
'മരണം സുഖകരമാണ്, ശരീരം അണുക്കളായി അപ്രത്യക്ഷമാകുന്ന അവസ്ഥയാണ് മരണമെങ്കില്‍.'
(എം.ടി വാസുദേവന്‍ നായര്‍, ആള്‍ക്കൂട്ടത്തില്‍ തനിയേ)
ആള്‍ക്കൂട്ടത്തില്‍ തനിയേ മടങ്ങിയ മലയാളത്തിന്റെ മഹാഎഴുത്തുകാരനെ നിള ഒരിക്കല്‍ കൂടി പുണര്‍ന്നു, ബലിതര്‍പ്പണത്തിലൂടെ. നിളയുടെ കരയില്‍ നിളയെത്തൊട്ട് വളര്‍ന്ന മാടത്തു തെക്കേപ്പാട്ടെ ആ 'വാശിക്കാരന്‍ ബാലന്‍' വളര്‍ന്നു വലുതായി മലയാളസാഹിത്യത്തിലെ വടവൃക്ഷമായപ്പോഴും നിള ശാന്തമായി ആ വളര്‍ച്ചയ്‌ക്കൊപ്പം ഒഴുകി. പുഴക്കരയിലെ കാറ്റും പുഴയോരത്തെ മണ്ണും കാര്‍ഷിക സംസ്‌കൃതിയും മുപ്പതുകളിലെ കൂടല്ലൂരെന്ന കുഗ്രാമവും ഗ്രാമീണരായ മനുഷ്യരുടെ അശാന്തിയൊഴുകുന്ന മനസ്സുകളും ഭാവനയുടെ വളക്കൂറില്‍ അക്ഷരങ്ങളാക്കി മാറ്റിയ എം.ടി തന്നെ സ്വയം സമര്‍പ്പിച്ചത് നിളയ്ക്കായിരുന്നു. ആ സമര്‍പ്പണം അദ്ദേഹം വിടവാങ്ങിയ പതിനാറാം ദിവസം പൂര്‍ത്തിയായിരിക്കുകയാണ്.
'അറിയാത്ത ആഴങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന സമുദ്രങ്ങളേക്കാള്‍ അറിയുന്ന എന്റെ നിളാനദിയെയാണ് എനിക്കിഷ്ടം' എന്നു പ്രഖ്യാപിച്ച എം.ടി എന്നും
സ്മരിച്ചത് തന്റെ ഗ്രാമത്തിലൂടെ കവിഞ്ഞൊഴുകാതെ മനുഷ്യരുടെ വറുതിയ്‌ക്കൊരു അറുതി വരുത്തിക്കൊണ്ട് അറിഞ്ഞൊഴുകിയ നിളയെക്കുറിച്ചായിരുന്നു. 'കാലം' എന്ന നോവലില്‍ സേതുവിന്റെയും സുമിത്രയുടെയും ജീവിതാന്ധാളിപ്പുകളിലൂടെ ഇടനിലക്കാരിയായി വഴിഞ്ഞൊഴുകി ആ പുഴ. 'പള്ളിവാളും കാല്‍ച്ചിലമ്പും' പടുദാരിദ്യത്തിന്റെ ചിലമ്പൊലികള്‍ ആക്രോശത്തോടെ കേള്‍പ്പിച്ച പുഴക്കര. 'നിള' എന്ന് എം.ടി ആവേശത്തോടെ ആവര്‍ത്തിച്ചു വിളിച്ചതോടെ അത്രയും കാലമുണ്ടായിരുന്ന അവഗണനയുടെ മൂകതയില്‍ നിന്നും യൗവനയുക്തയായി മുടിയഴിച്ച് വശ്യമായി ഒഴുകിയ നിള. എം.ടി മലയാള സാഹിത്യത്തിന് എത്ര ആവേശമായിരുന്നോ അത്രയും ആവേശം നിളാനദിക്കരയിലെത്തിക്കാനും എം.ടി പരിശ്രമിച്ചു. പരിശ്രമം ഫലം കാണാതെ പിന്തിരിയുന്ന ശീലം എം.ടിക്കില്ലാത്തതിനാല്‍ നിള ഒരു സംസ്‌കാരമായി മാറാന്‍ മലയാളത്തിന് അധികം കാലം വേണ്ടി വന്നില്ല.
എം.ടി സാഹിത്യത്തിന്റെ അടിയൊഴുക്കുകള്‍ നിളയില്‍ ഭദ്രമായിരുന്നു. 'കടവ്' എന്ന സിനിമയില്‍ പുഴ ജീവിതത്തിന്റെ തന്നെ രൂപകമായി മാറുന്ന കാഴ്ച
ഒരുക്കിയത് എം.ടിയുടെ ഫ്രെയിമില്‍ നിന്നാണ്. ആവേശമായും അലതല്ലലായും കണ്ണീരായും ആഹ്ലാദമായും നിള എം.ടിക്കൊപ്പം ഒഴുകി, എം.ടി നിളയ്‌ക്കൊപ്പവും. സോളിറ്റിയൂഡ് ഈസ് മൈ മിസ്ട്രസ് എന്നു പ്രഖ്യാപിച്ചുകൊണ്ട് ഏകാന്തതയെ സ്വന്തമാക്കിയ എം.ടി ഏകാന്തതയേക്കാള്‍ മഹത്തായ സ്ഥാനം നല്‍കി നിളയ്ക്ക്. തന്റെ കരകള്‍ പുണര്‍ന്ന ജീവിതങ്ങളെ, മനുഷ്യാവേശങ്ങളെ, അസ്വസ്ഥതകളെ, ജീവിതകലഹങ്ങളെ, അഭിമാനത്തെ എം.ടിക്ക് ഒറ്റുകൊടുത്തു നിള. ആഴങ്ങളിലെ അന്ത:സംഘര്‍ഷങ്ങളെ മുങ്ങിയെടുത്തു നിവര്‍ന്ന് എം.ടി സൃഷ്ടിച്ച അക്ഷരവിസ്മയത്തിന്റെ മൗലികാവകാശം തന്റെ കൃതികളില്‍ ദൃശ്യമായും വികാരമായും ഉപമയായും രൂപകമായും നിളയ്ക്കു തന്നെ തിരിച്ചുനല്‍കി എം.ടി.

തന്റെ ദേശത്തിന്റെ കാര്‍ഷിക സംസ്‌കൃതിയെ എല്ലായ്‌പ്പോഴും പ്രകീര്‍ത്തിച്ചിരുന്നു എം.ടി. നിള സമ്പന്നമാക്കിയ വളക്കൂറുള്ള മണ്ണില്‍ വിളഞ്ഞ ആയിരം പറകള്‍ ഗ്രാമത്തിന്റെ വറുതിയകറ്റിയ കാലം മലയാളി ആര്‍ത്തിയോടെ വായിച്ചു. വള്ളുവനാട്ടുകാരുടെ 'നൊനമീമ്പത്തരവും' 'തോട്യാര'വും 'തെണ്ടിമയിസ്രേട്ടു'ം 'മഹാതൊളസൂറന്മാരു'ം മലയാളിക്ക് പ്രിയപ്പെട്ടതായി മാറി. ഒരു കുഗ്രാമമവും ഒരു ചെറുനഗരവുമാണ് തന്നെ സൃഷ്ടിച്ചതെന്ന് പറഞ്ഞുകൊണ്ട് കൂടല്ലൂരിനെയും കോഴിക്കോടിനെയും ഹൃദയംഗമമായ നന്ദിയോടെ സ്വന്തം ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയിരുന്നു എം.ടി. നിളയുടെ ജീവിതപരിസരം നീന്തിക്കയറിയ എം.ടി സര്‍ഗാത്മകതയുടെ പടവുകള്‍ അനായാസം കീഴടക്കി പ്രശസ്തിയുടെ ഉത്തുംഗത്തില്‍ നിലയുറപ്പിച്ചപ്പോഴും നിളയ്ക്കരികില്‍ സ്വന്തമായൊരിടമുണ്ടാക്കി. പുഴയിലേക്ക് നോക്കി എഴുതാനായി 'അശ്വതി' എന്ന പേരില്‍ വീടുവെച്ചു. ഏകാന്തത മോഹിപ്പിച്ചത്രയും തന്നെ നിളയും എം.ടിയെ തന്നിലേക്കലിയാന്‍ എല്ലായ്‌പ്പോഴും മോഹിപ്പിച്ചിരുന്നു.

കാലപ്രവാഹം പുഴകളോട് ചെയ്തതെല്ലാം നിളയ്ക്കും ബാധകമായ കാലംവന്നപ്പോള്‍ ഭാരതപ്പുഴക്കാര്‍ എം.ടിക്കരികിലേക്ക് ഓടിയെത്തി. നിളയ്ക്ക് സംരക്ഷണം വേണം. എം.ടി മുന്നില്‍ നിന്നാലേ പിന്നില്‍ ആളുകളുണ്ടാവൂ. അരമണിക്കൂര്‍ സംസാരിക്കാനായി താന്‍ ജനിച്ചകാലം തൊട്ട് കാണുന്ന പുഴയെക്കുറിച്ച് എം.ടി മണിക്കൂറുകള്‍ എടുത്ത് നോട്ടുകള്‍ തയ്യാറാക്കി. സംസാരിക്കുമ്പോള്‍ അബദ്ധമൊന്നും സംഭവിക്കരുതല്ലോ എന്നായിരുന്നു ആ വാഗ്മിയുടെ കരുതല്‍.
അക്ഷരങ്ങള്‍ തൊട്ടറിഞ്ഞ കാലംമുതല്‍ അംഗീകാരങ്ങളുടെ സുവര്‍ണഫലകങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടേയിരുന്ന എം.ടി മൗനത്തിന്റെ മറപറ്റി മിതത്വം പാലിച്ചപ്പോഴും മനസ്സുതണുക്കാനായി നിളയോരത്തുകൂടി ഏകാകിയായി നടന്നു. എം.എ റഹ്‌മാന്‍ തന്റെ ഡോക്യുമെന്ററിയില്‍ ആ നടത്തം പകര്‍ത്തി. തൊണ്ണൂറ്റിയൊന്ന് വര്‍ഷക്കാലം ഇവിടെ ജീവിച്ചതിന്റെ മഹത്തായ തെളിവുകള്‍ ബാക്കി വെച്ചുകൊണ്ട് നിളയുടെ 'അറിയുന്ന ആഴ'ങ്ങളിലേക്ക് ആ തിലോദകം ഒരിക്കല്‍ കൂടി മുങ്ങിനിവരുകയാണ്. നിള പതിവിലും ശാന്തമായി തന്നോടു ചേര്‍ത്തിരിക്കാം എം.ടിയെ.
Content Highlights: mt vasudevan nair 16th day of demise last rites at river nila
Published: 08 Jan 2025, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented