കേരളത്തിന്റെ ഒരു ഗ്രാമത്തില്‍ ജനിച്ച്, കേവലബോധത്തിന്റെ പ്രേരണകളെയും മാനുഷികമായ  ചോദനകളെയും അതിജീവിച്ച് ആത്മീയവഴികളിലേക്ക് തിരിഞ്ഞ യുവാവിന്റെ സത്യാന്വേഷണയാത്രയാണ് കാവില്‍മഠം ഭവദാസ് എഴുതിയ കാശികം. മാതൃഭൂമി ബുക്‌സ് ഇംപ്രിന്റായ ബോധി പ്രസിദ്ധീകരിച്ച കാശികത്തില്‍ നിന്നും ഒരു അധ്യായം വായിക്കാം. 

To advertise here,

വാരാണസിയില്‍ ഇപ്പോള്‍ എനിക്കൊരു നിലയായി. സാധന ഉറച്ചിട്ടുണ്ട്. അനുഭവിച്ച ത്യാഗങ്ങള്‍ക്കും കഷ്ടങ്ങള്‍ക്കും ഫലമെന്നോണം എന്റെ നില ഭദ്രമായി. ഇപ്പോള്‍ എനിക്കും പറയാം, ഞാനും വാരാണസിയിലെ സാധകനാണെന്ന്. കാലഭൈരവദീക്ഷയ്‌ക്കൊപ്പം ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമായി ഒരു ഭാഗത്തായി ഗുരുവനുസരണം വേദവും പഠിച്ചുതുടങ്ങിയിട്ട്. മൂന്നു രീതിയില്‍ വേദപാരായണം ചെയ്യാന്‍ പഠിച്ചുകഴിഞ്ഞു. എങ്കിലും ബാബ അതില്‍ തൃപ്തനായിരുന്നില്ല. മാത്രവുമല്ല, ശക്ത്യാനന്ദസ്വാമികള്‍ പല സമയത്തായാണ് എനിക്കു പറഞ്ഞുതരിക. ചിട്ടവട്ടത്തോടെ വേണം കേരളാചാരപ്രകാരമുള്ള ഓത്ത് പഠിക്കുവാന്‍. പലപ്പോഴും മുടങ്ങുമ്പോള്‍ വീണ്ടും ഒന്നില്‍നിന്നു തുടങ്ങേണ്ടിവരും. അതിനാല്‍ ബാബതന്നെ പഠിപ്പിക്കാം എന്ന തീരുമാനത്തില്‍ ഇപ്പോള്‍ വേദപഠനവും വൈഷ്ണവപഞ്ചരാത്രവും പഠിച്ചുതുടങ്ങി.

സാളഗ്രാമശിവപൂജകളും അതോടൊപ്പം മറ്റു ഗുപ്തപ്രധാനങ്ങളായ ചില ക്രമങ്ങളും ബാബയില്‍നിന്നും നേരിട്ടു പഠിക്കുവാനുള്ള ഭാഗ്യമുണ്ടായി. കേരളത്തിലെ താന്ത്രികമായ പ്രതിഷ്ഠാവൈശിഷ്ഠ്യത്തെക്കുറിച്ച് പഠിക്കുവാനും ഭാഗ്യമുണ്ടായി. എങ്ങനെവേണം ക്ഷേത്രപ്രതിഷ്ഠ നടത്തേണ്ടത് എന്ന ഗഹനമായ വിഷയം തന്ത്രസമുച്ചയം, ഈശാനഗുരുദേവപദ്ധതി തുടങ്ങിയ ഗ്രന്ഥങ്ങളില്‍നിന്നും പഠിക്കുവാന്‍ തുടങ്ങി. അപ്പോഴാണ് ഗുരുബാബയുടെ പൂര്‍വ്വികന്മാരാല്‍ എഴുതപ്പെട്ട മൂത്തേടത്ത് കാവില്‍മഠത്തിനു പകര്‍ന്നുകിട്ടിയ പുതുച്ചോലില്ലം ഭാഷ എന്ന ഗ്രന്ഥം കാണുവാനിടയായത്. മലയാളഭാഷയുടെ താന്ത്രികാവിഷ്‌കാരം. അതിന്റെ മനോഹാരിത വര്‍ണ്ണനാതീതം. ഗഹനമായ പ്രതിഷ്ഠാവിഷയങ്ങളാണതില്‍ വളരെ ലളിതമായി ചേര്‍ത്തിരിക്കുന്നത്. പലപ്പോഴും ഇതെല്ലാം പറഞ്ഞുതീരുമ്പോള്‍ ബാബ വികാരാധീനനാകാറുണ്ട്. പക്ഷേ, ഒരിക്കലും വിസ്തരിച്ച് അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമത്തെക്കുറിച്ചു പറയുവാന്‍ തയ്യാറായിരുന്നില്ല. എന്തെങ്കിലും പറഞ്ഞുതുടങ്ങിയാല്‍ എന്തിനീ പഴംപുരാണം, പഴയതൊന്നും പൊടിതട്ടിയെടുക്കണ്ട എന്നു പറഞ്ഞുനിര്‍ത്തും.

ഗുരുബാബയുടെ ശിക്ഷണത്തില്‍ പഠനം വളരെ എളുപ്പമായിരുന്നു. ഒരു ദിവസം ബാബ എന്നോടു ചോദിച്ചു: 'മണികര്‍ണ്ണികയിലെ വിശ്വനാഥയെ കാണുവാന്‍ ആഗ്രഹമുണ്ടോ?'
'ഇല്ല. കാണുന്ന സൗന്ദര്യത്തെക്കാള്‍, കാണാതെതന്നെ ആ സൗന്ദര്യത്തെ ഞാന്‍ ആസ്വദിക്കുന്നു. അതുതന്നെയല്ലേ വേണ്ടതും. ഒരു കാത്തിരിപ്പുണ്ട്. അതെനിക്കു മുമ്പില്‍ വെളിച്ചമാണ്. ഞാനതില്‍ അലിഞ്ഞുചേരുന്ന നിമിഷം, അതിനുവേണ്ടി ഞാന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്നു.'
'കുഞ്ഞോനേ, ഗന്ധര്‍വ്വനഗരമാണ് കാശി. യക്ഷന്മാരുടെയും ദേവസുന്ദരിമാരുടെയും നാട്. ഗന്ധര്‍വ്വനെ കാണണമെന്നാഗ്രഹമുണ്ടോ?'
വൈഷ്ണവകലയുടെ അഭൗമസൗന്ദര്യം ബൗദ്ധദര്‍ശനത്തിലൂടെ ഇല്ലാതായിട്ടില്ല. ബുദ്ധകാലഘട്ടമാണ് കാശിയെ അതിന്റെ അസ്തിത്വത്തില്‍നിന്ന് കുറച്ചെങ്കിലും മാറ്റിയത്. പക്ഷേ, ഇപ്പോഴും കാശിയില്‍ നിലനിന്നതൊന്നും നശിച്ചിട്ടില്ല. ആരാലും അതു നശിപ്പിക്കപ്പെടുകയുമില്ല. ഋഷികളാല്‍ ആ സത്യങ്ങള്‍ വീണ്ടും പൊട്ടിമുളയ്ക്കും.'

placeholder
book cover

'എനിക്കു ഗന്ധര്‍വ്വനെ കാണണം' എന്ന് ഒറ്റശ്വാസത്തില്‍ പറയുമ്പോഴേക്കും ബാബയുടെ കൈകള്‍ എന്റെ ഭ്രൂമദ്ധ്യത്തില്‍ പതിഞ്ഞിരുന്നു. വൈഷ്ണവസാളഗ്രാമശിലകള്‍ പൂജിച്ചിരുന്ന ചെമ്പുപാത്രം എനിക്കു മുമ്പില്‍ വെച്ചു. നക്ഷത്രങ്ങള്‍ ജ്വലിക്കുംപോലെ പ്രകാശരശ്മികള്‍ അതില്‍ പായുംപോലെ സാളഗ്രാമശിലകള്‍ക്കു ചലനം. അതില്‍നിന്നും ജലം കുതിക്കുവാന്‍ തുടങ്ങി. ഒരു സീല്‍ക്കാരശബ്ദം. കണ്ണുകള്‍ അടച്ചുതുറക്കുമ്പോഴേക്കും മുമ്പില്‍ ഗന്ധര്‍വ്വസ്വരൂപം പുരുഷനില്‍ മഹാപുരുഷന്റെ ആകാരഭംഗിയില്‍ പ്രകാശിച്ചുനില്‍ക്കുമ്പോള്‍ ഞാനെന്റെ കണ്ണുകള്‍ തുടച്ചുനോക്കി. യാഥാര്‍ഥ്യമാണ്. ഗുരുപാദത്തില്‍ ഞാന്‍ നമസ്‌കരിച്ചെഴുന്നേല്‍ക്കുമ്പോള്‍ ആ സ്വരൂപം ബാബയുടെ ഹൃദയത്തിലേക്കൊഴുകുംപോലെ അത് ആ ഹൃദയത്തില്‍ മറഞ്ഞു.

'കുഞ്ഞോനെ, ഇതു ദര്‍ശനം മാത്രമാണ്. ദര്‍ശനം മാത്രമായി അതിനെ അറിഞ്ഞാല്‍ മതി. കണ്ടതും കാണാത്തതുമെല്ലാം ഒരു ദര്‍ശനം. യാഥാര്‍ഥ്യമല്ലാത്ത മായക്കാഴ്ചകള്‍.'

അതെ! വാസ്തവമാണ്. അദ്ഭുതങ്ങള്‍ വെറും മായക്കാഴ്ചകള്‍ മാത്രം. അതിനു പിന്നാലെ പോകരുത്. മറ്റൊരനുഭവത്തിലേക്കു പോകാം.
ഭിക്ഷത്തുട്ടുകള്‍ ചേര്‍ത്തുവെച്ച് അധികമാകുമ്പോള്‍ നോട്ടാക്കി മാറ്റാനായി കുറച്ചകലെയുള്ള ഒരു തെരുവില്‍ പോയി വലിയ ബിസിനസ് സ്ഥാപനങ്ങളില്‍ അത് കൊടുക്കുന്ന പതിവുണ്ടായിരുന്നു. സ്ഥലത്തിന്റെ പേരും മറ്റും വിവരിക്കുവാന്‍ കഴിയായ്കയാല്‍ ഇവിടെ കുറിക്കുന്നില്ല. സാധാരണ ശക്തിസ്വാമികളാണ് അവിടേക്ക് പണം കൊണ്ടുപോവുക. സ്വാമിക്ക് തപോകാലമായിരുന്നു. സദ്യോജാതം എന്ന ഭഗവാന്റെ ഭാവത്തെ ദശാശ്വമേധാഘട്ടില്‍ ഇരുന്ന് ധ്യാനിച്ചും ജപിച്ചും ഒരു മാസത്തോളം കഴിയുക. അതായിരുന്നു അവിടുത്തെ തപസ്സ്. തപോകാലം കഴിയുന്നതിന് ഒരു ദിവസം മുമ്പ് ബാബ എന്നോടാണ് അങ്ങോട്ടു പോകാന്‍ കല്‍പ്പിച്ചത്.

തുട്ടുകള്‍ രണ്ടു സഞ്ചിയിലാക്കി വൈഷ്ണവിയുടെ സഹോദരനെയും കൂട്ടി ഞാനാ സ്ഥലത്തേക്കു പോയി. എന്തോ കാരണത്താല്‍ ആ സ്ഥാപനം അടച്ചിട്ടിരിക്കുന്നതിനാല്‍ ദശാശ്വമേധാഘട്ടില്‍ച്ചെന്ന് സ്വാമികളെ കണ്ടു ചോദിക്കുവാനായി ഞാനങ്ങോട്ടു തിരിച്ചു. അവിടെ ചെന്നപ്പോള്‍ സ്വാമി നല്ല ധ്യാനത്തിലാണ്. വിളിച്ചുണര്‍ത്തുക എന്നത് സുബദ്ധമാവില്ല. കാത്തിരുന്നു ഒരു മണിക്കൂറോളം. പിന്നെയോര്‍ത്തു എവിടെയെങ്കിലും കൊണ്ടുപോയാല്‍ പോരേ നോട്ടാക്കിയാല്‍ മതിയല്ലോ എന്ന്. രഘുവീറിനോടു പറഞ്ഞപ്പോള്‍ ഒരിടം കാട്ടിത്തരാം എന്നു പറഞ്ഞ് വാരാണസിക്കു പടിഞ്ഞാറുഭാഗത്തുള്ള ഒരു തെരുവിന്റെ പേരു പറഞ്ഞുതന്നു. ഒരോട്ടോയും പിടിച്ചുതന്നു. രഘുവീറിന്റെ സ്വഭാവം നേരത്തേ പറഞ്ഞിട്ടുള്ളതാണല്ലോ. അവന്‍ വരുന്നില്ലായെന്നും പറഞ്ഞ് പിന്‍തിരിഞ്ഞുപോയി. ആ തെരുവിലെത്തുമ്പോള്‍ അസാധാരണമായി എനിക്കൊന്നും തോന്നിയില്ല. കുറച്ചു നടന്നതിനുശേഷം രണ്ടു പഴക്കടകളില്‍ ചോദിച്ചു. അവര്‍ക്കാവശ്യമില്ല എന്നു പറഞ്ഞതനുസരിച്ച് ഞാന്‍ കുറച്ചുകൂടി അകലെയുള്ള സ്റ്റേഷനറിക്കടയിലേക്കു നീങ്ങി. അങ്ങോട്ടു പോകുംവഴിക്ക് മനസ്സിനെ മദിപ്പിക്കുന്ന ഒരു സുഗന്ധം പടരുന്നത് ഞാനാസ്വദിച്ചു. നടക്കുമ്പോള്‍ പതിനാലുവയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരു പെണ്‍കുട്ടി എന്റെ കൈകളില്‍ പിടിച്ചു. ഞാന്‍ ആരാണിതെന്നു വിചാരിച്ചു നോക്കുമ്പോള്‍ അവളുടെ കുട്ടിത്തം നിറഞ്ഞ ചിരിയില്‍ അല്‍പ്പനേരം ഞാന്‍ വാത്സല്യഭാവാതിരേകത്താല്‍ കുനിഞ്ഞിരുന്നുപോയി. 'ബാലാ എന്താ നിനക്കു വേണ്ടത്?' എന്നു ഞാന്‍ ചോദിച്ചുകൊണ്ട് ചുറ്റുപാടും നോക്കി. അടുത്തുള്ള ഏതു വീട്ടില്‍നിന്നാവാം അവള്‍ വന്നത്. ഈ കൊച്ചുസുന്ദരി എന്തിനാണെന്റെ കൈ പിടിച്ചിരിക്കുക? അവള്‍ക്കു വിശക്കുന്നുണ്ടാവാം. അല്ലെങ്കില്‍ കാശിനു വേണ്ടിയാവാം. ബാലഭിക്ഷാടനം വേണ്ടുവോളമുണ്ട് ഈ വിശ്വനാഥഭൂമിയില്‍. ഞാനങ്ങനെ ചിന്തിച്ചുനില്‍ക്കുമ്പോള്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞു:
'സ്വാമീ, അവിടുന്ന് ഞങ്ങളുടെ വീട്ടിലേക്കു വന്നാലും. അങ്ങയെപ്പോലെയുള്ളവര്‍ ഞങ്ങളുടെ ആതിഥ്യം സ്വീകരിക്കുകയാണെങ്കില്‍ അത് ഞങ്ങളുടെ ഭാഗ്യമാണ്.'

ഞാന്‍ അവളുടെ കൈ പിടിച്ചുകൊണ്ട് നടന്നുനീങ്ങുമ്പോള്‍ അവളുടെ മുഖം നക്ഷത്രംപോലെ തിളങ്ങുന്നതു കണ്ടു. ഏറ്റവും അടുത്തു കണ്ട കടയില്‍ച്ചെന്ന് ഞാന്‍ ചില്ലറകള്‍ കൊടുക്കുമ്പോള്‍ കടക്കാരനെന്നെ രൂക്ഷമായി നോക്കുന്നതു ശ്രദ്ധിച്ചു. ആ തെരുവില്‍ അങ്ങിങ്ങായി പാട്ടുകള്‍ പാടിക്കൊണ്ടിരിക്കുന്നവരെയും അണിഞ്ഞൊരുങ്ങിനില്‍ക്കുന്ന സ്ത്രീകളെയും കണ്ടു. ഞാനാരാണ് എന്നു ചോദിച്ചറിഞ്ഞ കടക്കാരന്‍ ദേഷ്യഭാവത്തില്‍ ആ പെണ്‍കുട്ടിയോട് മാറിപ്പോകാന്‍ പറഞ്ഞതുകേട്ട് എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ അയാള്‍ കടയില്‍നിന്നും ഇറങ്ങിവന്ന് എന്റെ വലതുകൈയില്‍ മുറുകെപ്പിടിച്ചിരുന്ന അവളുടെ കൈ തട്ടിമാറ്റിക്കൊണ്ടു പറഞ്ഞു:

'ബ്രഹ്‌മചാരി, അവിടുത്തേക്ക് വരാന്‍പറ്റിയ സ്ഥലമല്ല ഇത്. അങ്ങ് വഴിതെറ്റി വന്നതാവും' എന്നു പറഞ്ഞപ്പോള്‍ത്തന്നെ എനിക്ക് ചുവന്ന തെരുവിന്റെ ഗന്ധം കിട്ടിയിരുന്നു. മാ അംബയുടെ പവിത്രഭൂമിയാണ് വേശ്യാത്തെരുവുകള്‍. പക്ഷേ, ആ പിഞ്ചുകൈകളില്‍ എനിക്കെന്റെ ആത്മീയതയുടെ വാചകങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല. വിശപ്പു തീര്‍ക്കാനോ അല്ലെങ്കില്‍ കറതിങ്ങിയ ജീവിതത്തിന്റെ അഴുക്കുചാലുകളിലേക്ക് അറിയാതെ ഇറങ്ങിപ്പോയതോ ആകുമോ അവള്‍? എന്റെ കൈകളില്‍നിന്നവള്‍ പിടിവിട്ടുപോകുമ്പോള്‍ ആ മുഖത്തെ ചിരി എന്നെ വിഴുങ്ങുംപോലെ തോന്നി.

കടക്കാരന്‍ നോട്ടുകളെണ്ണിക്കൊണ്ട് പിറുപിറുത്തുകൊണ്ടിരിക്കുകയായിരുന്നു. അയാള്‍ ഒരുപക്ഷേ, എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടാവാം. അതാവാം അയാളുടെ ഗുഡ്കപാനിയുടെ കറപിടിച്ച ചുണ്ടുകള്‍ എന്നെ ചീത്തവിളിക്കുന്നത്. വളരെ മോശമായിത്തന്നെ അയാളെന്നെ ചീത്തവിളിക്കുന്നതെനിക്കു കേള്‍ക്കാമായിരുന്നു. വാരാണസിയിലെ ഓരോ മണല്‍ത്തരിയും അഘോരിയായ മഹാകാലഭൈരവനെ പ്രണമിച്ചുനില്‍ക്കും. എന്നാല്‍, ഞാനാരാണ് എന്നറിയാതെ അയാള്‍ പറയുന്നതൊക്കെ ഞാന്‍ കേട്ടുനിന്നു. എന്റെ മനസ്സില്‍ ആ കുട്ടിയുടെ മുഖം മാത്രമായിരുന്നു. ആത്മീയതയുടെ അമൃതധാരയില്‍ എത്രകണ്ട് ആഴ്ന്നിറങ്ങിയാലും വാസ്തവത്തില്‍ ചില മാനുഷികമൂല്യങ്ങളുടെ കാണാപ്പുറങ്ങള്‍ എന്റെ കണ്ണുകളില്‍ കുടുങ്ങുമ്പോള്‍ 'ശിവോളഹം ശിവോളഹം' എന്നു ചൊല്ലി പോകുവാന്‍ എനിക്കു കഴിയുന്നില്ല. ഒരുപക്ഷേ, ആത്മീയജീവിതത്തിന്റെ പരാജയങ്ങളിലൊന്നാവാം ഈ സ്വഭാവം. ഞാന്‍ ആ നോട്ടുകള്‍ വാങ്ങി തിരിച്ചുപോകുവാനൊരുങ്ങുമ്പോള്‍ കുറെ നായ്ക്കളുടെ ശബ്ദം കേള്‍ക്കുവാന്‍ തുടങ്ങി. എവിടെ നായ്ക്കള്‍ എന്നു നോക്കുമ്പോള്‍ ഒരിടത്തും കാണാനുമില്ല. അദ്ഭുതത്തോടെ കണ്ണുകള്‍ പരതുവാന്‍ തുടങ്ങി. എവിടെയും ഒന്നിനെപ്പോലും കണ്ടില്ല. ഭഗവാന്‍ തരുന്ന ചില നിമിത്തങ്ങളെ കണ്ണടച്ചുപോകരുത്. ഇതൊരു നിമിത്തമാണ്. ഞാനറിയാതെ അല്ലെങ്കില്‍ എന്നിലതു സ്പന്ദിതശക്തിയാണ്. ഞാനെന്ന ഉണ്മയില്‍ കലയുടെ കാലത്തെ തെളിയിച്ച കാലഭൈരവപ്രകാശം.

ഞാന്‍ കടയിലേക്കു തിരിച്ചുചെന്ന് നിന്നു. കടക്കാരന്‍ എന്തുവേണം എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു. എങ്കിലും എന്റെ കണ്ണുകള്‍ അയാളുടെ കൃഷ്ണമണിയിലെ വിദൂരദൃശ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. ഒരു നിമിഷനേരംകൊണ്ട് തലചുറ്റി വീണ ആ കടക്കാരന്‍ ഞാന്‍ തിരിച്ചുപോകുംവരെ എഴുന്നേറ്റിരുന്നില്ല. ഞാനൊരു പ്രഹരവും ഏല്‍പ്പിച്ചിട്ടില്ല. ശക്തികളെ അധമവികാരങ്ങള്‍ക്ക് അടിപ്പെടുത്താന്‍ എനിക്കു കഴിയായ്കയാല്‍ ഞാനൊന്നുമേ ചെയ്തിരുന്നില്ല. എന്നാല്‍, എന്റെ മനോവികാരങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ക്ഷതമേറ്റിട്ടുണ്ടെങ്കില്‍ അതതിന്റെ കര്‍മ്മത്തെ വിജൃംഭണം ചെയ്യിപ്പിക്കതന്നെ ചെയ്യും. ഇതെന്റെ ബോധത്തില്‍ നടക്കുന്നതാവാം. പക്ഷേ, മനസ്സിലില്ല.

അറിയാതെയെങ്കിലും അയാള്‍ ചെയ്തത് പാപംതന്നെയാണ്. കാലപുരുഷനുവേണ്ടി സര്‍വ്വം ത്യാഗം ചെയ്ത് ഉയിരും ഉണര്‍വ്വും ഗംഗയിലൊഴുക്കിനടക്കുന്ന അഘോരസിദ്ധാന്തപടുക്കളായ വജ്രപണ്ഡിതന്മാരുടെ അനുഭവങ്ങളില്‍നിന്നുളവായ പ്രാപഞ്ചികസത്യങ്ങളെ എപ്പോള്‍ ഒരുവന്‍ അറിയാതെയെങ്കിലും പഴിക്കുന്നുവോ, കാലത്തിനുപോലും തടുക്കാന്‍ കഴിയാത്തവിധം ആ ഭൈരവശാപം വന്നുവീഴും.

വരുണയില്‍നിന്നും തുടങ്ങി അസിഘട്ടുവരെയുള്ള ഓരോ ഘട്ടിലും ശൈവവിചാരത്തില്‍ കാശിയോളമെത്തിയവര്‍ ആരുമറിയാതെ ശയിക്കുന്നുണ്ട്. അവരുടെയൊക്കെ മനസ്സിന്റെ സൂക്ഷ്മസഞ്ചാരത്തെ അറിയാന്‍ അത്രയെളുപ്പമല്ല. എന്റെ പിന്നാലെ ചിലരോടിയെത്തുന്നുണ്ടായിരുന്നു. അലക്ഷ്യമായ എന്റെ ചുവടുകളുടെ വേഗത കൂടിയിരുന്നു. എന്റെ ബോധത്തിന്റെ 'കുണ്ഡലിക' എന്ന പരാപ്രവൃത്തനാളികയുടെ ജിഹ്വകള്‍ എന്തിനെയോ പരതുന്നത് ഞാനറിഞ്ഞു. മനസ്സില്‍ ആ കുട്ടിയുടെ മുഖം മാത്രം. അവള്‍ വാരാണസിയിലെ ഗൗരിയല്ലേ!

അവളുടെ ആ മുഖത്തെങ്ങനെ കാമത്തിന്റെ തൃഷ്ണ കാണുവാന്‍ കഴിയും? എന്റെ മനോവിചാരങ്ങള്‍ ശക്തിസ്വാമികളോട് പറഞ്ഞു.
സ്വാമി പറഞ്ഞു: 'ബാലൂ, നിന്റെ ചിന്തയുടെ ഗതി മാറ്റൂ. അവളെ ഒരു സാധാരണകുട്ടിയായി കരുതൂ. ഒരിക്കലും ഒന്നിനെയും കുറ്റപ്പെടുത്താനാവില്ല. ചില വസ്തുതകള്‍ക്ക് പലപ്പോഴും ധാര്‍മ്മികമൂല്യങ്ങളാവില്ല അടിസ്ഥാനം. ഇതും അതുപോലെത്തന്നെ. നീ അവളെ നിന്റെ സഹോദരിയായി കാണൂ. നമുക്കൊരു ദിവസം അവളോടൊപ്പമിരുന്നു ഭക്ഷണം കഴിക്കാം.'

എന്തോ ഉള്‍ക്കൊള്ളാനാവാത്തവിധം ഞാന്‍ ശക്തിസ്വാമികളോടു പറഞ്ഞു:
'സ്വാമീ, ഞാന്‍ വേശ്യാവൃത്തി സ്വീകരിച്ച സ്ത്രീകളെ ഒരുപാട് കണ്ടിട്ടുണ്ട്. അവരില്‍പ്പോലും ഞാനെന്റെ വിശ്വമാതാവിനെ മാത്രമേ കണ്ടിട്ടുള്ളൂ. വാരാണസിയില്‍ നവരാത്രീപൂജകളില്‍ നമ്മള്‍ അവരുടെ കൈകൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങളല്ലേ വാങ്ങിക്കുക. ആര്‍ത്തവദാഹിനിയായ ദേവിയുടെ തിരുനാമമന്ത്രങ്ങള്‍പോലും എത്രയോ ഭക്തിപൂര്‍വ്വം ജപിച്ചാണ് അതൊക്കെ വാങ്ങിച്ചിട്ടുള്ളത്. എന്റെ ബ്രഹ്‌മചര്യം എനിക്കു നഷ്ടപ്പെടാന്‍ കാരണമായേക്കാം എന്നുള്ളപ്പോള്‍പോലും ബംഗാളില്‍വെച്ച് ഞാന്‍ അവരുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടല്ലോ. പക്ഷേ, ഇതെനിക്കു കണ്ടുനില്‍ക്കാനാവില്ല. എന്റെ ദേഷ്യം അത് മറ്റൊരു വിധത്തില്‍ ആ കടക്കാരനെ പ്രഹരിച്ചു. അടക്കാനാവാത്ത ഈ ദേഷ്യം അഘോരിയുടേതോ എന്റേതോ? ഞാന്‍ ശവമാംസം കഴിച്ചിട്ടുണ്ട്. എന്തൊക്കെ നിഷിദ്ധമോ, 64 തന്ത്രങ്ങള്‍ പറയുന്നതൊക്കെയും സാധിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും എന്നെ രക്ഷിക്കാന്‍ വരുന്നില്ല. അവളുടെ ആ മുഖം എന്നില്‍ ദേഷ്യം നിറയ്ക്കുന്നു. ഈ കാലത്തോടുള്ള ദേഷ്യം.'

ശക്തിസ്വാമികള്‍ എന്നെ ചേര്‍ത്തുപിടിച്ച് ധുനിക്കരികെ ഇരുത്തിയിട്ട് ഗംഗാജലം എടുത്തുകൊണ്ടുവന്നു തളിച്ചശേഷം വിരജാഹോമം ചെയ്യുവാന്‍ ആജ്ഞാപിച്ചു. കോപം ശമിപ്പിക്കാനായി ചെയ്യുന്ന ആ ഹോമധൂമങ്ങള്‍ എന്റെ ചിന്തകളെ ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. അഘോരമന്ത്രങ്ങള്‍ അല്‍പ്പായുസ്സുരൂപേണ പുറത്തേക്കു വരാതെ അകത്തേക്കു വിഴുങ്ങിക്കൊണ്ടിരുന്നു ഞാന്‍.

വേശ്യാലയങ്ങളില്‍ ഭൂദേവിയും ശ്രീദേവിയും വസിക്കുന്നു എന്നാണ് വിശ്വാസം. ഋതുവാകുന്ന ഓരോ സ്ത്രീയും കാളീമാതാവായി ഗണിച്ചാണ് പൂജാനുഷ്ഠാനം ചെയ്യപ്പെടേണ്ടത്. കാളികാതന്ത്രം പറയുന്നു; ഏതൊരു നാരിയാണോ വേശ്യയായി ഒരു സാധകന്റെ മുമ്പിലെത്തുന്നത് കാമമില്ലെങ്കില്‍പ്പോലും അതിനു സാധകന്‍ തയ്യാറാവണം. അവളുടെ രസത്തിന് അമൃതത്വവും വിയര്‍പ്പിന് മദ്യസ്ഥാനവും കൊടുക്കണം. അവളുടെ വാക്ക് സരസ്വതിയായും ആജ്ഞ ലോകമാതാവിന്റെ ആജ്ഞയായും ഗണിക്കേണ്ടതാണ്. സാധാരണസ്ത്രീകളെ പൂജയ്‌ക്കൊരുക്കാന്‍ ഒരുപാടു കാര്യങ്ങള്‍ ശ്രദ്ധിക്കണം. പക്ഷേ, വേശ്യാസ്ത്രീയെ ഒരു ശാസ്ത്രവും നോക്കാതെ ദേവീസങ്കല്‍പ്പം ചെയ്ത് പൂജിക്കാവുന്നതാണ്. അമൃതപ്ലവബിന്ദു, ഇത്രയും ലളിതമായി അമൃതനടനം നടത്തുവാന്‍ കഴിയുന്നവര്‍ ഇവരെക്കൂടാതെ വേറെയാരും ഉണ്ടാവില്ല. സര്‍വ്വബന്ധവിമോചനം നേടി അവര്‍ ചെയ്യുന്ന ഭോഗത്യാഗത്തെ എത്ര വാഴ്ത്തിയാലും മതിയാവില്ല. സ്ത്രീശരീരത്തിലെ രണ്ടു നാഡീസ്ഥാനങ്ങള്‍ അമൃതലയനത്തിന് പുരുഷനെ സാദ്ധ്യനാക്കുന്നു. യോന്യാന്തര്‍ഭാഗത്തെ മൂത്രനാളിയോടു ചേരുന്ന സൂക്ഷ്മനാഡികള്‍ക്ക് ക്ഷിരിക എന്നും സരയൂ എന്നും നാമം. എത്ര പുരുഷന്മാരെയും സ്വീകരിക്കാന്‍ എല്ലാ സ്ത്രീക്കും കഴിയില്ല. എന്നാലതിനു സാദ്ധ്യമാക്കുന്ന നാഡികള്‍ നേരിട്ട് ചിത്രിണിയുമായി ബന്ധമുള്ളതിനാല്‍ അതു വളരെയെളുപ്പത്തില്‍ സാദ്ധ്യമാക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഓരോ ഭോഗത്തിലും അവര്‍ ബ്രഹ്‌മാനന്ദം അനുഭവിക്കുന്നു, പുരുഷസാമീപ്യത്തിന്റെ ചോദനയില്ലാതെതന്നെ. ഈ ഗഹനമായ തത്ത്വം തന്നെയാണ് കാളീതന്ത്രം പറയുന്നത്. 64 തന്ത്രങ്ങള്‍ അഭ്യസിച്ച ഒരു താന്ത്രികന് എപ്പോഴെങ്കിലും തന്റെ ബ്രഹ്‌മചര്യം ശക്തിക്കു ഭിക്ഷയായി നല്‍കേണ്ടിവരും. അവളിലെ അമൃതം സ്വീകരിച്ച് തിരിച്ചുവരുമ്പോള്‍ ശക്തിയോട് ചേര്‍ന്ന ബ്രഹ്‌മചര്യമാണ് അവന് ദീക്ഷിതമായിട്ടുണ്ടാവുക. ഇതിന്റെ ആഴ്ന്നതലങ്ങളിലേക്ക് ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. എനിക്കിതെല്ലാം എല്ലാ അര്‍ഥത്തിലും മനസ്സിലാക്കാന്‍ കഴിയും. പക്ഷേ, ഇതുമാത്രം, ആ ബാലികയെ എനിക്കെന്റെ ഏതുതലത്തിലും അതു മനസ്സിലാക്കാന്‍ കഴിയില്ല.

ശക്തിസ്വാമികള്‍ പറഞ്ഞു: 'വരൂ, നമുക്കാ ഗൗരിയെ ഒന്നുകൂടി കാണാം.' അതെ. എന്റെ മനസ്സ് ശാന്തമാക്കാന്‍ അവളെ ഒന്നുകൂടി കണ്ടേ മതിയാവൂ. ഞാനും സ്വാമികളുംകൂടി ഒരുമിച്ച് ആയിടത്തേക്ക് ചെന്നു. ആ കടക്കാരന്‍ ആശുപത്രിയിലാണ്. പലരും ഞങ്ങളെ ഭയത്തോടെ നോക്കുന്നതു കണ്ടപ്പോള്‍ ലാളിത്യമാര്‍ന്ന ഒരു ചിരിയിലൊതുക്കി ഞങ്ങള്‍ അവളുടെ അടുത്തേക്കു പോയി. പഴകിദ്രവിച്ച ചുണ്ണാമ്പുകൂരയില്‍ രണ്ടുപേര്‍ക്കുമാത്രം കഷ്ടിച്ചു കിടക്കാവുന്ന ഒരിടം. ചെല്ലുമ്പോള്‍ത്തന്നെ അവള്‍ ഓടിവന്നു പ്രണമിച്ചു. ഞങ്ങള്‍ അവളെയും കൂട്ടി അടുത്തുള്ള ബസാറില്‍ പോയി കുറെയധികം തുണിത്തരങ്ങളും ഭക്ഷണവും വാങ്ങിക്കൊടുത്തശേഷം തിരിച്ചയച്ചു. അവര്‍ പോകുമ്പോള്‍ സ്വാമികളെന്നോടു പറഞ്ഞു:
'നോക്കൂ, അവള്‍ വാരാണസി ഗൗരിയാണ്. അങ്ങനെയേ നോക്കിക്കാണാവൂ. മറ്റൊന്നും ചിന്തിക്കരുത്. ലോകകാരണത്തെയോ കാര്യത്തെയോ ചിന്തിച്ച് സമയം കളയരുത്. നമുക്കു പോകാം.'

ഇതും വാരാണസിയിലെ ഒളിമങ്ങാത്ത ഒരനുഭവമായിരുന്നു. സാധന കഴിഞ്ഞാലും ഒരു ശരാശരി മനുഷ്യന്‍ പലവിധ മായകളില്‍ കുടുങ്ങിപ്പോകും; അതു നല്ലതായാലും അല്ലെങ്കിലും. അതെല്ലാം വെട്ടിമാറ്റാന്‍ കഴിയണം. എന്നാലേ ഒരു വാമാചാരിയാകുവാന്‍ കഴിയൂ.