
ഒരിടത്തൊരു ചോദ്യം ജനിക്കും ;
വേറൊരിടത്തൊരുത്തരവും.
നേതി നേതി എന്നന്യോന്യം
തേടിത്തേടി നേടിയാലായി.
നേടാതെ അവശം തിര
ഉൾക്കടലിലേക്ക് മടങ്ങിയാലുമായി.
പ്രണയം അറിഞ്ഞവരും
അറിഞ്ഞ് മറന്നവരും
ചില രാവിൽ
കായലിൽ കുന്നിൻ നിഴൽ പോലെ
കമഴ്‌ന്ന് കിടന്ന് നന്നായുറങ്ങിയേക്കാം.
പ്രണയം തകർന്നവരും
അറിയാത്തവരും മോഹിക്കുന്നവരും
ഉറക്കത്തിൽ ആരോടോ ചിരികളി,
രാക്കിളികൾ പോലെ
ആരോടോ സ്വപ്നശണ്ഠ.
അറകൾക്കും അറകൾക്കും പിന്നിലവരുടെ
സ്വകാര്യമുറി, അതിൽ
നർമ്മം രസിക്കാൻ
മർമ്മം ഗ്രഹിക്കാൻ ആവതില്ലാ-
തടഞ്ഞ കാതുമായ് ശൂന്യത.
അശാന്തി, അവരുടെ സഹശായി.
അന്യതാളത്തോട് കൂടാൻ
സ്വന്തം ഈണം മാറ്റിയോരും അതൃപ്തർ.
അവരുടെ കടൽ പ്രശ്നക്ഷുബ്ദ്ധം.
സിഗ്നൽ കിട്ടാതെ നടുറോഡിൽ
കുടുങ്ങിക്കിതയ്ക്കും അവരുടെ വേഗം.
അതൃപ്തി അവരുടെ ഭാഷ കലക്കും.
ബാബേലിലെയത്രയില്ല; കൈത്തരിപ്പ്
റൂബിക്യൂബിലെ നിറങ്ങൾ കലക്കുന്നത്ര .
ഭാഷ നാളെ സ്വപ്നവാഴ്ച മതിയാക്കും
ആൺ പെൺ സമതയേറ്റും
പരാതിഫയലുകളുടെ ട്രാഫിക് ജാമിലല്ലാതെ
നീതി സ്വച്ഛന്ദഗതിയാകും
ഒരിക്കൽ കലങ്ങിയ പ്രണയം
മറ്റൊരിക്കൽ ഉയിർത്തെണീക്കും എന്നെല്ലാം
പ്രണയബന്ദിക്കോസ്തുകൾ.
ഉയിർത്തെണീക്കൽ ക്രൂശിതരുടെ ശീലം;
തെളിയൽ കലക്കത്തിന്റെ ശീലം.
കാവൽനാളം തെളിക്കൽ കൂരിരുട്ടിന്റെ ശീലം.
മൂകത വേണ്ടപ്പോൾ ഊളക്കൂവൽ
മൊബൈൽ ഫോണിന്റെ ശീലം.
Content Highlights: World poetry day 2023, Poem by K.G. Sankara Pillai
Published: 21 Mar 2023, 09:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented