
ഖസാക്കിന്റെ ഇതിഹാസം ആദ്യം ഉദിച്ചത് ഡല്‍ഹിയിലെ ലോധി കോളനിയിലാണ്. ഞാന്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ താമസിച്ചത് ലോധി കോളനിയിലായിരുന്നു. വൈകാതെത്തന്നെ അത് വിട്ട് ലജ്പത് നഗറിലെ അമര്‍ കോളനിയിലേക്ക് താമസം മാറ്റി. എങ്കിലും പതിവായി ലോധി കോളനിയിലേക്ക് പോകുമായിരുന്നു. അവിടെ ഞങ്ങള്‍ക്ക് ഒരു ചെറിയ സാഹിത്യക്കൂട്ടായ്മയുണ്ടായിരുന്നു. ഡല്‍ഹി ലിറ്റററി വര്‍ക്ക് ഷോപ്പ് എന്നായിരുന്നു അതിന്റെ പേര്. സാഹിത്യത്തോടും സാഹിത്യകാരന്മാരോടുമുള്ള ഭ്രമം കാരണമായിരുന്നു അങ്ങനെയൊന്ന് രൂപവത്കരിച്ചത്.
അതിന്റെ സജീവപ്രവര്‍ത്തകര്‍ 'ഹിപ്പി' എന്ന നോവലിലൂടെ പ്രശസ്തനായ ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടും ഇന്ത്യന്‍ എക്‌സ്പ്രസിലെ ഗോവിന്ദന്‍കുട്ടിയും ബാലകൃഷ്ണന്‍ കീഴൂരും മോഹനന്‍ പെരുവനവും ജോണ്‍ മാത്യുവും പിന്നെ ഞാനുമായിരുന്നു. വേറെ ചിലരും അതിലുണ്ടായിരുന്നു. ടി.വി. കുഞ്ഞികൃഷ്ണനായിരുന്നു ഉപദേഷ്ടാവ്. എന്നെപ്പോലെ പലരും ലോധി കോളനിയിലായിരുന്നു താമസം. ഞങ്ങള്‍ എല്ലാവരും നല്ല വായനക്കാരും കുറേശ്ശെ എഴുതുന്നവരുമായിരുന്നു. ഇടയ്ക്കിടെ ഞങ്ങള്‍ ലോധി കോളനിയിലെ ഒരു ബര്‍സാത്തിയില്‍ ശീതകാലത്തെ തണുത്ത വെയിലില്‍ ഒത്തുചേര്‍ന്ന് സാഹിത്യം സംസാരിക്കുമായിരുന്നു.
ഒരിക്കല്‍ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ഞങ്ങള്‍ ചര്‍ച്ചചെയ്തു. ഞാനത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി വായിച്ചിരുന്നു. അടുത്തവര്‍ഷം അത് പുസ്തകമായിവന്നു. അതിന്റെ വായന എന്നെ അമ്പരപ്പിച്ചു. പുളിമരത്തിനു മുകളില്‍നിന്ന് ഇറങ്ങിവന്ന ഒരു യക്ഷിയെപ്പോലെ എന്നെ അത് പിന്തുടര്‍ന്നു. അതിലെ പല വാചകങ്ങളും ഞാന്‍ കാണാപ്പാഠം പഠിച്ച് ഉരുവിട്ടു. ഇതുപോലൊരു ഐതിഹാസിക നോവല്‍ എഴുതിയ വിജയനെ ആദരിക്കാനായി ഡല്‍ഹി ലിറ്റററി വര്‍ക്ക് ഷോപ്പ് ഖസാക്കിന്റെ ഇതിഹാസത്തിന് ഒരു പുരസ്‌കാരം നല്‍കാന്‍ ആഗ്രഹിച്ചു. അക്കാലത്ത് ഇന്നത്തെപ്പോലെ നാടുനീളെ എഴുത്തുകാര്‍ക്ക് അവാര്‍ഡുകള്‍ സംഭാവനചെയ്യുന്ന സാഹചര്യമുണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരു നോവല്‍മത്സരം നടത്താന്‍ തീരുമാനിച്ചു. ഖസാക്കിന്റെ ഇതിഹാസം ഒന്നാം സ്ഥാനത്തെത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും ശങ്കയുണ്ടായിരുന്നില്ല. തിരഞ്ഞെടുത്ത പത്ത് നോവലുകള്‍ ഞങ്ങള്‍ ഏതാനും സാഹിത്യകാരന്മാര്‍ക്കും സാഹിത്യവിമര്‍ശകര്‍ക്കും അയച്ചുകൊടുത്തു. ഞങ്ങള്‍ കരുതിയതുപോലെ ഖസാക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനത്തുവന്നത്.
ഡല്‍ഹി ലിറ്റററി വര്‍ക്ക് ഷോപ്പിന്റെ പ്രഥമപുരസ്‌കാരം ഒരു കാഷ് അവാര്‍ഡായിരിക്കണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ എല്ലാവരും നന്നെ ചെറിയ ഉദ്യോഗം നോക്കുന്നവരായിരുന്നു. ആരുടെ കൈയിലും പൈസയില്ലായിരുന്നു. അതുകൊണ്ട് ഒരു മെമന്റോ മാത്രം കൊടുത്ത് ഒ.വി. വിജയനെ ആദരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അപ്പോള്‍ ഞങ്ങളുടെ ഈ എളിയ പുരസ്‌കാരം വിജയന്‍ സ്വീകരിക്കുമോ എന്ന ആശങ്ക ഞങ്ങളില്‍ പലര്‍ക്കുമുണ്ടായി.
''നമുക്ക് വിജയനോട് ചോദിക്കാം.''
ഞങ്ങളില്‍ ഒരാള്‍ പറഞ്ഞു.
''വേണ്ടാ. നമുക്ക് പുരസ്‌കാരവുമായി വിജയനെ കാണാന്‍പോകാം. തീര്‍ച്ചയായും വിജയനത് സ്വീകരിക്കും.'' -മറ്റൊരാള്‍ പറഞ്ഞു. അത് ഞാനായിരുന്നു എന്നാണ് എന്റെ ഓര്‍മ. പിന്നീട് ആലോചിച്ചശേഷം വിജയനെ മുന്‍കൂട്ടി അറിയിക്കാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു.ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുമ്പോഴും പുസ്തകമായിവന്നിട്ടും ആരും ഖസാക്കിനെ ശ്രദ്ധിച്ചിരുന്നില്ല. വളരെ വൈകിയാണ് വിമര്‍ശകര്‍ അതിലെ മാസ്മരികത തിരിച്ചറിയാന്‍ തുടങ്ങിയത്. ഒരിടത്തും അതിനെക്കുറിച്ചുള്ള ഒരു നിരൂപണംപോലും വന്നുകണ്ടില്ല. നമ്മുടെ സാഹിത്യവിമര്‍ശകര്‍ ഖസാക്കിനെ കണ്ടെത്താന്‍ ധാരാളം സമയമെടുത്തു. ലോധി കോളനിയിലെ ബര്‍സാത്തിയില്‍ ഒത്തുചേരുന്ന ഞങ്ങള്‍ ചില യുവാക്കളാണ് ആദ്യമായി ഖസാക്കിനെ ഉയര്‍ത്തിക്കാണിക്കുന്നത്.
ജന്‍പഥിലെ ഹാന്‍ഡിക്രാഫ്റ്റ് എംപോറിയത്തില്‍നിന്നാണ് മെമന്റോ വാങ്ങിയത്. ഞങ്ങളെല്ലാവരും സ്വന്തം കൈയില്‍നിന്ന് കുറേശ്ശെ പൈസയെടുത്താണ് അതിനുള്ള തുക കണ്ടെത്തിയത്. ഞങ്ങള്‍ ബസില്‍ക്കയറി പുരസ്‌കാരസമര്‍പ്പണത്തിനായി കൊണോട്ട് പ്ലെയിസിലെ വിജയന്റെ സ്റ്റുഡിയോയിലേക്ക് പുറപ്പെട്ടു. കടലാസില്‍ ഭദ്രമായി പൊതിഞ്ഞ പുരസ്‌കാരം ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട് അമ്മ കുഞ്ഞിനെയെന്നപോലെ നെഞ്ചോട് ചേര്‍ത്തുപിടിച്ചുനിന്നു. ബസിലെ തിരക്കില്‍ അത് താഴെവീണ് ഉടയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. അവസാനം ബസില്‍നിന്നിറങ്ങി വിയര്‍ത്തുകുളിച്ച് ഞങ്ങള്‍ വിജയന്റെ സ്റ്റുഡിയോയിലെത്തി. അതൊരു ചെറിയ മുറിയായിരുന്നു. ചുമരില്‍ നീളത്തില്‍ പ്രശസ്തരും പ്രഗല്ഭരുമായ വ്യക്തികളുടെ പത്രങ്ങളില്‍നിന്ന് വെട്ടിയെടുത്ത ഫോട്ടോകള്‍ ഒട്ടിച്ചുവെച്ചിരുന്നു. നെല്‍സണ്‍ മണ്ടേലയും ചെഗുവേരയും കൂട്ടത്തിലുണ്ടായിരുന്നു. ''കാര്‍ട്ടൂണുകള്‍ വരയ്ക്കുമ്പോള്‍ ആ ഫോട്ടോകള്‍ സഹായിക്കും'' -വിജയന്‍ പറഞ്ഞു.
പുരസ്‌കാരത്തിന്റെ കാര്യം ഞങ്ങള്‍ നേരത്തേ വിജയനെ അറിയിച്ചിരുന്നുവല്ലോ. എങ്കിലും ആ മഹാസാഹിത്യകാരന്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക വിട്ടുമാറാതെനിന്നു. വിജയന്‍ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചു. എല്ലാവര്‍ക്കും ഇരിക്കാനുള്ള സ്ഥലമുണ്ടായിരുന്നില്ല. ഉള്ളസ്ഥലത്ത് ആരും ഇരുന്നതുമില്ല. വിജയനെ ഞങ്ങള്‍ അത്രയേറെ ബഹുമാനിച്ചിരുന്നു.
തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Content Highlights: M. Mukundan, Ente embassikkalam, O.V. Vijayan, Khasakkinte ithihasam, Delhi memories
Published: 18 Jun 2023, 01:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented