
ഡിസംബറില്‍ പ്ലാന്‍ ചെയ്ത പ്രകാരം ഇതെഴുതുന്ന സമയത്ത് പോര്‍ട് ബ്ലെയറിലെ ഹോട്ടലില്‍ ഉറങ്ങികിടക്കേണ്ട ഞാനാണ്. കണ്ണാല്‍ കാണ്മത് മുടിയാത്ത ഒരേകകോശി വിധിച്ച പ്രകാരം ഇതാ വീട്ടില്‍ അടച്ചിരിക്കുന്നു.
എന്റെ വൈറസേ ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നീ എന്തെല്ലാമാണ് മനുഷ്യവര്‍ഗ്ഗത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ലോക്ക്ഡൗണ്‍ വന്നു എന്നറിഞ്ഞപ്പോള്‍ അമ്പരപ്പൊന്നും തോന്നിയില്ല, ഇതുവരെയില്ലാത്ത വിധം ഇന്ത്യന്‍ റെയില്‍വേ നിശ്ചലമായപ്പോള്‍ത്തന്നെ ചില സൂചനകള്‍ മനസ്സില്‍ തോന്നിയിരുന്നു. സാമൂഹ്യ അകലം പാലിക്കുക അല്ലാതെ മറ്റൊരു വഴി ഇല്ല, എന്നും അറിയാമായിരുന്നു. ചെറിയൊരു സന്തോഷവും തോന്നി എന്നതാണ് സത്യം. ചില എഴുത്തുകള്‍ പൂര്‍ത്തീകരിക്കാം. ചില പുസ്തകങ്ങള്‍ വായിച്ച് തീര്‍ക്കാം. ഇങ്ങനെയൊക്കെ ചിന്തിച്ച് ഒന്നും രണ്ടും ദിവസങ്ങള്‍ കടന്നു. ഒന്നും നടന്നില്ല. വൈറസിപ്പോള്‍ മനസ്സിനെ നല്ലവണ്ണം കീഴ്‌പ്പെടുത്തിയിരിക്കുന്നു. ചാനലുകളില്‍, പത്രങ്ങളില്‍, സോഷ്യല്‍ മീഡിയയില്‍, ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നെല്ലാം ഘോരരൂപിയായ വൈറസ് കൂട്ടത്തോടെ വന്ന് ഉറക്കത്തില്‍ നിന്നൊക്കെ വിളിച്ചുണര്‍ത്താന്‍ തുടങ്ങി.
നാലാം ദിവസമായപ്പോള്‍ മനസ്സിലായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. അങ്ങനെയാണ് പഴയൊരു ശീലം പുനരാരംഭിച്ചത്. രാവിലെ ബ്ലോക്കാഫീസില്‍ പോയി അമര, പയര്‍, വെണ്ട, തക്കാളി, പച്ചമുളക് തുടങ്ങിയവയുടെ തൈകള്‍ വാങ്ങി. കാടുപിടിച്ചു കിടന്ന വീടിന്റെ നാലു ചുറ്റും വൃത്തിയാക്കി. റീനയും റിഷിയും സൂര്യകാന്തിയും ഒപ്പം കൂടി. കുഴികുത്തി. തൈകള്‍ ഒന്നൊന്നായി നട്ടു. നനച്ചു. മുമ്പ് നട്ട വള്ളിത്തക്കാളികളെ പരിചരിച്ചു. അവ കണ്‍മുന്നില്‍ പൂത്തു. കുഞ്ഞ് പച്ചത്തക്കാളികള്‍ വന്നു. അതു കണ്ട് ആനന്ദിച്ചു. ആദ്യമായി മൈക്രോ പ്ലാന്റേഷന്‍ ചെയ്തു. (അത് നിങ്ങള്‍ക്കും ചെയ്യാം കേട്ടോ. യൂ ട്യൂബ് നോക്കൂ.)
ക്രമേണ ലോക്ക്ഡൗണിലേക്ക് പരുവപ്പെട്ടു. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം മുടങ്ങാതെ കണ്ടു. വായിക്കാനും എഴുതാനും തുടങ്ങി. ഒന്നുകൂടി സംഭവിച്ചു: ആഴ്ചകളുടെ പേര് മറന്നു പോയി.
അങ്ങനെയിരിക്കെ, പൊറോട്ട തിന്നണമെന്ന് അതിയായ മോഹമുണ്ടായി. വളരെ പ്രയാസപ്പെട്ട് മൈദ സംഘടിപ്പിച്ചു. യൂട്യൂബില്‍ കയറി പരിശീലിച്ചു. മൈദയുമായി മല്‍പ്പിടിത്തം നടത്തി. എന്തിനേറെ പറയുന്നു, മൂന്ന് നാല് മണിക്കൂര്‍ അത്യധ്വാനം കഴിഞ്ഞപ്പോള്‍ പൊറോട്ടയുണ്ടായി. ചില സുഹൃത്തുക്കളെ വാട്‌സാപ്പില്‍ അറിയിച്ചു. കൊതി മൂത്ത ചിലര്‍ പൊറോട്ടയുണ്ടാക്കാന്‍ ശ്രമിച്ച് ഉറട്ടിയുണ്ടാക്കി കരഞ്ഞുകൊണ്ട് ഭക്ഷിച്ചു.
ഇപ്പോള്‍ വായനയിലാണ്. വില്യം ഡാൾറിംപിളിന്റെ The Anarchy യും എം.ടി.യുടെ കഥകളും മാറി മാറി വായിക്കുന്നു. പല കാരണങ്ങളാല്‍ മുടങ്ങിപ്പോയ ഒരു നോവല്‍ വീണ്ടും എഴുതാന്‍ തുടങ്ങി.
യന്ത്രങ്ങള്‍ നിശ്ചലമായപ്പോള്‍ നൂറ് വര്‍ഷം മുമ്പുള്ള സ്വാഭാവിക ശാന്തിയിലേക്ക് കാഴ്ച തുറക്കുന്നത് നേരിട്ടറിഞ്ഞു.
ലോക്ക്ഡൗണ്‍ കാലം നമ്മുടെ പലതരം ശീലങ്ങളെ സ്വാധീനിക്കും. കാഴ്ച, കേൾവി, വായന. തുടങ്ങിയവ സ്‌ക്രീനിലേക്ക് മാറുന്നതിന്റെ വേഗം വര്‍ദ്ധിക്കും. അടഞ്ഞ വീടുകളിലിരുന്ന് ധാരാളം മനുഷ്യര്‍ സ്‌ക്രീനില്‍ കഥ കേള്‍ക്കുകയും വാര്‍ത്ത അറിയുകയും ചെയ്തു. ഇവര്‍ സൗകര്യപ്രദമായ ഈ ശീലം തുടരാനാണ് സാധ്യത. അപ്പോള്‍ സ്വാഭാവികമായും കടലാസ് യുഗം നമ്മള്‍ നോക്കിയിരിക്കെത്തന്നെ മാഞ്ഞുപോകും.
എല്ലാവരും പറയുന്ന പോലെ, കൊറോണക്കപ്പുറവും ഇപ്പുറവും എന്ന് കാലം രണ്ടായി പിളരും. അതിന്റെ കൂടി അനുഭവം നമ്മളെ മുന്നോട്ട് നയിക്കും. വലിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ 'ഓ, ഇതിനെക്കാള്‍ വലുത് കണ്ടിരിക്കുന്നു.' എന്ന് പറയാനുള്ള കരുത്തുണ്ടാവും.
നോക്കൂ,
മഹാമാരികളെയും ഹിമയുഗങ്ങളെയും മഹായുദ്ധങ്ങളെയും അതിജീവിച്ച മനുഷ്യന്‍ എന്ന ജീവി കൊറോണയുടെ പരീക്ഷണവും കടന്നു പോകും. ഈ അനുഭവത്തിന്റെ കൂടെ ബലത്തിലായിരിക്കും വരും തലമുറ ഇതിനെക്കാള്‍ വലിയ മാരികളെ നേരിടുക. നിയന്ത്രണമില്ലാതെ പെറ്റുപെരുകുന്ന, ഭക്ഷ്യശൃംഖലയുടെ തലപ്പത്ത് സ്വയം അവരോധിച്ച ഇരുകാലി, നിലവിട്ട് കുതിക്കെ, ഇത്രക്ക് വേഗം എന്തിന്? സം. സം. അടങ്ങ്. അടങ്ങ്. എന്ന് പ്രകൃതി ചില ഇടപെടലുകള്‍ നടത്തും. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അത്തരം നടപടികള്‍ ഇനിയും ഉണ്ടാവും.
Content Highlights: Life in the time of corona by V Shinilal
Published: 09 Apr 2020, 11:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented