പ്രശസ്ത എഴുത്തുകാരനായ ഇ.എം ഫോസ്റ്റര്‍, ഒരിക്കല്‍ ഒരു കഥയെഴുതി. ഫ്രഞ്ച് ചിന്തകനായിരുന്ന വോള്‍ട്ടയര്‍ പുനര്‍ജനിക്കുകയാണെങ്കില്‍, ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കാന്‍ അന്നത്തെ ലോകനേതാക്കന്മാര്‍ക്ക് കത്തെഴുതുന്നതായിരുന്നു ഉള്ളടക്കം. പക്ഷേ, സ്വാതന്ത്ര്യത്തെക്കുറിച്ചും നീതിബോധത്തെക്കുറിച്ചും വോള്‍ട്ടയറിനുള്ള സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും മാനവരാശിയെ പുരോഗതിയിലേക്ക് നയിക്കാനും ആത്മാര്‍ഥമായി ആഗ്രഹമുള്ള നേതാക്കളെ കണ്ടെത്തല്‍ ഒട്ടും എളുപ്പമായിരുന്നില്ല. ഓരോ രാഷ്ട്രത്തലവന്മാരുടെയും പേരുകള്‍ കടലാസില്‍ എഴുതി വെട്ടിമാറ്റിയശേഷം വോള്‍ട്ടയര്‍, ഒടുവില്‍, തനിക്കു കത്തെഴുതാന്‍പറ്റിയ ഒരേയൊരു നേതാവിനെ തിരഞ്ഞെടുത്തു. ആ നേതാവ് ജവാഹര്‍ലാല്‍ നെഹ്റുവായിരുന്നു! അളവറ്റ ആഹ്ലാദത്തോടെ, അതിലേറെ സമാധാനത്തോടെ വോള്‍ട്ടയര്‍ നെഹ്റുവിനു കത്തെഴുതാന്‍ തുടങ്ങി എന്ന് പറഞ്ഞുകൊണ്ടാണ് ഫോസ്റ്റര്‍ കഥ അവസാനിപ്പിക്കുന്നത്.

To advertise here,

ഇതൊരു ഭാവനമാത്രമാണെങ്കിലും ശീതയുദ്ധകാലത്തെ ഏറ്റവും പ്രതിഭാധനനും നീതിമാനുമായ ഒരാളായിരുന്നു നെഹ്റു എന്നത് ഒരു ചരിത്രവസ്തുതയാണ്. ലോകമെമ്പാടുമുള്ള ഒരുപാട് മനുഷ്യരുടെ സ്വപ്നവും പ്രതീക്ഷയും ആദര്‍ശവുമായിരുന്നു അദ്ദേഹം. ആധുനികതയുടെ ഏറ്റവും ചേതോഹരമായ മനുഷ്യരൂപം.

നെഹ്രു അടയാളപ്പെടേണ്ടത്

അപകടകരമായ ഒരു കപ്പല്‍യാത്രയില്‍, ചരിത്രത്തിന്റെ വിനാശകരമായ കൊടുങ്കാറ്റുകളെ കൃതഹസ്തതയോടെ നേരിട്ട കപ്പിത്താനായിട്ടാണ് ലോകചരിത്രത്തില്‍ നെഹ്‌റുവിനെ അടയാളപ്പെടുത്തേണ്ടത് എന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി നിരീക്ഷിച്ചത് വെറുതെയായിരുന്നില്ല. ടാഗോര്‍ വിശേഷിപ്പിച്ചതുപോലെ 'ചേറും ചെളിയും' നിറഞ്ഞ ഒരു ദരിദ്രരാജ്യമായായിരുന്നു 1947-ല്‍ ഇന്ത്യയെ ബ്രിട്ടീഷുകാര്‍ അവശേഷിപ്പിച്ചത്. ക്ഷാമത്തിന്റെയും കലാപത്തിന്റെയും കടുത്ത സാമ്പത്തികപ്രതിസന്ധിയുടെയും അരാജകത്വത്തിന്റെയും വിഘടനവാദസാധ്യതകളുടെയും സാമൂഹികരാഷ്ട്രീയസാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ഇന്ത്യയെന്ന പുതിയരാജ്യത്തെ സമഗ്രാധിപത്യത്തിലേക്ക് നയിക്കാന്‍ എളുപ്പമായിരുന്നു. പക്ഷേ, പ്രതികൂലമായ ആ രാഷ്ട്രീയകാലാവസ്ഥയിലും ഏറ്റവും ശക്തമായ പ്രാതിനിധ്യജനാധിപത്യസ്ഥാപനങ്ങള്‍ ശ്രദ്ധാപൂര്‍വം കെട്ടിയുയര്‍ത്തുക എന്ന നീതിപൂര്‍ണമായ മാര്‍ഗമാണ് നെഹ്റു സ്വീകരിച്ചത്. നെഹ്റു ജനാധിപത്യത്തിനു പകരം സ്വേച്ഛാധിപത്യത്തിലേക്ക് തിരിഞ്ഞിരുന്നെങ്കില്‍ ഏഷ്യയുടെയും ആഫ്രിക്കയുടെയും ലോകത്തിന്റെയും ഭാവി മറ്റൊന്നാകുമായിരുന്നു. ചരിത്രം നല്‍കിയ തിളക്കമില്ലാത്ത അസംസ്‌കൃതവസ്തുക്കളില്‍നിന്ന് അസാധാരണമായ മികവോടെ അദ്ദേഹം പുതിയൊരു റിപ്പബ്ലിക്കിനെ രൂപപ്പെടുത്തി.

നെഹ്റുവിനെ എക്കാലത്തും പ്രസക്തനാക്കുന്ന സുപ്രധാനകാരണം, അദ്ദേഹം ഇന്ത്യയെന്ന ആധുനികദേശരാഷ്ട്രത്തിന്റെ 'അടിസ്ഥാന വ്യാകരണം' എഴുതിയുണ്ടാക്കി എന്ന വസ്തുതയാണ്. ആ വ്യാകരണത്തിന്റെ മുകളിലാണ് ഭരണഘടനാസ്ഥാപനങ്ങളും വ്യവസായശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ശാസ്ത്ര-സാങ്കേതികവിദ്യയുമൊക്കെ പണിതുയര്‍ത്തിയത്. ഒരു ഭാഷയുടെ വ്യാകരണം പാടെ പൊളിച്ചുപണിയുന്നത് എളുപ്പമല്ല. അതുകൊണ്ടാണ് നെഹ്റൂവിയന്‍ പൈതൃകം അപനിര്‍മിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇപ്പോഴും അത് പൂര്‍ണമായി സാധ്യമാകാത്തതും.

ഈ വ്യാകരണം നെഹ്റുവിന്റെ മാത്രം സംഭാവനയല്ല. മറിച്ച്, അത് അന്ന് നിലനിന്നിരുന്ന ഒരുപാട് മൂല്യങ്ങളുടെ മനോഹരമായ സംയോജനമായിരുന്നു. യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും ഫ്രഞ്ച്-അമേരിക്കന്‍-റഷ്യന്‍ വിപ്ലവങ്ങളുടെയും മൂല്യങ്ങള്‍, അരിസ്റ്റോട്ടില്‍മുതല്‍ ബര്‍ട്രാന്‍ഡ് റസല്‍വരെയുള്ള ചിന്തകരുടെ ആശയങ്ങള്‍, ഫേബിയന്‍ സോഷ്യലിസം, റിപ്പബ്ലിക്കനിസം, പ്രാചീന ഇന്ത്യന്‍ സംസ്‌കാരത്തിലെ ഉദാത്തമൂല്യങ്ങള്‍, ബുദ്ധ-ജൈന-ഇസ്ലാം-സൂഫി ദര്‍ശനങ്ങള്‍, ടാഗോറിന്റെ സാര്‍വദേശീയതാസങ്കല്പം, മഹാത്മാഗാന്ധിയുടെ അന്ത്യോദയ, യുക്തിയില്‍ അധിഷ്ഠിതമായ ശാസ്ത്രബോധം, പഞ്ചശീലം, ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ വിഭിന്നധാരകള്‍ തുടങ്ങിയവയൊക്കെ നെഹ്റുവിനെ സ്വാധീനിച്ചിരുന്നു. ഏതെങ്കിലും ഒരാശയത്തിന്റെ മേല്‍ക്കോയ്മയ്ക്ക് ശ്രമിക്കുന്നതിനുപകരം അദ്ദേഹം അതിനെ എല്ലാ പുരോഗമന ആശയങ്ങളെയും ഉള്‍ക്കൊള്ളുന്ന തുറസ്സാക്കിമാറ്റി. മാത്രമല്ല, ഈ ആശയങ്ങളെയെല്ലാം ഇന്ത്യയുടെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ ഭൂമികയ്ക്ക് ഏറ്റവും അനുയോജ്യമായ മനോഹരമായ ഒരു ഭാഷയിലേക്ക് നെഹ്റു പരിവര്‍ത്തനപ്പെടുത്തി. ആ 'ഭാഷയും വ്യാകരണവു'മായിരുന്നു സ്വതന്ത്രഇന്ത്യയുടെ ലോകത്തോടുള്ള 'കമ്യൂണിക്കേഷന്‍ ടൂള്‍'. ആ ഭാഷയിലൂടെയാണ് ഇന്ത്യയെ ലോകമറിഞ്ഞതും അംഗീകരിച്ചതും.

എന്റെ ഭാഷയില്‍ സൗഹാര്‍ദം...

സമവായത്തിന്റെയും അഹിംസയുടെയും മതനിരപേക്ഷതയുടെയും ഈ ജനാധിപത്യഭാഷയില്‍ ഏറ്റവും നന്നായി ആശയവിനിമയം നടത്താന്‍ കഴിയുന്നത് നെഹ്റുവിനായിരിക്കും എന്ന് വളരെ മുമ്പേ തിരിച്ചറിഞ്ഞിരുന്ന ഒരാള്‍ ഗാന്ധിജിയായിരുന്നു. അതുകൊണ്ടാണ് 'എനിക്കുശേഷം എന്റെ ഭാഷയില്‍ ജവാഹര്‍ലാല്‍ സംസാരിക്കും' എന്ന് പറഞ്ഞുകൊണ്ട് 1942- ല്‍ വാര്‍ധയില്‍വെച്ച് നെഹ്റുവിനെ അദ്ദേഹം തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്.

ഈ 'ഭാഷയും വ്യാകരണവും' ഓരോ ഇന്ത്യക്കാരനിലും ഉണ്ടാക്കിയെടുത്തത് വൈവിധ്യങ്ങളെ അതിലംഘിച്ചുനില്‍ക്കുന്ന ഒരു ഏകതാബോധമായിരുന്നു. ജനകീയമായ ഈ 'മഴവില്ല് ദേശീയത' ഇന്ത്യന്‍സംസ്‌കാരത്തെ വീക്ഷിച്ചത് യുക്തിപൂര്‍ണവും ബഹുസ്വരവും ആധുനികവും പുരോഗമനാത്മകവുമായിട്ടാണ്; പഴമയില്‍നിന്നും വംശീയതയുടെ അഭിമാനത്തില്‍നിന്നും ഊര്‍ജംകണ്ടെത്തുന്ന ഒന്നായിട്ടല്ല.

ഒരിക്കല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റായ ഗമാല്‍ അബ്ദുല്‍ നാസര്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം നെഹ്റു ഒരു വിരുന്നൊരുക്കി. അതിഥികള്‍ക്കിടയില്‍ ധാരാളം കമ്യൂണിസ്റ്റ് എം.പി.മാരെ കണ്ടപ്പോള്‍ നാസര്‍ അമ്പരന്നുപോയി. നെഹ്റുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''ഗമാല്‍, നിങ്ങള്‍ കമ്യൂണിസ്റ്റുകാരെ ജയിലില്‍ ഇടുന്നു, ഞങ്ങളുടെ രാജ്യത്ത് അവര്‍ പാര്‍ലമെന്റില്‍ ഇരിക്കുന്നു''.

placeholder
ഗമാല്‍ അബ്ദുള്‍ നാസര്‍ ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ചിത്രത്തിനരികെ

നൊബേല്‍ സമ്മാനം നേടിയ മെക്‌സിക്കന്‍ കവിയും നെഹ്‌റുവിന്റെകാലത്ത് മെക്‌സിക്കന്‍ അംബാസഡറുമായിരുന്ന ഒക്റ്റാവിയൊ പാസ് പറഞ്ഞ വാക്കുകളാണ് ഈ സാഹചര്യത്തില്‍ ഏറ്റവും പ്രസക്തം: ''ഏറെ അംഗീകരിക്കപ്പെട്ട രാഷ്ട്രീയനേതാവായിരുന്നിട്ടും, നെഹ്റു ചരിത്രത്തിന്റെ വൈരുധ്യങ്ങളെ മൃഗീയശക്തിയാല്‍ ജയിക്കാമെന്ന പ്രലോഭനങ്ങളില്‍ ഒരിക്കലും വീണില്ല. അമാനുഷികനായി സ്വയം പ്രതിഷ്ഠിച്ചില്ല, പകരം, വിഭിന്ന ആശയങ്ങളുടെ സമവായത്തിലും അപാരമായ മനുഷ്യസ്വാതന്ത്ര്യത്തിലും വിശ്വസിച്ചു. ചരിത്രത്തിന്റെ താക്കോല്‍ തന്റെ കരങ്ങളിലാണെന്ന് അദ്ദേഹം അഹങ്കരിച്ചില്ല. രാജ്യവും ലോകവും മനുഷ്യരക്തത്താല്‍ കറപിടിക്കരുത് എന്ന് നെഹ്റു അത്രമേല്‍ ആഗ്രഹിച്ചിരുന്നു.''

ജനാധിപത്യത്തിന്റെ ചെറുതിരി

ജീവിതത്തിന്റെ അവസാനകാലത്ത്, ചൈനായുദ്ധത്തിലേറ്റ തിരിച്ചടിക്കുശേഷവും നെഹ്റുവിന് ജനാധിപത്യത്തിന്റെ അപാരസാധ്യതകളിലും സര്‍വോപരി ഇന്ത്യന്‍ ജനതയുടെ കഴിവിലുമുള്ള വിശ്വാസത്തില്‍ ഒട്ടും പോറലേറ്റിരുന്നില്ല. പ്രശസ്ത അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ നോര്‍മന്‍ കസിന്‍സ് ഇതിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായി എഴുതിയിട്ടുണ്ട്. 'താങ്കളുടെ പിന്‍ഗാമി ആരായിരിക്കും' എന്ന കസിന്‍സിന്റെ ചോദ്യത്തിന് ഒരു നിമിഷംപോലും സംശയിക്കാതെ നെഹ്റു മറുപടിപറഞ്ഞു:

''സ്വന്തം രാഷ്ട്രീയഭാഗധേയം നിര്‍ണയിക്കാന്‍ പ്രാപ്തരായ നാനൂറ് ദശലക്ഷം ഇന്ത്യക്കാരാണ് എന്റെ പിന്‍ഗാമികള്‍. അവര്‍ അവരുടെ നേതാവിനെ സ്വയം തിരഞ്ഞെടുത്തുകൊള്ളും''. അവര്‍ക്ക് അതിന് കഴിഞ്ഞില്ലെങ്കിലോ എന്ന് കസിന്‍സ് വീണ്ടും ചോദിച്ചു. ''അവര്‍ക്ക് കഴിയും. അതിനവരെ പ്രാപ്തരാക്കാനാണ് ഞങ്ങള്‍ ഇത്രയുംകാലം ശ്രമിച്ചത്. ആ പരീക്ഷണത്തില്‍ ഇന്ത്യന്‍ജനത പരാജയപ്പെടുമെന്ന ചിന്തപോലും ഹൃദയഭേദകമാണ്. അതെന്റെ പരാജയംകൂടിയായിരിക്കും''.

ആ വിശ്വാസത്തോട് നീതിപുലര്‍ത്തിക്കൊണ്ടാണ് എല്ലാ അപഭ്രംശങ്ങളെയും അതിജീവിച്ചുകൊണ്ട് നെഹ്റു തിരിയിട്ട ജനാധിപത്യം ഇന്ത്യയില്‍ പിന്നെയും പിന്നെയും തെളിഞ്ഞുകത്തിയത്. ജനാധിപത്യത്തിന്റെ ആ ചെറുതിരി, സ്വേച്ഛാധിപത്യത്തിന്റെയും വംശീയതയുടെയും കൊടുങ്കാറ്റില്‍ ഒരിക്കലും കെടാതെ സൂക്ഷിച്ചുകൊണ്ടാണ് നമ്മള്‍ നെഹ്റുവിന്റെ സ്മരണകളോട് നീതിപുലര്‍ത്തേണ്ടത്.

(അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തൊഴിലവകാശവിദഗ്ധയും ഗ്രന്ഥകാരിയുമാണ് ലേഖിക)