നോര്‍വേയിലെ നിനോസ്‌ക് ഭാഷയില്‍ ചിന്തകളത്രയും പകര്‍ത്തിവെച്ച എഴുത്തുകാരന്‍ തന്റെ രാജ്യത്തിന്റ മുഖമുദ്രയായ നിശബ്ദതയെയാണ് അധികവും സ്‌നേഹിച്ചത്. നിനോസ്‌കില്‍ ഫൊസ്സേ പിറവികൊടുത്ത നാടകങ്ങളും നോവലുകളും കവിതകളും ഉപന്യാസങ്ങളും ബാലസാഹിത്യവും എഴുതി നിറച്ചു. ഇന്ന് ഈ നിമിഷത്തില്‍ യോണ്‍ ഫൊസ്സേ എന്ന പേര് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പേരായി മാറിയിരിക്കുന്നു. കാരണം അകമ്പടിയുള്ളത് അക്ഷരപ്പടതന്നെയാണ്. യോണ്‍ ഫൊസ്സേയുടെ നാടകങ്ങള്‍ ഇതിനകംതന്നെ ലോകത്തെ വലുതും ചെറുതുമായ മിക്ക വേദികളിലും ഇടംപിടിച്ചതാണ്. സാമുവല്‍ ബക്കറ്റിനെ ഒരു കാലത്ത് ലോകം ആഘോഷിച്ചതുപോലെ യോണും ആഘോഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, നിശബ്ദത എന്ന മുഖമുദ്രയെ ഭേദിക്കാന്‍ തയ്യാറാവാതെ യോണ്‍ തന്റെ അടുത്ത പണിയിലേക്കു കടക്കുകയാണ് പതിവ്. 1983-ലാണ് ആദ്യനോവലായ റെഡ്, ബ്ലാക്ക് പുറത്തിറങ്ങുന്നത്. ഒരേസമയം വിപ്ലവാത്മകവും വൈകാരികവുമായ ഒരു സാഹിത്യസംഭവം തന്നെയായിരുന്നു റെഡ്, ബ്ലാക്ക്. റെഡ്, ബ്ലാക്കിന്റെ മുഖ്യപ്രമേയമായി തിരഞ്ഞെടുത്ത ആത്മഹത്യ പിന്നീട് യോണിന്റെ കൃതികളിലെ സാന്നിധ്യമായിത്തുടരുന്ന കാഴ്ചയാണുണ്ടായത്. 

To advertise here,

യോണ്‍ ഫൊസ്സേ എന്ന പേര് ലോകസാഹിത്യത്തില്‍ ശക്തമായ ചുവടുകള്‍ ഉറപ്പിക്കുന്നത് Someone Is Going to Come എന്ന നാടകത്തിലൂടെയാണ്. സമകാലിക നാടകകൃത്തും സംവിധായകനുമായ ക്ലോഡ് റെഗിയോടൊപ്പം ചേര്‍ന്ന് നിര്‍മിച്ച Someone Is Giong to Come സംവദിച്ചത് മനുഷ്യന്  എക്കാലവും അതിഭീകരമായ വൈകാരികത സമ്മാനിച്ച 'ഉത്കണ്ഠ'യും അധികാരമില്ലായ്മയുമായിട്ടാണ്. നഷ്ടമായിക്കൊണ്ടിരിക്കുന്ന ഏകാഗ്രതയും അതിന്റെ ഫലമായി വന്നുകൊണ്ടിരിക്കുന്ന ദൈവഭയത്തെയും വര്‍ത്തമാനകാല സാഹിത്യത്തില്‍ അതിസമര്‍ഥമായി ചിത്രീകരിച്ച എഴുത്തുകാരന്‍ കൂടിയാണ് യോണ്‍ ഫൊസ്സേ.

കഥകളുറങ്ങുന്നത് ഗ്രാമങ്ങളുടെ അറയിലാണെന്ന പറച്ചില്‍ അന്വര്‍ഥമാക്കിക്കൊണ്ട് നോര്‍വേയുടെ ഉള്‍ത്തളങ്ങളിലേക്ക് ഭാഷാപരമായും ഭൗമശാസ്ത്രപരമായും കടന്നുചെന്ന ഫൊസ്സേ നിനോസ്‌ക് സാഹിത്യകാരന്‍ തര്‍ജയ് വസസിന്റെ പിന്തുടര്‍ച്ചയാണ് ഇഷ്ടപ്പെട്ടത്. സാമുവല്‍ ബക്കറ്റ്, തോമസ് വെന്‍ഹാര്‍ഡ്, ജോര്‍ജ് റക്ക്ള്‍  തുടങ്ങിയവരുടെ ആഖ്യാനതന്ത്രങ്ങളോട് യോജിക്കുമ്പോള്‍ത്തന്നെ തന്റെ മുന്‍ഗാമികളുടെ പോരായ്മകളെ പാടേ വിമര്‍ശിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഫൊസ്സേയുടെ രണ്ടാമത്തെ നോവലായ സ്റ്റിഞ്ച്ഡ് ഗിറ്റാര്‍ തന്റെ പ്രധാനപ്പെട്ട ആയുധങ്ങളിലൊന്നായ അനിശ്ചിതത്വത്തിന്റെ നിര്‍ണായക നിമിഷത്തില്‍ നിര്‍മിക്കപ്പെടുന്ന അതിഭയാനകമായ ഒരു വ്യതിയാനത്തെയാണ് അവതരിപ്പിക്കുന്നത്.   

ഇബ്‌സനുശേഷം ലോകം ആഘോഷിച്ച നോര്‍വീജിയന്‍ നാടകകൃത്താണ് ഫൊസ്സേ. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം തന്റെ കൈവെള്ളയിലെത്തുമ്പോള്‍ അത് ഫൊസ്സേയെ സംബന്ധിച്ചിടത്തോളം നാടകത്തിനും ഉപന്യാസങ്ങള്‍ക്കും അവകാശപ്പെട്ടതാണ്; ഇതര സാഹിത്യകൃതികളേക്കാള്‍. അസാധ്യമെന്ന് കാണികള്‍ നിര്‍വചിച്ച നാടകങ്ങളിലൂടെ നവ ഇബ്‌സന്‍ എന്ന വിശേഷണവും ഫൊസ്സേയ്ക്ക് ലഭിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇബ്‌സന്‍ തുടങ്ങിവെച്ച നാടകപരീക്ഷണങ്ങളെ ആധുനികയുഗത്തിലിരുന്ന് ഫൊസ്സെ പുതുക്കിപ്പണിതു. 2002-ല്‍ പുറത്തിറങ്ങിയ ദ നെയിം എന്ന നാടകം തന്നെ മികച്ച ഉദാഹരണം.

ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി തന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ അച്ഛനെയും കാത്തുള്ള ഇരിപ്പാണ് ഫൊസ്സെ വൈകാരികതയുടെ ഉത്തുംഗത്തില്‍ അവതരിപ്പിക്കുന്നത്. രണ്ട് സാധ്യതകളാണ് ആ നാടകത്തിലുടനീളം സംവദിക്കപ്പെടുന്നത്. ഒന്നാമതായി കുഞ്ഞ് പിറന്നുകഴിഞ്ഞാലുള്ള പുതിയ ജീവിതത്തെക്കുറിച്ചുളള നിറംപിടിച്ച പ്രതീക്ഷകള്‍. മാതൃത്വം ആ ഗര്‍ഭിണിയുടെ കണ്ണുകളിലൂടെ സംവദിക്കപ്പെടുന്നു. രണ്ടാമതായി വരേണ്ടതായ സമയം കടുന്നുപോയിട്ടും ഇനിയും എത്തിപ്പെടാത്ത കുഞ്ഞിന്റെ അച്ഛന്‍ തന്നെ ഒറ്റയ്ക്കാക്കി കടന്നുപോയ്ക്കളഞ്ഞോ എന്ന ആശങ്ക. അരക്ഷിതാവസ്ഥയും അമിതപ്രതീക്ഷയും ഇരുകരകളില്‍ നിന്നും പ്രേക്ഷകനുനേരെ കൈനീട്ടുന്നു!  ഇബ്‌സന്‍ ടെക്‌നിക്കുകള്‍ അത്യുത്തരാധുനികതയും കടന്ന് ഫൊസ്സെയില്‍ നില്‍ക്കുന്നു. 

ഏഴാം വയസ്സില്‍ വലിയൊരു അപകടം സംഭവിച്ച് മരണത്തിന്റെ ഏറ്റവും അടുത്ത പാലം വരെയെത്തി ജീവിതത്തിലേക്ക് തിരികെവിളിക്കപ്പെട്ടതാണ് ഫൊസ്സേയെ. ജീവിതത്തില്‍ ഒരു ട്രോമയെങ്കിലും വിടാതെ പിന്തുടരുന്നവരെ അക്ഷരങ്ങള്‍ക്ക് കൈവിടാതിരിക്കാനാവില്ലല്ലോ. ഫൊസ്സെയുടെ ആദ്യകാല എഴുത്തുകളിലെ ആത്മഹത്യയും നിരാശയും നിരാസവും ഉത്കണ്ഠയും ആ അപകടം സമ്മാനിച്ചതാണെന്ന് വിലയിരുത്തപ്പെടുന്നു. കംപാരറ്റീവ് ലിറ്ററേച്ചറില്‍ ബിരുദം നേടി. റെഡ്, ബ്ലാക്ക് എന്ന നോവലിനു ശേഷം പുറത്തിറക്കിയ ആന്‍ഡ് വി വില്‍ നെവര്‍ ബി പാര്‍ട്ടഡ് എന്ന നാടകത്തിന് വലിയ സ്വീകാര്യതയാണ് ആസ്വാദകര്‍ നല്‍കിയത്. ഏകാന്തതയിലിരിക്കുന്ന ഒരു യുവതി ഇനിയും വന്നുചേരാത്ത തന്റെ പങ്കാളിയെ കാത്തിരിക്കുമ്പോള്‍ മനസ്സിലേക്കു വരുന്ന ഓര്‍മകളുടെ പ്രവാഹമാണ് ഈ നാടകം. 

ഫൊസ്സേയെ വായിച്ചവര്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. എഴുത്തിന് മാത്രം സാധ്യമായ മാന്ത്രികതയാല്‍ ഫൊസ്സേ ഇന്ന് ലോകത്തെ മുഴുവന്‍ തന്റെയിടത്തിലേക്ക്; നിനോസ്‌കിലേക്ക്, ആകര്‍ഷിച്ചിരിക്കുന്നു. നൊബേല്‍ സമ്മാനം ഒരു കാരണം മാത്രം.