റൈറ്റേഴ്‌സ് ഡയറിയില്‍ കാവില്‍മഠം ഭവദാസ് എഴുതുന്നു...

To advertise here,

യഥാര്‍ത്ഥത്തില്‍ ഒരാത്മകഥ എഴുതണം എന്നൊരു ചിന്ത ഉണ്ടായിരുന്നില്ല. എന്നാല്‍, ഇടയ്ക്കിടെ ഓര്‍മ്മകള്‍ കുറിച്ചുവെക്കുന്ന സ്വഭാവം ഉണ്ടായിരുന്നതുകൊണ്ടാവാം പലപ്പോഴായി പലതും എഴുതിവെച്ചിരുന്നു. വാസ്തവത്തില്‍ മറ്റാര്‍ക്കും വായിക്കുവാന്‍ വേണ്ടി ചെയ്തതായിരുന്നില്ല. എനിക്ക് എന്നെത്തന്നെ ഓര്‍മ്മപ്പെടുത്താന്‍ വേണ്ടിയെഴുതിയതായിരുന്നു. ജീവിതത്തിലൂടെ കടന്നുപോയ ചില വഴികളില്‍ സന്ധിച്ച ഓരോ അനുഭവത്തെയും കുറിച്ചുള്ള എന്റെ കാഴ്ചകളെ പകര്‍ത്തുമ്പോള്‍ എല്ലാംതന്നെ പലപ്പോഴും മൂകമായിരുന്നുപോകാറുണ്ട്. ഇതെല്ലാം എഴുതണമോ വേണ്ടയോ എന്ന ചിന്തയില്‍ പക്ഷേ, ഒന്നുമാത്രം അറിയാമായിരുന്നു. ഒരുപക്ഷേ, നാളെ എന്റെ ഓര്‍മ്മയില്‍നിന്നും ഇതെല്ലാം മാഞ്ഞുപോയാല്‍ എനിക്കിതു വായിച്ചെടുക്കുവാന്‍ കഴിയണം. കാരണം, ഞാനെന്നെ മറന്നുപോകരുത്. എനിക്കെന്നും എന്നെ ഓര്‍മ്മിക്കുവാന്‍ കഴിയണം. വന്ന വഴി മറന്നുപോയാല്‍ എനിക്ക് എന്റെ അസ്തിത്വം നഷ്ടപ്പെട്ടേക്കാം. അതെന്തുകൊണ്ടെന്നു ചോദിച്ചാല്‍ എന്റെ ജീവിതയാത്രയില്‍ ഞാന്‍ പരിചയിച്ച കുറച്ചു മനുഷ്യരുണ്ട്. ഒരു പൂര്‍വ്വബന്ധവും ഇല്ലാതെ കടന്നുവന്നവര്‍. അവരൊക്കെ പിന്നീടൊരിക്കല്‍ നമ്മുടെ ആരൊക്കെയോ ആയി മാറുന്നു. സ്വബന്ധുജനങ്ങള്‍, മിത്രങ്ങള്‍ എന്നതിലെക്കാളൊക്കെ ഉപരി നമ്മുടെ ജീവിതത്തില്‍ അവര്‍ സ്വാധീനം ചെലുത്തുന്നു. അവരുടെ വഴികള്‍ നമുക്കുവേണ്ടിയും തുറന്നിടുന്നു.

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായ ബിരുദപഠനവേളയില്‍ ഒരുവശത്ത് പഠനവും മറുവശത്ത് വക്കീല്‍ ഗുമസ്തനുമായി നടക്കുമ്പോള്‍ മറ്റുള്ളവരെപ്പോലെ ചിരിച്ചും പഠിച്ചും നടക്കേണ്ട സമയങ്ങളില്‍ കാലം കാശി എന്ന മഹാനഗരത്തിലേക്ക് എത്തിച്ചതിനു കാരണമായ ജീവിതസന്ധികളോട് ഒരു പ്രതികാരവാഞ്ഛയും കലഹവും ഇല്ലാതെ എല്ലാം ഉള്‍ക്കൊണ്ട് നിയതിയുടെ കൈകളില്‍ സര്‍വ്വവും സമര്‍പ്പിച്ചുകൊണ്ട്, കാശി ഒരു അവസാനമാണ് എന്നു ധ്യാനിച്ചു നടക്കുമ്പോള്‍ എന്റെ പ്രതിസന്ധികളില്‍ താങ്ങായി നിന്നവര്‍ ഗുരുക്കന്മാരായി, സ്വജനങ്ങളായി, സുഹൃത്തുക്കളായി, ആത്മബന്ധുക്കളായി മാറിയവര്‍ അവരെക്കുറിച്ചുള്ള ഓര്‍മ്മകളും അവരോടൊപ്പമുള്ള അനുഭവങ്ങളുമാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്. അവര്‍ പ്രഭുക്കന്മാരായിരുന്നില്ല. ആധുനികലോകത്തിലെ സമ്പത്തിന്റെ അത്യാഡംബരങ്ങളില്‍ അവര്‍ വീണുപോയിരുന്നില്ല. ശിഷ്യസഞ്ചയങ്ങള്‍ തീര്‍ത്തുകൊണ്ട് മാളികകളില്‍ അവര്‍ ഉറങ്ങിയിരുന്നില്ല. ഭിക്ഷയെടുത്തും കിട്ടുന്ന ജോലികള്‍ ചെയ്തും അധികമാരും അറിയാതെ അവരവരുടെ ലോകത്തില്‍ ആത്മീയ ഭിഷഗ്വരന്മാരായി ജീവിച്ചു എന്നുപറയുന്നതാവും ശരി. അവരില്‍ ധനികരും ഉണ്ടായിരുന്നു. പക്ഷേ, അവര്‍പോലും രാത്രികളില്‍ ബാവുള്‍സംഗീതത്തില്‍ അതല്ലെങ്കില്‍ ഭജനയില്‍ സ്വാത്മതൃപ്തിയില്‍ ആനന്ദമഗ്‌നനാവാന്‍ രാത്രികളില്‍ ഉറങ്ങാതെ ഉണര്‍ന്നിരുന്നു. അവരോടൊപ്പം സഹവസിച്ച നാളുകളെ വിസ്മരിച്ചുകൊണ്ട് ഒരുദിവസം പോലും കടന്നുപോകാറില്ല എന്നതാണ് സത്യം. അവരെ ലോകം വിളിച്ചത് കാപാലികന്മാര്‍ എന്നാണ്. കപാലവുമായി ഭിക്ഷയാചിച്ചു നടക്കുന്ന സാധുക്കളും സാധ്വികളും. ഒന്നിനോടും ആഗ്രഹമില്ലാതെ ശിവത്വം ഭിക്ഷയാചിച്ച് അന്നപൂര്‍ണ്ണയുടെ മുമ്പില്‍ നില്‍ക്കുന്നവര്‍. ഇപ്രകാരമുള്ളവരുടെ കൂട്ടത്തില്‍ത്തന്നെ എല്ലാ പ്രതീക്ഷകള്‍ക്കും വിപരീതമായി മനുഷ്യത്വഹീനമായ കര്‍മ്മാനുഷ്ഠാനങ്ങളില്‍ മുഴുകി മറ്റുള്ളവരെ വഴിതെറ്റിച്ച് അന്ധകൂപത്തിലേക്കു തള്ളിവിടുന്നവരും ഉണ്ടായിരുന്നു.

ഏതൊരു മതമോ പ്രസ്ഥാനമോ സമ്പ്രദായമോ ആയിക്കൊള്ളട്ടെ, ഉദ്ധരിക്കാന്‍ പത്തുപേരായാലും ഇകഴ്ത്താന്‍ മറുവശത്ത് അതേപേരില്‍ എട്ടുപേരെങ്കിലും ഉണ്ടാവും. കാപാലിക അഘോരികള്‍ നീചകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ എന്ന രീതിയില്‍ മുദ്രകുത്തപ്പെട്ടതിന്റെ കാരണങ്ങള്‍ പലതാണ്. നഷ്ടപ്പെട്ടു അല്ലെങ്കില്‍ നാമാവശേഷമാക്കപ്പെട്ടു എന്നു വിചാരിക്കുന്ന ശൈവമതത്തിലെ പരമ്പരകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട് എന്നും അതില്‍ത്തന്നെ നല്ലതും അല്ലാത്തതുമായ വശങ്ങള്‍ ഉണ്ടെന്നുമൊക്കെ തിരിച്ചറിഞ്ഞുവരുമ്പോഴേക്കും ഒരുപക്ഷേ, നമ്മുടെ ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും കഴിഞ്ഞിരിക്കും. ഭാഗ്യമെന്നുപറയട്ടെ, ആപത്തുകളില്‍പ്പെട്ടിട്ടും ഇന്നും ജീവിച്ചിരിക്കുവാന്‍ കഴിഞ്ഞത്. എവിടെയെങ്കിലും വെച്ച് എന്റെ കാലുകള്‍ ഇടറിയിരുന്നുവെങ്കില്‍ ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത ഒരു അന്ധകാരത്തിലേക്ക് എനിക്കും മടങ്ങേണ്ടിവരുമായിരുന്നു.

ആത്മീയത എന്നും അദ്ഭുതങ്ങളുടെയും തീവ്രവിശ്വാസത്തിന്റെയും ലോകമാണ്. വാസ്തവത്തില്‍ അതിലുപരി ആത്മീയവികാസമെന്നത് പലപ്പോഴും ഒരുപാട് ദൂരത്താണ്. അതുകൊണ്ടുതന്നെ ഭക്തിവിശ്വാസങ്ങളെ ചൂഷണം ചെയ്യുക എന്നത് എളുപ്പമാണ്. ശരിയും തെറ്റും തിരിച്ചറിഞ്ഞു നേര്‍വഴിയിലൂടെ കടന്നുപോകാന്‍ കഴിയുക എന്നത് മഹാഭാഗ്യമാണ്. അദ്ഭുതങ്ങളുടെ മായാലോകം തേടിപ്പോകുമ്പോള്‍ പ്രത്യേകിച്ച് അഘോരം മുതലായ പാതകളില്‍ പലപ്പോഴും നമ്മെ കാത്തിരിക്കുന്ന പൊള്ളുന്ന സത്യങ്ങള്‍ മനസ്സിലാക്കിവരുമ്പോഴേക്കും ജീവിതം നമ്മളില്‍നിന്നും കൈവിട്ടുപോയിരിക്കും. ഒരിക്കലും പുറത്തുപറയാന്‍ ആഗ്രഹിക്കാത്ത അത്തരം അനുഭവങ്ങളെ മാറ്റിനിര്‍ത്തിയാല്‍ അളകാപുരിയുടെ മഹായക്ഷസമക്ഷം (ബദരി) പശുപതിയുടെ ലോകം കാണിച്ചുതന്ന മഹാവ്രതന്മാരെക്കുറിച്ചുള്ള ഓര്‍മ്മകളും വഴിയാത്രകളില്‍ കൂടെനിന്നു സഹായിച്ചവരെയും വിശന്നുവീഴുമ്പോള്‍ ഭക്ഷണം തന്ന കൈകളെയും കുറിച്ച് എഴുതിവെച്ചതെല്ലാം ഓര്‍മ്മക്കുറിപ്പുകളായിരുന്നു.

കണ്ട കാഴ്ചകളെക്കാള്‍ കാണാത്ത കാഴ്ചകള്‍ക്കുവേണ്ടിയുള്ള ആത്മീയജിജ്ഞാസയുടെ പുറകില്‍ ചെന്നെത്തപ്പെടുന്ന ചില സമയങ്ങള്‍ ഒന്നുകൊണ്ടും തുലനും ചെയ്യാന്‍ കഴിയാത്ത അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മെ കൈപിടിക്കുന്ന പ്രകൃതിയുടെ സാന്ത്വനം ആത്മീയതയുടെ അധികമാരും പരിചയിക്കാത്ത വഴികളിലൂടെ ഞാനെത്തിപ്പെട്ടത് മനഃപൂര്‍വ്വമായിരുന്നില്ല. എന്നെ സംബന്ധിച്ച് എന്റെ ആത്മീയയാത്ര ഞാന്‍ ആഗ്രഹിച്ചതായിരുന്നില്ല. മറ്റെല്ലാവരെയുംപോലെത്തന്നെ ഒരു സാധാരണജീവിതമെന്നതില്‍ക്കവിഞ്ഞ് എന്റെ ചിന്തകളില്‍ മറ്റൊന്നുംതന്നെയുണ്ടായിരുന്നില്ല. ഗുരു എന്നിലേക്കെത്തുംവരേക്കും അതല്ലെങ്കില്‍ കാശിയിലേക്കു ഞാനെത്തുംവരെ ക്ഷേത്രപൗരോഹിത്യം എന്നതല്ലാതെ മറ്റൊന്നിനെക്കുറിച്ചും എനിക്ക്  ഒരു ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് സംഭവിച്ചതെല്ലാംതന്നെ എന്നെ സംബന്ധിച്ച് ഇന്നോര്‍ക്കുമ്പോള്‍ ഒരിടത്ത് ആത്മീയജ്ഞാനത്തിന്റെ സ്വാതന്ത്ര്യം അനുഭവിക്കുമ്പോള്‍ മറ്റൊരിടത്ത് ആത്മീയഭയം സമ്മാനിച്ചുകൊണ്ട് കടന്നുപോയ ഓരോ നിമിഷവും ഞാനെങ്ങനെ തരണംചെയ്തുവെന്നത് എനിക്കറിയില്ല.

ആത്മീയാവബോധത്തിന്റെ പുറകില്‍ ഞാനെന്നെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടേക്കാവുന്ന ഇടനാഴികളില്‍ പലപ്പോഴും ഞാന്‍ ഒറ്റയ്ക്ക് ഇരുന്നുപോയിട്ടുണ്ട്. ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി അല്ലെങ്കില്‍ ആത്മീയഗുരുക്കന്മാരുടെ അജ്ഞതയ്ക്കുമുമ്പില്‍ അന്ധകാരത്തിന്റെ ലോകത്ത് ഒന്നും ശബ്ദിക്കാനാവാതെ നിശ്ചലമായിപ്പോയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇത്തരം ആത്മീയസാധനകളുടെ പുറകിലേക്കു പോകുന്ന പലരെയും ഞാന്‍ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ഞാനവരോടെല്ലാം പറയാറുണ്ട്: 'ഒരു അഘോരിയും അതാവാന്‍വേണ്ടി എത്തിപ്പെടുന്നതല്ല. ജീവിതത്തിന്റെ ഒരു ഘട്ടം അവരെ കൊണ്ടുപോകുന്നതാണ്. ചിലര്‍ ജീവിതത്തിലേക്ക് തനിയെ തിരിച്ചുവരും. മറ്റുചിലര്‍ക്ക് തന്റെ ജീവിതത്തെ സ്വയം സമര്‍പ്പിച്ചുകൊണ്ട് മടങ്ങേണ്ടിവരും. എന്തുതന്നെയായാലും ഒരിക്കല്‍ ഇതിലേക്ക് ആഴ്ന്നിറങ്ങിയാല്‍ മാനസികമായും ശാരീരികമായും പിന്നെയൊരു തിരിച്ചുപോക്കില്ല.

ഗുരുക്കന്മാരോടൊപ്പം വഴിയമ്പലങ്ങളിലും ആശ്രമങ്ങളിലും തീര്‍ത്ഥസ്‌നാനഘട്ടങ്ങളിലും ഹിമപര്‍വ്വതങ്ങളിലും ദിനരാത്രങ്ങള്‍ കഴിയുമ്പോള്‍ അവരുടെ വാത്സല്യത്തിന്റെ, കരുതലിന്റെ നിറവിലാണ് ബാക്കിയുള്ള ജീവിതം എന്ന തിരിച്ചറിവില്‍ ഉള്ള ധന്യത, അതോടൊപ്പം അവരുടെ വിജ്ഞാനത്തില്‍നിന്നും ഞാന്‍ ഉള്‍ക്കൊണ്ട പാഠങ്ങളില്‍ കണ്ട ക്ഷണികമായ ജീവിതത്തെ അതിന്റെയര്‍ത്ഥത്തില്‍ സ്വീകരിക്കാന്‍ കഴിഞ്ഞപ്പോഴും അഹമെന്ന അറിവിന്റെ പ്രകാശത്തില്‍ സമസ്തപ്രപഞ്ചവും നമ്മിലേക്കു ചുരുക്കുവാനും അതുപോലെ വിശ്വപ്രപഞ്ചവുമായി താദാത്മ്യംപ്രാപിക്കാനുമുള്ള തത്ത്വാര്‍ത്ഥങ്ങളെ മനനം ചെയ്യുമ്പോഴുമെല്ലാം അറിവിന്റെ നിറവും ഇരുട്ടും കാണിച്ചുതന്ന മരണമെന്ന മഹാസങ്കല്‍പ്പം നിറച്ചുവെച്ച ശ്മശാനങ്ങളില്‍ അവരോടൊപ്പം ഞാനുമുണ്ടായിരുന്നു. ഒരിക്കല്‍ ഹരിദ്വാറില്‍ നിന്നും ബദരിയിലേക്കുള്ള കാല്‍നടയാത്രയില്‍ തണുപ്പു സഹിക്കാന്‍ കഴിയാതെ പലയിടത്തുനിന്നായി കിട്ടിയ പണംകൊണ്ട് ഞാനൊരു കമ്പിളി വാങ്ങാന്‍ ഒരുങ്ങിയപ്പോള്‍ ബാബ പറഞ്ഞതോര്‍ക്കുന്നു.

'നിനക്ക് ഒരു പുരോഹിതന്‍ എന്ന നിലയില്‍ ഭഗവദ്പൂജകള്‍ അര്‍ച്ചിച്ചുകൊണ്ടോ, കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടോ അഥവാ മറ്റുജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടോ കിട്ടുന്ന പണത്താല്‍ ഇതെല്ലാം വാങ്ങാം. പക്ഷേ, കപാലിയുടെ മാര്‍ഗ്ഗം സ്വീകരിച്ച് നീയിട്ടിരിക്കുന്ന കറുത്ത വസ്ത്രത്തില്‍ നിന്നുകൊണ്ട് നീ വാങ്ങിയ ഭിക്ഷകൊണ്ട് നിനക്ക് അന്നം കഴിക്കാം എന്നല്ലാതെ മറ്റൊന്നിന്നും അത് ഉപകാരപ്പെടില്ല. അഘോരപശുപതിയുടെ ഗീര്‍വാണരഹസ്യങ്ങളാകുന്ന മന്ത്രതന്ത്രങ്ങള്‍കൊണ്ട് നിനക്ക് ഒരു ലൗകികസുഖവും ശാശ്വതമാകില്ല. കാരണം, അവിടുന്ന് മഹാദേവനാണ്. മഹാപ്രഭുവാണ് അവിടുന്ന്. അന്നത്തിനുവേണ്ടി മാത്രമേ ഭിക്ഷയാചിച്ചിട്ടുള്ളൂ. ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ത്ഥം ഭിക്ഷാംദേഹി ച പാര്‍വതി എന്നാണ്. 

ആ ഭിക്ഷപോലും ഒരുപരിധിക്കപ്പുറം നിന്നെ അറിയാനുള്ള നിന്റെ ജീവിതസംചാലനത്തിനുവേണ്ടി ദേഹത്തെ നിലനിര്‍ത്താന്‍ മാത്രമുള്ളതാണ്.'
ബാബ ഇതെല്ലാം പറയുന്നതിനുമുമ്പും അതിനുശേഷവും വേഷഭൂഷാദികള്‍കൊണ്ടും സമ്പത്തുകൊണ്ടും ധനമോഹികള്‍ മാത്രമായ നിരവധി സാധുക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. പരിപക്വമല്ലാത്ത വാസനാക്ഷയം സംഭവിച്ചിട്ടില്ലാത്തവര്‍, ശാസ്ത്രചിന്തനമോ അതിന്റെ സംസ്‌കാരത്തെക്കുറിച്ചോ ഉറക്കത്തില്‍പ്പോലും ചിന്തിക്കാത്തവര്‍. ഇന്നത്തെ കാലഘട്ടത്തെ സംബന്ധിച്ച് മുമ്പുണ്ടായിരുന്ന പല ആചാരങ്ങളുടെയും പുറകിലുള്ള അന്തസ്സത്ത ലൗകികവ്യവഹാരത്തില്‍ സമ്പത്തിനുമുകളില്‍ മാഞ്ഞുപോയതുകൊണ്ടാവാം കാലാന്തരത്തില്‍ ഇത്തരം സമ്പ്രദായങ്ങള്‍ക്കൊക്കെ സമൂഹമാദ്ധ്യമത്തില്‍നിന്നും അപവാദങ്ങള്‍ കേള്‍ക്കേണ്ടിവന്നത്. മനുഷ്യനെ സംബന്ധിച്ച് സംതൃപ്തിയാണ് പ്രധാനം. തികച്ചും വ്യക്തിഗതമായ ചിന്തയാണെങ്കില്‍പ്പോലും ലളിതമായ ഒരു ജീവിതരീതിയില്‍ തൃപ്തിനേടുക എന്നത് വളരെ പ്രയാസമാണ്. എന്നാലും അതിനും മഹത്തരമായി മറ്റൊന്നും എനിക്കു തോന്നുന്നില്ല. ആനന്ദം, തൃപ്തി, ഇതെല്ലാം ഉണ്ടാവേണ്ടത് പുറത്തുനിന്നല്ല, അകത്തുനിന്നാണ്. അങ്ങനെയെങ്കില്‍ ഞാനെന്റെ ഗുരുപരമ്പരയിലും എന്നിലും തപ്തമാണ്. അതിനാല്‍ സംതൃപ്തനാണ്. കാശി എന്ന ഈ നഗരത്തെ സ്‌നേഹിച്ചവരാരും ലൗകികതയിലേക്കു തിരിച്ചുവരില്ല. വരാന്‍ അവര്‍ക്കു കഴിയില്ല. വാരാണസി ഒരു അവസാനമാണ്. ചിതയെടുത്തുകഴിഞ്ഞ ഭസ്മംപോലെ നിര്‍വ്വികാരതയുടെ ഉന്മാദങ്ങളില്‍ മറ്റുള്ളവര്‍ക്ക് അപ്രാപ്യമായ ഉറക്കത്തില്‍ അവര്‍ വീണുപോയിരിക്കുന്നു. വികാരഭ്രമണപഥങ്ങള്‍കൊണ്ടയാള്‍ എത്ര ലൗകികനാവാന്‍ ശ്രമിച്ചാലും തിരിച്ചുപോയേ മതിയാവൂ.

ദീര്‍ഘദൂരയാത്രകളിലായിരുന്നു ഞാനധികവും എഴുതിയത്. എന്നാല്‍ അതെല്ലാം ഒരു പുസ്തകരൂപത്തിലേക്കു മാറ്റാന്‍ കാരണമായത് ജയപാണ്ഡെ എന്ന സുഹൃത്താണ്. നേരത്തേ പരിചയമുണ്ടെങ്കിലും ബദരീനാഥ് യാത്ര കഴിഞ്ഞശേഷം കര്‍ണ്ണാടകയിലെ സഗര്‍ എന്ന സ്ഥലത്തുവെച്ച്, ഓര്‍മ്മ ശരിയെങ്കില്‍ 2013-ലാണ് ഞങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷം കാണുന്നത്. ക്ഷീണിതനും അവശനിലയിലുമായ അദ്ദേഹത്തിന്റെ നിര്‍ബ്ബന്ധപ്രകാരം ബാംഗ്ലൂരിലെ ഒരാശ്രമത്തില്‍ ഒരുമാസത്തോളം ഞങ്ങള്‍ ചെലവഴിക്കുകയുണ്ടായി. ഉജ്ജയിനി എന്ന മഹാകാലവനവുമായി ബന്ധപ്പെട്ട ഒരു സാധകനായിരുന്നു അദ്ദേഹം. എന്നോട് കുറെ കാര്യങ്ങള്‍ തുറന്നു സംസാരിക്കണം എന്നു പറഞ്ഞതനുസരിച്ചാണ് അവിടെ കുറച്ചുദിവസങ്ങള്‍ ചെലവഴിച്ചത്.

ഇത്തരം സാധനാമാര്‍ഗ്ഗത്തിലേക്കു കടന്നുവരുമ്പോഴുള്ള പലവിധ പ്രശ്‌നങ്ങള്‍, നേരിട്ട ബുദ്ധിമുട്ടുകള്‍, നഷ്ടമായ ധനം, കുടുംബം തുടങ്ങിയ ചിത്തഭ്രമത്തോളമെത്തിനില്‍ക്കുന്ന ജീവിതകഥ കേട്ടപ്പോള്‍ എനിക്കൊരുകാര്യം ഓര്‍മ്മവന്നു. ഭൈരവശാസനം എന്ന ധര്‍മ്മശാസനം എന്നത് ആത്മനിഷ്ഠമാണ്. ഏതു പാതയാണെങ്കിലും മാനുഷികമൂല്യങ്ങള്‍ നശിച്ചാല്‍ കാലം എപ്പോഴാണെങ്കിലും പ്രകൃതിയാല്‍ നമ്മളെ സംഹരിക്കുകതന്നെ ചെയ്യും. അദ്ദേഹത്തിനു സംഭവിച്ച ച്യുതി എന്താണെന്ന് ഞാന്‍ കൂടുതല്‍ ചിന്തിച്ചില്ല. എങ്കിലും, അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ എന്നെ അലട്ടിക്കൊണ്ടിരുന്നു. പാണ്ഡെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ എന്നോടു പറയുന്നത് ഒരു തുറന്നുപറച്ചിലിലാണ്. അതില്‍ വൈരാഗ്യവും നിരര്‍ത്ഥകതയുമുണ്ട്. എന്റെ അനുഭവങ്ങള്‍ ഞാന്‍ ആരോടു പറയും? സത്യത്തില്‍ എന്നെ മറ്റൊരാള്‍ കേള്‍ക്കുമ്പോള്‍ അയാളുടെ ചിന്തകള്‍ക്കൊപ്പം ഞാനും സഞ്ചരിക്കേണ്ടിവരും. എന്നെ കേള്‍ക്കുന്ന വ്യക്തിയുടെ ആത്മീയ ജിജ്ഞാസയ്ക്ക് ഞാന്‍ കാതുകൊടുക്കേണ്ടിവരും. അതുകൊണ്ടുതന്നെ എന്നെ 'വായിച്ചാല്‍' മതി. കാശികം രൂപമെടുക്കുന്നത് അങ്ങനെയാണ്.

അപ്പോഴും പ്രസിദ്ധീകരിക്കണം എന്ന ചിന്തയുണ്ടായിരുന്നില്ല. ഒരു കൈയെഴുത്തുപ്രതി നാളെയൊരിക്കല്‍ ആരെങ്കിലും വായിച്ചാല്‍ ഇങ്ങനെ കുറച്ചുപേര്‍ ഉണ്ടായിരുന്നു എന്നറിയാന്‍മാത്രം. എന്റെ ഗുരുപരമ്പര എന്നെ ശിക്ഷിച്ചുപദേശിച്ചപോലെ ഞാന്‍ ചെയ്യുവാനാഗ്രഹിക്കുന്നില്ല. എനിക്ക് ആരെയും ഒന്നും ഉപദേശിക്കുവാനില്ല. ഒരു റോഡിലൂടെ പോകുമ്പോള്‍ നമ്മളോട് ഒരാള്‍ വഴിചോദിക്കുമ്പോള്‍ അറിയാമെങ്കില്‍ നേരെ ചൂണ്ടി ആ വഴി ഒന്നു കാണിച്ചുകൊടുക്കുക. അത്രമാത്രം. കാശികത്തിന്റെ ഭൂരിഭാഗവും എഴുതിയത് ബാംഗ്ലൂരിലെ ഒരാശ്രമത്തില്‍ വെച്ചാണ്. 2015-ഓടെ പൂര്‍ത്തിയായ കാശികം ചിലരുടെ നിര്‍ബ്ബന്ധത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങിയെങ്കിലും എന്റെ ചില യാത്രകള്‍കൊണ്ടും വേണ്ടത്ര ശ്രദ്ധകൊടുക്കായ്കകൊണ്ടും അവിടെവെച്ച് മുടങ്ങിപ്പോകുകയായിരുന്നു.

ആ സമയത്താണ് ഒരു പ്രസിദ്ധീകരണത്തിനുവേണ്ടി താന്ത്രികയാത്രകളുമായി ബന്ധപ്പെട്ട ഒരു യാത്രാവിവരണം വേണമെന്ന ആവശ്യവുമായി സുനീഷ്ജി വരുന്നത്. ഖണ്ഡശഃയായി അതു പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കാശികവും ഒരു സംസാരവിഷയമാകുന്നത്. എന്റെ ആലസ്യത്തെ മറികടന്ന് അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരമാണ് 2017- ഓടെ മാതൃഭൂമിയിലേക്ക് കാശികം അയയ്ക്കുന്നത്. ഖണ്ഡശഃയായി എഴുതിക്കൊണ്ടിരുന്ന യാത്രാവിവരണം 2020-ല്‍ താന്ത്രികയാത്രകള്‍: ഒരു താന്ത്രികസാധകന്റെ ആത്മസഞ്ചാരം എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്നിപ്പോള്‍ ആത്മകഥയും പ്രസിദ്ധീകൃതമാകുന്ന വേളയില്‍ വളരെ സന്തോഷമുണ്ട്. വരുന്ന തലമുറയ്ക്ക് നമുക്കു പകരാന്‍ കഴിയുന്ന ആത്മീയലോകത്തെക്കുറിച്ചുള്ള അറിവുകള്‍ എന്നേക്കും നിലനില്‍ക്കും. നാമവശേഷമാക്കപ്പെട്ടു എന്നു വിചാരിക്കുന്ന ചില പരമ്പരകള്‍ ഇന്നും നിലനില്‍ക്കുന്നു എന്നറിയിക്കാന്‍ ആ പാതകളില്‍ സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ, ജനനമരണങ്ങളുടെ ലഹരിയുടെ ഉന്മാദത്തിന്റെ ഗന്ധമുണ്ട് എന്നും ആത്മാവബോധത്തിന്റെ കരുതലില്‍ മാനുഷികമൂല്യങ്ങള്‍ക്കും ഗുരുത്വത്തിനും വിലകല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ ആത്മീയതയുടെ ലോകം കൂടുതല്‍ വിശാലമാകുവാന്‍ സമ്പത്തോ സ്വാധീനമോ ആവശ്യമില്ലെന്നും മനസ്സിലാക്കാന്‍ സാധിക്കട്ടേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്, ജയ് മാ കാശി. ഓം നമഃ ശിവായ.