മാധവിക്കുട്ടി എന്നറിയപ്പെട്ടിരുന്നെങ്കിലും പ്രിയപ്പെട്ട ഈ എഴുത്തുകാരിയെ ഞാൻ കമല ചേച്ചി എന്നാണ് വിളിച്ചിരുന്നത്. ചേച്ചിയെ ആലോചിച്ചാൽത്തന്നെ പലവിധ ഓർമ്മകൾ ഉണരും. ശാസ്തമംഗലത്തുള്ള വീട്ടിൽ പോയി കണ്ടത്, എന്റെ കല്യാണത്തിന് ക്ഷണിക്കാൻ പോയത്, എറണാകുളത്ത് കടവന്ത്രയിലുള്ള വീട്ടിൽ പലതവണ പോയത്, ഞങ്ങൾ താമസിച്ചിരുന്ന അമ്പലമേട് ടൗൺഷിപ്പിൽ വന്നത്, മെഡിക്കൽ ട്രസ്റ്റ് പ്രോഗ്രാമിന് പലതവണ വന്നത്, ചേച്ചി നടത്തിയ മെഡിക്കൽ ക്യാമ്പ് നടത്താൻ ഒപ്പം നിന്നത്, ആയിടെ വായിക്കുന്ന പുസ്തകത്തെ ക്കുറിച്ചു പറയുന്നത്, ആശുപത്രിയിൽ ജോലിക്ക് അപേക്ഷിക്കുന്നവരിൽ നിന്നും വീട്ടിലേക്ക് സഹായിക്കാൻ ഒരാളെ ശരിയാക്കി തരണമെന്ന് ആവശ്യപ്പെട്ടത്, സെലസ്റ്റ്യൽ പ്ലെയിൻ എന്ന കഥയെഴുതിയപ്പോൾ അത് വായിച്ച് എന്നെ വിളിച്ചത്, അതിനെചുറ്റിപറ്റി ചില പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ എന്നെക്കുറിച്ച് ബുധസംഗമം എന്ന പംക്തിയിൽ എഴുതുകയും അത് എന്നെ അറിയിക്കുകയും ചെയ്തത്, മതം മാറിയ അവസരത്തിൽ കടവന്ത്രയിലെ വീട്ടിലേക്ക് കുടുംബസമേതം ക്ഷണിച്ചത്. കേരളം വിടുമ്പോൾ ഫോൺ ചെയ്ത് എന്നെ അറിയിച്ചത് തുടങ്ങി ഓർക്കാൻ ഒരുപാട് അനുഭവങ്ങളുണ്ട്. അന്നൊക്കെ സംസാരിച്ച കാര്യങ്ങളിൽനിന്നും, എനിക്ക് മാത്രമായുള്ള ഒരു ചേച്ചി എന്നുള്ളിൽ ഉണ്ടായി വന്നിട്ടുണ്ട്. ഒരു ഉടവും ഇല്ലാതെ ആ ചേച്ചി ഇന്നും അവിടെയുണ്ട്, ചിത്രത്തിന് ഒരു മങ്ങലുമില്ല!

To advertise here,

സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ചേച്ചിയെ ഞാൻ ആദ്യം കാണുന്നത്. തിരുവനന്തപുരത്ത് എത്തിയ മുത്തശ്ശിയെ (ലളിതാംബിക അന്തർജനം) കാണാൻ വന്നതാണ്. അന്ന് മുത്തശ്ശിയെ കാണാൻ ചേച്ചി വന്നപ്പോൾ, ചുവന്നകല്ല് പതിച്ച ഒരു വലിയ സിന്ദൂരച്ചെപ്പ് നിറയെ ചുവപ്പ് സിന്ദൂരം കൊണ്ടുവന്നു. വന്ന ഉടനെ അത് തുറന്ന് സിന്ദൂരംതൊട്ട് മുത്തശ്ശിയുടെ നെറ്റിയിലിട്ടു ആ വെള്ളിച്ചെപ്പ് മുത്തശ്ശിക്ക് സമ്മാനിച്ചു.

സിന്ദൂരം ഇടുമ്പോഴൊക്കെ മുത്തശ്ശിയുടെ മൂക്കിന്റെ തുമ്പിലേക്ക് കൂടി അത് വീഴാറുണ്ട്. മുത്തശ്ശി മൂക്കിൻ തുമ്പ് തുടച്ചു. ചുവപ്പ് നിറം മാറാതെ നിന്നു. 'ദുശ്ശാസനന്റെ ചുട്ടി പോലെ..' കമല ചേച്ചി ഉറക്കെ ഉറക്കെ ചിരിച്ചു. പിന്നെ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു. ഉടനെ അടുത്ത ഡയലോഗ് വന്നു. 'ഹായ് എന്തൊരു സുഖം കെട്ടിപ്പിടിക്കാൻ. സോഫ്റ്റ് സോഫ്റ്റ് ആയി.. പഞ്ഞി പോലെ, എന്തൊരു സുഖം..'

മുത്തശ്ശിയുടെ മുഖം നാണം കൊണ്ട് കൂമ്പി. എന്തൊക്കെയാണ് ഈ പറയുന്നത് എന്ന മട്ടിൽ. മുഖത്തെ ചിരി പക്ഷേ മാഞ്ഞതേയില്ല. പിന്നൊരിക്കൽ മെഡിക്കൽ ട്രസ്റ്റിന്റെ പ്രോഗ്രാമിന് ചേച്ചിയെ ക്ഷണിക്കാൻ കടവന്ത്രയിൽ പോയി. ചേച്ചി മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് സമ്മതിച്ചു. പിന്നീട് ക്ഷണക്കത്തുമായി ഞാനും രണ്ട് സീനിയർ സ്റ്റാഫും കടവന്ത്രയിലെ വീട്ടിൽ പോയി. അതിഥികൾ ആരൊക്കെയോ അന്ന് അവിടെ ഉണ്ടായിരുന്നു.

എന്നെ കണ്ടതും സുഹൃത്തുക്കളുടെയിടയിൽ നിന്നും ചേച്ചി ഓടി വന്നു. ക്ഷണക്കത്ത് കൊടുത്തു.

'ഇരിക്കൂ..' ചേച്ചി പറഞ്ഞു.

ബഹുമാനത്തോടെ കൂടെ വന്ന ആൾ പറഞ്ഞു 'ഈ കാർഡ് എത്തിക്കാൻ വേണ്ടി വന്നതാണ്. വേറെ ഗസ്റ്റ് ഒക്കെ ഉണ്ടല്ലോ അതുകൊണ്ട് ഇരിക്കുന്നില്ല'.

വീണ്ടും ചേച്ചി നിർബന്ധിച്ചു. 'ഇരിക്കൂ.. ഇരിക്കൂ.. ചായ കുടിച്ചിട്ട് പോകാം'

പക്ഷേ ഞങ്ങൾ ഇരുന്നില്ല. പെട്ടെന്ന് തിരികെ പോന്നു. 10 നിമിഷം കഴിഞ്ഞുകാണില്ല. ജോലിസ്ഥലത്ത് എത്തിയതും ചേച്ചിയുടെ ഫോൺ വന്നു.

'ഞാൻ നിങ്ങളുടെ പരിപാടിക്ക് വരില്ല. തനൂജ അവിടെ പറഞ്ഞോളൂ. എന്റെ വീട്ടിൽ ഇരിക്കാൻ മനസ്സില്ലാത്തവരുടെ സ്ഥാപനത്തിൽ ഞാൻ വരില്ല. വേറെ ആളെ നോക്കിക്കോളൂ ഞാൻ വരില്ല.'

ചേച്ചിയുടെ സ്വഭാവം അറിയാവുന്ന ഞാൻ കൂടുതൽ ഒന്നും പറയാൻ പോയില്ല. പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. മെഡിക്കൽ ട്രസ്റ്റിന്റെ ഫൗണ്ടർ ഡയറക്ടർ ഡോക്ടർ വർഗീസിനോട് ഞാൻ കാര്യം പറഞ്ഞു. മാധവിക്കുട്ടിയെ കുറിച്ച് അധികം ഒന്നും അറിയാത്ത അദ്ദേഹം ഒന്ന് കാണാനായി അവരുടെ അടുക്കലേക്ക് കൊണ്ടുപോകാൻ പറഞ്ഞു.

അനുവാദം വാങ്ങിക്കാതെയാണ് ഞാൻ അദ്ദേഹത്തെ കൊണ്ടുപോയത്. ചേച്ചി ആദ്യം കാണാൻ കൂട്ടാക്കിയില്ല. കിടപ്പുമുറിയിൽ കിടക്കുകയായിരുന്നു.

'തനൂജ മാത്രം അകത്തു വന്നോളൂ.' ശബ്ദം കേൾക്കുന്നുണ്ട്.

'ചേച്ചീ..ഡോക്ടർ വർഗീസുണ്ട് കൂടെ.'

ചേച്ചി മനസ്സില്ലാമനസ്സോടെ പുറത്തേക്ക് ഇറങ്ങി വന്നു.

ചേച്ചിയെ കണ്ടതും ഡോക്ടർ പറഞ്ഞു 'സ്വന്തം അഭിപ്രായമുള്ള മിടുക്കിയായ ഒരു സ്ത്രീയെ കാണാൻ ഞാൻ വന്നതാണ്. പ്രോഗ്രാമിന് എങ്ങനെയെങ്കിലും വരണം എന്ന് പറയാൻ വന്നതല്ല'.

'ഡോക്ടർ വീട്ടിൽ വന്നത് സന്തോഷം തന്നെ. പക്ഷേ നിങ്ങളുടെ പ്രോഗ്രാമിന് ഞാൻ വരില്ല. എന്റെ വീട്ടിൽ വന്നാൽ ഇരിക്കാൻ പറ്റാത്തവരുടെ പ്രോഗ്രാമിന് ഞാൻ വരില്ല.'

'അയ്യോ.. വരണ്ട. വരാത്തതിനുള്ള കാരണവും എനിക്കിഷ്ടപ്പെട്ടു'.

ഡോക്ടർ ചിരിച്ചു അവരുടെ കയ്യിൽ പിടിച്ചു.

'ഇന്നത്തെ കുട്ടികൾക്ക് നമ്മളെപ്പോലെ പെരുമാറാൻ അറിയില്ല. ഞാനാണെങ്കിലും നിങ്ങൾ ചെയ്തതു തന്നെ ചെയ്യും.'

കമല ചേച്ചി പറഞ്ഞു..' ഇരിക്കൂ..'

ഞങ്ങളിരുന്നു. ഒരിക്കൽ ഇരിക്കാത്തതിനുള്ള ശിക്ഷ അനുഭവിക്കുകയാണല്ലോ!

'നിങ്ങളുടെ കൈകൾ എത്ര മൃദുലങ്ങളാണ്, എത്ര വയസ്സായി?'

ചേച്ചി പ്രായം പറഞ്ഞു.

'അയ്യോ അത്രയും പറയുകയില്ല മുഖത്ത് ഒരു ചുളിവ് പോലും ഇല്ലല്ലോ'

ചേച്ചിയൊന്ന് മന്ദഹസിച്ചു.

പിന്നീട് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് സംഭാഷണം തിരിഞ്ഞു. ഒരു ഡോക്ടർ ആണല്ലോ കൂടെ.

കോവയ്ക്ക കഴിക്കുന്നതിന്റെ ഗുണങ്ങൾ ചേച്ചി പറഞ്ഞു തുടങ്ങി. ഇംഗ്ലീഷ് മരുന്നുകൾ അനാവശ്യമായി ഉപയോഗിക്കില്ല എന്നും ചേച്ചി ഡോക്ടറോട് പറഞ്ഞു. ഇത്ര ഗുണപ്രദമായ കോവയ്ക്ക തനിക്കും കഴിച്ചാൽ കൊള്ളാമെന്നായി ഡോക്ടർ.

കഴുകി വെടിപ്പാക്കിയ കുറേ കോവയ്ക്ക ഒരു ഭംഗിയുള്ള പാത്രത്തിൽ എത്തി. പിന്നെ അവർ രണ്ടുപേരും മത്സരിച്ചത് തീറ്റയായിരുന്നു, കുട്ടികളെപ്പോലെ. ഞാൻ അന്തം വിട്ട് നോക്കിയിരുന്നു. എന്നെ അവർ മറന്നതുപോലെ! അതിനിടയിൽ അവരുടെ സംഭാഷണം കൽക്കത്ത നഗരത്തെ കുറിച്ചായി. ഡോക്ടർ വർഗീസ് കൽക്കത്തയിൽ ആണ് മെഡിസിന് പഠിച്ചത്.

കൽക്കത്ത എന്ന് കേട്ടതും ചേച്ചിയുടെ മുഖം ഒരു താമരപ്പൂ പോലെയായി. പിന്നീട് അവർ കൽക്കത്തയിലെ റിക്ഷാ വണ്ടികളെ കുറിച്ചും ഇരുണ്ട തെരുവുകളെ കുറിച്ചും ചിത്രകലയെ കുറിച്ചും ടാഗോറിനെ കുറിച്ചും മദർ തെരേസയെ കുറിച്ചും സംസാരിച്ചു. അവസാനം ചേച്ചി അത്ഭുതത്തോടെ 'അപ്പോൾ വർഗീസ്.. നമ്മൾ ഒരേസമയം ആ ശ്മശാനത്തിന് ചുറ്റും നടന്നിട്ടുണ്ടാകും.' എന്ന് പറഞ്ഞു.

പോകാൻ എണീറ്റു ഡോക്ടർ. തൊഴുതുകൊണ്ട് പറഞ്ഞു 'നിങ്ങളാണ് സ്ത്രീ.' ചേച്ചിയും കൈകൂപ്പി.

ഡോക്ടർ പറഞ്ഞു: 'ഞാൻ പോട്ടെ. പരിചയപ്പെടാൻ സാധിച്ചത് എന്റെ ഭാഗ്യം'

ഞങ്ങൾ പുറത്തേക്കിറങ്ങി.

ചേച്ചി പുറകിൽ നിന്ന് വിളിച്ചു.

'ഡോക്ടർ വർഗീസ്...'

'ഞാൻ നിങ്ങളുടെ പരിപാടിക്ക് വരും'

ഡോക്ടർ തിരിഞ്ഞുനിന്നു. 'വേണ്ട പറഞ്ഞ വാക്ക് തെറ്റിക്കേണ്ട. വരണ്ട. പുതിയ ഒരാളെ കിട്ടാൻ അല്പം ബുദ്ധിമുട്ടും പക്ഷേ സാരമില്ല'.

'അല്ല ഞാൻ വരും.. ഡോക്ടർ വർഗീസ് എന്നെ അന്വേഷിച്ചു വന്നില്ലേ? എത്ര വലിയ സ്ഥാപനത്തിന്റെ ഉടമസ്ഥനാണ്. എന്തായാലും നമ്മൾ ഒരേ നാട്ടിൽ ഒരേ സമയം ഉണ്ടായിരുന്നവരല്ലേ? ഞാൻ വരും'.

ഡോക്ടർ പറഞ്ഞു, 'നന്ദി മാഡം.. നന്ദി'.

തിരിച്ചുപോരുമ്പോൾ കാറിലിരുന്ന് ഡോക്ടർ വർഗീസ് ചെറു ചിരിയോടെ പറഞ്ഞു:

'പാവം മാധവി '

ഞാൻ തിരുത്തി

'അല്ല മാധവിക്കുട്ടി '

ആ പരിപാടിക്ക് ചേച്ചി വന്നു ഗംഭീരമായി പരിപാടി നടന്നു.

ഒരു സ്ഥാനമാനങ്ങൾക്കും അധികാരത്തിനും മുന്നിൽ തോൽക്കാത്ത കമല ചേച്ചി സ്‌നേഹത്തിന്റെ മുന്നിൽ തോൽക്കാൻ സദാസന്നദ്ധയായിരുന്നു. ലളിതാംബിക അന്തർജ്ജനത്തിനുള്ള ഒരു കത്തിൽ മാധവിക്കുട്ടി ഇങ്ങനെ എഴുതിയിട്ടുണ്ട്.

'എനിക്ക് കുട്ടിക്കാലം മുതലേ അഭിനയം വെറുപ്പായിരുന്നു. സത്യം പറഞ്ഞിട്ടും ഈ ഭൂമിയിൽ ജീവിക്കാൻ ഒരിടം കിട്ടുമോ എന്ന് പരീക്ഷിക്കുവാൻ ഞാൻ ആഗ്രഹിച്ചു. മനുഷ്യനായിട്ട്... യാതൊരുവിധ ദൈവിക അനുഗ്രഹങ്ങളും ഇല്ലാത്ത മനുഷ്യ സ്ത്രീയായിട്ട്! എന്നെ പലരും തെറ്റിദ്ധരിക്കും. പലരും ശരിക്കും ധരിക്കും. പക്ഷേ സ്‌നേഹിക്കുവാൻ ആരും വേഗത്തിൽ ധൈര്യപ്പെടുകയില്ല. കാരണം മിക്കവരും ഭീരുക്കളാണ്. മിക്കവർക്കും സർവാണി സദ്യകൾക്ക് ക്ഷണക്കത്ത് ലഭിക്കണം. സമൂഹത്തിന്റെ വൃത്തികെട്ട സർവ്വാണി സദ്യ! എരപ്പാളികളുടെ ഉത്സവം! അമ്മ ഒരിക്കലും എന്നെ എതിർക്കരുത്. അമ്മ ധൈര്യവതിയാണ്. എന്റെ കണ്ണിൽ ധൈര്യത്തിന്റെ പ്രതീകമാണ്. നാം ഒരു വംശജരാണ്. ഒരു ലക്ഷ്യത്തിലേക്കാണ് രണ്ട് മാർഗങ്ങളിൽ കൂടെയെങ്കിലും നാം കടന്നു ചെല്ലുന്നത്. കാണാൻ മോഹമുണ്ട്.' ആ കത്ത് അങ്ങനെ നീണ്ടുപോകുന്നു.

ഞാൻ കേട്ട കമലയും കണ്ട കമലയും വായിച്ച കമലയും വ്യത്യസ്തരായിരുന്നു. എല്ലാ കാലത്തും ഞാൻ അറിഞ്ഞ കമലചേച്ചിയെയാണ് ഞാൻ സ്‌നേഹിച്ചത്. എന്നോട് വലിയ സ്‌നേഹമായിരുന്നു. എന്നെ കാണുമ്പോഴൊക്കെ വെറുതെ എന്തെക്കെയോ പറഞ്ഞ് പുകഴ്ത്തിയിരുന്നു. അവയൊക്കെ എന്നോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനമാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. എന്ത് മനസ്സിൽ തോന്നുന്നുവോ അത് അപ്പോൾ തന്നെ പറയുക ചേച്ചിയുടെ ശീലമാണ്. ആളുകളെയും അകത്തളങ്ങളെയും സമൂഹത്തെയും വാക് പ്രഹരംകൊണ്ട് ഞെട്ടിക്കാൻ ചേച്ചി ശ്രദ്ധിച്ചിരുന്നു.

ഇടംവലം നോക്കാതെയുള്ള പലവിധ പ്രസ്താവനകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും എഴുത്തിലൂടെയും യാഥാസ്ഥിതിക സമൂഹത്തെ കമല ചേച്ചി അസ്വസ്ഥമാക്കികൊണ്ടിരുന്നു. അങ്ങനെയാണ് ചേച്ചി സമൂഹത്തെ മുന്നോട്ടു നയിച്ചത്. എത്ര പാവമായിരുന്നിട്ടും, കാലത്തിന് ആവശ്യമുള്ള രക്തം ഒഴുക്കാൻ, ഒരു ബലി മൃഗമാകാൻ സദാ സന്നദ്ധയായിരുന്നു മാധവിക്കുട്ടി! അതായിരുന്നു ആ എഴുത്തിന്റെ കരുത്ത്!