
ടി.പി. രാജീവന്‍ എന്റെ കളിക്കൂട്ടുകാരനായിരുന്നു. ഫോണില്‍ ഞങ്ങള്‍ സിംഗിള്‍സ് കളിച്ചു. കനത്ത സെര്‍വ്വുകള്‍ക്ക് രാജീവന്‍ അതിലും കനത്ത റിട്ടേണുകള്‍ നല്‍കി. തളര്‍ന്നു പോയിട്ടുണ്ട് പല കുറി, സ്തംഭിച്ചു നിന്നിട്ടുണ്ട് പല കുറി, ബാറ്റ് താഴെയിട്ട് നിലത്ത് കുത്തിയിരുന്നിട്ടുണ്ട്. കവിതയും നോവലും ലേഖനവും കളങ്ങളാക്കി കളി തുടര്‍ന്ന രാജീവന്‍ എന്നെ നിരന്തരം വെല്ലുവിളിച്ചു. ചീറി വന്ന അവിചാരിതങ്ങളായ പന്തുകള്‍ നേരിടാനാവാതെ ഞാന്‍ കുഴങ്ങി.'' ഇത്രമാത്രത്തെ'' അത്രമാത്രം' കൊണ്ട് അയാള്‍ നേരിട്ടു. രാജീവന്‍ പിന്‍വാങ്ങിയ ശേഷവും കവിതകളിലെ രാജീവനെ മറുവശത്ത് സങ്കല്‍പ്പിച്ച് ഞാന്‍ കളിക്കുന്നു. കളിക്കുകയാണെങ്കില്‍ രാജീവനോട് കളിക്കണം. രാജീവനോളം പോന്ന ഒരു ബ്രില്ല്യന്റ് പാര്‍ട്ട്ണറെ ഞാനറിഞ്ഞിട്ടില്ല. ഒരേസമയം പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു രാജീവന്‍. ആസന്നമായ മരണം രാജീവന്റെ ശരീരത്തെ തളര്‍ത്തിയെങ്കിലും രാജീവനെ പുതിയ കവിതയിലൂടെ, പുതിയ നോവലിലൂടെ, പുതിയ ചിന്തകളിലൂടെ, പുതിയ ക്ഷോഭങ്ങളിലൂടെ പൂര്‍വ്വാധികം വീണ്ടെടുത്തുകൊണ്ടിരുന്നു. മരണക്കിടക്കയിലിരുന്ന് രാജീവനെഴുതിയ' ധൂമോര്‍ണ്ണ'യും' ആമയും മുയലും 'വായിച്ച് ഞാന്‍ തരിച്ചിരുന്നു. ഇത്ര ജീവനുണ്ടോ ജീവന്?
'ദീര്‍ഘകാലം' എന്ന് തന്റെ കവിതകള്‍ക്ക് പേരിടാന്‍ പ്രേരിപ്പിച്ച ബലം തന്നെ ഗ്രഹിക്കാന്‍ മതിയല്ലാത്ത തല്‍ക്കാലത്തിന്റെ ലാളനകളെ തള്ളിക്കളഞ്ഞു. ഭാവുകത്വത്തിന്റെ അഭാവമൊന്നാണ് തന്നെ മതിയാംവണ്ണം അംഗീകരിക്കാന്‍ മലയാളിയെ കുഴക്കുന്നതെന്നും ദീര്‍ഘകാലത്തില്‍ ആ അഭാവം പരിഹൃതമാവുമെന്നും തനിക്കുതാന്‍ മാത്രമല്ലല്ലോ താന്‍ എന്നും അന്ത്യസമയത്തും രചനാചിന്തകളില്‍ മുഴുകിയ രാജീവന്‍ ഓര്‍ത്തിരിക്കാം. ഞാന്‍ കണ്ട മരണങ്ങളില്‍ രാജീവനൊഴികെ എല്ലാവരും പടിപടിയായി വിരമിക്കുന്നതാണ് കണ്ടത്. വേദനയില്‍നിന്നൊരു ചെറിയ ഇളവ് കിട്ടിയാല്‍ മതി, ചെറിയൊരു രോഗശമനം കിട്ടിയാല്‍ മതി, രാജീവന്‍ പക്ഷെ പൂര്‍വ്വാധികം ഈര്‍ജസ്വലനായി. നോക്കൂ, 'ആമയും മുയലും' എന്ന അസാദ്ധ്യമായ കവിത.
കാല്‍വിരലിലെ വ്രണം രാജീവനെ കുറഞ്ഞ കാലമല്ല അലട്ടിയത്. കൂട്ടിക്കൊണ്ടേ പോവൂ എന്ന ശാഠ്യവുമായി വന്ന യമദൂതനെപ്പോലെ ശുഷ്‌കാന്തിയോടെ അത് വര്‍ഷങ്ങളോളം ഉണര്‍വ്വിലും ഉറക്കത്തിലും രാജീവനില്‍ പാര്‍ത്തു. മുറിവും അതിനുള്ള മരുന്നും ആമയും മുയലും പോലെ ആരു മുന്നിലെത്തും എന്ന് പന്തയം കെട്ടി തന്റെ ശിഷ്ടജീവിതമുപയോഗിച്ച് കളിച്ചു.' അതില്‍ ഒരാള്‍, എന്റെ കാലിലെ; ചെറുവിരല്‍ വളവിലെ മുറിവും മറ്റേയാള്‍/ തൊടിയിലെ മറവിലെ; മുറി കൂട്ടിയുമായി''. മുയലിനെപ്പോലെ ഉത്സാഹത്തോടെ, ജയിക്കുമെന്ന ഉറപ്പോടെ, മരുന്ന് ആദ്യമൊക്കെ പ്രവര്‍ത്തിച്ചു. ജയിക്കുമെന്ന ഉറപ്പില്‍ വഴിയിലതുറങ്ങി. പതുക്കെ മുറിവ് മുന്നില്‍ കടന്നു. ഇക്കളി പലകുറി തുടര്‍ന്നു. മുയല്‍ കണ്ണു തുറന്നു നോക്കുമ്പോള്‍ എല്ലായ്‌പോഴും ആമ ഫിനിഷ് പോയിന്റിനടുത്ത്. മത്സരം മടുത്ത് അവരൊടുവില്‍ കളി മാറ്റി. അവര്‍ പരസ്പരം വേഷങ്ങള്‍ മാറി.''ആമകള്‍ മുയലുകളും മുയലുകള്‍ ആമകളുമായി / വേഗം; തകിടം മറിഞ്ഞതിനാല്‍,' ഇത്തവണ കണ്ടുമുട്ടിയപ്പോള്‍; ആരാണ് ഏറ്റവുമവസാനമെത്തുക, എന്നതായിരുന്നു പന്തയം.'
തന്നില്‍ തുടരുന്ന ശരീരവും പ്രാണനുമായുള്ള മത്സരത്തിന്റെ പരിണാമത്തെ ആമയും മുയലുമായുള്ള പന്തയമായും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെ ആരവസാനമെത്തും എന്ന് മാറിയ മത്സരമായും രാജീവന്‍ വായിച്ചത് പ്രാണസഞ്ചാരത്തിന്റെ കിടക്കയില്‍ കിടന്നുകൊണ്ടാണെന്നോര്‍മ്മിക്കുക. ' ഇരുവരില്‍ ഒരാള്‍ ജീവിതത്തിന്റെ, കളിക്കുപ്പായ മണിഞ്ഞ,/ ഓട്ടക്കാരനായിരുന്നു,/ മറ്റേയാള്‍ മരണത്തിന്റേയും'. അവസാനത്തെ സംഘര്‍ഷത്തിന്റെ ദ്രവ്യമുപയോഗിച്ചും രാജീവന്‍ ഒരു സമാഹാരം നിറച്ച് കവിതകളെഴുതി. മരണത്തില്‍ നിന്ന് കണ്ണെടുക്കാതെ, ജീവിതത്തിന്റെ കളിക്കുപ്പായമൂരിവെക്കാതെ.
അവസാന സംഭാഷണങ്ങളിലൊന്നില്‍ എന്റെ അനുതാപത്തെ തറപറ്റിച്ച് കൊണ്ട് രാജീവന്റെ റിട്ടേണ്‍ വന്നു. പുറത്തുനിന്ന് കാണുന്നവരുടെ മരണമല്ല, മരിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ മരണം. ആ കിടപ്പില്‍ കിടന്ന് ധീരര്‍ക്ക് മാത്രമെഴുതാനാവുന്ന മരണാനുഭവത്തെ രാജീവന്‍ സഹജമായ കളിക്കുപ്പായം അഴിച്ചുവെക്കാതെ തന്നെ ' ധൂമോര്‍ണ്ണ'യില്‍ എഴുതി. ഇന്റന്‍സിവ് കെയര്‍ യൂണിറ്റിലെ, പ്രാണരക്ഷയ്ക്കുതകാത്തതും അത്യന്തം ലഘുവുമായ ചില സഹായങ്ങളുടെ നേരെ നോക്കി, ആ കിടപ്പിലും രാജീവന്‍ മന്ദഹസിച്ചു. അവിടത്തെ പരിചാരകരില്‍ അയാള്‍ യമപത്‌നിയെക്കണ്ടു. 'മരിപ്പിക്കുന്നതിലെ/ ധാര്‍മ്മികത'എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന കാലത്ത് യമനെ പരിചയപ്പെട്ട് കല്യാണം കഴിച്ചതാണ്. ഇപ്പോള്‍ കൊലക്കയര്‍ കഴുത്തില്‍ കുടുങ്ങി പിടയുന്നവരുടെ ക്ഷേമപ്രവര്‍ത്തനത്തില്‍.' വെള്ളമിറങ്ങാത്തവര്‍ക്ക് ഒന്നോ രണ്ടോ തുള്ളി തീര്‍ത്ഥം, ശ്വാസം കിട്ടാത്തവര്‍ക്ക് ഒന്നോ രണ്ടോ വലിവിനുള്ള/ പ്രാണവായു/ ഉറ്റവരെ കാണേണ്ടവര്‍ക്ക് ഉറ്റവരുടെ പ്രതീതിയെങ്കിലും ,/ ഒന്നും പറയാന്‍ കഴിയാത്തവര്‍ക്ക് ഉണ്ടാക്കുന്ന ശബ്ദത്തിന്/ കേള്‍ക്കുന്ന വര്‍ക്ക് തോന്നുന്ന അര്‍ഥം/ മുതലായവ നല്‍കലാണ് പ്രധാന സേവനങ്ങള്‍'. രാജീവന്‍ അവസാനിപ്പിക്കുകയാണ്, 'എന്നിട്ടെന്ത്, അത്താഴം കഴിഞ്ഞ്, ഉറങ്ങണമെങ്കില്‍,' എല്ലാ രാത്രിയും; ഒരു പോത്തിന്റെ മുക്ര കേള്‍ക്കണം'. ഇന്നത്തെ മുക്ര തന്റെ പേരിലുമാകാമെന്ന അവസ്ഥയില്‍നിന്ന് ഇങ്ങനെയൊരു കവിത രചിച്ചയാളുടെ ബലം ഒരാസന്നമരണ കവിതയിലും ഞാന്‍ മുമ്പ് കണ്ടിട്ടില്ല. കടലെടുക്കുമ്പോഴും ആത്മാനുതാപത്തിന്റെ ഒരു തിരയും തന്നെ തീണ്ടുവാന്‍ രാജീവന്‍ സമ്മതിച്ചില്ല.
മരണത്തിന്റെ തലേന്ന് രാജീവന്‍ സാധനയ്ക്ക് പറഞ്ഞു കൊടുത്തെഴുതിച്ച കവിതയിലും പേടിയോ(യമന്‍ എന്ന പദത്തിന്റെ അര്‍ത്ഥം പേടിയെന്നാണ്) സങ്കടമോ ഇല്ല. നര്‍മ്മത്തിന്റേയും വിരുദ്ധോക്തിയുടേയും വല്ലാത്തൊരു കലര്‍പ്പല്ലാതെ.
ഷോക്കിങ്ങ്‌ലി ബ്യൂട്ടിഫുള്‍ എന്നേ രാജീവന്റെ കവിതകളെക്കുറിച്ച് എനിക്ക് പറയാനാവൂ. അപ്രവചനീയമായിരുന്നു എന്നും രാജീവന്‍. മറ്റുള്ളവര്‍ക്കോ തനിക്ക് തന്നേയോ ഈഹിക്കാനാവാത്ത വിധത്തില്‍ പ്രത്യക്ഷപ്പെട്ടവയായിരുന്നു രാജീവന്റെ ദിവസങ്ങള്‍. ' ഭൂമിയുടെ പൊള്ളുന്ന മുട്ട പോലെയുള്ള ഒരു ചേമ്പ് അടുപ്പത്ത് നിന്ന് തൊണ്ടയിലേക്ക് കോരിയിട്ട നിമിഷത്തിലാണ് ''നാളെ തളിര്‍ക്കും ഇലകളിലോ /ചുട്ടുപഴുത്ത പാത്രത്തിലോ അടഞ്ഞ അണ്ണാക്കിലോ/ എവിടെ തുള്ളിയിടും' എന്ന് ശങ്കിച്ച് ഒരു മേഘം മുറ്റത്തെത്തുന്നത്. കോരിത്തരിച്ചു പോയീ ഞാന്‍ എന്ന് പരിഹാസിയും വിരുദ്ധോക്തനും അകാല്‍പ്പനീകനുമായ രാജീവന്‍. ഗൃഹാതുരത്വത്തെ ഓമനിക്കാത്ത രാജീവന്‍, 'വീടി'ല്‍ ഗൃഹാതുരത്യമാവിഷ്‌ക്കരിച്ചതോര്‍ക്കുക. അതുവരെ വീടായിരുന്നതെല്ലാം മെല്ലെ മെല്ലെ അഴിച്ചു മാറ്റുന്ന പ്രക്രിയയായി രാജീവന്‍ വീട് നിര്‍മ്മാണത്തെക്കണ്ടു. ആദ്യകാലരചനയിലൊന്നായ 'ബലൂണ്‍ ' കൂടി ഓര്‍മ്മിക്കുക.' നീര്‍ക്കുമിളയോട് പോലും അസൂയ'യായിരുന്നു ബലൂണിന്.
എല്ലാ ദൈവനിര്‍മ്മിതികളുടേയും അതനുകരിച്ച് മനുഷ്യന്‍ സ്യഷ്ടിച്ച എല്ലാ നിര്‍മ്മിതികളുടേയും പൊരുളാവാനുള്ള പരമാര്‍ത്ഥം ആ ഒരു നുള്ള് റബ്ബറിലുണ്ടായി രുന്നു. ഇങ്ങനെയല്ലാതെ പറയാനാവാത്ത ഒന്നിന്റെ ഭാഷ എന്ന് കവിതയെ നിര്‍വചിക്കാനാണെനിക്കിഷ്ടമെങ്കില്‍ എനിക്കതിന്റെ ന്യായങ്ങളില്‍ ചിലത് രാജീവന്റെ സങ്കീര്‍ണ്ണ ഗംഭീരമായ രചനകളാണ്. പോയ മൂന്നു പതിറ്റാണ്ടുകളിലെ 'പ്രശസ്തനായ' മലയാളകവി രാജീവനല്ലായിരിക്കാം, ഇക്കാലയളവില്‍ എഴുതപ്പെട്ട എണ്ണം പറഞ്ഞ കവിതകളില്‍ ചിലതല്ല, പലതും ടി.പി. രാജീവന്റേതാണ്. ഹൊഗനക്കല്‍, വനദേവത, സുതാര്യം, കടല്‍പ്പാലം, കണ്ണകി, ശിക്ഷ, മനസ്സാക്ഷി സൂക്ഷിപ്പുകാരോട്, വാസ്‌കോഡഗാമ , ധൂമോര്‍ണ്ണ ...
ഒന്നാം കിട കവി, മലയാള നോവലില്‍ ദിശാവ്യതിയാനമുണ്ടാക്കിയ നോവലിസ്റ്റ്, സി.ജെയുടെ നേരും നെറിയുമുള്ള ധിക്കാരവും എം.പി. നാരായണപ്പിള്ളയുടെ മറുമൊഴിയും സി.പി. രാമചന്ദ്രന്റെ പത്രവര്‍ത്തനബുദ്ധിയും ഒരാളില്‍ക്കാണണമെങ്കില്‍ ഇങ്ങു വരൂ എന്ന് പറയുന്ന കോളമിസ്റ്റ് കവിയുടെ പാസ്‌പോര്‍ട്ട് നിര്‍വ്വിശേഷമുപയോഗിച്ച് എഴുതപ്പെട്ട, പല ദിശയില്‍ സഞ്ചരിച്ച,' പുറപ്പെട്ടു പോകുന്ന വാക്ക് ' എന്ന യുണീക്കായ സഞ്ചാരകൃതിയുടെ കര്‍ത്താവ്. ജാപ്പാണം പുകയിലയും തളിര്‍വെറ്റിലയും കളിയടക്കയും നര്‍മ്മവും ഇട്ടുവെച്ച മുറുക്കാന്‍ ചെല്ലം. കടുപ്പമുള്ളതില്‍ മാത്രം അഭിരമിച്ച, നിവര്‍ന്നു മാത്രം നടന്ന വ്യക്തിപ്രഭാവം. ഇവയും ഇവയിലധികവുമായ ടി.പി.രാജീവന്റെ പുസ്തകരൂപംപ്രാപിച്ചിട്ടില്ലാത്ത ലേഖനങ്ങളും കവിതയും 'പൂര്‍ണ്ണ ' എന്ന എഴുതിത്തുടങ്ങുക മാത്രം ചെയ്ത കാവ്യ നോവലിന്റെ ആമുഖവും ആദ്യ അധ്യായവും ഉള്‍ക്കൊ ള്ളുന്ന കൃതിയാണ് ഇത്.
വ്യത്യസ്തങ്ങളായ നാല് എണ്ണം പറഞ്ഞ നോവലുകളായി മലയാളത്തില്‍ നിത്യജീവിതം നയിക്കണമെന്ന് രാജീവന്‍ ആഗഹിച്ചിരിക്കണം. ഒരു കവിക്ക് മാത്രം കണ്‍സീവ് ചെയ്യാന്‍ കഴിയുന്ന എന്നാല്‍ തന്നിലെ കവിയെ കയറിട്ടുപിടിച്ച് എഴുതിയ മൂന്നു നോവലുകള്‍ക്ക് ശേഷം, തന്നിലെ കവിയേയും തത്ത്വചിന്തകനേയും പൂര്‍ണ്ണമായി സാക്ഷാത്ക്കരിക്കുന്ന ഒരു കൃതി എഴുതാനാവാം' മായ' എന്ന മഹാസങ്കല്‍പ്പത്തിന്റെ കര്‍ത്താവായ ശങ്കരാചാര്യരുടെ ജീവിതകഥ പറയുന്ന പൂര്‍ണ്ണ എന്ന നോവലിലേക്ക് രാജീവന്‍ കടന്നത്. 'എന്താണ് പൂര്‍ണ്ണ?/ നദിയോ നദിയുടെ നിഴലോ നദിയുടെ ഓര്‍മ്മയോ/ നദിയൂരിയിട്ട ഉറയോ/ നദിയെന്ന സങ്കല്‍പ്പ നദിയുടെ ആത്മാവോ, പ്രേതമോ?'' ഇങ്ങനെ ക വിതയിലാണ് രാജീവന്‍ നോവല്‍ തുടങ്ങുന്നത്.
കാവ്യഭാഷയിലാണ് നോവല്‍ തുടരുന്നതും. ഒന്നാമധ്യായത്തില്‍ രാജീവന്‍ എഴുതുന്നു.'' ഒന്നുകില്‍ ഞാന്‍ എല്ലാവരേയും പോലെയാണ്. അല്ലെങ്കില്‍ ആരെയും പോലെയല്ല. ഏത് രൂപവും സ്വീകരിക്കാന്‍ കഴിയും വിധമാണ് ഞാന്‍, ഏത് പാത്രത്തിലാണോ എന്നെ കോരി യെടുക്കുന്നത്, നിറയ്ക്കുന്നത്, ആ പാത്രത്തിന്റെ രൂപവും ആകൃതിയുമാണ് അപ്പോള്‍ ഞാന്‍. അപ്പോള്‍ എനിക്ക് ചോര്‍ന്നുപോവാന്‍ ഒരു തലനാരിഴയുടെ സുഷിരം മതി. ഈ പ്രവചനാതീതതയാണ് എന്നെ ഞാനാക്കുന്നത്. എന്റെ സ്വത്വം. ഇത്ര കാലവും ഞാന്‍ കാത്ത് സൂക്ഷിച്ചത്. അങ്ങിനേയേ എനിക്കാക്കാന്‍ കഴിയൂ.'. ഇത്രകാലവും രാജീവന്‍ കാത്തുസൂക്ഷിച്ച, ആയിത്തീരണമെന്ന് താന്‍ ആഗഹിച്ച, നോവല്‍ തുടങ്ങിവെക്കാനേ രാജീവന് പറ്റിയു ള്ളൂ. നമ്മെ ഏറ്റവും കൂടുതല്‍ വ്യാമോഹിപ്പിക്കുന്ന ഒരു നോവല്‍ത്തുടക്കം, അവസാനനാളുകളിലെ രാജീവനെ ഏറ്റവും മഥിച്ച ചിന്തകളുടെ ആ ശരശയ്യയിലേക്ക് ഒരു നോട്ടം തന്ന് കൊണ്ട് ഇവിടെ, ഈ പുസ്തകത്തിലുണ്ട്.
രാജീവനെ ജനകീയനാക്കിയത് എരിവും പുളിയുമുള്ള, മണ്ണില്‍ കാലൂന്നി നില്‍ക്കുന്ന നോവലുകള്‍ മാത്രമല്ല ലേഖനങ്ങളുമാണ്. വിയോജിപ്പിന്റെ മഷിനിറച്ച് ഓരോ കുറിയും രാജീവന്‍ കോളമെഴുതി. ഓരോ ലക്കവും അപൂര്‍വ്വമായ ഓരോ നിരീക്ഷണങ്ങള്‍. അതിലോരോന്നിലും തികച്ചും അവിചാരിതമായ നിഗമനങ്ങള്‍. 'പുറത്തു നിന്നുള്ളതിനേക്കാള്‍ അപകടകരമാണ് അകത്ത് നിന്നുള്ള വിയോജിപ്പുകള്‍ '. പുറത്തുനിന്നുള്ള എതിര്‍പ്പുകള്‍ അപരവിദ്വേഷം ഉണ്ടുജീവിക്കുന്ന ഫാസിസ്റ്റ് സംഘടനകള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ എന്ന നിഗമനത്തില്‍ നമ്മള്‍ രാജീവനില്‍ കയറിയെത്തുന്നു. 8000 വാക്കുകള്‍ മാത്രമുണ്ടായിരുന്ന ഹീബ്രു ഭാഷയെ നിരന്തര പരിശ്രമത്താല്‍ കാലത്തിന്റെ ആവശ്യങ്ങള്‍ക്കൊത്ത് വളര്‍ത്തിയെടുത്തത് ഉദാഹരിച്ച് രാജീവന്‍ മലയാളിയെ പരിഹസിക്കുന്നു. കുറച്ച് അദ്ധ്യാപകരുടെ തൊ ഴിലുറപ്പിനപ്പെറ്റിയുള്ള, കുറച്ചെഴുത്തുകാരുടെ പുസ്തക വില്‍പ്പനയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ യായി അത് മാറ്റിയതിനെ പറ്റി. ആ തൊഴിലുറപ്പ്( പദ്ധതി) യിലുണ്ട് രാജീവന്റെ ചിരി. നൗഷാദ് മരിക്കാനിടയായ മാന്‍ഹോളിനെ പറ്റി രാജീവന്‍ ചിന്തിക്കുന്നതിങ്ങനെ (' മറ്റൊരു മലിനലോകത്തിലേക്കുള്ള മാന്‍ഹോള്‍.) രമ്യഹര്‍മ്മ്യങ്ങളുടേയും മാളുകടേയും നീന്തല്‍ക്കുളങ്ങളുടെയും അടിയില്‍ വളരുന്ന ഒരു സമാന്തര വിഷനഗരം.'' നായ്ക്കള്‍ തെരുവിലെത്തിയതിനുത്തരവാദി നായ്ക്കളല്ല, മനുഷ്യര്‍ തെരുവുതെണ്ടികളായതിന് അവര്‍ ഉത്തരവാദികളല്ലാത്തത് പോലെ' രാജീവന്‍ മറ്റൊരിടത്തെഴുതുന്നു. രാജീവന്‍ എഴുത്താണി കൊണ്ടെഴുതിയ ലേഖനങ്ങളില്‍ ചിലതുണ്ടിവിടെ.
ഏതില ചവച്ചാലും അതിന്ന വൃക്ഷത്തിന്റെ എന്ന് അറിയിക്കുന്ന രാജീവന്റെ കാവ്യവൃക്ഷത്തിന്റെ ഈ ഇലകളും ആ മൗലികപ്രതിഭയുടെ സാന്നിദ്ധ്യം കൊണ്ട് ഗംഭീരം. 'ഡിസ്റ്റന്‍സ് ഈസ് ദിസോള്‍ ഓഫ് ആര്‍ട്ട് ' എന്ന സൈമണ്‍ വീലിന്റെന്റെ വാക്കുകളോര്‍മ്മിച്ച് പറയട്ടെ; ആവശ്യമായ അകലത്തില്‍ രാജീവന്റെ കവിതകള്‍ എത്തിക്കഴിഞ്ഞു, കണ്ടില്ലെന്ന് നടിക്കാനുള്ള പരിധി അയാള്‍ പിന്നിട്ടു.
Content Highlights: Kalpetta Narayanan, T.P Rajeevan, Mathrubhumi
Published: 27 Oct 2023, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented