“ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ഒരു വാക്കുപോലുമുച്ചരിക്കാതെ മലയാളനോവല്ചരിത്രത്തെക്കുറിച്ച് ഒരാള്ക്കും ഒന്നും സംസാരിക്കാനാവില്ല”

‘ഖസാക്കിന്റെ ഇതിഹാസം’ സഞ്ചരിച്ച വഴികളെക്കുറിച്ചാണ് ഈ കുറിപ്പ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശഃയായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴും അതിനുശേഷം പുസ്തകരൂപത്തിൽ വന്നപ്പോഴും ആ നോവലിനെ മലയാളികൾ എങ്ങനെയാണ് സ്വീകരിച്ചത് എന്നതിനെക്കുറിച്ച് ഒരു തിരിഞ്ഞുനോട്ടം.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 1968 ജനുവരി 28-നാണ് ‘ഖസാക്കിന്റെ ഇതിഹാസം’ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഇരുപത്തിയെട്ട് അധ്യായങ്ങളോടെ ഓഗസ്റ്റ് 6-ന് നോവൽ അവസാനിക്കുകയും ചെയ്തു. നോവൽ പ്രസിദ്ധീകരിച്ചുവന്ന സമയത്ത് രണ്ടു കത്തുകൾ മാത്രമാണ് ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്നത്. നോവൽ അവസാനിച്ചപ്പോൾ മറ്റൊന്നും. യഥാക്രമം എസ്. ഗോപാലകൃഷ്ണനും ഒ.സി. സെബാസ്റ്റ്യനുമായിരുന്നു ആ കത്തുകൾ എഴുതിയത്.
ഖസാക്കിനെ അക്ഷരങ്ങളിലൂടെ ആദ്യമായി പ്രശംസിച്ച വായനക്കാരൻ എന്ന ചരിത്രപരമായ ഖ്യാതി എസ്. ഗോപാലകൃഷ്ണനുള്ളതാണ്. വായനക്കാർ എഴുതുന്നു എന്ന പംക്തിയിൽ (മാർച്ച് 3) അദ്ദേഹം ഖസാക്കിനെ ഇങ്ങനെ വിലയിരുത്തി: ''ഖസാക്കിന്റെ ഇതിഹാസകർത്താവായ വിജയൻ പാലക്കാട്ടുകാരനാണെന്നു ഞാൻ വിചാരിക്കുന്നു. കാരണം, പാലക്കാട്ടെ പ്രകൃതിഭംഗിയ്ക്കും അവിടുത്തെ ഈഴവരുടെ മലയാളത്തിനും രാവുത്തന്മാരുടെ തമിഴിന്നും ഒരു പ്രത്യേകതയുണ്ട്. അത് അപ്പടിതന്നെ പറയാൻ ഒരു പാലക്കാട്ടുകാരനു മാത്രമേ സാധിയ്ക്കൂ. പാലക്കാട്ടെ രാവുത്തന്മാരെ കേന്ദ്രമാക്കിയുള്ള കഥകൾ മലയാളത്തിൽ വിരളമാണ്. ഇക്കാര്യത്തിനു തുനിഞ്ഞ വിജയന് എന്റെ ആശംസകൾ. അദ്ദേഹത്തിന്റെ അവതരണരീതിക്ക് അവിടുത്തെ ഉച്ചക്കാറ്റിന്റെ ചൂടുണ്ട്. കൊഞ്ഞലുള്ള സംഭാഷണത്തിന്നു കരിമ്പനക്കരിക്കിന്റെ പുളിപ്പു കലർന്ന മാധുര്യമുണ്ട്.''
ഒ.സി. സെബാസ്റ്റ്യന്റെ കത്ത് (ഓഗസ്റ്റ് 11) ഇങ്ങനെയായിരുന്നു: ''ഇതിഹാസംതന്നെ, സംശയമില്ല. ഒരു പ്രദേശത്തിന്റെ ജീവചൈതന്യം ഊറ്റിയെടുത്ത് ഒറിജിനാലിറ്റിയുടെ ചഷകങ്ങളിൽ നിറച്ചുതരുന്ന ജാലവിദ്യ. ഖസാക്കിന്റെ വെളിമ്പറമ്പുകളും അസ്തമയകാന്തിയിൽ തിളങ്ങുന്ന ചെതലിമലയുടെ ചെമ്പൻനിറവും മനസ്സിന്റെ താളുകളിൽ വർണപ്പൊലിമയോടെ പതിയുന്നു. ഒരു വർഗത്തിന്റെ ജീവിതക്രമങ്ങളും ആചാര്യമര്യാദകളും ഇത്ര ഭംഗിയായി പകർത്തുന്ന നോവൽ സമീപകാലത്തെങ്ങും ഉണ്ടായിട്ടില്ല. പരിഷ്‌കാരം പ്രാപിക്കാൻ ഇനി യാതൊന്നുമില്ലെന്ന നിലയിലായിട്ടുണ്ട്, മാനവജീവിതം. പക്ഷേ, പരിഷ്‌കാരത്തിന്റെ പുറമ്പോക്കുഭൂമികൾ ഇന്നും തരിശാണ്. മന്ത്രവാദവും ആഭിചാരക്രിയകളും ഇന്നും പാലക്കാടൻ ജീവിതത്തിൽ സ്വാധീനത ചെലുത്തുന്നു. ഖസാക്കിന്റെ ഇതിഹാസം ഒരു താക്കീതാണ്. നോവലിലെ അപ്പുക്കിളി സാഹിത്യത്തിൽ പുതുമുഖമാണ്. അവന്റെ തനതായ വ്യക്തിത്വം അത്രയെളുപ്പം മായുകയില്ല. അഥവാ നാമെല്ലാം അപ്പുക്കിളികളാണെന്ന് ശ്രീമാൻ ഒ.വി. വിജയൻ വിളംബരം ചെയ്യുകയാണോ?'' നോവൽ പ്രസിദ്ധീകരിച്ചുവന്ന കാലത്ത് അത് എങ്ങനെയാണ് വായിക്കപ്പെട്ടത് എന്നതിന്റെ സൂചന ഈ കത്തുകളിലുണ്ട്.
വിജയൻതന്നെ വരച്ച മുഖചിത്രത്തോടുകൂടി തൃശ്ശൂർ കറന്റ് ബുക്‌സിൽനിന്നു ഖസാക്കിന്റെ ആദ്യപതിപ്പ് 1969 മാർച്ചിൽ പുറത്തുവന്നു. മെയ് മാസത്തിൽ യുഗരശ്മി മാസികയിൽ പി. കുട്ടികൃഷ്ണന്റെ ഖസാക്ക് നിരൂപണം പ്രത്യക്ഷപ്പെട്ടു എന്ന് ഖസാക്ക് പഠനങ്ങളിൽ കാണുന്നു. അങ്ങനെയെങ്കിൽ, ഖസാക്കിനെക്കുറിച്ചു മലയാളത്തിൽ വന്ന ആദ്യ നിരൂപണം അതായിരിക്കണം. 1969 സെപ്തംബറിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ വളരുന്ന സാഹിത്യം എന്ന പംക്തിയിൽ കെ.പി. നിർമ്മൽ കുമാറിന്റെ ഖസാക്ക് നിരൂപണം പ്രസിദ്ധീകരിച്ചു. 1969 അവസാനം കൗമുദി ആഴ്ചപ്പതിപ്പിൽ 'പ്രതിഭയുടെ ഉന്മാദസ്പർശമേറ്റ നോവൽ' എന്ന ശീർഷകത്തിൽ കെ.പി. അപ്പന്റെ ഖസാക്ക് വായനയും വെളിച്ചംകണ്ടു. അക്കാലത്തെ 'ഖസാക്ക് പ്രതിഭാസം' നിർമിക്കുന്നതിൽ ഈ ലേഖനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
''ഖസാക്കിന്റെ ഇതിഹാസം എന്ന അത്യന്തസുന്ദരമായ നോവലെഴുതി തന്റെ പ്രതിഭയെ പ്രകടിപ്പിച്ച കലാകാരനാണ് വിജയൻ'' എന്ന് സാഹിത്യവാരഫലത്തിന്റെ പതിനഞ്ചാം ഖണ്ഡത്തിൽ (മലയാളനാട് 1969 സെപ്തംബർ 14) എം. കൃഷ്ണൻ നായരുടെ ഒറ്റവരി പ്രശംസ പ്രത്യക്ഷപ്പെട്ടു. നാലുമാസം കഴിഞ്ഞപ്പോൾ കൃഷ്ണൻ നായരുടെ ഖസാക്ക്പ്രശംസ തുംഗപദത്തിലെത്തി: 'മലയാളത്തിലെ യുഗനിർമാണനോവലുകൾ ഇന്ദുലേഖ, രാമരാജബഹദൂർ, ബാല്യകാലസഖി, ഖസാക്കിന്റെ ഇതിഹാസം എന്നിവയാണ്' (മലയാളനാട്, 1971 ജനുവരി 24). അതിലും വലിയൊരു പ്രശംസ ഖസാക്കിനു ലഭിച്ചത്, പിന്നീട് മേതിൽ രാധാകൃഷ്ണനിൽനിന്നാണ്: ''ഇതിന്നപ്പുറത്ത് മലയാളത്തിൽ കവിതയില്ല'' എന്നതാണത്.
ജ്വാലമാസികയുടെ എട്ടാം ലക്കം (1971 ജൂലൈ) സവിശേഷമായ ഖസാക്ക് പതിപ്പായിരുന്നു. ആ ലക്കം ഇപ്പോൾ ആരുടെയെങ്കിലും കൈയിലുണ്ടോ എന്നറിയില്ല. 1970 ഒക്ടോബർ 29-നു ഖസാക്കിന്റെ ഇതിഹാസത്തിനു ഓടക്കുഴൽ അവാർഡ് പ്രഖ്യാപിക്കപ്പെട്ടു. എൻ.വി. കൃഷ്ണവാരിയർ ആയിരുന്നു അവാർഡ് നിശ്ചയിച്ച കമ്മറ്റിയുടെ അധ്യക്ഷൻ. 'മറ്റൊരു പുസ്തക'ത്തിനു അവാർഡ് നല്കിയാൽക്കൊള്ളാമെന്ന് ജി.യ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും എൻ.വിയുടെ സുശക്തമായ നിലപാട് അതിനെ മറികടന്നു. 1970 നവംബർ 5-നു എൻ.വിയ്ക്ക് അയച്ച കത്തിൽ ജി. എഴുതുന്നു: 'മറ്റേ പുസ്തകത്തിന്റെ കാര്യത്തിൽ എന്റെ ഹൃദയത്തിന് ഒരു ദൗർബല്യമുണ്ടായിരുന്നു. ഉണ്ട് എന്നു ഞാൻ മറച്ചുവെയ്ക്കുന്നില്ല. എന്നാലും വേണ്ടതുപോലെയാണ് എല്ലാം അവസാനിച്ചത്. കേരളത്തിലെ വെർജിൻമണ്ണുള്ള ഒരു തടത്തിൽ വേരൂന്നിയ അനുഭവങ്ങളുടെ മനോഹരമായ നവീനാവിഷ്‌കാരമാണ് വിജയന്റെ ഗദ്യകാവ്യം' (ഹൃദയത്തിന്റെ വാതായനങ്ങൾ, 1987).
1960 മുതൽ 70 വരെയുള്ള ദശകത്തിൽ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച മലയാളനോവലിനുള്ള ഡൽഹി സാഹിത്യശില്പശാലയുടെ അവാർഡ് 1971 ഒക്ടോബർ 28-നു ഖസാക്കിന്റെ ഇതിഹാസത്തിനു ലഭിച്ചു. ആ ദശകത്തിൽ കേന്ദ്ര സാഹിത്യ അക്കദമി അവാർഡ് നേടിയ അയൽക്കാർ, കാലം; കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഒരു വഴിയും കുറേ നിഴലുകളും, ഒരു തെരുവിന്റെ കഥ, മായ, നിഴൽപ്പാടുകൾ, ആത്മാവിന്റെ നോവുകൾ, ഏണിപ്പടികൾ, നിറമുള്ള നിഴലുകൾ, വേരുകൾ, അരനാഴികനേരം, ബലിക്കല്ല്, ആരോഹണം എന്നിവ ഉൾപ്പെടെയുള്ള ഒട്ടേറെ നോവലുകളെ മറികടന്നായിരുന്നു ആ പുരസ്‌കാരം. (ആ സംഘടനയുടെ പേരിൽ മറ്റൊരു അവാർഡ് അതിനുമുമ്പോ അതിനുശേഷമോ ആർക്കും ലഭിച്ചിട്ടില്ല എന്നത് വേറെകാര്യം.) ആ സന്ദർഭത്തിൽ ഇ. ഹരികുമാർ, ഓംചേരി എൻ.എൻ. പിള്ള, ടി.ഒ. കുഞ്ഞിക്കൃഷ്ണൻ, എം. മുകുന്ദൻ, കടമ്മനിട്ട രാമകൃഷ്ണൻ, ഏവൂർ പരമേശ്വരൻ, ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോട്, കെ. ദാമോദരൻ, ബാലകൃഷ്ണൻ കീഴൂർ, ജോൺ കെ. മാത്യു, പി.എം. രാജു, സി.ആർ. പരമേശ്വരൻ, പി.എൻ. രാധാകൃഷണൻ, പി.കെ. രാമൻ എന്നിവർ പങ്കെടുത്ത ഒരു നോവൽചർച്ച 'പുതിയ മലയാളനോവൽ' എന്ന ശീർഷകത്തിൽ ഡൽഹിയിൽ നടക്കുകയുണ്ടായി. അറിഞ്ഞിടത്തോളം അതാണ് ഏറ്റവുമാദ്യത്തെ ഖസാക്ക് സെമിനാർ.
പുതിയ തലമുറയ്ക്കും വരാൻ പോകുന്ന തലമുറകൾക്കും ഖസാക്കിന്റെ ഇതിഹാസം ഒരു വഴികാട്ടിയായിരിക്കുമെന്ന് ഓംചേരിയും ചവറുകൾ വായിച്ചുമടുത്ത വായനക്കാരന് വീണ്ടും വീണ്ടും അഭയം തേടാവുന്ന ഒരു വർണദ്വീപാണ് ഖസാക്ക് എന്ന് കെ. ദാമോദരനും ആ സെമിനാറിൽ അഭിപ്രായപ്പെട്ടു. ആധുനികമനുഷ്യനുമേൽ ഭീതിയുടെ നിഴൽവീഴ്ത്തുന്ന ശാസ്ത്രം ഒരു ഭാഗത്തും ജനിമൃതികളുടെ ഉത്തരം കണ്ടെത്തിയിട്ടില്ലാത്ത ശാശ്വതപ്രശ്‌നങ്ങൾ മറുവശത്തും നില്ക്കുമ്പോൾ സമീപയാഥാർത്ഥ്യങ്ങളെക്കുറിച്ച് എഴുതുക എന്നതുമാത്രമേ എഴുത്തുകാർക്ക് ചെയ്യാനുള്ളൂ എന്ന് വിജയൻ ആ സെമിനാറിൽ തന്റെ രചനാവീക്ഷണം അവതരിപ്പിച്ചു. ഖസാക്കിന് പിന്നീടൊരു പുരസ്‌കാരം കിട്ടുന്നത് ഇരുപത്തിയൊന്നു വർഷത്തിനു ശേഷമാണ്; 1992-ൽ മുട്ടത്തു വർക്കി അവാർഡ്.
ഇന്ത്യയിലെ നവീനസാഹിത്യത്തെ പരിചയപ്പെടുത്തുന്ന 'ന്യൂ റൈറ്റിംഗ് ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിലാണ് (എഡി. ആദിൽ ജുസ്സാവാല, 1974) ഖസാക്കിന്റെ ആദ്യ ഇംഗ്ലീഷ് വിവർത്തനം അപൂർണമായ വിധത്തിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. മതംമാറ്റം എന്ന ഇരുപത്തിരണ്ടാമധ്യായത്തിന്റെ വിവർത്തനമായിരുന്നു അത്. വിജയൻതന്നെയാണ് വിവർത്തകൻ. ദ സാഗാ ഓഫ് ഖസാക്ക് എന്ന പുസ്തകത്തിൽനിന്ന് എന്നാണ് ആ അധ്യായത്തിന്റെ ആമുഖവചനം. പിന്നീട് 1994-ൽ ദ ലെജന്റ്‌സ് ഓഫ് ഖസാക്കായി പേരുമാറിയ വിവർത്തനത്തിലെ 'ദ കൺവേർഷൻ' എന്ന അധ്യായം ന്യൂ റൈറ്റിംഗ് ഇൻ ഇന്ത്യയിലെ അതേ ശീർഷകത്തിലുള്ള അധ്യായത്തെ തിരുത്തിത്തിരുത്തി പരിഷ്‌കരിച്ചതാണ്. ഒരു ദശകത്തിലേറെ കാലമെടുത്താണ് മലയാളത്തിലെ ഖസാക്ക് തിരുത്തിത്തിരുത്തി ഉരുവപ്പെടുത്തിയത് എങ്കിൽ രണ്ടു ദശകമെടുത്താണ് അതിന്റെ ഇംഗ്ലീഷ് വിവർത്തനം പണിക്കുറ തീർത്തെടുത്തത് എന്നർഥം.
താൻ എഴുതാനുദ്ദേശിക്കുന്ന നോവൽത്രയത്തിന്റെ ആദ്യഭാഗമാണ് ഖസാക്കെന്ന് ന്യൂ റൈറ്റിങ് ഇൻ ഇന്ത്യയിൽ പ്രസിദ്ധീകരിച്ച വിവർത്തനത്തിന്റെ ആമുഖമായി വിജയൻ രേഖപ്പെടുത്തിയിരുന്നു. ആ നോവൽത്രയം പക്ഷേ, എന്തുകൊണ്ടോ പൂർത്തിയായില്ല. ഉടൻ പ്രസിദ്ധീകരിക്കുന്നു എന്ന് മലയാളനാട് വാരികയിൽ 1971-ൽ പ്രഖ്യാപിക്കപ്പെട്ട കടൽത്തിര എന്ന നോവലും വെളിച്ചംകണ്ടില്ല.
പുറത്തുവന്ന് ഒമ്പതാമത്തെ വർഷം ഖസാക്കിന്റെ യാത്രയിൽ ഒരു കരിനിഴൽ വീണു. 1977 നവംബർ 6-ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ജി.എൻ. പണിക്കരുടെ 'ബൻഗർവാടിയുടെ ഇതിഹാസം' എന്ന ലേഖനം ബൻഗർവാടി എന്ന മറാത്തി നോവലിന്റെ അനുകരണമാണ് ഖസാക്ക് എന്ന വിവാദത്തിന് തുടക്കമിട്ടു. നേരിട്ട് അങ്ങനെയൊരു ആരോപണം ആ ലേഖനത്തിൽ ഒരിടത്തും ഉണ്ടായിരുന്നില്ല എന്നതാണ് ഏറെ രസകരം. ഖസായി എന്ന ഗ്രാമം, അവിടത്തെ പള്ളിക്കൂടം, അവിടെയെത്തുന്ന അധ്യാപകൻ, അവിടത്തെ ജീവിതം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നതോടെ ലേഖകന്റെ ഉദ്ദേശ്യം വെളിപ്പെട്ടുവരുന്നവിധത്തിലാണ് അതിന്റെ ആഖ്യാനം. പോരാത്തതിന്; അമ്മവിളയാട്ടം, വഴിയമ്പലവാസം, യാഗാശ്വം, ഇതിഹാസം തുടങ്ങിയ ചില പദങ്ങൾ ഉദ്ധരണിചിഹ്നത്തിനകത്തും. വിവാദം മറ്റ് ആനുകാലികങ്ങളിലേക്കും പടർന്നു. അത്ര ശക്തമല്ലെങ്കിലും അതിന്റെ മരപ്പെയ്ത്ത് ഇന്നും തുടരുന്നു. മുമ്പത്തേതിനേക്കാൾ ശക്തമായി ഖസാക്കിന്റെ യാത്രയും തുടരുന്നു.
ആദ്യപതിപ്പ് പുറത്തുവന്ന് നാലുവർഷം കഴിഞ്ഞാണ്, 1973 മാർച്ചിൽ, ഖസാക്കിന്റെ രണ്ടാം പതിപ്പ് സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്നത്. ആ പതിപ്പിൽ വിജയൻ ഒരു ആമുഖക്കുറിപ്പ് എഴുതിച്ചേർത്തിരുന്നു. കുഞ്ഞാമിനയുടെ പേര് ആമിനക്കുട്ടി എന്നു സ്നേഹപൂർവം തിരുത്തിവായിക്കാൻ ആ ആമുഖക്കുറിപ്പിൽ വിജയൻ വായനക്കാരോട് ആവശ്യപ്പെട്ടു. ''രവിയെ കല്യാണം കഴിക്കാൻ അവളോട് പറയണം. അവൾ നന്നേ ചെറുപ്പമാണെങ്കിലും, രവിക്കു കിട്ടിയിട്ടില്ലാത്തതൊക്കെയും ആമിനക്കുട്ടി അയാൾക്കു കൊടുക്കും. രവിയുടെ നിഷേധങ്ങളെ അവൾ കണ്ണീരുകൊണ്ടു കഴുകിക്കളയും. പാമ്പിന്റെ വിഷംപോലും അവൾ കൽപകവൃക്ഷത്തിന്റെ ഇളന്നീരാക്കിമാറ്റും.' പിന്നീടുള്ള പതിപ്പുകളിൽനിന്ന് ഈ ആമുഖക്കുറിപ്പ് വിജയൻ എന്തുകൊണ്ടോ ഒഴിവാക്കിക്കളഞ്ഞു. 1990 ഓഗസ്റ്റിൽ ഖസാക്കിന്റെ പത്താം പതിപ്പ് കോട്ടയം ഡി.സി. ബുക്സിലൂടെയാണ് പുറത്തുവന്നത്. ഇപ്പോൾ നൂറ്റിയെട്ടോളം പതിപ്പുകൾ. വന്നുവന്ന്, ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ഒരു വാക്കുപോലുമുച്ചരിക്കാതെ മലയാളനോവൽചരിത്രത്തെക്കുറിച്ച് ഒരാൾക്കും ഒന്നും സംസാരിക്കാനാവില്ല എന്നിടത്തോളമെത്തി കാര്യങ്ങൾ.
Content Highlights: Chronicles the novel's initial serialization in Mathrubhumi weekly in 1968., Details the early critical reception by prominent figures like M. Krishnan Nair., Highlights major awards, including the 1970 Odakkuzhal Award., Discusses the journey of its English translation, 'The Legends of Khasak'.
Published: 05 Mar 2026, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented