മുഖത്തോട് നീയടുപ്പിച്ച മുഖമായിരുന്നോ
നിന്റെ മനസ്സ്?
എന്റെ മനസ്സോടൊപ്പം പല വഴി നടന്ന മൈത്രി?
അല്ല. അല്ല,
മുഖം വേറെ മനം വേറെ.
കാണ്മാനില്ലൊരു മനസ്സിനെയെന്ന് ഞാ-
നീ മുഖം കാണിച്ചെങ്ങനെ 
കൊടുക്കും പരസ്യം?

To advertise here,

കണ്ടിട്ടെത്രയോ നാളായി ആ കൂട്ട്,? 
ലയം? വെളിവ്? 
ഒളിച്ചോ? നാട് വിട്ടോ?
മരിച്ചോ?
മരിക്കുമോ മനസ്സ്?

ഏറെ നേരം ഞാന്‍ എന്നുമിരിക്കുന്നത്
ഓര്‍മ്മയിലെ മനശ്ശാലയില്‍, 
മനസ്സുകളുടെ ലൈബ്രറിയില്‍.
അവിടെയില്ലാത്ത മനസ്സില്ല.
അവിടെയുണ്ടാവും  ആ മനസ്സും.
ഏതെങ്കിലും വരിയില്‍.
എന്തിന്റെയെങ്കിലും മുന്നില്‍?പിന്നില്‍? ഉള്ളില്‍?
സ്ഥാനം തെറ്റി?
മറ്റെന്തിന്റെയെങ്കിലും പേരോ ചട്ടയോ ചൂടി?.
കണിശമായ കാറ്റലോഗിങ്ങില്ലാത്ത 
ആ മനക്കാട്ടില്‍ എനിക്ക് വേണ്ടതൊന്നും
വേണ്ടപ്പോള്‍ കണ്ടുകിട്ടാറില്ല.
എന്നാലും ഞാന്‍ പരതും
രാവും പകലും നിന്നെ.