
''Every passion borders on the chaotic, but the collector's passion borders on the chaos of memories"
-Walter Benjamin
ഷെല്‍ഫില്‍ നിന്നും പുസ്തകങ്ങള്‍ മാറ്റി നിലത്ത് അടുക്കി വെയ്ക്കുകയായിരുന്നു, കൈയ്യില്‍ നിന്നും താഴെ വീണ പുസ്തകങ്ങള്‍ ചിലതില്‍ നിന്ന് ചില അടയാളങ്ങള്‍ കിട്ടാന്‍ തുടങ്ങി: വാങ്ങിയ പുസ്തകത്തിന്റെ രശീതി, ഭാര്യയുടെ പഴയ കത്ത്, മക്കളുടെയും മക്കളുടെ കൂടെ ഇരിക്കുന്ന അച്ഛന്റെയും ഫോട്ടോ, പുസ്തകത്തിന്റെതന്നെ ചില പേജില്‍ മകള്‍ വരച്ചുവെച്ച കാക്ക, വായന നിര്‍ത്തിയ ഓര്‍മ്മയില്‍ പേജിന്റെ അറ്റം മടക്കി വെച്ചത് അതുപോലെ.
ഓര്‍മ്മയുടെ ഓരോ ശേഖരമാണ് ചിലപ്പോള്‍ ഓരോ പുസ്തകവും. അതെഴുതിയ ആളുടെ മറവിയ്ക്കുമേല്‍ വായനക്കാരന്‍ വെച്ചുപോകുന്ന ദിവസങ്ങള്‍ക്ക് വേണ്ടിക്കൂടി ആ പുസ്തകം അത്രയും കാലം ഷെല്‍ഫില്‍ കഴിഞ്ഞിരിക്കുന്നു. ഏഴു കൊല്ലത്തിനുശേഷം പിന്നൊരിക്കല്‍കൂടി വായിക്കുന്ന കത്തില്‍ പരിചിതമായതെന്തും ഓര്‍മ്മയിലേക്ക് പാര്‍പ്പ് മാറ്റിയിരിക്കുന്നു.
എന്നാലിപ്പോള്‍ അച്ഛന്റെ ഫോട്ടോയാണ് എന്റെ കൈയില്‍. അത്രയും കുട്ടികള്‍ക്കിടയില്‍ ഇരിക്കുമ്പോഴും അച്ഛനെ വാര്‍ദ്ധക്യം ഒറ്റയ്ക്ക് ഇരുത്തിയിരിക്കുന്നു. മരണമാണ് ഓര്‍മ്മയ്ക്കും ജീവിതത്തിനും ഇടയിലെ വെളിച്ചം എന്നപോലെ അച്ഛന്റെ വെളുത്ത ഷേര്‍ട്ടില്‍ വേറെയൊരു പ്രകാശം കൂടി ചേര്‍ന്നിരിക്കുന്നു. ഫോട്ടോയുടെ താഴെ വലത്തേ മൂലയിലുള്ള തീയതി നോക്കി, അവിടെ നിന്ന്, അച്ഛന്‍ മരിച്ച ദിവസത്തിലേക്ക്, ദിവസവും വര്‍ഷവും ചാടിക്കിടന്ന് ഞാനൊരു ഓട്ടം ഓടുന്നു. റോഡില്‍ ബസ്സിറങ്ങിയ അച്ഛന്റെ വരവ് അറിയിക്കാന്‍ വീട്ടിലേക്ക് ഓടിയ മറ്റൊരു ഓട്ടം തിരികെയും ഓടുന്നു.
വൃദ്ധനാവുന്നതും ബാലനാവുന്നതും ഓര്‍മ്മയുടെ ഒരു വൃത്തം വരച്ചുകൊണ്ടായിരിക്കുന്നു. എന്നാല്‍, എന്നെ ഇപ്പോഴും പുഞ്ചിരിപ്പിക്കുന്ന ഒന്ന് ഈ ഫോട്ടോ ഇരുന്ന പുസ്തകം കരുതി വെച്ചിരുന്നു. അച്ഛനുമായി ഒരു ബന്ധവും ഇല്ലാത്ത പുസ്തകത്തിനുള്ളിലാണ് ആ ഫോട്ടോ ഇത്രയും കാലം ഇരുന്നത്. ഇഷ്ടമില്ലാത്ത ഒരിടത്ത് ഒളിച്ചുപാര്‍ത്ത പോലെ.
കലയെയും സാഹിത്യത്തെയും കുറിച്ച് തന്റെ നിലപാട് പറയുന്ന വി.ഐ ലെനിന്റെ പുസ്തകമാണ്, എന്റെതന്നെ സിദ്ധാന്ത താല്‍പ്പര്യങ്ങളിലേക്ക് ഒരിക്കല്‍ കടന്നു വന്ന പുസ്തകമാണ്. ഈ പുസ്തകം വാങ്ങിയ ബോംബെയിലെ പീപ്പിള്‍സ് പബ്ലിഷിംഗ് ഹൌസ്, വെയിലില്‍, ആള്‍ത്തിരക്കില്‍, ഓരം ചെര്‍ന്നുനിന്നിരുന്ന ആ കടയും എനിക്ക് ഓര്‍മ്മ വന്നു. .
പുസ്തകത്തിന്റെയൊ എഴുതിയ ആളുടെയോ പേരില്ലാത്ത നീലച്ചട്ടയാണ് പുസ്തകത്തിന്. മഞ്ഞയിലേക്ക് പടരുന്ന പേജുകള്‍, പുസ്തകത്തിനും ഇപ്പോള്‍ ഇരുമ്പുമറയുടെ ദൂരവും തണുപ്പും ഉണ്ട്. കലയുടെയും സാഹിത്യത്തിന്റെയും പ്രയോജനത്തെപ്രതി ഒരിക്കല്‍ ലോകം മുഴുവന്‍ ഇതില്‍ ശേഖരിച്ചിരിക്കുന്ന പ്രസംഗങ്ങള്‍ അലഞ്ഞു നടന്നിരുന്നു. മറ്റൊരിക്കല്‍, ഇതുപോലെത്തന്നെ വന്ന പുസ്തകം, മാവോയുടെ 'യെനാന്‍ പ്രസംഗങ്ങള്‍' ആയിരുന്നു. പക്ഷെ, വളരെ കുറച്ചുകാലം മാത്രമായിരുന്നു ഞാന്‍ ആ വാദങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരുന്നുള്ളൂ. കലയുടെയും സാഹിത്യത്തിന്റെയും ആവശ്യം ജീവിതത്തിന്റെ തന്നെ ആവശ്യമായി, ഒരാള്‍ ഉള്ളിലേക്ക് എടുക്കുന്ന ശ്വാസമായി, അനുഭവിക്കാന്‍ തുടങ്ങിയതോടെ ഈ കരയും ഞാന്‍ വിട്ടിരുന്നു. എങ്കിലും ചില യാത്രകള്‍ ചില തുറമുഖങ്ങളെയും കൂടെ കൂട്ടുന്നു. ഒരിക്കല്‍ നങ്കൂരമിട്ട ഇടം ഓളങ്ങളിലും ആഴ്ന്നു കിടക്കുന്നു.
അച്ഛനും ലെനിനെ അറിയാം. അച്ഛന്‍, പക്ഷെ, ജീവിച്ച രാഷ്ട്രീയമത്രയും നെഹ്റുവിയന്‍ കോൺഗ്രസുകാരനായായിരുന്നു. മരിച്ചതുകൊണ്ടുമാത്രം ലെനിനും അച്ഛനും ഒരു പുസ്തകത്തില്‍ ഒരുമിച്ചു കഴിഞ്ഞു എന്നു മാത്രം. ഒരിക്കല്‍ ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഞാന്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍ ഒന്നും കാണാനില്ലായിരുന്നു. എല്ലാം കത്തിച്ചു കളഞ്ഞിരിക്കുന്നു. ഒരാളുടെ അപകടകരമായ വായന അയാളുടെ വീടിനെയും വീട്ടുകാരെയും ഒറ്റുകൊടുക്കും എന്ന് വിശ്വസിച്ചതുകൊണ്ടാണ്. എനിക്ക് സങ്കടവും ദേഷ്യവും വന്നു.
ഞാന്‍ ഒന്നും പറഞ്ഞില്ല. കസേരയിലോ തിണ്ണയിലൊ പടിപ്പുരയിലൊ ഇരുന്ന് വായനയില്‍ നഷ്ടപ്പെട്ട ഒരു കുട്ടിയെ പിന്നെ ഞാന്‍ അവിടെ കണ്ടിട്ടുമില്ല. അല്ലെങ്കില്‍, ഒരാള്‍ വീട് വിടുന്നതിനും മുമ്പ് അയാളുടെ പല പ്രായത്തിലുമുള്ള അനവധി നിഴലുകളും അയാള്‍ക്ക് ഒപ്പം വീട് വിടുന്നു. അതിനാലാകും, ഇപ്പോള്‍ വീട്ടില്‍ ചെല്ലുമ്പോഴും എവിടെയും എന്റെ നിഴല്‍ പതിയുന്നില്ല.
പുസ്തകങ്ങളുടെ ഏറ്റവും പ്രസിദ്ധമായ സ്വഭാവം അവ ശീലിച്ച നിശബ്ദതയത്രെ. വായിക്കുന്ന ആള്‍ എന്തുകരുതിയാലും വേണ്ടില്ല, പുസ്തകം, അതിന്റെ നിശബ്ധത പരിപാലിക്കുന്നു. പുസ്തകങ്ങള്‍ കത്തിക്കപ്പെടുമ്പോഴും ഗ്രന്ഥശാലകള്‍ കത്തി എരിയുമ്പോഴും പുസ്തകം നിശബ്ദത പാലിക്കുന്നു. അതിന്റെ സ്വഭാവ മഹിമ നിശബ്ദം പ്രഖ്യാപിക്കുന്നു. ചിലപ്പോള്‍ വായനക്കാരനെന്ന നിലയിലും, പലപ്പോഴും എഴുത്തുകാരനെന്ന നിലയിലും പുസ്തകത്തിന്റെ ഈ നിശബ്ദതയെ ഞാന്‍ നേരിടാറുണ്ട്: മറവിയുടെ അതിനിഗൂഡമായ ഒരാകാരം അപ്പോള്‍ എന്നെത്തന്നെ പൊതിയുന്നു.
പുസ്തകത്തിനുള്ളില്‍ കഴിഞ്ഞ കത്ത്, അത് ഇപ്പോള്‍ അധികവും അക്ഷരങ്ങളുടെ ഭംഗി കാണിക്കാന്‍ ഒരുമ്പെടുന്നു. എഴുത്തിനെ രേഖയാക്കുന്ന ഒരു കാലം ഓരോ കത്തും കാത്തിരിക്കുന്നു. ഒരു ശിക്ഷാവിധി എന്നപോലെ. അല്ലെങ്കില്‍, അത്രമാത്രമായിരുന്നു ആഗ്രഹിച്ചത് എന്നപോലെ. കത്തുകളില്‍ നമ്മള്‍ നമ്മുടെ ആയുസ്സിനെ പങ്കിടുന്നു. എന്നാല്‍, പുസ്തകത്തിന്റെ രണ്ടു പേജുകള്‍ക്കുള്ളില്‍ കഴിഞ്ഞ ഫോട്ടോ രേഖയെക്കാള്‍ ഓര്‍മ്മയാണ്. ഞാന്‍ അച്ഛന്റെ ഫോട്ടോ എന്റെ നോട്ടു പുസ്തകത്തിലേക്ക് മാറ്റി. ലെനിനെയും അച്ഛനെയും രണ്ടാളുകള്‍ രണ്ടാളുകള്‍ എന്ന് അവര്‍ മറയുന്നതുവരെയും കണ്ടു നിന്നു.
ലെനിനെ ഞാന്‍ ഇതവരെ സ്വപ്നം കണ്ടിട്ടില്ല. അച്ഛനെ ഇടയ്ക്ക് ഒക്കെയും സ്വപ്നം കാണുന്നു. പക്ഷെ ഒരു പുസ്തകവുമായി അതേ ഫ്രെയ്മില്‍ എന്നെകൂടി കാണണം, ഇപ്പോള്‍ അതാണ് ഞാന്‍ കാണുന്ന സ്വപ്നം.
Content Highlights: Lenin's Book and my father's photo
Published: 22 Feb 2021, 02:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented