മ്മുടെ കാലഘട്ടത്തിലെ അതിപ്രധാനരായ എഴുത്തുകാരില്‍ ഒരാളാണ് അന്തരിച്ച ചെക്ക് നോവലിസ്റ്റ് മിലാന്‍ കുന്ദേര. എല്ലാ അര്‍ഥത്തിലും ഉത്തരാധുനികമായിരുന്നു കുന്ദേരയുടെ ഭാഷയും ഭാവനയും ഭാവുകത്വവും. ഉത്തരാധുനികമായ ഭാരരാഹിത്യം വീഞ്ഞിന്റെ നുരക്കിരീടം പോലെ അദ്ദേഹമെഴുതിയതിനെല്ലാം ചേലുള്ള നര്‍മത്തിന്റെയും ലാഘവത്തിന്റെയും അധികശോഭയണച്ചു. ആഖ്യാനത്തിലെ പരീക്ഷണപരതയും ധൈഷണികദീപ്തിയുമായിരുന്നു കുന്ദേരയെ ലോകമെമ്പാടും വായനക്കാരുള്ള നോവലിസ്റ്റാക്കി മാറ്റിയ മറ്റൊരു ആഖ്യാനതന്ത്രം. 'ചിരിയുടെയും മറവിയുടെയും പുസ്തകം'(Book of laughter and forgetting), 'ചിരി വരുന്ന പ്രണയങ്ങള്‍', (Laughable Loves)' നേരം പോക്ക്'(Joke) എന്നിങ്ങനെയുള്ള ശീര്‍ഷകങ്ങളില്‍ത്തന്നെ കാണാം ചിരിയുടെ ഈ ഉത്തരാധുനികസ്പര്‍ശം. സാമ്പ്രദായികാര്‍ത്ഥത്തിലുള്ള നര്‍മ്മമോ ഫലിതമോ അല്ല അത്; മറിച്ച് ഭാരിച്ച ഒരു ജീവിതാവസ്ഥയെ ചിരിയുടെ വേഷം കെട്ടിച്ച് ലഘൂകരിക്കുന്ന ദാര്‍ശനികമാനങ്ങളുള്ള വികടവാസനയോ ഫലിതവാസനയോ. വിരുദ്ധോക്തി (irony) യുടെ കലാകാരനായിരുന്നു കുന്ദേര, എന്തിനെയും കുസൃതി നിറഞ്ഞ ഒരു കാകദൃഷ്ടിയുപയോഗിച്ചു മാത്രം കാണുക ശീലമാക്കിയ എഴുത്തുകാരന്‍.

To advertise here,

കാഫ്കയായിരുന്നു കുന്ദേരയുടെ ഏറ്റവും വലിയ പ്രചോദനസ്ഥാനങ്ങളില്‍ ഒന്ന്. കുറ്റവാളിയാക്കപ്പെടല്‍ (culpabilisation) എന്ന പ്രമേയധാരയുടെ അടിസ്ഥാനത്തില്‍ ദസ്തയേവ്‌സ്‌കിയെയും കാഫ്കയെയും തമ്മില്‍ ഒരു തുടര്‍ച്ചയുടെ കണ്ണികളായി പരസ്പരം ബന്ധിക്കുന്നുമുണ്ട് അദ്ദേഹം തന്റെ 'നോവലിന്റെ കല'(The Art of the Novel) എന്ന പുസ്തകത്തില്‍. കാഫ്കയുടെ പേരിലുളള ഒരു ചെക്ക്‌സാഹിത്യപുരസ്‌കാരവും ഈ എഴുത്തുകാരനെ തേടിയെത്തി, 2020-ല്‍.

സമീപവര്‍ഷങ്ങളില്‍ സാഹിത്യത്തിനുളള നൊബേല്‍ പ്രഖ്യാപിക്കുമ്പോഴെല്ലാം അത് ഈ എഴുത്തുകാരനായിരിക്കുമെന്ന് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും അതിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ട് ലോകമെമ്പാടുമുള്ള കുന്ദേരയുടെ വായനക്കാര്‍. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം തന്റെ തൊണ്ണൂറ്റി നാലാം വയസ്സില്‍ അന്തരിക്കും വരെ ആ പരമോന്നത സാഹിത്യ പുരസ്‌കാരം മാത്രം കുന്ദേരയുടെ കൈകളിലേയ്‌ക്കെത്തിയില്ല. എന്നിട്ടും നമ്മുടെ സമകാലത്തിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളായാണ് കുന്ദേര വിട വാങ്ങുന്നത്, ചെക്ക് ഭാഷയിലും ഫ്രഞ്ചിലും എഴുതുകയും ഇംഗ്ലീഷ് വിവര്‍ത്തനങ്ങളിലൂടെ ലോകത്തെല്ലായിടത്തും വായനക്കാരെ സമ്പാദിക്കുകയും ചെയ്ത ഒരു പ്രതിഭാശാലി എന്ന നിലയില്‍. മലയാളി ഏറ്റവുമധികം ഓര്‍മിക്കുകയും ഉദ്ധരിക്കുകയും ചെയ്തിട്ടുള്ള ഒരു വാക്യം കുന്ദേരയുടേതാണ്; 'അധികാരത്തിനെതിരായ മനുഷ്യന്റെ പോരാട്ടം മറവിക്കെതിരായ ഓര്‍മ്മയുടെ പോരാട്ടമാണ്'(The struggle of man against power is the struggle of memory against forgetting) എന്ന വാക്യമാണത്. ആ മഹാവാക്യത്തിന്റെ സര്‍വ്വകാലസംഗ്രഹപ്രഭയില്‍ ഈ വിയോഗധന്യവാദത്തിന് വിരാമമിടാമെന്നു തോന്നുന്നു.