എം.പി വീരേന്ദ്രകുമാര്‍ ഓര്‍മയായിട്ട് അഞ്ചുവര്‍ഷമായിരിക്കുന്നു. അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മ്മകളും ചില ചിന്തകളും ഈയവസരത്തില്‍ കടന്നുവരികയാണ്. രാഷ്ട്രീയ നേതാവായിരുന്ന അദ്ദേഹത്തിന് വിയോജിപ്പ് എന്നതില്‍ യാതൊരു പുതുമയുമുണ്ടായിരുന്നില്ല. ഒരു പ്രത്യേകഘട്ടത്തില്‍ എനിക്ക് അദ്ദേഹത്തോട് ശക്തമായി വിയോജിക്കേണ്ടി വന്നു. പക്ഷേ ഞാന്‍ വിയോജിച്ചത് അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തുപിടിച്ച ഒരു കാര്യത്തിലായിരുന്നു; പ്ലാച്ചിമട പ്രക്ഷോഭത്തിന്റെ കാര്യത്തില്‍.
കഴിഞ്ഞുപോയ അക്കാര്യത്തിന്റെ വിശദാംശങ്ങള്‍ക്ക് ഇപ്പോള്‍ യാതൊരു പ്രസക്തിയുമില്ല. പക്ഷേ അദ്ദേഹം സൗഹൃദങ്ങളെ വിലമതിച്ചിരുന്ന വ്യക്തിയായിരുന്നു. സ്വന്തം സുഹൃത്തായി കരുതിയിരുന്ന എന്റെ വിയോജിപ്പ് അദ്ദേഹത്തെ വിഷമിപ്പിച്ചു എന്നെനിക്കറിയാമായിരുന്നു.
എന്റെ ഒറ്റപ്പെട്ട വിയോജിപ്പ് പ്രക്ഷോഭത്തെ തകിടം മറിക്കും എന്നൊന്നും അദ്ദേഹം കരുതിയിരിക്കാന്‍ വഴിയില്ല. പക്ഷേ ഒരു സുഹൃത്ത് അതുചെയ്തു എന്നത് അദ്ദേഹത്തെ വേദനിപ്പിച്ചു. എനിക്കതിന്റെ കുറ്റബോധവുമുണ്ടായിരുന്നു.
അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ഒളിച്ചുനടന്നിട്ടുണ്ട്. പക്ഷേ പ്രവൃത്തി കൊണ്ടോ വാക്കുകൊണ്ടോ മാതൃഭൂമിയുമായുള്ള എഴുത്തുകാരനെന്ന നിലയിലുള്ള എന്റെ ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊന്നും മാതൃഭൂമിയുടെ മേധാവിയായ അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. അങ്ങനെയുണ്ടാവില്ല എന്ന്
അദ്ദേഹവുമായുള്ള അതുവരെയുള്ള എന്റെ പരിചയം കൊണ്ട് എനിക്ക് തോന്നിയിരുന്നു. എങ്കിലും അത് അങ്ങനെ തന്നെ സംഭവിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി.
ഒ.കെ. ജോണി വീരേന്ദ്രകുമാറിനെപ്പറ്റിയുള്ള സ്മരണികയില്‍ എഴുതിയിരിക്കുന്ന ലേഖനത്തില്‍ ഒരു വാക്ക് ഉപയോഗിക്കുന്നുണ്ട്: 'തനിക്ക് സഹജമായ ജൈനദര്‍ശനത്തിന്റെ മാനവികത'. അദ്ദേഹത്തില്‍ ആ മാനവികതയോടൊപ്പം ഒരു യഥാര്‍ത്ഥ ജനാധിപത്യവാദിയുടെ സഹിഷ്ണുതയും ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാര സമ്പന്നനായ ഒരു വ്യക്തിയുടെ മാന്യതയും വിശാലഹൃദയവുമാണ് എന്നോടുള്ള പെരുമാറ്റത്തില്‍ ഞാന്‍ കണ്ടത്.
എനിക്ക് കുറ്റബോധമുണ്ടാകാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു- എന്റെ ജീവിതത്തിലെ ഏറ്റവും അനുഭവസമ്പന്നമായ ഒരു യാത്ര സാധ്യമാക്കിയത് വീരേന്ദ്രകുമാറായിരുന്നു.
2000-ല്‍, പൊറ്റെക്കാട് ആഫ്രിക്കയില്‍ സഞ്ചരിച്ച പാതയിലൂടെ ഒരു പുതിയ യാത്ര പോകാനുള്ള പദ്ധതി ഞാന്‍ അദ്ദേഹത്തിന് നല്‍കിയപ്പോള്‍ വളരെ ഉത്സാഹപൂര്‍വ്വമാണ് അതിന് പിന്തുണ തന്നത്. അദ്ദേഹത്തിലെ യാത്രാ സ്നേഹിയാണ് എന്നോട് പ്രതികരിച്ചത്. അതുകൂടാതെ സാഹിത്യസ്നേഹിയും. കാരണം എന്റെ യാത്രയുടെ പൊറ്റെക്കാടുമായുള്ള ബന്ധം അദ്ദേഹത്തെ വളരെ സന്തോഷിപ്പിക്കുന്നതായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ഉടന്‍ തന്നെ എന്റെ പദ്ധതി ശ്രേയാംസ്‌കുമാറടക്കമുള്ളവരോട് ചര്‍ച്ച ചെയ്യുകയും സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. നാലുമാസം നീണ്ടുനിന്ന
ആ യാത്ര എന്നെയൊരു നല്ല യാത്രക്കാരനാക്കുക മാത്രമല്ല ചെയ്തത്, ഒരു യാത്രയെഴുത്തുകാരന്‍ കൂടിയാക്കി. അതേക്കുറിച്ചായിരുന്നു ഞാന്‍ ആദ്യമായെഴുതിയ യാത്രാവിവരണം.
വീരേന്ദ്രകുമാറിന്റെ ഓര്‍മകള്‍ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തക സുഹൃത്തുമായി പങ്കുവെച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം ഉടന്‍ പറഞ്ഞു. 'ഞാന്‍ ആദരിക്കുന്ന വ്യക്തിയാണ് വീരേന്ദ്രകുമാര്‍. അദ്ദേഹം ഒരു Single dimensional വ്യക്തിയല്ല. പലതലങ്ങളില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം സ്ഫുരിച്ചു. കേരളത്തിലെ പല പ്രശസ്ത വ്യക്തികളെയും പോലെ വീരേന്ദ്രകുമാര്‍ Flat അല്ലായിരുന്നു. Flat എന്ന വാക്കിന്റെ ഈ വ്യംഗ്യത്തിന് മലയാളത്തിലൊരു വാക്ക് ഉണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. വിരസമായത് എന്നായിരിക്കാം ഒരു സാധ്യത. എന്റെ സുഹൃത്ത് ഒരു വാക്കു കൂടി ഉപയോഗിച്ചു. 'colourful personality'.

വീരേന്ദ്രകുമാര്‍ കൃത്യമായി അതായിരുന്നു. വാക്കുകളുടെയും ചിന്തകളുടെയും പ്രവര്‍ത്തികളുടെയും പ്രതികരണങ്ങളുടെയും ഒരു വര്‍ണ്ണരാശി അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു.
1980-കള്‍ വരെ പിന്നോട്ടുപോകുന്ന ഒരു ബന്ധമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. 80- കളില്‍ ഡല്‍ഹിയിലെ മാതൃഭൂമി ഓഫീസില്‍ വെച്ച് കണ്ടുമുട്ടിയുള്ള ബന്ധമായിരുന്നു അത്. ബൃഹത്തായ സൗഹൃദത്തിന്റെ ഉടമയായ വീരേന്ദ്രകുമാര്‍ എല്ലാവിധത്തിലും അദ്ദേഹത്തിനിളയവനായ എനിക്ക് തന്റെ സൗഹൃദം നല്‍കിയത് എന്തുകൊണ്ടായിരിക്കാമെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. അതിനെനിക്ക് ഒറ്റ ഉത്തരമേയുള്ളൂ. എനിക്ക് തന്ന സൗഹൃദം എന്നിലെ എഴുത്തുകാരനുള്ളതായിരുന്നു. കാരണം സോഷ്യലിസ്റ്റ് വിശ്വാസങ്ങളെയെന്നപോലെ തന്നെ എഴുത്തിനെയും വായനയെയും അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തുപിടിച്ചിരുന്നു.
രാഷ്ട്രീയമോ പ്ലാന്റേഷനോ മാധ്യമസ്ഥാപന നടത്തിപ്പോ ഒന്നും എഴുത്തും വായനയും പോലെ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. വാസ്തവത്തില്‍ തമ്മിലിണങ്ങാന്‍ ഒട്ടും എളുപ്പമില്ലാത്ത മേഖലകളെയാണ് അദ്ദേഹം സ്വന്തം ജീവിതത്തില്‍ ഏകോപിപ്പിച്ചത്.
രാഷ്ട്രീയവും പത്രപ്രസാധനവും സാഹിത്യവും തോട്ടവ്യവസായവും പരിസ്ഥിതിപ്പോരാട്ടവും തമ്മിലിണങ്ങുന്ന മേഖലകളല്ല. സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കേണ്ട ഒരു മാധ്യമ സ്ഥാപനത്തിന്റെ ഉടമസ്ഥത ഒരു രാഷ്ട്രീയ നേതാവിന് എങ്ങനെ ഭാരമാകാതിരിക്കും? ഒരു പ്ലാന്റേഷന്‍ ഉടമ പരിസ്ഥിതിപ്പോരാളിയായി മാറുന്നതും അമ്പരിപ്പിക്കുന്ന രൂപാന്തരമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മേഖലയായ സാഹിത്യമാവട്ടെ ഇവയ്ക്കെല്ലാം പുറത്ത് മറ്റൊരു ലോകത്താണ് സ്ഥിതിചെയ്യുന്നത്.
ഈ വ്യത്യസ്ത വ്യക്തിത്വങ്ങളോരോന്നിനെയും പൂര്‍ണമനസ്സോടെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം. അതായിരുന്നു അദ്ദേഹത്തെ എന്റെ സുഹൃത്ത് പറഞ്ഞ colourful വ്യക്തിത്വമാക്കിയത്.
എന്റെ ഓര്‍മ്മയില്‍ വീരേന്ദ്രകുമാര്‍ ഒരു പക്ഷേ ഏറ്റവും ആനന്ദം തേടിയതും അനുഭവിച്ചതും എഴുത്തിലും വായനയിലുമാണ്. സാഹിത്യമേഖലയില്‍ അദ്ദേഹത്തിന് ലഭിച്ച ഓരോ ബഹുമതിയും എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ഒരു പക്ഷേ കാംക്ഷിക്കുന്ന, അധികാരലബ്ധിയേക്കാള്‍ അദ്ദേഹത്തെ സന്തോഷിപ്പിച്ചു എന്നാണെനിക്ക് തോന്നുന്നത്.
അസൂയാവഹമായ സംഭാഷണ ചാതുര്യത്തിന്റെ, പ്രഭാഷണ ചാതുര്യത്തിന്റെ ഉടമയായിരുന്നു വീരേന്ദ്രകുമാര്‍. ഒരത്ഭുതമെന്തെന്നാല്‍ തത്വത്തിലെങ്കിലും മാതൃഭാഷ മലയാളമല്ലാത്ത ഒരു വ്യക്തിയാണ് മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായ വാഗ്മികളിലൊരാളും പുരസ്‌കൃതനും വായനക്കാര്‍ ആഘോഷിച്ചവനുമായ എഴുത്തുകാരനുമായി മാറിയത്. എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യമുണ്ട്- സമ്പന്ന പശ്ചാത്തലത്തിലും തന്റെ സോഷ്യലിസ്റ്റ് ചിന്താഗതിയേയും തോളോടുതോള്‍ ചേര്‍ത്തുനിര്‍ത്തിയ രീതി. തികച്ചും പരസ്പരവിരുദ്ധം എന്ന് വിവരിക്കാവുന്ന ഈ ജീവിത വീക്ഷണങ്ങളെ ചാഞ്ചാട്ടങ്ങളും സ്ഖലിതങ്ങളും കൂടാതെ, ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ചുകൊണ്ട് ഒന്നിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
സോഷ്യലിസം ഒരു പക്ഷേ അപ്രാപ്യമായ ലക്ഷ്യമാണ്. അതേസമയം സോഷ്യലിസം നീതിയും മനുഷ്യസ്നേഹവും നിറഞ്ഞ മനോഹരമായ ഒരാശയമാണ്. അദ്ദേഹം മുറുകെപ്പിടിച്ചത് ആ ആശയത്തിന്റെ അടിസ്ഥാന നന്മയിലാണ്. അദ്ദേഹത്തിന് മറ്റൊരു രാഷ്ട്രീയ വിശ്വാസിയാകാന്‍ കഴിയുമായിരുന്നു എന്ന് തോന്നുന്നില്ല.
വീരേന്ദ്രകുമാര്‍ ആര്‍ജ്ജിച്ച ബൗദ്ധികസമ്പത്തിന്റെയും ജീവിതസമീപനങ്ങളുടെയും അടിത്തൂണായി നിന്നത് അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് സ്വപ്നമാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സോഷ്യലിസം നേരിട്ട തകര്‍ച്ചയിലൂടെയും പിളര്‍പ്പുകളിലൂടെയും ഒരു സോഷ്യലിസ്റ്റായി അദ്ദേഹം പിടിച്ചുനിന്നു. തന്റെ മതേതര-ജനാധിപത്യ-ജനപക്ഷ-വിശ്വാസ സംഹിതകള്‍ക്കെതിരായുള്ള സംഭവവികാസങ്ങള്‍ക്ക് സാക്ഷി നില്‍ക്കേണ്ടിവന്നു. പക്ഷേ മരണം വരെ എം.പി. വീരേന്ദ്രകുമാര്‍ സോഷ്യലിസത്തെ കൈവിട്ടില്ല. അതൊരു രാഷ്ട്രീയ നേതാവിന്റെ നയതന്ത്രമായിരുന്നില്ല. ഹൃദയം കൊണ്ടും പ്രവൃത്തികൊണ്ടും ജനപക്ഷത്താണ് നിന്നത്. അനായാസമായാണ് അദ്ദേഹം എളിമയോടെയും സൗഹൃദത്തോടെയും ജനങ്ങള്‍ക്കിടയില്‍ നിന്നത്.
സമ്പത്തും സാമൂഹികാധികാരങ്ങളും ഉണ്ടാക്കിവെക്കുന്ന മൂടുപടങ്ങളെ നീക്കിക്കളഞ്ഞ് സാധാരണക്കാരിലൊരുവനായി പെരുമാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സമ്പത്തിന്റെയും അധികാരത്തിന്റെയും മൂടുപടങ്ങള്‍ പരസ്പരം പറ്റിപ്പിടിക്കുന്നവയാണ്. അദ്ദേഹം ആ പറ്റിപ്പിടിക്കല്‍ അനുവദിച്ചില്ല.
വീരേന്ദ്രകുമാറിന്റെ രചനകളെക്കുറിച്ച് അദ്ദേഹത്തെപ്പറ്റിയുള്ള സ്മരണികയില്‍ ഒ.കെ. ജോണി എഴുതിയത് കൃത്യമായ പ്രസ്താവനയാണ്. 'സദാ ജാഗരൂകനായ ഒരു ഇടതുപക്ഷ ചിന്തകന്റെ ഉത്കണ്ഠകളും പ്രത്യാശയും പ്രതിരോധവുമാണ് അദ്ദേഹത്തിന്റെ രചനകള്‍. ദന്തഗോപുരവാസിയായ വെറുമൊരെഴുത്തുകാരന്റെ പുസ്തകങ്ങളല്ല അവ. എക്കാലത്തും ഇടതുപക്ഷത്ത് നിലയുറപ്പിച്ച ആക്ടിവിസ്റ്റായ ഒരു പബ്ലിക് ഇന്റലക്ച്വല്‍ (പൊതുബുദ്ധിജീവി) തന്റെ സമൂഹത്തില്‍ നടത്തിയ ക്രിയാത്മകമായ ഇടപെടലുകളാണവ'.
അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതുകയും അദ്ദേഹം ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. സ്വേച്ഛാധിപത്യത്തെയും ഫാസിസത്തെയും അദ്ദേഹം ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് എതിര്‍ത്തു. പക്ഷേ ഇന്ത്യയ്ക്ക് കാലം പകുത്തുവെച്ചിരുന്നത് മറ്റൊന്നായിരുന്നു.
തന്റെ ജീവിതകാലത്ത് തന്നെ ഇന്ത്യയ്ക്കുവേണ്ടി താന്‍ കണ്ട സ്വപ്നങ്ങള്‍ മണ്ണടിയുന്നതിന് അദ്ദേഹം സാക്ഷി നില്‍ക്കേണ്ടിവന്നു. ഓര്‍മകളുടെ അഞ്ച് ആണ്ടുകള്‍ കടന്നുപോയിരിക്കുകയാണ്. വര്‍ത്തമാനകാല സമൂഹത്തില്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പ്രതികരിച്ച ആ മഹാന്‍ പക്ഷേ തന്റെ കാലശേഷവും ഗര്‍ജ്ജിക്കാന്‍ ആശയങ്ങളെ, കാഴ്ചപ്പാടുകളെ അക്ഷരങ്ങളാക്കിയാണ് വിട പറഞ്ഞിരിക്കുന്നത്. രേഖപ്പെടുത്തപ്പെട്ട പ്രത്യാശയായി സമൂഹത്തില്‍ നിലകൊള്ളുന്നു എം.പി വീരേന്ദ്രകുമാര്‍.
Content Highlights: mp veerendrakumar 5th death anniversary paul zacharia writes
Published: 28 May 2025, 06:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented