''എഴുതുമ്പോള്‍ എന്തെങ്കിലും സംഭവിക്കണമെന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല. എഴുതുന്നതല്ലാതെ മറ്റൊന്നും ഞാന്‍ കേള്‍ക്കുന്നതേയില്ല. നിങ്ങള്‍ക്കതിനെ എങ്ങനെയും വ്യാഖ്യാനിക്കാം. പക്ഷേ, അത് വിശദീകരിക്കുക എന്നത് എന്റെ ജോലിയല്ല. ഞാന്‍ വെറും എഴുത്തുകാരന് മാത്രം. എന്റെ വ്യാഖ്യാനങ്ങള്‍ക്ക് നിങ്ങളുടേതിനോളം മൂല്യമില്ല. ഞാനെഴുതുമ്പോള്‍ അവിടെ നിശ്ശബ്ദമായ മറ്റൊരു ഭാഷകൂടിയുണ്ടാകുന്നു. ആ നിശ്ശബ്ദഭാഷ എന്റെ മുഴുവന്‍ എഴുത്തിനെപ്പറ്റിയും പറയുന്നു. അതുപക്ഷേ, കഥയല്ല, അതിനും പിന്നിലുള്ള ഒന്ന് നിശ്ശബ്ദമായ ഒരു സ്വരത്തിന്റെ ഉരിയാടല്‍.''
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം നേടിയ നോര്‍വീജിയന്‍ എഴുത്തുകാരന് യൂണ് ഫൊസ്സെ (Jon Fosse) തന്റെ എഴുത്തിനെപ്പറ്റി, അതിലെ അഗാധമായ മൗനത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്. എന്നാല്‍, നിശ്ശബ്ദതയെപ്പറ്റിയല്ല അദ്ദേഹം എഴുതുന്നത്, നിശ്ശബ്ദത തന്നെയാണെന്ന് നൊബേല്‍ സമിതി വിലയിരുത്തി.
''സ്വന്തം അനുഭവത്തെപ്പറ്റി എഴുതുക എന്നത് ഇന്ന് വളരെയധികം ജനകീയമായിരിക്കുന്നു. എനിക്കത് സാധ്യമല്ല. എഴുതുമ്പോള്‍ എന്റേതില്‍നിന്ന് വ്യത്യസ്തമായ ഒരു പ്രപഞ്ചത്തെ ഞാന്‍ കേള്‍ക്കുന്നു. എഴുത്ത് എന്നെ സംബന്ധിച്ചിടത്തോളം ആ പ്രപഞ്ചത്തിലേക്കുള്ള രക്ഷപ്പെടലാണ്. എന്നില്‍നിന്ന് ഒഴിഞ്ഞുമാറാനാണ്, അല്ലാതെ എന്നെ ആവിഷ്കരിക്കാനല്ല ഞാനാഗ്രഹിക്കുന്നത്.''
കഴിഞ്ഞ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം നേടിയ എഴുത്തുകാരി ആനി എര്നുവിന്റെയും (Annie Ernaux) തന്റെയും എഴുത്തിനെ താരതമ്യം ചെയ്തുകൊണ്ട് ഫൊസ്സെ പറഞ്ഞതാണിത്. അതാവാം രണ്ടു നൊബേല്‍ പുരസ്കാരങ്ങള്‍ തമ്മിലുള്ള ദൂരം: ഒന്ന് തന്നെപ്പറ്റി പറഞ്ഞുകൊണ്ടേയിരിക്കുന്നു; മറ്റേത് എപ്പോഴും മൗനം പാലിക്കുന്നു, നിശ്ശബ്ദതമാത്രം കേട്ടുകൊണ്ടിരിക്കുന്നു. 'പറയാന്‍ പറ്റാത്തവയ്ക്ക് ശബ്ദം നല്കിയ ആള്' എന്ന് നൊബേല്‍
പുരസ്കാരസമിതി അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും പറയാനാവാത്ത മൗനവും ആ വാക്കുകളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
1959-ല്‍ നോര്‍വേയിലെ ഹൗഗിസുണ്ടിലാണ് ഫൊസ്സെയുടെ ജനനം. 1983-ല്‍ 'ചുവപ്പ്, കറുപ്പ്' (Red, Black) എന്ന നോവല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. പിന്നീട് അദ്ദേഹം നാടകരചനയിലേക്കു തിരിഞ്ഞു.
ഇബ്സെന്‍ (Henrik Ibsen) കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രംഗാവിഷ്കരണം നടന്നിട്ടുള്ള നോര്‍വീജിയന്‍ നാടകകൃത്താണ് അദ്ദേഹം. ചെറുപ്പത്തില്‍ മാര്‍
ക്സിസ്റ്റും നിരീശ്വരവാദിയുമായിരുന്നെങ്കിലും പിന്നീട് തന്റെയാ വിശ്വാസത്തെ വിഡ്ഢിത്തമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നോര്‍വേയിലെ ന്യൂനപക്ഷ ഭാഷയായ നീനോസ്കില്‍ (Nynorsk) മാത്രം എഴുതുന്നത് ഒരു നേട്ടമായി അദ്ദേഹം കരുതുന്നു. Septology, Melancholy, Trilogy തുടങ്ങിയവ.
നിശ്ശബ്ദതയിലൂടെ സംവദിക്കുന്നതിന്റെ ഏറ്റവും നല്ലൊരു ഉദാഹരണമാണ് ഫൊസ്സെയുടെ 'അവിടെ' (Over There) എന്ന നാടകം. ഒരു പുരുഷനും സ്ത്രീയുമാണ് ഇതിലെ കഥാപാത്രങ്ങള്‍. അരണ്ട വെളിച്ചത്തിലൂടെ നടക്കുകയാണ് അവര്‍. അവിടെയെന്തെങ്കിലും കാണുന്നുണ്ടോയെന്ന് പുരുഷന് ചോദിക്കുന്നു. വിശേഷിച്ചൊന്നും കാണുന്നില്ലെന്ന് സ്ത്രീ മറുപടി പറയുന്നു. വീണ്ടും അയാളങ്ങനെ ചോദിക്കുമ്പോള്‍ പര്‍വതവും അതിന്റെ ശിഖരവും അവിടെയുള്ള കളപ്പുരയും അതിനപ്പുറം ചാരനിറമുള്ള ആകാശവും കാണുന്നുണ്ടെന്ന് അവള് പറയുന്നു. താന്‍ കാണുന്നതിനപ്പുറം അയാളെന്തോ കാണുന്നുണ്ടെന്ന് അവള്‍ക്കപ്പോള്‍ തോന്നുകയാണ്. അതെന്താണെന്ന ചോദ്യത്തിന് അയാളാകട്ടെ മറുപടി പറയുന്നുമില്ല. നിശ്ശബ്ദ വിരാമങ്ങള്ക്കിടയിലൂടെ ചോദ്യവും ഉത്തരവും അവര്‍ തുടരുന്നു. ഒടുവില്‍ അങ്ങകലെ ഒരു തിളക്കം താന്‍ കാണുന്നുവെന്ന് അയാള്‍ പറയുന്നു. അതെന്തെന്നു വിശദീകരിക്കാനാവാതെ കുഴഞ്ഞുവീഴുകയാണ് അയാള്‍.
ഇരുട്ടില്‍ കാണുന്ന ആ വെളിച്ചം പരലോകത്തിന്റേതാണോ? മരണത്തിലേക്കാണോ ആ കഥാപാത്രം യാത്രചെയ്യുന്നത്? ഉത്തരം ലഭിക്കണമെങ്കില്‍ ഫൊസ്സെയെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള ജര്‍മന്‍ ദൈവശാസ്ത്രജ്ഞന് മെയ്സ്തര് എക്ഹാര്ത്തിനെ (Meister Eckhart) വായിക്കേണ്ടിയിരിക്കുന്നു. തന്റെ 'പ്രബോധനങ്ങള്‍' (Sermons) എന്ന പുസ്തകത്തില്‍ എക്ഹാര്ത്ത് ഇങ്ങനെ എഴുതി: 'ദൈവത്തെ മനസ്സിലാക്കുക എന്നാല്‍, ദൈവം നിങ്ങളെ മനസ്സിലാക്കുക എന്നാണര്‍ഥം; ദൈവത്തെ കാണുകയെന്നാല്‍ ദൈവം നിങ്ങളെ കാണുകയെന്നും. പ്രകാശിക്കുന്ന അന്തരീക്ഷം എന്നത് പ്രകാശിക്കല്‍ എന്ന സത്യത്തില്‍നിന്ന് വിഭിന്നമല്ലാത്തതുപോലെ. ''നിങ്ങള്‍ വീണ്ടും എന്നെ കാണും'' എന്ന് ക്രിസ്തു പറഞ്ഞത് അതുകൊണ്ടത്രേ. മരണത്തിനപ്പുറമുള്ള നിത്യതയെയാണ് ഫൊസ്സെ ആവിഷ്കരിക്കുന്നതെന്ന് വ്യക്തം.
വാക്കുകള്‍കൊണ്ട് ഊഞ്ഞാലാടുകയാണ് ഫൊസ്സെ എന്ന് നമുക്കു തോന്നിയേക്കാം. Trilogy എന്നു പേരുള്ള കൃതി. അസ്ലെ എന്നും അലിഡ എന്നും പേരുള്ള രണ്ടു കമിതാക്കളാണ് കഥാപാത്രങ്ങള്‍. വിവാഹത്തിനുമുമ്പ് ഗര്‍ഭിണിയായ അവളെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടു വരാനുള്ള ശ്രമത്തിനിടയില്‍ അസ്ലെ അവളുടെ അമ്മയെ കൊല്ലുകയും മകളെ തള്ളിപ്പറഞ്ഞ അവരുടെ ധനം അപഹരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അവിടെനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ തങ്ങള്‍ താവളമാക്കിയ തോണിയുടെ ഉടമസ്ഥനെയും അയാള്‍ ഇല്ലാതാക്കുന്നു. ഈ കൊലപാതകങ്ങളൊന്നുംതന്നെ അലിഡ അറിയുന്നില്ല. യൊര്ഗ്വിന് എന്ന പട്ടണത്തിലെത്തുമ്പോള്‍ അലിഡയ്ക്ക് പ്രസവവേദനയാരംഭിക്കുന്നു. എന്നാല്‍, ആരും അവര്‍ക്ക് അഭയം കൊടുക്കുന്നില്ല. ഒടുവില്‍ ഒരു വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന വൃദ്ധയെ കൊന്നിട്ട് അസ്ലെ അലിഡയെ ആ വീട്ടിലാക്കുന്നു.
ഒലാവ് എന്നും ആസ്ത എന്നും പേരുമാറ്റി അവിടെ അവര്‍ താമസമാക്കുകയാണ്. അവര്‍ക്കിപ്പോള്‍ സിഗ്വാള്‍ഡ് എന്നു പേരുള്ള ഒരു മകനുണ്ട്. ഒടുവില്‍ ഒരാള്‍ അസ്ലെയെ തിരിച്ചറിയുന്നു. അയാള്‍ ആ കൊലപാതകിയെ അധികാരികള്‍ക്ക് കാണിച്ചുകൊടുക്കുന്നു. പിന്നെ അവരയാളെ വധശിക്ഷയ്ക്കു വിധേയനാക്കുന്നു.
ചുരുക്കം വാക്കുകളില്‍ പറയാവുന ഈ കഥയില്‍ ഇത്രയേ സംഭവങ്ങളുള്ളൂ. പക്ഷേ, ഫൊസ്സെയുടെ നിശ്ശബ്ദമായ, പൂര്ണവിരാമങ്ങളൊഴിവാക്കിയ ഭാഷാശൈലി കഥയെ അത്യസാധാരണമായ തലങ്ങളിലേക്കുയര്‍ത്തുന്നു. തെറ്റു ചെയ്തിട്ടുണ്ടെങ്കിലും അസ്ലെ കളങ്കിതനല്ലെന്നു നമുക്കു തോന്നിപ്പോകുന്നത് ആ കഥാപാത്രം പുലര്‍ത്തുന്ന അഗാധമായ നിശ്ശബ്ദത ഒന്നുകൊണ്ടു മാത്രമാണ്. അങ്ങനെ ആദ്യമായി നിശ്ശബ്ദതയ്ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചിരിക്കുന്നു!
Content Highlights: Jon Fosse, Jayakrishnan, Mathrubhumi
Published: 06 Oct 2023, 12:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented