മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ നമ്മോട് വിട പറഞ്ഞിട്ട് ആറുമാസം പിന്നിട്ടു. എങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹത്തിന്റെ എണ്ണമറ്റ കഥകളും നോവലുകളും സിനിമകളും ലേഖനങ്ങളും പത്രാധിപക്കുറിപ്പുകളും പ്രഭാഷണങ്ങളും ഇവിടെ ഇപ്പോഴും ജീവിക്കുന്നു. അനേകലക്ഷങ്ങളുടെ മനസില്‍ എം.ടിയുടെ മരണമില്ലാത്ത സ്മരണകള്‍ ഇപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്നു. എം.ടിയുടെ ജന്മദിനമാണിന്ന്. എം.ടിയുടെ പ്രിയപ്പെട്ടവരൊക്കെ ഈ ദിനത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുന്നു. എം.ടി. അനശ്വരനായി ആസ്മൃതികളിലൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നു. മൂന്നു പതിറ്റാണ്ടിലേറെയായി എം.ടി.യുടെ തട്ടകമായിരുന്ന തിരൂര്‍ തുഞ്ചന്‍പറമ്പില്‍ അദ്ദേഹവുമായി നേരിട്ടിടപഴകിയിരുന്നവരില്‍ ചിലര്‍ അദ്ദേഹത്തിന് ഈ ജന്മദിനത്തില്‍ ഓര്‍മ്മകളുടെ നൊമ്പരവുമായി വാക്കുകള്‍ കൊണ്ടും പ്രാര്‍ഥന കൊണ്ടും സ്മരണ പുതുക്കുകയാണിവിടെ.

To advertise here,

 

placeholder
ഡോ.മുരളീധരന്‍

ഏല്‍പ്പിച്ച ഒരു ദൗത്യം ഇപ്പോഴും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല
ഡോ.മുരളീധരന്‍

(തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗം, ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ കോട്ടക്കല്‍ ആര്യവൈദ്യശാല) 

തിരൂര്‍: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ തുഞ്ചന്‍ സ്മാരകട്രസ്റ്റില്‍ അംഗമായി പ്രവര്‍ത്തിച്ചുവരുന്നു.എം.ടി സാര്‍ കനിഞ്ഞു നല്‍കിയ ഒരു സൗഭാഗ്യ പത്രമായി ഞാനിതിനെ കാണുന്നു. 

തുഞ്ചന്‍ സ്മാരക ട്രസ്റ്റില്‍ അംഗമാക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ അദ്ദേഹവുമായി അടുത്തിടപഴകാന്‍ അവസരങ്ങളുണ്ടായിട്ടുണ്ട്. കോഴിക്കോടുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം വാരിയര്‍, പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ എം.ടി രാമകൃഷ്ണന്‍ എന്നിവരോടൊപ്പം അദ്ദേഹത്തിന്റെ അന്ത്യനാളുകളിലൊന്നില്‍ സന്ദര്‍ശിക്കുകയുണ്ടായി.

കോട്ടയ്ക്കല്‍ എന്ന ഒരു വാക്ക് മാത്രം പറഞ്ഞ്, ഞങ്ങളുടെ കൈകള്‍ മുറുകെ പിടിച്ചുകിടന്ന ഏതാനും മിനിറ്റുകൾ, ജീവന്‍ തുടിക്കുന്ന കൈകളില്‍ നിന്നു കിട്ടിയ അനുഗ്രഹമായി കരുതുന്നു. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം ഫോണിലൂടെയെങ്കിലും അഭിവാദ്യങ്ങള്‍ വിനയപൂര്‍വ്വം അര്‍പ്പിക്കാറുണ്ടായിരുന്നു. 'സന്തോഷം' എന്ന ഒറ്റവാക്കിലാവും മറുപടി.

മാതൃഭൂമി ആദ്യമായി പ്രസിദ്ധീകരിച്ച എന്റെ പുസ്തകം പ്രകാശനം ചെയ്തത് സുകൃത സമ്പന്നമായ അദ്ദേഹത്തിന്റെ കൈകളായിരുന്നു. ആ പുസ്തകത്തിന് ലഭിച്ച പൊന്‍സ്പര്‍ശം.

മകന്‍ വിഷ്ണുവിന്റെ വിവാഹ സത്ക്കാരത്തില്‍ മുഴുവന്‍ സമയവും സന്നിഹിതനായിരുന്നു അദ്ദേഹം.
ഞാന്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു മനോവൃഥയുണ്ട്. അദ്ദേഹം ഏല്‍പ്പിച്ച ഒരു ദൗത്യം ഇപ്പോഴും 
എനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ സംഭാഷണമധ്യേ അദ്ദേഹം പറഞ്ഞു.

'മഹാഭാരതത്തിലും രാമായണത്തിലും ഒക്കെ വൈദ്യസംബന്ധമായ കുറെ റഫറന്‍സുകള്‍ ഉണ്ട്. അത് പഠിച്ച് ക്രോഡീകരിച്ചു വയ്ക്കുന്നത് നല്ലതാണ്.'  ഞാനല്ലെങ്കിലും മറ്റാരെങ്കിലും ആ വാക്കുകളുടെ വഴിയെ പോയേക്കും എന്നാണ് എന്റെ വിശ്വാസം.

എന്നെയൊഴിച്ച് വീട്ടിലെ എല്ലാ കുട്ടികളെയും എം ടി സാറാണ്എഴുത്തിനിരുത്തിയത്- 
സുലോചന എം കൃഷ്ണ

(ബാലസാഹിത്യകാരിയും തുഞ്ചന്‍ ബാലസമാജം വായനശാലയിലെ ലൈബ്രേറിയനുമായ ബീന മേലഴിയുടെയും പൂതേരി വീട്ടിലെ മുരളീധരന്റെയും മകളും ബി എഡ് വിദ്യാര്‍ഥിനിയുമാണ്)

placeholder
തിരൂര്‍: എന്നെയൊഴിച്ച് വീട്ടിലെ എല്ലാ കുട്ടികളെയും എം.ടി സാറാണ് എഴുത്തിനിരുത്തിയത്. എന്നെ എഴുത്തിനിരുത്തിയ വര്‍ഷത്തെ വിജയദശമിയ്ക്ക് അദ്ദേഹം തുഞ്ചന്‍പറമ്പില്‍ വന്നില്ല. ജര്‍മ്മനിയില്‍ പോയതായിരുന്നു. അത് പിന്നെപ്പിന്നെ കുഞ്ഞുമനസിലെ വല്യ സങ്കടമായി മാറി. ഒരിക്കല്‍ അദ്ദേഹം തുഞ്ചന്‍പറമ്പിലുള്ളപ്പോള്‍ ഇതിനെപ്പറ്റി അച്ഛനും അമ്മയും സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഒന്നുകൂടി എഴുത്തിനിരുത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അഞ്ചാം വയസിലെ വിജയദശമിക്ക് തുഞ്ചന്‍ സ്മാരകത്തിലെ ഓഫീസില്‍വെച്ച് എന്നെ രണ്ടാമത് എഴുത്തിനിരുത്തിയത് വല്ലാത്തൊരു അനുഭവമായി. അദ്ദേഹം തുഞ്ചന്‍പറമ്പില്‍ വരുമ്പോഴെല്ലാം അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. കുട്ടികളെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു അതിനാലാണ് അദ്ദേഹം തുഞ്ചന്‍ ബാലസമാജം സ്ഥാപിച്ചത്. ഇത് കുട്ടികളുടെ സര്‍ഗ്ഗശേഷി വളര്‍ത്താനുള്ള അവസരമൊരുക്കും.

ആ ജന്മനാളും മരണനാളും അമരനാളും കാലം അടയാളപ്പെടുത്തിവെച്ചിരിക്കുന്നു-
ആലങ്കോട് 

placeholder
ആലങ്കോട് ലീലാകൃഷ്ണൻ

എം.ടിയുടെ വീട്ടില്‍ പിറന്നാള്‍ ദിനത്തില്‍ നിരവധി പേര്‍ എത്താറുണ്ട്. സ്ഥിരമായി എത്തുന്നവരില്‍ ചിലരെ എനിക്കറിയാം. ചിലര്‍ വഴിപാട് കഴിച്ച പ്രസാദവുമായെത്തും ചിലര്‍ പ്രസാദം തപാലില്‍ അയക്കും. ഞാനും കുറേക്കാലം ജന്മനക്ഷത്രത്തിലോ വീട്ടില്‍ പോകാറുണ്ടായിരുന്നു. എന്നാല്‍ എം.ടിക്ക് പിറന്നാള്‍ ആഘോഷിക്കുന്ന ശീലമുണ്ടായിരുന്നില്ല. എം.ടിയുടെ ആയിരക്കണക്കിന് വായനക്കാര്‍ പിറന്നാള്‍ ആഘോഷമാക്കിയിരുന്നു. കുട്ടിക്കാലത്തും പിറന്നാള്‍ ആഘോഷിക്കാറില്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. നല്ല ആരോഗ്യമുള്ള കാലത്ത് എം.ടി.ജന്മനക്ഷത്ര ദിവസം മൂകാംബികയില്‍ പോകാറുണ്ടായിരുന്നു. കുറേക്കാലം അത് ശീലമാക്കി. വടക്കാഞ്ചേരിയിലെ ഒരു വായനശാല എം.ടിയുടെ 80-ാം പിറന്നാള്‍ ആയിരക്കണക്കിന് അളുകളെ വിളിച്ചു കൂട്ടി ആഘോഷിച്ചതല്ല. എങ്കിലും ആ കഥയവസാനിക്കുന്നതിങ്ങനെയാണ്. അപ്പോള്‍ കവിള്‍ തടത്തിലൂടെ കണ്ണീര്‍ ഒഴുകിയിരുന്നു, ഇടത്തെ പുരികത്തിന് മുകളില്‍ ചോരയും. ആ പിറന്നാള്‍ ദിവസം ഞാന്‍ കുളിച്ചിരുന്നില്ല അമ്മയെന്നെ നിര്‍ബന്ധിച്ചതുമില്ല. അതില്‍ പിന്നെ എത്രയോ പിറന്നാളുകള്‍ കടന്നുപോയി. ഇന്ന് അമ്മയും അമ്മാവനും മുത്തശ്ശിയുമില്ല. ഇരുട്ടു നുഴഞ്ഞു കയറുന്ന അന്തരീക്ഷത്തിലേക്ക് കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു നാളെ എന്റെ പിറന്നാളാണെന്ന്. എം.ടി എഴുതിയ എത്ര എത്രയോ കഥാപാത്രങ്ങള്‍ ഇങ്ങിനെ ആഘോഷിക്കാന്‍ കഴിയാതെ പോയ പിറന്നാളിനെ കുറിച്ചുള്ള വേദന പങ്കുവെച്ചിട്ടുണ്ട്. വാസുവേട്ടനില്ലാത്ത ജന്മദിനത്തില്‍ വിഷാദത്തോടെ ഞാനും അദ്ദേഹത്തെ ഓര്‍ക്കുന്നു. 

അദ്ദേഹമില്ലാത്ത തുഞ്ചന്‍ പറമ്പിലേക്കോ അദ്ദേഹത്തിന്റെ വീട്ടിലേക്കോ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ വരുമോയെന്നറിയില്ല. പക്ഷേ ഏകാന്തമായ മനസിന്റെ അക്ഷര ക്ഷേത്രത്തില്‍ അങ്ങ് മരിക്കുന്നില്ല. അങ്ങ് അമരനായി എല്ലാ കാലത്തുമുണ്ടാകും. അങ്ങയുടെ ജന്മനാളും മരണനാളും അമര നാളും കാലം അടയാളപ്പെടുത്തിവെച്ചിരിക്കുന്നു. കാലത്തിന്റെ പഞ്ചാംഗത്തില്‍ ആ അമര ദിവസം മലയാള ഭാഷയും മനുഷ്യനുമുള്ള കാലം വരെയുണ്ടാകും.

placeholder
പി.കെ.ഗോപി

എഴുത്തിന്റെ ജന്മാന്തര സിദ്ധിയുള്ള ഒരാല്‍മരം അവിടെയുണ്ടായിരുന്നു -പി.കെ.ഗോപി 

എഴുത്തിന്റെ ജന്മാന്തര സിദ്ധിയുള്ള ഒരാല്‍മരം അവിടെയുണ്ടായിരുന്നു.  സ്‌നേഹത്തിന്റെ പച്ചിലയും, താങ്ങുവേരുമുള്ള ഗുരുമരം. ജന്മദിനം കണക്കാക്കി അതിന്റെ വിശുദ്ധമായ തണലില്‍ അല്പനേരമിരിക്കാന്‍ എല്ലാ വര്‍ഷവും പോകാറുണ്ടായിരുന്നു. ഇക്കുറിയും പോവും. പുതിയ പുസ്തകം ജലാത്മകം ജന്മാവകാശം ആ ഫോട്ടോയ്ക്കു മുന്നില്‍ സമര്‍പ്പിച്ചു കൈകൂപ്പും. വാസുവേട്ടന്‍  മണ്‍മറഞ്ഞെന്നു വിശ്വസിക്കാന്‍ ഇപ്പോഴും മനസ്സിനു കഴിയുന്നില്ല. ഓര്‍മ്മകളില്‍ പുനര്‍ജ്ജനിക്കുന്ന എത്രയെത്ര ധന്യനിമിഷങ്ങള്‍.

 

placeholder
വേണുഗോപാല്‍

രണ്ടുപതിറ്റാണ്ടുകാലത്തെ ബന്ധം-
വേണുഗോപാല്‍ കൊല്‍ക്കത്ത

തിരൂര്‍: കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി വാസുവേട്ടനുമായി അടുത്ത സുഹൃത്ത് ബന്ധമുണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ വന്നാല്‍ കൂടെ യാത്ര, ഭക്ഷണം, താമസം. എം.ടിയെ പിറന്നാളിന് ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ആശംസ പറയുമ്പോള്‍ ഓ...സന്തോഷം എന്നു മാത്രമായിരുന്നു മറുപടി. പിറന്നാള്‍ സമ്മാനം കൊടുക്കണമെന്നാഗ്രഹിക്കാറുണ്ടായിരുന്നു എന്നാല്‍പിറന്നാള്‍ ആഘോഷിക്കാത്തതിനാല്‍ സമ്മാനം നല്‍കാനും അവസരം ലഭിച്ചില്ല അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ചെയ്ത സത്കര്‍മ്മങ്ങളും എന്നും സ്മരിക്കപ്പെടും.

placeholder
സി.രാധാകൃഷ്ണൻ

ഞാനെങ്ങനെ വാസുവേട്ടനെ മറക്കാന്‍!-
സി. രാധാകൃഷ്ണന്‍

എന്നെ സംബന്ധിച്ചിടത്തോളം വാസുവേട്ടന്‍ ഇല്ലാതായിട്ടില്ല. ഞാന്‍ ഇല്ലാതാവോളം ഇല്ലാതാവുകയും ഇല്ല. 
വല്ലതും എഴുതാന്‍ ഇരിക്കുമ്പോള്‍ വിശേഷിച്ചും ഓര്‍ക്കും. 

സാര്‍ത്ഥകമായ ആ ജന്മം മാതൃകയായി മുന്നില്‍ എപ്പോഴും. അമ്മ മരിച്ച ആണ്ടില്‍ ഞാന്‍ പിറന്നാള്‍ കഴിച്ചത് തുഞ്ചന്‍ പറമ്പിലായിരുന്നു. ഭക്ഷണം ഉപേക്ഷിച്ചുള്ള ഇരിപ്പറിഞ്ഞ് വാസുവേട്ടന്‍ പറഞ്ഞു: ഇവിടെ ഇരിക്കുന്നെങ്കില്‍ ഭക്ഷണം കഴിച്ചേ ഇരിക്കാവൂ. ആ പറച്ചിലിന് ശാസനയുടെ മൂര്‍ച്ചയുണ്ടായിരുന്നു. എന്റെ അമ്മയെ വാസുവേട്ടന്‍ ഒരിക്കലും കണ്ടിട്ടില്ലല്ലോ എന്ന് ഞാന്‍ വെറുതേ ആലോചിച്ചു. ഞാന്‍ പട്ടിണി ഇരിക്കുന്നത് അമ്മ പൊറുക്കില്ലായിരുന്നുവെന്ന് ചിന്തിച്ചപ്പോഴായിരുന്നു ഇത്. പിന്നെ ഞാനെങ്ങനെ വാസുവേട്ടനെ മറക്കാന്‍!