'നാടകരചന; ഹുസൈന്‍ കാരാടി'; തോല്‍ക്കാന്‍ മനസ്സില്ലാതെ, ഒരു നാടകജീവിതം


അജയ് ശ്രീശാന്ത്

ഇന്ന് ലോക റേഡിയോദിനം.

ഹുസൈൻ കാരാടി

താമരശ്ശേരി: നന്നെ ചെറുപ്പത്തില്‍തന്നെ പോളിയോബാധിച്ച് അംഗപരിമിതനായി മാറിയ ഒരു നാട്ടിന്‍പുറത്തുകാരന്‍ ദുര്‍വിധിയോട് പൊരുതാനുറച്ച് തൂലികയെടുത്തപ്പോള്‍ ആ ജീവിതം നാടകത്തേക്കാള്‍ നാടകീയമാവുന്നതിനാണ് കാലം സാക്ഷ്യംവഹിച്ചത്. വലങ്കാല്‍ ശോഷിച്ച കുട്ടി എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ എഴുത്തിന്റെ വഴിയിലേക്കെത്തി.

നാട് മുഴുവന്‍ റേഡിയോയ്ക്ക് മുന്നില്‍ കാത് കൂര്‍പ്പിച്ചിരുന്ന കാലത്ത് ആ ചെറുപ്പക്കാരന്‍ മലയാളികളുടെ ഇഷ്ടറേഡിയോ നാടകകൃത്തായി. 1973-ല്‍ കോഴിക്കോട് ആകാശവാണി നിലയത്തിന്റെ യുവശക്തി (പിന്നീട് യുവവാണി)യിലൂടെയാണ് ആ പേര് റേഡിയോ ശ്രോതാക്കള്‍ ആദ്യമായി കേള്‍ക്കുന്നത്.

തുടര്‍ന്ന് അരനൂറ്റാണ്ട് പിന്നിട്ട കാലയളവിനിടെ നൂറിലേറെ തവണയാണ് 'നാടകരചന; ഹുസൈന്‍ കാരാടി' എന്ന് റേഡിയോവിലൂടെ മുഴങ്ങിയത്. കോവിഡ് വ്യാപനതുടക്കത്തില്‍ രോഗം ബാധിച്ചപ്പോള്‍ മൂന്നു പുസ്തകങ്ങള്‍ രചിച്ച് വേദനയെ മറികടന്ന അദ്ദേഹം ഇന്ന് ബഹളങ്ങളില്‍നിന്നെല്ലാം അകന്ന് താമരശ്ശേരി വെഴുപ്പൂരിലെ പുതുക്കുടിവീട്ടിലുണ്ട്.

'ബാലപംക്തി'യില്‍ തെളിഞ്ഞ എഴുത്ത്

കാരാടിയിലെ ഹോട്ടലുടമയായിരുന്ന ആലിയുടെയും കുഞ്ഞിപ്പാത്തുമ്മയുടെയും മകന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ താമരശ്ശേരി ആഴ്ച ചന്തയെക്കുറിച്ച് 'ചന്തയുടെ ചന്തം' എന്ന കുറിപ്പെഴുതിയാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. റേഡിയോ നാടകരചനയില്‍ ഒരു കൈ നോക്കാനുള്ള കാരാടി നഴ്സറി സ്‌കൂളിലെ ആയിഷ ടീച്ചറുടെ പ്രചോദനമാണ് ഹുസൈന്റെ തലവര മാറ്റിമറിച്ചത്.

സ്വതന്ത്രരചനകള്‍ക്കൊപ്പം ഒട്ടനവധി സാഹിത്യകൃതികള്‍ക്കും ഹുസൈന്‍ കാരാടി നാടകാവിഷ്‌കാരമൊരുക്കി. എസ്.കെ. പൊറ്റെക്കാട്ടിന്റെ 'പ്രേതഭൂമി'യായിരുന്നു തുടക്കം. എം.ടി. വാസുദേവന്‍ നായരുടെ 'കാലം', 'രണ്ടാമൂഴം', 'കരിയിലകള്‍ മൂടിയ വഴിത്താരകള്‍', 'ശിലാലിഖിതം', കോവിലന്റെ 'തട്ടകം', എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍', സേതുവിന്റെ 'പാണ്ഡവപുരം', യു.എ. ഖാദറിന്റെ 'ഖുറൈഷികൂട്ടം' എന്നിവയെല്ലാം അവയില്‍ ചിലതുമാത്രം. ബാലന്‍ കെ. നായര്‍, നെല്ലിക്കോട് ഭാസ്‌കരന്‍, നിലമ്പൂര്‍ ബാലന്‍, എം. കുഞ്ഞാണ്ടി, കുട്ട്യേടത്തി വിലാസിനി, ശാന്താദേവി തുടങ്ങിയ പ്രമുഖരായിരുന്നു നാടക കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത്.

യു.കെ. കുമാരന്റെ 'തക്ഷന്‍കുന്ന് സ്വരൂപം' ആണ് ആകാശവാണിക്കുവേണ്ടി ഹുസൈന്‍ കാരാടി നാടകരൂപരചന നിര്‍വഹിച്ച ഏറ്റവുമൊടുവിലത്തെ കൃതി.
തങ്ങളുടെ രചനകള്‍ക്ക് നാടകാവിഷ്‌കാരമൊരുക്കാനുള്ള അനുമതി നല്‍കിയും നിഷേധിച്ചും കൊണ്ടുള്ള അറിയിപ്പും, സൗഹൃദം പുതുക്കിക്കൊണ്ടുള്ള കത്തുകളുമെല്ലാം ഒരു നിധിപോലെ ഹുസൈന്‍ സൂക്ഷിച്ചിട്ടുണ്ട്.

വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റെക്കാട്ട്, ഒ.വി. വിജയന്‍, ഉറൂബ്, അക്കിത്തം, കെ.എ. കൊടുങ്ങല്ലൂര്‍, കോവിലന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, കുഞ്ഞുണ്ണിമാഷ്, ജി. ശങ്കരപ്പിള്ള, കാക്കനാടന്‍...അങ്ങനെ പോകുന്ന ആ നിര. രണ്ടാഴ്ചമുമ്പ് എം.ടി. എഴുതിയ കത്താണ് ആ പട്ടികയിലെ ഏറ്റവും ഒടുവിലത്തേത്.

നാടകത്തിനൊപ്പം നോവലും

എണ്‍പതുകളില്‍ ഹ്രസ്വമായ കാലയളവില്‍ പത്രപ്രവര്‍ത്തകനായും സേവനമനുഷ്ഠിച്ച ഹുസൈന്‍ കാരാടി പിന്നീട് ആരോഗ്യവകുപ്പില്‍ ജോലിയില്‍ കയറി. 27 വര്‍ഷത്തെ സര്‍വീസിന് ശേഷം ഹെഡ്ക്ലാര്‍ക്കായി വിരമിച്ചശേഷവും നാടകരചനയിലും നോവല്‍ എഴുത്തിന്റെ വഴിയിലും സജീവമായി. ഭാര്യ ആമിനയും മക്കളായ തിരക്കഥാകൃത്ത് മുനീര്‍ അലിയും ഹസീനയും എല്ലാപിന്തുണയുമായി ഒപ്പമുണ്ട്.

Content Highlights: Hussain Karadi, Radio play writer, Akashavani, Kozhikode

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented