
'ബാരിക്കേഡുകള്‍ തകര്‍ക്കുന്ന പെണ്‍മൊഴിയും വഴിയും' എന്ന വിഷയത്തില്‍ എസ്. സിതാര, ഇന്ദുമേനോന്‍, കെ.രേഖ എന്നിവര്‍ സംവദിക്കുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ(2023)ത്തില്‍ നിന്നും.
'മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുന്ന ഇന്‍ഹിബിഷനുകള്‍, നാണക്കേടുകള്‍, ഭയങ്ങള്‍, ഒഴിഞ്ഞുമാറലുകള്‍'- എസ്. സിതാര
നൂറ്റാണ്ടുകളായി കോടിക്കണക്കിന് സ്ത്രീയാത്മാക്കള്‍ അവരുടെ സംഘര്‍ഷങ്ങളും സങ്കടങ്ങളും വിഷാദങ്ങളും മരണം പോലെ നീലിച്ച ഭയങ്ങളും ആത്മഹത്യപോലെയുള്ള ത്യാഗങ്ങളും ഈ ബാരിക്കേഡിന്റെ ആഴങ്ങളിലുണ്ട്. ഇതിനെ എങ്ങനെ ചാടിക്കടക്കും എന്ന ചിന്ത അത്ര ലളിതമല്ല. സ്ത്രീജീവിതങ്ങളെ മുന്‍നിര്‍ത്തിയുള്ള എന്റെ എഴുത്ത് ജീവിതം വെച്ചുനോക്കുമ്പോള്‍ വളരെ വ്യക്തിപരമായിട്ടുള്ള വൈകാരികമായി മാത്രം നോക്കിക്കാണാന്‍ പറ്റുന്ന ഒന്നാണത്. ബാരിക്കേഡുകള്‍ എന്ന വാക്ക് തന്നെ ഭയപ്പെടുത്തുന്നതാണ്. ബാരിക്കേഡുകള്‍ വൈകാരികമായിട്ടുള്ളതാവാം, ഭൗതികമായിട്ടുള്ളതാവാം, ചേതനമോ അചേതനമോ ആയിട്ടുള്ളതാവാം. ഏതുരീതിയിലുള്ളതായാലും അത് സ്ത്രീയുടെ വഴിമുടക്കിയാണ് നില്‍ക്കുന്നത്.

ഭൗതികമായിട്ടുള്ള വഴിമുടക്കികള്‍ എന്നുപറയുന്നത് കാലങ്ങളായി മാറ്റമില്ലാതെ പോയ്‌ക്കൊണ്ടിരിക്കുന്ന ചില തുടര്‍ച്ചകളാണ്. വിശ്വാസങ്ങള്‍, സമൂഹത്തില്‍ നിലനില്‍ക്കുന്ന മാമൂലുകള്‍ ...ഇതിന്റെയൊക്കെ ഭാഗമായിട്ടുള്ള സാമൂഹിക പൊതുബോധങ്ങളൊക്കെ സ്ത്രീയുടെ വഴിയില്‍ വെറും ബാരിക്കേഡുകള്‍ അല്ല, മതില്‍ക്കെട്ടുകള്‍ തന്നെ സൃഷ്ടിക്കുന്ന അവസ്ഥയുണ്ട്. ഞാനുള്‍പ്പെടെയുള്ള സ്ത്രീകളുടെ മനസ്സില്‍ ഇന്‍ബില്‍റ്റായിട്ടുകിടക്കുന്ന ചില ഇന്‍ഹിബിഷനുകള്‍, നാണക്കേടുകള്‍, ഭയങ്ങള്‍, ഒഴിഞ്ഞുമാറലുകള്‍ ഇവയെല്ലാം തന്നെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുന്നവയാണ്. കുടുംബവും സമൂഹവും മുന്‍ധാരണകളുമൊക്കെ ചേര്‍ന്നുകൊണ്ട് സ്ത്രീയുടെ രക്തത്തിലേക്ക് നൂറ്റാണ്ടുകളായി ഇന്‍ജക്ട് ചെയ്തുകൊണ്ടിരിക്കുന്ന ചില ജീനുകളുടെ തുടര്‍ച്ചയാണ് സ്ത്രീകളെ പലപ്പോഴും സ്വയം പിറകോട്ട് വലിക്കുന്നത്. ഇതിനെ എതിരിടുക എന്നത് ഏറ്റവും വലിയ പോരാട്ടങ്ങളില്‍ ഒന്നാണ്. അതില്‍ വിജയിക്കുക എന്നത് അത്രവലിയ എളുപ്പവുമല്ല. പുരുഷനൊപ്പം ടാലന്റുണ്ടായിട്ടും അവനന്റെ മേഖലകളില്‍ ശോഭിക്കുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്. ഔദ്യോഗികരംഗത്തും നിരവധി ചൂഷണങ്ങള്‍ നേരിടുന്നവളാണ് സ്ത്രീ. കലാ-സാഹിത്യ-നൃത്തരംഗം മൊത്തം എടുത്തുനോക്കുമ്പോള്‍ വളരെ ചെറിയ സംഭാവനയേ സ്ത്രീകളുടേതായിട്ടുള്ളൂ. ജേണലിസത്തിലായാലും അക്കാദമിക മേഖലയിലായാലും മറ്റ് ഏത് കോഴ്‌സുകളിലായാലും പഠിക്കാന്‍ ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുതലാണ്. പക്ഷേ പ്രൊഫഷണല്‍ ടോപ് ലെവവില്‍ അവര്‍ എത്തുന്നില്ല. അവര്‍ എവിടെ അപ്രത്യക്ഷരാവുന്നു എന്നതാണ് ചോദ്യം. സമൂഹത്തിന്റെ മുന്‍ധാരണകളും കുടുംബത്തിന്റെ കെട്ടുപാടുകളും എല്ലാം കൂടി ഈ പെണ്‍കുട്ടികളെ വിഴുങ്ങിക്കളയുകയാണ് ചെയ്യുന്നത്. ഇത് എല്ലാ മേഖലയിലും നടക്കുന്നുണ്ട്. സാഹിത്യത്തിലായാലും നിരവധി വഴിമുടക്കികള്‍ സ്ത്രീയെ കാത്തിരിക്കുന്നുണ്ട്. സ്വന്തമായ സര്‍ഗാത്മക ഇടങ്ങള്‍ ലഭിക്കാതിരിക്കുക എന്നതിന് ഇപ്പോള്‍ കുറച്ച് മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. സ്വന്തമായി സര്‍ഗാത്മക ഇടം ലഭിക്കാത്ത, പ്രസിദ്ധീകരിക്കാന്‍ അവസരം ലഭിക്കാത്ത നിരവധി എഴുത്തുകാരികള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമായി നില്‍ക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ച ഇപ്പോഴുമുണ്ട്. എഴുതുക എന്നൊരു ഭൗതികപ്രക്രിയ ഉണ്ടല്ലോ. ആ ഭൗതികപ്രക്രിയയ്ക്കുപോലും നിരവധി തടസ്സങ്ങള്‍ ഒരു സ്ത്രീ നേരിടുന്നുണ്ട്. ആ തടസ്സങ്ങള്‍ മറികടന്ന് എഴുതിയാല്‍ അതിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന ഒരു അവസ്ഥ, അര്‍ഹമായ സ്വീകാര്യതയും അംഗീകാരവും ലഭിക്കാത്ത അവസ്ഥ തീര്‍ച്ചയായും സാഹിത്യത്തില്‍ സ്ത്രീ നേരിടുന്നുണ്ട്. അത്തരത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.
രാഷ്ട്രീയകഥകള്‍ സ്്രതീകള്‍ എഴുതുന്നില്ല എന്ന ആക്ഷേപം പൊതുവേ പുരുഷപക്ഷത്തുനിന്നുണ്ടാവാറുണ്ട്. അത് കാര്യമാക്കേണ്ടതില്ല. അത്തരം കഥകള്‍ എഴുതപ്പെടുന്നുണ്ട്. ആ ഗൗരവത്തോടെ വായിക്കേണ്ടവര്‍ കാണുന്നുണ്ടോ എന്നതാണ് സംശയം. മതപരവും രാഷ്ട്രീയവുമായിട്ടുള്ള കഥകള്‍ എഴുത്തുകാരികള്‍ ഒരുപാടെഴുതിയിട്ടുണ്ട്. ഇപ്പോഴും എഴുതുന്നുണ്ട്. മതവും രാഷ്ട്രീയവുമെല്ലാം തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങളാണ് എന്ന സങ്കല്പമൊക്കെ പണ്ട് ഉണ്ടായിരുന്നു. ഇന്ന് പക്ഷേ സോഷ്യല്‍ മീഡിയയുടെ വരവോടെ അതെല്ലാം മാറിയിരിക്കുന്നു. കഥയുടെ കാര്യം വിടാം. അല്ലാതെതന്നെ പെണ്‍കുട്ടികള്‍ വളരെ ബോള്‍ഡായിട്ടാണ് മതത്തെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും സാമൂഹിക മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യുന്നത്! വിമര്‍ശനങ്ങളെല്ലാം കണ്ണടച്ചു പാലുകുടിക്കുന്നതുപോലെയാണ്. സ്ത്രീയായാലും പുരുഷനായാലും ചില സ്പാര്‍ക്കുകള്‍ വരുമ്പോഴാണ് എഴുതുന്നത്. ആ സ്പാര്‍ക്ക് വ്യക്തികള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കാം. രാഷ്ട്രീയത്തില്‍ എനിക്ക് താല്‍പര്യമില്ലെങ്കില്‍ അതിന്റെ പ്രതിഫലനം എന്റെ കഥയില്‍ കുറവായിരിക്കാം.
സ്ത്രീകള്‍ ഇങ്ങനെ പറയരുത്, ഇങ്ങനെ എഴുതരുത്, ഇങ്ങനെയേ എഴുതാവൂ എന്നൊക്കെ അലിഖിത നിയമങ്ങള്‍ ഉള്ളകാലത്താണ് ഞാന്‍ എഴുതിത്തുടങ്ങുന്നത്. ആ പാടില്ലായ്മയ്‌ക്കെതിരെ ശബ്ദമുയര്‍ത്താനുള്ള മനഃപൂര്‍വമായ ശ്രമങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. അതിന്റെ ശരിതെറ്റുകളൊന്നും ഞാന്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. സ്്ത്രീ എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും എന്റെ പ്രതിരോധമായിരുന്നു അത്. എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ എന്ന ചോദ്യമാണ് എഴുതിത്തുടങ്ങുന്ന കാലത്ത് എന്നെ നയിച്ചത്. ഒരു സ്ത്രീ എഴുതുമ്പോള്‍ അവളുടേതായിട്ടുള്ള ഒരുപാട് സംഗതികള്‍ എഴുത്തിലേക്ക് കൊണ്ടുവരാന്‍ പറ്റും. എഴുതുന്ന എല്ലാ സ്ത്രീകളും പൂര്‍ണമായും നന്മയുള്ളവരായിരിക്കണം എന്നൊന്നും നമുക്ക് പറയാന്‍ പറ്റില്ല. മനുഷ്യന്‍ അങ്ങനെയല്ല. എഴുത്തില്‍ സ്ത്രീകള്‍ മറ്റൊരുവളാവും. ഒരു സ്ത്രീ തന്റെ വഴിയും മൊഴിയും തിരഞ്ഞെടുക്കുന്നത് മുന്നിലുള്ള പ്രതിസന്ധികളെ വകഞ്ഞ് മുന്നോട്ട് പോകുമ്പോഴാണ്. പുരുഷന്‍ തന്റെ പരിമിതിയില്‍ നിര്‍മിച്ച ഒരു പുരുഷസംസ്‌കാരം മറികടക്കാനാണ് എഴുത്തുകാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
'എനിക്കൊരു ഭാര്യയെ തരൂ, കേരളത്തിലിരുന്നുകൊണ്ട് ഞാനൊരു മാര്‍ക്കേസ് ആവുന്നത് കാണിച്ചുതരാം.'- ഇന്ദുമേനോന്

എഴുതുന്ന വഴികള്‍ എനിക്കൊട്ടും രസകരമായിത്തോന്നിയിട്ടില്ല. ഏറനാട് ഒരു മുസ്ലിം ഗ്രാമത്തിലെ ദളിത് കുട്ടികള്‍ക്ക് പാട്ടുപഠിപ്പിക്കാന്‍ വേണ്ടി വന്നയാളാണ് എന്റെ അച്ഛന്‍. പുറത്തുപോകുമ്പോള്‍ പര്‍ദയും അബായയും ധരിക്കുന്ന സ്ത്രീകള്‍ പാര്‍ക്കുന്ന ഗ്രാമം. ഇപ്പോഴും രാത്രിയില്‍ ട്രെയിനില്‍ ഒറ്റയ്ക്കുപോകേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ പര്‍ദയും അബായയുമാണ് ഞാനിടാറ്. അങ്ങനെയുള്ള ഗ്രാമത്തില്‍ നിന്നും വരുന്ന ഞാന്‍ പതിനെട്ടാം വയസ്സില്‍ ഒരു കഥയെഴുതുന്നു-'ലെസ്ബിയന്‍ പശു'. അതുണ്ടാക്കാവുന്ന പുകിലുകള്‍ പരമാവധി ഉണ്ടാക്കി. ഈ പെണ്‍കുട്ടി കല്യാണം കഴിക്കാന്‍ പോകുന്നില്ലെന്നും ഇനിയഥവാ കല്യാണം കഴിക്കുന്നെങ്കില്‍ അത് ഒരു പെണ്ണിനെയായിരിക്കുമെന്നും വാര്‍ത്ത പ്രചരിച്ചു. എന്റെ പതിനാറാം വയസ്സിലാണ് ഞാന്‍ എഴുതുന്നത്. എഴുതുന്ന കാലത്ത് തന്നെ എന്റെ ക്ലാസില്‍ വളരെ മനോഹരമായ കഥകളെഴുതുന്ന മൂന്ന് ആണ്‍കുട്ടികളായിരുന്നു എന്റെ പ്രതിസന്ധി. എല്ലാ ആണധികാരങ്ങളും ആ വയസ്സില്‍ എന്റെ നേരെ പ്രയോഗിക്കാനായിരുന്നു അവര്‍ക്കിഷ്ടം. ഇന്ദു എന്ന പേര് ഒരു പെണ്ണിന്റെ പേരായതുകൊണ്ടാണ് എപ്പോഴും അച്ചടിച്ചുവരുന്നത് എന്നായിരുന്നു അവരുടെ വാദം. അന്നൊക്കെ കഥയെഴുതുമ്പോള്‍ സ്വത്വപ്രകാശനം, ആത്മപ്രകാശനം എന്നിവയെല്ലാം അവര്‍ക്കായിരുന്നു ആവശ്യം. എന്നെ സംബന്ധിച്ചിടത്തോളം മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യുക എന്നതും. അതിനാല്‍ എല്ലാ ആഴ്ചയും എനിക്ക് കഥയെഴുതണം. അവരെ സംബന്ധിച്ചിടത്തോളം എനിക്ക് ആത്മപ്രകാശനം വന്നുമുട്ടിയിട്ട് കഥയെഴുതുകയാണ് ഞാന്‍. ഇന്ദുമേനോന്‍ എന്ന പേര് അവര്‍ എടുത്തെടുത്ത് പറയാന്‍ തുടങ്ങി. മോഹന്‍കുമാര്‍, ബാബു അഹമ്മദ് സാഗര്‍, ഇന്ദിര, ജയകൃഷ്ണന്‍ തുടങ്ങിയ പേരുകളിലൊക്കെ ഞാന്‍ കഥയെഴുതി. പതിനെട്ട് വയസ്സുവരെ പിന്നീട് ഞാന്‍ ഉപയോഗിച്ച പേരുകള്‍ അതൊക്കെയായിരുന്നു. എന്റെ ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ പേരില്‍ കഥകളെഴുതി അവര്‍ക്ക് വരുന്ന ചെക്ക് ഞാന്‍ വാങ്ങി. ഒരു കഥ അച്ചടിച്ചുവന്നാല്‍ ഒരു കാരണവശാലും എന്റെ വീട്ടിലെത്താതിരിക്കാന്‍ പോസ്റ്റുമാന് വേറെ അച്ചാരം കൊടുക്കണം. വായിച്ചാലുണ്ടാവുന്ന പുകില്‍ വേറെ. എന്റെ അമ്മയും അനിയത്തിയും അനിയനുമൊക്കെ സാധാരണ മനുഷ്യരാണ്. അവര്‍ കഥ വായിച്ച് വിചാരണ നടത്തി. ലെസ്ബിയന്‍ പശു എന്ന കഥയുടെ വിചാരണയ്ക്കായി എന്റെ ബന്ധുക്കള്‍ക്കിടയിലും വേണ്ടപ്പെട്ടവര്‍ക്കിടയിലും ഞാന്‍ നിന്നുകൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്റെ അമ്മ അവര്‍ക്കിടയില്‍ ഒരു കുറ്റവാളിയെപ്പോലെ നില്‍ക്കേണ്ടി വരുന്നു. അങ്ങനെ പറഞ്ഞാല്‍ എന്താ അര്‍ഥം എന്നു ചോദിച്ച് അവര്‍ എന്റെ ലൈംഗിക സ്വത്വത്തെ ചോദ്യം ചെയ്യുന്നു.
ഒരു കഥ വരുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി ഞാന്‍ വീണുപൊട്ടിപ്പോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. രാമനാട്ടുകര അങ്ങാടിയിലെ കടയില്‍ നിന്ന് വാരിക എടുത്തുമാറ്റാമോ എന്നൊക്കെ ചോദിച്ച ഞാനാണ് പിന്നീട് ഇന്ദുമേനോന്‍ എന്ന പേരില്‍ എഴുതാന്‍ ധൈര്യം കാണിക്കുന്നത്.
ലെസ്ബിയന്‍ പശു എന്ന കഥയില്‍ ലെസ്ബിയനിസം അതിന്റെ അന്തഃശ്രുതി മാത്രമാണ്. അത് യഥാര്‍ഥത്തില്‍ പശു എന്ന ബിംബം എങ്ങനെയാണ് ഫാസിസത്തിന്റെ അപ്പോസ്തലാവുന്നത് എന്നും ഈ ബിംബം വരാന്‍ പോകുന്ന ഇന്ത്യയെ എങ്ങനെ ഭരിക്കും എന്നുമുള്ള പതിനെട്ട് വയസ്സുള്ള ഇന്ദുമേനോന്റെ ആകുലതകളാണ്. പക്ഷേ ലെസ്ബിയന്‍ പശു എന്ന തലക്കെട്ട് വന്നതോടെ നാട്ടുകാര്‍ കരുതി അത് ലെസ്ബിയന്‍ കഥയാണെന്ന്. ഇതിനകത്ത് ഒളിഞ്ഞിരിക്കുന്ന ശരിയുടെ രാഷ്ട്രീയത്തെ തിരിച്ചറിയാനുള്ള ബുദ്ധിയോ വിവേകമോ ഫാസിസ്റ്റുകള്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് ശരിയുടെ രാഷ്ട്രീയത്തെ ഒളിച്ചുകടത്താനുള്ള എന്റെ ഏറ്റവും വലിയ ഉപാധിയായിട്ടാണ് ഞാന്‍ തലക്കെട്ട് ഉപയോഗിച്ചത്. ശരിയുടെ രാഷ്ട്രീയം സംസാരിക്കുന്ന ഏതൊരു സ്ത്രീയും നേരിടുന്ന വെല്ലുവിളികള്‍ ഞാനും നേരിട്ടിട്ടുണ്ട്. എനിക്കിപ്പോഴും പുറത്തുപോയി ചില സംസ്ഥാനങ്ങളില്‍ സംസാരിക്കാന്‍ പറ്റില്ല. ബോംബെയില്‍ എനിക്ക് സംസാരിക്കാന്‍ പറ്റില്ല. ടീസ്റ്റയുടെയും റാണ അയൂബിന്റെയും കൂടെ ഇരുന്നു എന്ന പ്രശ്‌നം പറഞ്ഞ് വീട്ടിലേക്ക് നിരന്തരം കത്തുകള്‍ വരുമായിരുന്നു. ലഘുലേഖകള്‍ വന്നു. അത് എല്ലാ എഴുത്തുകാരും നേരിടുന്നുണ്ടാവും, പക്ഷേ പെണ്ണാവുമ്പോള്‍ അതിന്റെ ആഘാതം കൂടുതലാണ്. ഇന്ദുമേനോന്‍ എഴുതണമെന്ന് ഒരാള്‍ക്ക് മാത്രമേ ആവശ്യമുള്ളൂ, അത് ഇന്ദുമേനോന് തന്നെയാണ്. പക്ഷേ എന്റെ സമാധാനത്തെ ബലി കഴിച്ചുകൊണ്ട് എനിക്കൊരു ധീരതയും പ്രകടിപ്പിക്കേണ്ടതില്ല. എനിക്ക് മനസ്സമാധാനമാണ് വേണ്ടത്.
ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട്, ഞാനെന്തിന് കല്യാണം കഴിച്ചു? ഞാനെന്തിന് കുടുംബത്തെയുണ്ടാക്കി? ഞാനെന്തിന് നല്ല അച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ചു? ഒരാവശ്യവും ഉണ്ടായിരുന്നില്ല. മക്കളെ നിരന്തരം പീഡിപ്പിക്കുന്ന മാതാപിതാക്കളുടെ മകളായി ജനിച്ചിരുന്നെങ്കില്‍ എനിക്ക് അവരെ ഉപേക്ഷിച്ച് പോകാമായിരുന്നു. എഴുപത്തിയാറ് വയസ്സുള്ള എന്റെ അച്ഛനെ എനിക്ക് വിടാന്‍ കഴിയില്ല. അദ്ദേഹം എനിക്ക് വേണ്ടി ചെയ്തിരിക്കുന്ന ഓരോ കാര്യവും ഓരോ ദിവസവും എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ മകന്‍ എന്നെ കാണുമ്പോള്‍ മരം കണ്ട കുരങ്ങിനെപ്പോലെ ഓടിവരികയാണ്. ഞാന്‍ എഴുതാന്‍ പോകണോ? കപ്പലിനെക്കുറിച്ച് ഒരു വിചിത്ര പുസ്തകം എഴുതാനിരിക്കുമ്പോള്‍ ഇടയ്ക്ക് വന്നിട്ട് എന്റെ അമ്മ ചോദിക്കുമായിരുന്നു ഒരു പത്ത് മിനിറ്റ് ഈ കുട്ടിക്ക് പാല് കൊടുക്കുമോ എന്ന്. എന്റെ ധര്‍മം എന്താണെന്ന് അപ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്. എഴുതാന്‍ നിങ്ങള്‍ക്കെന്താണ് വേണ്ടതെന്ന് ചോദിക്കുന്നവരോട് എന്റെ മറുപടി ഇതാണ്: 'എനിക്കൊരു ഭാര്യയെ തരൂ, കേരളത്തിലിരുന്നുകൊണ്ട് ഞാനൊരു മാര്‍ക്കേസ് ആവുന്നത് കാണിച്ചുതരാം.'
ഒരാളുടെ ഭാര്യ, കുടുംബത്തിലെ സ്ത്രീ, ഒരു എഴുത്തുകാരി എന്നീ പ്രതിസന്ധികള്‍ എനിക്കുണ്ട്. സ്വത്വ പ്രതിസന്ധി എനിക്കുമില്ലേ? എനിക്കെന്തുകൊണ്ട് യാത്ര ചെയ്തുകൂടാ? ഇവിടത്തെ ആണെഴുത്തുകാരോടൊക്കെ എനിക്ക് കുശുമ്പ് വരാറുണ്ട്. അവര്‍ പാരീസില്‍ പോകുന്നു, യാത്രകള്‍ ചെയ്യുന്നു. ഞാന്‍ രാമനാട്ടുകര അങ്ങാടി വരെ പോകണമെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ ഒരുക്കണം? ഒരു വീട്ടമ്മ എന്ന നിലയില്‍, ഒരു ഭാര്യ നിലയില്‍, ഒരു അമ്മ നിലയില്‍ എല്ലാം എഴുത്തിന് തടസ്സങ്ങളാണ്. അദൃശ്യമായ ലിംഗം കയ്യിലില്ല എങ്കില്‍ നിങ്ങള്‍ക്കൊരിക്കലും എഴുതാന്‍ പറ്റില്ല. എഴുതുന്ന ഇന്ദു മേനോന്‍ പുരുഷനായിട്ടാണ് എഴുതുന്നത്, സ്ത്രീയായിട്ടല്ല. അദൃശ്യമായ ഒരു ലിംഗം കൈയില്‍ സൂക്ഷിച്ചുകൊണ്ടാണ് എഴുതുന്നത്. അങ്ങനെയല്ലെങ്കില്‍ എഴുതാന്‍ കഴിയില്ല. എഴുതാതിരിക്കുന്നതാണോ സമാധാനം? അല്ല. അപ്പോള്‍ ആര്‍ടിസ്റ്റിന് വെപ്രാളമായി. ഉള്ളില്‍ക്കിടന്ന് ഒരു ആര്‍ടിസ്റ്റ് ഇങ്ങനെ ഭ്രാന്ത് പിടിക്കും. സ്ത്രീകള്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണിത്. അലക്കുകല്ലിന്റെ താളം കേട്ടിട്ടും അടുപ്പിലെ ഭക്ഷണത്തിന്റെ വേവ് അറിഞ്ഞിട്ടും എഴുതിയവരാണ് കേരളത്തിലെ എല്ലാ എഴുത്തുകാരികളും.
പരിണാമപരമായി പുരുഷനേക്കാളും പതിന്മടങ്ങ് ഭംഗിയായി, സങ്കീര്‍ണമായി പരിണമിക്കപ്പെട്ടിട്ടുള്ള ഒരു ജീവിയാണ് പെണ്ണ്. പരിണാമപരമായി നോക്കിയാല്‍ സെക്ഷ്വല്‍ സെലക്ഷന്‍ നടത്തുന്നത് സ്ത്രീയാണ്. അതുകൊണ്ടുതന്നെ പുരുഷന്മാര്‍ക്ക് സ്ത്രീയെ പേടിയാണ്. ഒരു സ്ത്രീ തന്റെ സെക്ഷ്വല്‍ ക്യാപിറ്റല്‍ ലിബറേറ്റ് ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ മറ്റെന്ത് കയ്യില്‍ ഇല്ലെങ്കില്‍പോലും ആ സ്ത്രീയ്ക്ക് പരിണാമപരമായി നിലനില്‍പുണ്ട്. പരിണാമപരമായി പോളിഗമസ്സായ മനുഷ്യന്‍ കല്യാണം കഴിച്ച് കുടുംബത്തിനുവേണ്ടി സാംസ്‌കാരിക ഔന്നത്യത്തില്‍ എത്താന്‍ ശ്രമിക്കുന്നു. കുടുംബം എന്നത് സാംസ്‌കാരിക വിരുദ്ധമായ ഒന്നാണ്. പക്ഷേ നമ്മുടെ കാതല്‍ സാംസ്‌കാരികമായ ഔന്നത്യമാണ്. സാംസ്‌കാരിക ഔന്നത്യത്തില്‍ എത്തിനില്‍ക്കുന്ന ഒരു സ്ത്രീ തന്റെ ബുദ്ധി കൊണ്ടും വിവേകം കൊണ്ടും തന്റെ ചിന്താശക്തികൊണ്ടും എന്തെങ്കിലും എഴുതുമ്പോള്‍ പോലും പുരുഷന്റെ ഉള്ളില്‍ തെളിയുന്നത് മറ്റൊന്നാണ്: ഇവള്‍ തന്റെ ലൈംഗിക മൂലധനം ലിബറേറ്റ് ചെയ്തുകൊണ്ടാണ് സമൂഹത്തില്‍ എന്തെങ്കിലും ആവുന്നത്. സാംസ്‌കാരിക പരിണാമം മനുഷ്യര്‍ നേടിക്കഴിഞ്ഞു എന്ന് തിരിച്ചറിയാത്ത മനുഷ്യരുടെ ജല്പനങ്ങളാണ് ഇത്. സ്ത്രീയെ ബുദ്ധികൊണ്ടും ചിന്ത കൊണ്ടും മനുഷ്യന് കീഴടക്കാന്‍ കഴിയില്ല. അവള്‍ക്കൊരു സ്‌പേസ് കിട്ടിക്കഴിഞ്ഞാല്‍ പുരുഷനെ മറികടന്ന് അവള്‍ മുകളിലേക്കുയരും.
സ്ത്രീകള്‍ രാഷ്ട്രീയ കഥകള്‍ എഴുതുന്നില്ല എന്ന ആരോപണത്തോട് എനിക്ക് യോജിപ്പില്ല. എന്നെ കണ്ടാല്‍ അപാരമായൊരു സംഘിഛായ എല്ലാവരും പറയും. പക്ഷേ കടുത്ത ഇടതുപക്ഷ വീക്ഷണങ്ങള്‍ കൊണ്ടുനടക്കുന്നയാളാണ് ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം എഴുത്തും കുടുംബവും ദാമ്പത്യവുമെല്ലാം എനിക്ക് രാഷ്ട്രീയമാണ്. പൊളിറ്റിക്‌സ് എന്നാല്‍ നിലവിലുള്ള പാര്‍ട്ടിപൊളിറ്റിക്‌സ് അല്ല. ഓരോ വ്യക്തിക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. സ്ത്രീവിരുദ്ധമായ സംഗതികളെ അതിശക്തമായി എഴുത്തിലൂടെ എതിര്‍ക്കുക എന്നത് രാഷ്ട്രീയ പ്രക്രിയയാണ്. അതുകൊണ്ട് സ്ത്രീകള്‍ രാഷ്ട്രീയം എഴുതുന്നില്ല എന്നല്ല പറയേണ്ടത്, എഴുതുന്നതാരും കാണുന്നില്ല എന്നാണ്.
ആണെഴുത്ത്, പെണ്ണെഴുത്ത് എന്നൊക്കെയുള്ള വേര്‍തിരിവുകള്‍ വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നവയാണ്. സ്ത്രീകള്‍ക്കുവേണ്ടി പെണ്ണുങ്ങള്‍ മാത്രമല്ല, ഒരുപാട് ആണുങ്ങളും എഴുതുന്നുണ്ട്. ഇരുപത്തിനാല് മണിക്കൂറും എഴുത്തേ നമഃശിവായ എന്നു പറഞ്ഞ് നടക്കുന്ന ആണുങ്ങളുടെ ഇടയില്‍ വീട്, കുട്ടികള്‍, കുടുംബം, ഓഫീസ്, വിദ്യാഭ്യാസം...ഇതെല്ലാം കഴിഞ്ഞ് അവനവനു കിട്ടുന്ന ആറ് മണിക്കൂര്‍ ഉറക്കത്തില്‍ നിന്നും മൂന്ന് മണിക്കൂര്‍ തോണ്ടിയെടുത്ത് എഴുതുന്ന ഒരു എഴുത്തുകാരിക്ക് എത്ര കഴിവുണ്ടെങ്കിലും സമയം എന്നത് വലിയൊരു തടസ്സം തന്നെയാണ്. 22X7X365 എഴുതുന്നവരും ഒരു മണിക്കൂര്‍ X2X വല്ല ദിവസവും തമ്മില്‍ സാരമായ വ്യത്യാസം ഉണ്ട്. എഴുത്തിന്റെ എണ്ണം നോക്കിയാല്‍ സ്വാഭാവികമായും പുരുഷന്മാരുടെ ഭാഗത്തുനിന്നുതന്നെയായിരിക്കും ഉണ്ടാവുക. സ്ത്രീകളുടെ ഭാഗത്തുനിന്നും കുറവാണ്. പക്ഷേ അതുകൊണ്ട് ആ എഴുത്ത് ഒരിക്കലും പിന്നോക്കമാവുന്നില്ല. എല്ലാ സ്ത്രീകളുടെയും പ്രശ്‌നങ്ങള്‍ എഴുതാന്‍ എനിക്ക് കഴിയില്ല. എല്ലാ സ്ത്രീകളും ഏകശിലാസ്വത്വമല്ല. പല തരത്തിലുള്ള സ്ത്രീകളുണ്ട്. കറുത്ത സ്ത്രീ, ജോലിയുള്ള സ്ത്രീ, സുന്ദരിയായ സ്ത്രീ, ഭര്‍ത്താവുള്ള സ്ത്രീ, വിദ്യാഭ്യാസമില്ലാത്ത സ്ത്രീ...പലതരം തട്ടുകളായി വേര്‍തിരിക്കപ്പെട്ട സമൂഹമാണ് സ്ത്രീകളുടേത്. താഴെ തട്ടില്‍ നില്‍ക്കുന്ന സ്ത്രീയെ ഉടര്‍ന്ന തട്ടില്‍ നില്‍ക്കുന്ന സ്ത്രീ ചൂഷണം ചെയ്യുന്ന അവസ്ഥപോലുമുണ്ട്. ഓരോ തട്ടിനെയും പ്രതിനിധാനം ചെയ്തുകൊണ്ടുള്ള എഴുത്തൊന്നും നമുക്ക് സാധിക്കില്ല. എല്ലാ തട്ടിലുള്ള സ്ത്രീകളെയും പ്രതിനിധാനം ചെയ്യുന്ന എഴുത്തുകള്‍ വന്നിട്ടില്ല. അതുകൂടി വന്നുകഴിഞ്ഞാല്‍ എഴുതാന്‍ സമയവും സന്ദര്‍ഭവും അവസരവും കിട്ടിയാല്‍ ആലോചിച്ചുനോക്കൂ...
'എങ്ങനെ എഴുതിയാലാണ് ഒരു നല്ല രാഷ്ട്രീയ കഥാകാരിയാവുക എന്നെനിക്കറിയാം'- കെ.രേഖ

പത്ത് നൂറ്റമ്പത് വര്‍ഷം മുമ്പ്, പുരുഷന്‍ ബിലാത്തിയിലേക്ക് വിദ്യഭ്യാസത്തിന് പോകുന്ന കാലത്ത്, ഇവിടത്തെ സ്ത്രീ വസ്ത്രം ധരിക്കാന്‍ (സവര്‍ണ സമുദായത്തിലും അവര്‍ണ സമുദായത്തിലുമതേ) സമരത്തിലായിരുന്നു. അത് കഴിഞ്ഞ് അവള്‍ അക്ഷരം പഠിക്കാന്‍ സമരം ചെയ്തു. അത് കഴിഞ്ഞ് എഴുതാന്‍ എത്രകണ്ട് സമരം ചെയ്തിട്ടുണ്ടാവണം? പുരുഷന്‍ വിദേശത്തേക്ക് പഠിക്കാന്‍ പോകുമ്പോള്‍ മേല്‍മുണ്ട് ധരിക്കാന്‍ സമരം നടത്തുന്ന സ്ത്രീയുടെ അക്ഷരം അമ്പത് വര്‍ഷം പിറകിലായിരിക്കും. ലളിതാംബിക അന്തര്‍ജനത്തെക്കുറിച്ച് വായിക്കുമ്പോള്‍ സിനിമാ നോട്ടീസുകള്‍ക്ക് പിറകിലായിരുന്നു അവര്‍ മഹത്തായ സാഹിത്യസൃഷ്ടികള്‍ നടത്തിയിരുന്നത് എന്ന് കാണാം. അത് ആ കാലഘട്ടത്തിന്റെ പ്രത്യേകതയാണെന്ന് നമ്മള്‍ കരുതി. വര്‍ഷങ്ങള്‍ക്കുശേഷം അഷിതയുടെ ആത്മകഥ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ അവര്‍ പറയുന്നുണ്ട് തുച്ഛമായ കടലാസുകളായിരുന്നു എഴുതാന്‍ വേണ്ടി കൊടുത്തിരുന്നതെന്ന്. അതുകൊണ്ട് അവരുടെ കഥകള്‍ തീരെ ചെറുതായി. ഞങ്ങള്‍ തൊണ്ണൂറുകളില്‍ എഴുതിത്തുടങ്ങിയവരാണ്. ലൈംഗികതയെക്കുറിച്ചെഴുതിയാല്‍ വീട്ടിലേക്ക് തെറിക്കത്തുകള്‍ വരുമായിരുന്നുവെന്ന് അക്കാലത്ത് മാധവിക്കുട്ടി പറയുമായിരുന്നു. പക്ഷേ ഞങ്ങളുടെ തലമുറയിലെ എഴുത്തുകാരികള്‍ക്ക് ലൈംഗിതകതയെക്കുറിച്ച് എഴുതുമ്പോള്‍ ഈ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. അഥവാ അത്തരം പ്രതികരണങ്ങള്‍ വന്നാല്‍ത്തന്നെ അത് ഗൗനിക്കുന്നുമില്ല. ഇടം കൃത്യമാക്കുന്നതില്‍ വിജയിച്ചവരാണ് ഇപ്പഴത്തെ എഴുത്തുകാരികള്‍.
സ്ത്രീകളുടെ കഥയില്‍ എപ്പോഴും കുടുംബത്തിന്റെയോ ദാമ്പത്യത്തിന്റെയോ ചിത്രീകരണം മാത്രമാണുണള്ളത് എന്ന് പൊതുവേ പറയാറുണ്ട്. 'മനുഷ്യാലയ ചന്ദ്രിക' എന്ന എന്റെ കഥ വന്നപ്പോഴും പറഞ്ഞു, സ്ത്രീകളുടെ വിവാഹമോചനം മാത്രമാണ് നിങ്ങള്‍ക്ക് പറയാനുള്ളതെന്ന്. ലോകത്ത് ഒരു പത്തോ പതിമൂന്നോ കഥയേ മനുഷ്യന് പറയാനുള്ളൂ. അത് എങ്ങനെ പറയുന്നു എന്നതാണ് മുഖ്യം. തൃശൂര്‍ ജില്ലയിലെ മഴപെയ്താല്‍ ഒരു ദ്വീപായി മാറി ഒറ്റപ്പെട്ടുപോകുന്ന ഒരു കൊച്ചുഗ്രാമത്തിലെ ഒരു പ്രൈമറി ടീച്ചറുടെ മകളായിട്ടാണ് ഞാന്‍ ജനിച്ചത്. എന്റെ ഗ്രാമത്തില്‍ നിന്ന് ഒരു എഴുത്തുകാരിയായി വളരാനുള്ള സാഹചര്യമൊക്കെ വളരെ കുറവായിരുന്നു.
നാലുകിലോമീറ്റര്‍ ചുറ്റളവുള്ള എന്റെ ഗ്രാമത്തില്‍ പാര്‍ക്കുന്ന മനുഷ്യരുടെ ജീവിതം മതിയാവില്ലായാരുന്നു എനിക്ക് എഴുത്തുകാരിയായി മാറാന്‍. ലോകത്തെക്കുറിച്ച് കൂടുതല്‍ അറിയാനും പറയാനും തീരുമാനിച്ച് പത്രപ്രവര്‍ത്തനം തൊഴിലാക്കി. പത്രപ്രവര്‍ത്തകയാവുമ്പോള്‍ ഇറാഖ് യുദ്ധവും സദ്ദാം ഹുസൈനും പല പല മുഖ്യമന്ത്രിമാരും പല പല ഭരണകൂടങ്ങളുമെല്ലാം അക്ഷരങ്ങളായി കൈകളിലൂടെ പോയി. കഥയ്ക്കുവേണ്ടിയിട്ടാണ് ഞാന്‍ പത്രപ്രവര്‍ത്തകയാവാന്‍ തീരുമാനിക്കുന്നത്. പത്രപ്രവര്‍ത്തകയായി പത്ത് പതിനെട്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത് അനുഭവങ്ങള്‍ നമ്മുടെ കൈയിലൂടെ ഇങ്ങനെ ഒഴുകിപ്പോവുക മാത്രമാണ് ചെയ്യുന്നതെന്ന്. ഒരുപാട് മനുഷ്യരുടെ ജീവിതങ്ങള്‍ നമ്മുടെ കൈയിലൂടെ ഇങ്ങനെ ഒഴുകിപ്പോകാറുണ്ട്. ബാങ്കിലെ കാഷ്യറുടെ കൈയിലൂടെ ധാരാളം പണം ഒഴുകിപ്പോകുന്നതുപോലെയാണത്. അതൊരിക്കലും അയാളുടെ പണമാകുന്നില്ല.
ലോകത്തിന്റെ ഗതി മാറി. സാഹിത്യം എന്നുപറയുന്നത് ചില ഗ്രാമങ്ങളുടെ ചിത്രീകരണമായി. അവനവന്‍ ജീവിക്കുന്ന സ്വന്തം വിഭാഗത്തിന്റെ കഥ പറയുക, വേരുകള്‍ തേടിപ്പോകുന്ന മനുഷ്യന്റെ ചിത്രീകരണമായി സാഹിത്യത്തിന്റെ സ്വഭാവം.
അടുത്തകാലത്ത് ലോകസാഹിത്യത്തെ കീഴടക്കിയത് കൊറിയന്‍ സാഹിത്യമാണ്. 'ദ വെജിറ്റേറിയന്‍', 'പ്ലീസ് ലുക് ആഫ്റ്റര്‍ മോം' തുടങ്ങിയ നോവലുകള്‍ സൃഷ്ടിച്ച ഓളം നമുക്കറിയാം. ബുക്കര്‍പ്രൈസ് നേടിയ ഈ രണ്ട് നോവലുകളും എഴുതിയത് സ്ത്രീകളാണ്. ഒരു സ്ത്രീ പെട്ടെന്ന് ഒരു ദിവസം വെജിറ്റേറിയന്‍ ആവാന്‍ തീരുമാനിക്കുന്നതും തുടര്‍ന്ന് കുടുംബത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളുമാണ് ദ വെജിറ്റേറിയന്‍ പറയുന്നത്. പ്രായമായ ഒരു സ്ത്രീ വീട്ടില്‍ നിന്നിറങ്ങിപ്പോകുന്നതും തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങളും സംഭവങ്ങളുമാണ് രണ്ടാമത്തെ നോവല്‍ ചര്‍ച്ച ചെയ്യുന്നത്. ഈ രണ്ട് നോവലുകളുടെയും വണ്‍ലൈന്‍ നോക്കൂ. എന്ത് പുതുമയാണുള്ളത്? എഴുത്തുകാരി ആവിഷ്‌കാരത്തില്‍ കൊണ്ടുവരുന്ന ഭംഗിയാണ് കൃതിയെ പുതുമയുള്ളതാക്കി മാറ്റുന്നത്. ആഴ്ചപ്പതിപ്പുകള്‍ വരുമ്പോള്‍ ഒരു എഴുത്തുകാരിയുടെ കഥയാണ് ഉള്ളതെങ്കില്‍ നിന്നനില്‍പില്‍ അത് വായിച്ചുകഴിഞ്ഞിട്ടേ ഞാന്‍ ജോലിക്ക് പോകാറുള്ളൂ. എഴുത്തുകാരന്റെ കഥയാണെങ്കില്‍ വൈകുന്നേരം വായിക്കാം എന്ന ഇളവ് എനിക്ക് ഞാന്‍ തന്നെ നല്‍കാറുണ്ട്. മലയാളത്തിലെ എഴുത്തുകാരികള്‍ ഉണ്ടാക്കിയിട്ടുള്ള ചരിത്രപരമായ മാറ്റത്തിന്റെയും വിശ്വാസ്യതയുടെയും തെളിവായിട്ടാണ് ഇതിനെ ഞാന്‍ കാണുന്നത്.
എം. സരസ്വതിഭായിയുടെ 'തലച്ചോറില്ലാത്ത സ്ത്രീകള്‍' എന്ന കഥയാണ് മലയാളത്തിലെ ആദ്യത്തെ സ്ത്രീകഥയായിട്ടുപറയുന്നത്. ആദ്യത്തെ സ്ത്രീകഥയില്‍ത്തന്നെ സ്ത്രീയുടെ തലച്ചോറിനെക്കുറിച്ചുള്ള ആലോചന വരുന്നുണ്ട്. കഥയെഴുത്തിലെ ഞാന്‍ വളരെ സത്യസന്ധയായ ഒരാളാണ്. എന്റെ മക്കള്‍ക്ക് ഞാന്‍ നല്ല അമ്മയായിരിക്കില്ല. ഭര്‍ത്താവിന് നല്ല ഭാര്യയാവില്ല, നല്ല കുടുംബിനിയായിരിക്കില്ല. പക്ഷേ എനിക്ക് നല്ല വിശ്വാസമുള്ളത് കഥയെഴുതുന്ന എന്നെയാണ്. എങ്ങനെ എഴുതിയാലാണ് ഒരു നല്ല രാഷ്ട്രീയ കഥാകാരിയാവുക എന്നെനിക്കറിയാം. പക്ഷേ 'വില്ലുവണ്ടി' എന്ന കഥയെഴുതിയപ്പോള്‍ ഒരിടത്തുപോലും അയ്യങ്കാളിയെക്കുറിച്ച് ഞാന്‍ പരാമര്‍ശം നടത്തിയിട്ടില്ല. ആ കഥയിലെ ദളിത് പെണ്‍കുട്ടിയോട് സഹപാഠി ചോദിക്കുന്നത് 'എന്റെ പിതാവിനെ നോക്കാന്‍ നിന്റെ സമുദായത്തിലെ ആരെയെങ്കിലുംകിട്ടുമോ' എന്നാണ്. അപ്പോള്‍ ആ പെണ്‍കുട്ടിയുടെ മറുപടി എന്റെ സമുദായത്തില്‍ ഇപ്പോള്‍ ഡോക്ടറും എന്‍ജിനീയറുമാരുമൊക്കെയായി എന്നാണ്. ഒരു കഥയെഴുതിക്കഴിഞ്ഞാല്‍ ഒരു മാസം കഴിഞ്ഞിട്ടേ എന്റെയുള്ളിലെ എഡിറ്റര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയുള്ളൂ. അതുവരെ ആ എഡിറ്റര്‍ ഒരു ഗാന്ധാരിയാണ്. ആ കഥയോട് നൂറ് ശതമാനം സ്‌നേഹമുള്ള, അതിന്റെ തെറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഗാന്ധാരി.
Content Highlights: Indu Menon, S.Sithara, K.Rekha, Shemin Saidu, Barricades Of Women in Writing
Published: 19 Sept 2023, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented