണ് ആറ് മാസത്തോളം താമസില്ലിരുന്നത്. ലീല പുന്നയൂര്‍ക്കുളത്തെ രാമരാജ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്, കാര്‍ത്ത്യായനിയമ്മയും മാധവിക്കുട്ടിയും മുതിര്‍ന്ന ക്ലാസുകളില്‍ ഇതേസമയം അവിടെ പഠിച്ചിരുന്നു.
എം.ടിയുടെ അച്ഛന്‍ നാരായണന്‍ നായരുടെ ആത്മമിത്രമായിരുന്നു മുടപ്പിലാവില്‍ ചാത്തുകുട്ടിനായര്‍. രോഗിയെക്കണ്ടാല്‍ മരണസമയം മുന്‍കൂട്ടി പ്രവചിച്ചിരുന്ന വ്യക്തി. നാരായണന്‍നായരുടെ മരണസമയവും അദ്ദേഹം തന്നെയാണ് പറഞ്ഞത്. വിലാപയാത്ര എന്ന നോവലിന്റെ പശ്ചാത്തലം, ഈ മരണവും അതിനോടനുബന്ധമായ ചിന്തകളുമാണ്. പുന്നയൂര്‍കുളത്തിന്റെ പശ്ചാത്തലത്തിലാണ് വിലാപയാത്ര എന്ന നോവല്‍. അച്ഛന്റെ മരണമാണ് പ്രമേയം. അത് സിനിമയായപ്പോള്‍ കുറേ മാറ്റങ്ങള്‍ വന്നു. ചാത്തുക്കുട്ടിനായര്‍ക്ക് സിനിമയില്‍ കുതിരവട്ടം പപ്പുവാണ് ജീവന്‍ നല്‍കിയത് അത് ഒരു ഹാസ്യകഥാപാത്രമല്ല. നാട്ടിന്‍പുറത്തിന്റെ നന്മയുള്ള ഒരു നല്ല വ്യക്തിയാണ്.
കര്‍ക്കിടകത്തിലെ ശങ്കുണ്ണി ഏട്ടന്‍ തെണ്ടിയത്ത് തറവാട്ടിലെ ഒരു അകന്ന ബന്ധുവാണ് ഭക്ഷണപ്രിയന്‍, വളരെ പ്രായം ചെന്നിട്ടാണ് വിവാഹം കഴിച്ചത്. പിന്നെ ഉപേക്ഷിച്ചു. എകനായി അവസാനം വരെ. രസികനായിരുന്നു അദ്ദേഹം.
നാരായണന്‍ നായരുടെ മരണശേഷം മാധവന്‍ നായരായിരുന്നു കാരണവര്‍. സ്വത്ത് സംബന്ധമായ ചില തര്‍ക്കങ്ങളും നീരസങ്ങളും മുളപൊട്ടിയ കാലം. ഇട്ടിമായമ്മ മക്കളില്‍നിന്ന് സ്വരൂപിച്ച ധനം കൊണ്ട് സ്വന്തം പേരിലാണ് പല ഭൂമികളും വാങ്ങിയത്. മരുമക്കത്തായ സമ്പ്രദായം അവസാനിച്ചപ്പോള്‍, ഇട്ടിമായമ്മയും നാരായണന്‍ നായരും മരിച്ചപ്പോള്‍ ബാക്കിവന്നവരുടെ മക്കളെല്ലാം മുതിര്‍ന്നവരായി- ഇട്ടിമായമ്മയുടെ ബുദ്ധിപൂര്‍വമായ നീക്കങ്ങള്‍ കാരണം അവരുടെ പേരില്‍ വാങ്ങിയ സ്വത്തുവഹകള്‍ രണ്ട് പെണ്‍മക്കള്‍ക്ക് കൊടുക്കേണ്ടി വന്നു.
അതിന്റെ തുടര്‍നീക്കങ്ങളില്‍ തറവാടും പരിസരപ്രദേശവും എം.ടി. ഗോവിന്ദന്‍നായരുടെ പത്‌നി മാധവിക്കുട്ടി അമ്മക്ക് വന്നുചേര്‍ന്നു, തെക്കേപ്പാട്ട് പത്തായപുരയില്‍ എഴുത്തിന്റെ നിറവിലേക്ക് നയിക്കാന്‍ മാധവിക്കുട്ടി എന്ന ഓപ്പു, എം.ടിക്ക് വലിയൊരു കൂട്ടായിരുന്നു. കാലാന്തരത്തില്‍ തറവാടും ശേഷിപ്പുകളും ചുറ്റുമുളളതും മാധവന്‍നായരുടെ പുത്രി ബാലാമണിക്ക് ഭാഗവിലയ്ക്ക് നല്‍കുകയാണുണ്ടായത്രേ; മാധവിക്കുട്ടി അമ്മയുടെയും പ്രേമയുടേയും ഓഹരികള്‍. പത്തായപ്പുര മരണം വരെ ആര്‍ക്കും നല്‍കാതെ മാധവന്‍ നായര്‍ കാരണവരായി തുടര്‍ന്നു.
മാധവന്‍ നായരുടെ മരണശേഷം മകള്‍ ബാലാമണി തറവാട് പൊളിച്ച് പുതിയൊരു വീടുപണിതു. കാലാന്തരത്തില്‍ അതും അസ്തമിച്ചു. കഥകള്‍ ഉറങ്ങുകയും ഉണരുകയും ചെയ്തിരുന്ന കാലഘട്ടത്തിന്റെ ഓര്‍മക്കുറിപ്പുകളായ പുന്നയൂര്‍ക്കുളത്തെ പല തറവാടുകളും പോലെ എം.ടിയുടെ പിതൃഗൃഹവും അസ്തമയം കണ്ടു. ശൂന്യമായ വിശാലമായ പറമ്പില്‍ വടക്കേകുളവും തെക്കേക്കുളവും കരിംകുട്ടിത്തറയും സര്‍പ്പക്കാവിലെ ചിത്രാടക്കല്ലുകളും ബാക്കി.
Content Highlights: MT Vasudevan Nair Paternal Life History article by his nephew T Mohan Babu
Published: 12 Aug 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented