അമ്പത്തിയാറ് ലക്ഷത്തില്‍ താഴെ, അതായത് ബെംഗളുരു നഗരത്തേക്കാള്‍ കുറവ് ജനസംഖ്യയുള്ള നോര്‍വേ എന്ന സ്കാന്ഡിനേവിയന് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായ നോര്‍വീജിയന്‍ ഭാഷയ്ക്ക് രണ്ട് എഴുത്തുരൂപങ്ങള്‍ ആണ് മുഖ്യമായുമുള്ളത്, അതിലൊന്നായ Nynorsk ഉപയോഗത്തില്‍ വരുന്നത് 19-ാം നൂറ്റാണ്ടിന്റെ പകുതിയില്‍, കൃത്യമായ വ്യാകരണമുണ്ടാകുന്നത് 1929-ലും. അഞ്ചുലക്ഷത്തില്‍ താഴെ മാത്രം ആളുകള്‍, പടിഞ്ഞാറന്‍ നോര്‍വേയുടെ ഗ്രാമങ്ങളില്‍ ഉപയോഗിക്കുന്ന ഈ ഭാഷാരൂപത്തില്‍ എഴുതിയ സാഹിത്യ സൃഷ്ടികളാണ് യൂണ് ഒലാവ് ഫോസ്സയ്ക്ക് (Jon Olav Fosse) 2023- ലെ നോബല്‍ സമ്മാനം നേടിക്കൊടുത്തത്.
ആ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് നടന്ന നോബല്‍ പ്രൈസ് പ്രഖ്യാപന വേളയില്‍ 'പറയാനാവാത്ത കാര്യങ്ങള്‍ക്ക് വാക്കുകള്‍ കൊടുത്ത നൂതനങ്ങളായ നാടകങ്ങളും ഗദ്യവും' (innovative plays and prose which give voice to the unsayable) ആണ് ഫോസ്സയെ പുരസ്ക്കാരത്തിന് യോഗ്യനാക്കിയത് എന്ന് അവാര്‍ഡ് കമ്മറ്റി പറഞ്ഞിരുന്നു. മൂന്നാഴ്ച കഴിഞ്ഞ് ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങിയ 'ഒരു തിളക്കം'' (A Shining) - ഇതാണ് ഫോസ്സയുടെ ഏറ്റവും പുതിയ കൃതി- ചെറുനോവല്‍ ആ പ്രസ്താവത്തിന് മറ്റൊരു ദൃഷ്ടാന്തമായി.
ഒരു മനുഷ്യന്, അയാളുടെ പ്രായമെന്തെന്ന് പറയുന്നില്ല, കാറില്‍ യാത്രയാണ്, ലക്ഷ്യമേതുമില്ല, ആദ്യം കാണുന്ന കവലയില്‍ വലത്തോട്ട് തിരിയും, അടുത്ത കവലയില്‍ ഇടത്തോട്ട്, പിന്നെ വലത്തോട്ട്, പിന്നെ ഇടത്തോട്ട്, അങ്ങനെ. ഒടുവില്‍ അയാള്‍ ഒരു വനത്തില്‍ എത്തിച്ചേരുന്നു, മുമ്പോട്ട് വഴിയില്ല, കാറാണെങ്കില്‍ ചതുപ്പ് പോലുള്ള നിലത്ത് പുതഞ്ഞ് മുന്നോട്ടും പിന്നോട്ടും അനങ്ങാതെ. ആരെയെങ്കിലും കണ്ടെത്തണം, ചതുപ്പില്‍ നിന്ന് കാര്‍ പുറത്തെടുക്കാന്‍ മറ്റൊരു കാറോ അല്ലെങ്കില്‍ ട്രാക്റ്ററോ വരണം, തിരച്ചില്‍ അയാളെ കാട്ടിനുള്ളിലെത്തിച്ചു. അവിടെയാണ് അയാള്‍ 'ആ തിളക്കം' കാണുന്നത്, തിളക്കത്തിനുള്ളിലെന്തെന്നോ ആരെന്നോ തിരിച്ചറിയാന്‍ വയ്യാത്തത്ര തീക്ഷ്ണമായ പ്രഭ. പിന്നെയത് മറയുന്നുവെങ്കിലും മറ്റ് രണ്ടുപേര്‍ മുന്നിലെത്തുന്നു, അയാളുടെ അമ്മയും അച്ഛനും. ഇടയ്ക്ക് മറഞ്ഞും പിന്നെ വെളിപ്പെട്ടും അങ്ങനെ കുറെ നേരം. ശേഷം കറുത്ത സൂട്ട് ധരിച്ച, മുഖം കാണാനാവാത്ത, നഗ്നപാദനായ ഒരാള്‍. ഇതിനിടെ 'ആ തിളക്കം' വീണ്ടും. ഒടുവില്‍ അവര്‍ ഒരുമിച്ച്, നഗ്നപാദരായി ഏതോ ഒരു ശൂന്യതയിലേക്ക് നടക്കുന്നു. 'കറുത്ത സൂട്ടിട്ട മുഖമില്ലാത്ത മനുഷ്യനും എന്റെ അമ്മയും എന്റെ അച്ഛനും പിന്നെ ഞാനും, നഗ്നപാദരായി, ശ്വാസം ഓരോന്നായി എടുത്ത്, ഒരു ശൂന്യതയിലേക്ക് നടന്നു കയറുന്നു, പൊടുന്നനെ ശ്വാസമൊന്നും ശേഷിക്കാതാകുന്നു, ഒരു ദീപ്തമായ, മിന്നിത്തിളങ്ങുന്ന, സാന്നിദ്ധ്യമൊഴികെ മറ്റൊന്നുമില്ലാതാകുന്നു, ഞങ്ങള്‍ ശ്വസിക്കുന്ന ശൂന്യതയെ ആ സാന്നിദ്ധ്യം അതിന്റെ ധവളിമയാല്‍ പ്രകാശിപ്പിക്കുന്നു.' (... the man in the black suit, without a face, my mother, my father, and I, we walk barefoot out into the void, breath by breath, and suddenly there's not a single breath left but only the radiant, shimmering presence that lights up a breathing void, what we're breathing now, with it's whiteness.) വായന തീര്‍ന്നാലും അവസാനിക്കാത്ത ഒരു സാന്നിദ്ധ്യം ശേഷിപ്പിച്ചുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്.
ഫോസ്സയുടെ ചെറുപ്പകാലവുമായി ഈ നോവലിന് ബന്ധമുണ്ടെന്ന് അദ്ദേഹത്തിന്റെ ഒരു അഭിമുഖം ചില സൂചനകള്‍ നല്‍കുന്നുണ്ട്. എഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ഒരു അപകടത്തില്‍ പെട്ട അദ്ദേഹം മരണത്തിന്റെ വക്ക് വരെയെത്തിയെന്ന് നമുക്കറിയാം. മരണാസന്നനായി കിടക്കുമ്പോള്‍ ഒരു മിന്നിത്തിളങ്ങുന്ന വെളിച്ചം കണ്ടുവെന്നും ആ അനുഭവം ഒരു പക്ഷെ എഴുത്തുകാരനാവാന്‍ സഹായിച്ചിരിക്കാം എന്നും ആ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു: 'ഞാന്‍ മിന്നിത്തിളങ്ങുന്ന ഒരു വെളിച്ചം കണ്ടു, വളരെ ശാന്തവും സുന്ദരവുമായ ഒന്ന്. ആ അനുഭവം എന്നെ അടിമുടി മാറ്റി, ഒരു പക്ഷെ എന്നെ എഴുത്തുകാരനാക്കിയതും ആ അനുഭവമാകാം.' ( I saw a kind of shimmering light and it was very peaceful and beautiful. I think this experience changed me in a fundamental way, and perhaps made me a writer.)
ഫോസ്സയുടെ ജീവിതം എഴുത്തിനെ പ്രത്യക്ഷമായി സ്വാധീനിക്കുന്ന മറ്റൊരു കാര്യം മതാത്മകതയാണ്. മൂന്നാമത്തെ ഭാര്യയായ അന്നയെ ഫോസ്സ വിവാഹം കഴിക്കുന്നത് 2011-ല്‍, രണ്ട് വര്‍ഷങ്ങള്‍ക്കകം സ്വയം നിരീശ്വരവാദിയെന്ന് പറഞ്ഞിരുന്ന അദ്ദേഹം കത്തോലിക്കാ മതം സ്വീകരിച്ചു. അന്നയുടെ കത്തോലിക്കരായ കുടുംബാംഗങ്ങളുമായി തടയില്ലാത്ത സംസര്‍ഗ്ഗത്തിന് അത് സഹായകമാകും എന്നാണ് കാരണമായി പറഞ്ഞത് (അനിയന്ത്രിതമായ മദ്യപാനത്തില്‍ നിന്ന് മുക്തി നേടാനായിരുന്നു ആ മാറ്റമെന്ന് മറ്റു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു). എന്നാല്‍ 10 വര്‍ഷത്തിനകം ഇറങ്ങിയ ഈ നോവലിലെ മതചിഹ്നങ്ങളും ക്രൈസ്തവചിന്തകളും മതം ഫോസ്സയുടെ ഉള്ളില്‍ എത്ര രൂഢമൂലമായിത്തീര്‍ന്നു എന്ന് കാണിച്ചുതരുന്നുണ്ട്.
A Shining എഴുതുന്നതിനും എത്രയോ മുമ്പേ ഫോസ്സ ലോകശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു, വര്‍ഷാവര്‍ഷം നോബല്‍ സമ്മാന സാദ്ധ്യതാപട്ടികയില്‍ സ്ഥിരം സാന്നിദ്ധ്യവുമായിരുന്നു- 2013- ല്‍ വാതുവയ്പ്പുകാര്‍ ഫോസ്സയുടെ പേരില്‍ ബെറ്റ് സ്വീകരിക്കാത്ത അവസ്ഥ വരെയുണ്ടായി എന്ന് പറയപ്പെടുന്നു. മൂന്ന് വോള്യങ്ങളിലായി 7 നോവലുകള്‍ അടങ്ങുന്ന സെപ്ടോളജിയ്ക്കും (Septology) 'ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സാമുവല്‍ ബെക്കറ്റ്' എന്ന വിളിപ്പേര് സമ്പാദിച്ചുകൊടുത്ത നാല്‍പ്പതോളം നാടകങ്ങള്‍ക്കും 13 കവിതാ സമാഹാരങ്ങള്‍ക്കും കുറച്ച് ബാലസാഹിത്യത്തിനും ചില വിവര്‍ത്തനങ്ങള്‍ക്കും മുമ്പ് A Shining പോലെ തന്നെ ഹ്രസ്വമായ ഒരു നോവല്‍ ഫോസ്സ എഴുതിയിരുന്നു, 2000-ല്‍, ആ കൃതിയുടെ പേര് 'പ്രഭാതവും പ്രദോഷവും' (Morning and Evening).
ഒരു ജനനത്തില്‍ തുടങ്ങി ഒരു മരണത്തിലെത്തി, അതിനപ്പുറത്തേയ്ക്കും നീളുന്ന ഒരു കഥയാണ് രണ്ട് ഭാഗങ്ങളുള്ള ഈ നോവല്‍. ആദ്യ ഭാഗത്തില്‍ ഒലായ് എന്ന മനുഷ്യന്റെ ഭാര്യ മാര്‍ത്ത പ്രസവവേദനയിലാണ്, അന്ന എന്ന വയറ്റാട്ടി പ്രസവമെടുക്കാന്‍ തയ്യാറാണ്, ആദ്യത്തേത് മകളായിരുന്നതിനാല്‍ ഇനിയൊരു ആണ്‍കുട്ടി വേണമെന്നാണ് ഒലായുടെ ആഗ്രഹം, പിതാവിന്റെ ഓര്‍മ്മയില്‍ ജൊഹാനസ് എന്ന് അവന് പേരിടണമെന്നാണ് മനസ്സില്‍, അവനെ പിതാവിനെപ്പോലെ ഒരു നല്ല മീന്പിടുത്തക്കാരനാക്കണമെന്നാണ് തീരുമാനം. മാര്‍ത്ത പ്രസവിച്ചു, സുഖപ്രസവം, ആഗ്രഹിച്ചതു പോലെ സുന്ദരനായ ആണ്‍കുട്ടി.
രണ്ടാം ഭാഗത്തില്‍ ജൊഹാനസ് വൃദ്ധനാണ്. ഒറ്റയ്ക്കാണ് ജീവിതം. ഭാര്യ എര്‍ന കുറച്ചുകാലം മുമ്പേ മരിച്ചു, ഏഴ് മക്കളില്‍ ഏറ്റവും ഇളയവളായ സിഗ്നെയും അവളുടെ ഭര്‍ത്താവ് ലെയ്ഫും അടുത്തൊരു വീട്ടില്‍ താമസിക്കുന്നു. ബാക്കി ആറ് മക്കള്‍ അവരുടെ കുടുംബങ്ങളോടൊപ്പം അകലെയാണ് താമസം. ഒരു തണുത്ത പ്രഭാതത്തില്‍ രണ്ട് കപ്പ് കാപ്പിയും ചീസ് പുരട്ടിയ ഒരു തുണ്ട് റൊട്ടിയും കഴിച്ച് നടക്കാനിറങ്ങുന്ന ജൊഹാനസിന്റെ ചിന്തകള്‍ വിരാമ ചിഹ്നം കൊണ്ട് മുറിക്കാത്ത വാചകങ്ങളില്‍ അനിര്‍ഗ്ഗളമായി പറഞ്ഞു പോകുകയാണ് ഫോസ്സ. മുറിക്കാത്ത വാചകം എന്ന രീതി സെപ്റ്റോളജിയിലും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്, എന്നാല്‍ അധികം കണ്ടിട്ടില്ലാത്ത ഒരു രചനാ സങ്കേതം ഇവിടെ പ്രയോഗിക്കുന്നു. ജൊഹാനസിന്റെ ചിന്തയില്‍ തുടങ്ങുന്ന രണ്ടാം ഭാഗം അവസാനത്തോടടുക്കുമ്പോള്‍ മകളായ സിഗ്നെയുടെ കാഴ്ചപ്പാടായി മാറുന്നു, പിന്നെ തിരിച്ച് പിതാവിന്റെ, പിന്നെ മകളുടെ, പിന്നെ വീണ്ടും പിതാവിന്റെ. ഇതിനിടയില്‍ വാചകം മുറിയുന്നില്ല എന്നതും ശ്രദ്ധേയം.
കടല്‍തീരത്തേക്ക് നടക്കാനിറങ്ങിയ ജൊഹാനസ്, മകളുടെ വീട് കടന്ന്, കുറച്ചുകാലം മുമ്പ് മരിച്ചു പോയ പീറ്റര്‍ എന്ന സുഹൃത്തിന്റെ വീട് കടന്ന്, നടക്കുന്നു. ആ നടത്തത്തിനവസാനം നോവല്‍ അവസാനിക്കുന്നു. വായനയുടെ ഈ ഘട്ടത്തില്‍ വായനക്കാര്‍ പെഡ്രോ പരാമോയെ തിരഞ്ഞ് കൊമാലയിലെത്തിയ ഹുവാന്‍ പ്രെഷിയാഡോയുടെ അവസ്ഥയിലാകുന്നു.
2000-നും 2023-നും ഇടയില്‍, 'ആ തിളക്കത്തിനും' 'പ്രഭാത-പ്രദോഷങ്ങള്‍'ക്കുമിടയില്, ഫോസ്സയുടെ എഴുത്തില്‍ സ്ഥായിയായി നിലനിന്ന ക്രൈസ്തവ ദൈവ സങ്കല്‍പ്പത്തില്‍ അധിഷ്ടിതമായ മതാത്മകത, അതിന്റെ ശുദ്ധസൗന്ദര്യം ഈ കൃതിയില്‍ വെളിവാക്കുന്നു. പുറകോട്ട് പോയാല്‍ മെല്‍വിലിന്റെ മോബി ഡിക്കുണ്ട്, ക്രൈസ്തവചിന്ത സൗന്ദര്യമാക്കിയ കൃതിയാണതും - ഇഷ്മെയ്ലിന്റെ യാത്രയെ നോഹയുടെ യാത്രയുമായാണ് മെല്‍വില്‍ കൂട്ടി വയ്ക്കുന്നത്. മോബി ഡിക്കും കരമസോവ് സഹോദരന്മാരും ഒക്കെ അണിനിരക്കുന്ന നിരയില്‍, മതാത്മകതയുടെ സൗന്ദര്യത്തിന്റെ കാര്യത്തിലെങ്കിലും, ഫോസ്സയുടെ ഈ രണ്ട് കൃതികളും കൂടി.
ഇബ്സണ്‍ ശേഷം നോര്‍വേ കണ്ട ഏറ്റവും ഘോഷിക്കപ്പെട്ട നാടകകൃത്തായ ഫോസ്സയുടെ എഴുത്തിനെ കുറിച്ച് ശിഷ്യനായിരുന്ന കാള്‍ ഓവ് ക്നോസ്ഗാര്‍ഡ് ഇങ്ങനെ എഴുതുന്നു: ഫോസ്സയുടെ സാഹിത്യം 'ഒരേ ഉള്‍ക്കടലുകളിലേക്ക്, ഒരേ തുഴവഞ്ചികളിലേക്ക്, മഴയിലേക്ക്, സഹോദരങ്ങളിലേക്ക്, സംഗീതത്തിലേക്ക്' അനിവാര്യമായി തിരിച്ചു പോകുന്നു. ('all those fjords, all those row boats, all that rain, all those siblings, all that music'). ഈ സ്ഥിരം ചേരുവകള്‍ കൊണ്ട് ഫോസ്സ ഒരുക്കുന്ന ദൃശ്യങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നല്ല സാഹിത്യക്കാഴ്ചകളില് ചിലതാണ്.
Content Highlights: jon fosse nobel laureate book a shining article by jojo antony
Published: 06 Jan 2025, 12:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented