
പലവട്ടം ഓമനക്കുട്ടനും ഞാനും ഒരുമിച്ച് ബോള്‍ഗാട്ടിയില്‍ പോയിരുന്നിട്ടുണ്ട്; അവിടെമാത്രം കിട്ടുന്നൊരു സമാധാനത്തെ കായലിലും കടലിലും ആകാശത്തും എനിക്ക് കാണിച്ചുതരാന്‍. അതേ നേരത്തുതന്നെ ഭൂതകാലത്തിന്റെ വേദനകളുടെ അസ്ഥികള്‍ ഒഴുക്കുന്ന ഇടം കൂടിയായിരുന്നു ഓമനക്കുട്ടന് ബോള്‍ഗാട്ടി. ബഷീറും ചാപ്ലിനും ബംഗാളി നോവലിസ്റ്റുകളും ഏറെ പ്രിയപ്പെട്ട ഓമനക്കുട്ടനൊപ്പമുള്ള യാത്രകളെല്ലാം രസകരമായ ഓര്‍മകളുടെ മഷിക്കുപ്പികളും ഒരുപാട് ചൊരിഞ്ഞിട്ടിട്ടുണ്ട്.
1986-ലാണ് ഞാന്‍ മഹാരാജാസ് കോളേജില്‍ അധ്യാപകനായി വരുന്നത്. അതിനുമുന്‍പേ എനിക്ക് ഓമനക്കുട്ടനെ അറിയാമായിരുന്നു. കൊല്ലം എസ്.എന്‍. കോളേജില്‍ ഞാന്‍ ബി.എ. ഇക്കണോമിക്‌സിനു ചേരുമ്പോള്‍ അവിടെ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ഥിയായിരുന്നു ഓമനക്കുട്ടന്‍. അക്കാലത്തുതന്നെ ഏറെ പ്രസരിപ്പോടെ എല്ലാവരുമായി ഉല്ലസിച്ചുനടന്ന സകലകലാ വല്ലഭനായിരുന്നു ഓമനക്കുട്ടന്‍.
ഞാന്‍ മൗനിയും ഒഴിഞ്ഞുമാറി നടക്കുന്നവനുമായ ഒരാള്‍. പക്ഷേ, വിപരീത ധ്രുവങ്ങളുടെ പൊരുത്തം തന്നെയായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴം. കൊല്ലം എസ്.എം.പി.യില്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ സത്യജിത് റായിയുടെയും ഹിച്ച്കോക്കിന്റെയും സിനിമകള്‍ കാണാന്‍ ഓമനക്കുട്ടനൊപ്പം ഞാനുമുണ്ടാകും. ഫെസ്റ്റിവല്‍ എത്ര നീണ്ടാലും എല്ലാ സിനിമകള്‍ക്കും ഉറപ്പായും ഹാജരുള്ള മൂന്നുപേരില്‍ രണ്ടുപേരായിരുന്നു ഞങ്ങള്‍, മറ്റൊരാള്‍ എസ്. ജയചന്ദ്രന്‍ നായരും.
കോളേജില്‍ പലപ്പോഴും മുഷിഞ്ഞ മുണ്ടുടുത്താകും ഓമനക്കുട്ടന്‍ വരുന്നത്. പത്ത് പൈസയുടെ ബാര്‍ സോപ്പ് വാങ്ങി അതൊന്ന് കഴുകിക്കൂടെയെന്ന് ഞാന്‍ അവനോട് ചോദിക്കും. അവന്‍ അതുകേട്ട് ചിരിക്കും. പുറമേയുള്ള വേഷത്തില്‍ ചെളിയുള്ളപ്പോഴും എന്നും അവന്റെ മനസ്സിന്റെ വേഷം പ്രസന്നമായിരുന്നു. കഥയെഴുതുന്ന അവന്‍ അത് പലപ്പോഴും എന്നെ പറഞ്ഞുകേള്‍പ്പിക്കുമായിരുന്നു. എന്നോട് കവിതയെഴുതിയോയെന്ന് ഓമനക്കുട്ടന്‍ ചോദിക്കുമ്പോള്‍ ചൊല്ലിക്കേള്‍പ്പിക്കാനുള്ള മടികൊണ്ട് ഞാന്‍ ഇല്ലെന്ന് പലപ്പോഴും കള്ളം പറയും.
കോളേജില്‍ അധ്യാപകരായപ്പോഴും ഓമനക്കുട്ടന്‍ അനുഭവിപ്പിച്ച ചിരിയുത്സവത്തിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല. സ്റ്റാഫ് റൂമില്‍ ഓമനക്കുട്ടന്‍ വന്നാല്‍ ചിരിയുടെ ഒരു നൂറ് കഥകള്‍ കേള്‍ക്കാമെന്ന് ഞങ്ങള്‍ക്കെല്ലാം ഉറപ്പായിരുന്നു.
നല്ല മലയാളവും തെളിഞ്ഞ ഓര്‍മകളുമായിരുന്നു ഓമനക്കുട്ടന്റെ സവിശേഷത. ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും നല്ല നോവല്‍ വായനക്കാരനായിരുന്നു ഓമനക്കുട്ടന്‍. ക്ലാസില്‍ ഓമനക്കുട്ടന്‍ പഠിപ്പിക്കുന്നത് നോവലാണെങ്കില്‍ അത് ആഖ്യാനോത്സവമായിരിക്കുമെന്ന് ഉറപ്പാണ്. അതാണ് വിദ്യാര്‍ഥികള്‍ക്കുള്ള അദ്ദേഹത്തിന്റെ സമ്മാനം.
കോളേജില്‍നിന്ന് വിരമിച്ച ശേഷവും തൃശ്ശൂരിലുള്ള എന്റെ വീട്ടില്‍ ഓമനക്കുട്ടന്‍ വരുമായിരുന്നു. വീട്ടില്‍ വന്നാല്‍ കഞ്ഞി വേണമെന്നായിരിക്കും പ്രധാന ആവശ്യം. കഞ്ഞി കുടിച്ചുകൊണ്ടിരിക്കുമ്പോഴും ഓമനക്കുട്ടന്‍ പല കഥകളും പറഞ്ഞുകൊണ്ടിരിക്കും, കഞ്ഞിവെള്ളംപോലെ തെളിഞ്ഞ ഓര്‍മകളുടെ കഥകള്‍.
Content Highlights: K.G. Sankara Pillai, C.R. Omanakuttan
Published: 17 Sept 2023, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented