*ഞാന്‍ വെറുതെ എന്റെ അലമാര തുറന്നു. തേച്ചുവെച്ച എന്റെ ഷര്‍ട്ടുകള്‍. അതില്‍നിന്ന് ഒരെണ്ണം എടുത്ത് ഞാനതും പിടിച്ച് കുറച്ചുനേരം നിന്നു. *ഓഫീസില്‍ ഒരിക്കലും ഒരു നൊറോണ ആവാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. *പാതിവഴിയില്‍ മുറിവേറ്റ് അടര്‍ന്നുപോയ പലതും തുന്നിച്ചേര്‍ത്തുള്ള യാത്രയാണ്... അന്നം തന്നിരുന്ന ജോലി 'മാസ്റ്റര്‍പീസ് 'എന്ന നോവലെഴുതിയതിന്റെ പേരില്‍ സ്വയം ഉപേക്ഷിക്കേണ്ടിവന്ന ഒരെഴുത്തുകാരന്റെ ഉള്ളം കടഞ്ഞുള്ള കുറിപ്പ്. മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.
പാതിവഴി നിലച്ചുപോയ പലതും എന്റെ ജീവിതത്തിലുണ്ട്. കൊച്ചിയിലെ താലൂക്കാശുപത്രിയിലാണ് അമ്മ എന്നെ പ്രസവിച്ചത്. മുലപ്പാല്‍ കുടിച്ചുതുടങ്ങി അധികം ആവുന്നതിനുമുന്നേ അമ്മയുടെ ബ്രസ്റ്റില്‍ ഇന്‍ഫക്ഷന്‍ വന്ന് പഴുപ്പായി. അതു കീറി, തിരിയിട്ട് ഉണങ്ങാന്‍ രണ്ടുമൂന്നു മാസമെടുത്തു. അമ്മിഞ്ഞപ്പാല്‍ നിലച്ചതിലുള്ള അമ്മയുടെ സങ്കടംകണ്ടാണ് ജീവിതത്തിന്റെ മടിത്തട്ടില്‍ നിന്നുണരുന്നത്. പത്തില്‍ പഠിക്കുമ്പോഴാണ് എനിക്ക് നെഫ്രൈറ്റിസ് പിടിപെടുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ നെഫ്രോളജിസ്റ്റ് കാശി വിശ്വേശ്വരന്‍ സാറാണ് ജീവിതം അണയാതൊരു തീരം അടുപ്പിച്ചു തന്നത്. റഗുലര്‍ കോളേജില്‍ പോകാമെന്നെല്ലാം കരുതിയിരിക്കുമ്പോഴാണ് അസുഖം. പാതിവഴിയില്‍ നിലച്ചുപോകേണ്ട വിദ്യാഭ്യാസം ഏറെ കഷ്ടപ്പെട്ട് പ്രൈവറ്റായി പഠിച്ച് സാവകാശമെങ്കിലും ഞാന്‍ തിരിച്ചുപിടിച്ചു. ഞെരുക്കപ്പെട്ട ജീവിതത്തോടൊപ്പം കൂട്ടുകിടപ്പുകാരനായൊരു രോഗവുംകൂടി ഉണ്ടെന്നറിഞ്ഞതോടെ റിസ്‌കെടുക്കാന്‍ വയ്യെടാന്നും പറഞ്ഞ് കോളേജുകാലത്തെ പ്രണയിനി, സ്‌നേഹത്തോടെ കൈ തന്ന് തിരിച്ചുപോയി.
ഇപ്പോഴിതാ അതിന്റെയെല്ലാം തുടര്‍ച്ച എന്റെ ഔദ്യോഗികജീവിതത്തിലും ഉണ്ടാകുന്നു. സര്‍വീസ് പൂര്‍ത്തിയാകാന്‍ ഇനിയും വര്‍ഷങ്ങള്‍ ബാക്കിനില്‍ക്കെ ഞാനതിന്റെ പടികള്‍ സ്വയം ഇറങ്ങാന്‍ നിര്‍ബന്ധിതനായി. ഇത്തവണ നിരാശയൊന്നുമില്ല. എനിക്കെന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനായതില്‍ സംതൃപ്തിയുണ്ട്. അപ്പോഴും ചെറുകാറ്റിലും കോളിലും പിഞ്ഞിപ്പോകുന്ന കീറപ്പായപോലെ ഒരു സാധാരണമനുഷ്യന്‍ എന്റെയുള്ളില്‍ ഇല്ലെന്ന് ഞാനെങ്ങനെയാണ് കള്ളം പറയുക? നെടുമുടി ഗ്രാമപ്പഞ്ചായത്തിലാണ് എനിക്ക് ആദ്യമായി നിയമനം ലഭിക്കുന്നത്. പുഴ കടന്നുവേണം പഞ്ചായത്തിലേക്കെത്താന്‍. എനിക്കാണെങ്കില്‍ വഞ്ചിയില്‍ കേറുന്നത് പേടിയും. കരയിലേക്ക് വള്ളമടുത്തതും ഞാന്‍ കാലെടുത്തുവെച്ചു. കരയില്‍നിന്നത് മെല്ലെ അകന്നുതുടങ്ങി. എന്റെ വലംകാല്‍ വഞ്ചിയിലും ഇടതന്‍ കടവിലെ പടിയിലുമായി പിടിവലി തുടങ്ങി. ആദ്യ ദിവസംതന്നെ വെള്ളത്തില്‍ കുതിര്‍ന്നാണ് സര്‍ക്കാര്‍ജീവിതം തുടങ്ങുന്നത്.
ഒരു വര്‍ഷത്തിനുശേഷമാണ് ജുഡീഷ്യറിയില്‍ ജോലി കിട്ടുന്നത്. മാവേലിക്കരയിലായിരുന്നു നിയമനം. കച്ചേരി ജങ്ഷനിലാണ് കോടതി. ഒരു പഴയ കെട്ടിടസമുച്ചയം. നിറയെ തണല്‍മരങ്ങള്‍. പഞ്ചായത്തില്‍നിന്ന് വിടുതല്‍ വാങ്ങുമ്പോഴേ കോടതിയിലെ പലകാര്യങ്ങളും പറഞ്ഞ് നെടുമുടിയിലെ സഹപ്രവര്‍ത്തകര്‍ എന്നെ പേടിപ്പിച്ചിരുന്നു. ബസ്സിറങ്ങിയിട്ടും കോടതിയുടെ അകത്തേക്കു കയറാന്‍ ഭയം. തൂക്കിക്കൊല്ലാന്‍ വിധിച്ച ഒരു കുറ്റവാളിയെപ്പോലെ നില്‍ക്കുമ്പോള്‍ വെള്ളേം വെള്ളേം ഉടുത്ത് ഒരാള്‍ എന്നെയുംകൂട്ടി ആ പഴയ കെട്ടിടത്തിന്റെ പടികള്‍ കയറി. ജഡ്ജിന്റെ സ്റ്റെനോ ആയിരുന്നു അദ്ദേഹം. സുകുമാരന്‍ എന്ന പേരിനോടുചേര്‍ന്ന് നില്‍ക്കുന്നൊരു ചിരി അദ്ദേഹത്തിന്റെ മുഖത്ത്. മകനോടെന്നപോലെ അദ്ദേഹം എനിക്ക് കോടതിനടപടികളെല്ലാം വിശദീകരിച്ചു തന്നു. എന്നിട്ടുമൊരു പേടി അരികുചേര്‍ന്നിരുന്നു. മാവേലിക്കരയിലും ആലപ്പുഴയിലുമുള്ള കോടതികളിലാണ് ഞാന്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളത്. കല്യാണത്തിനുശേഷം ഭാര്യയ്ക്ക് കണയന്നൂര്‍ താലൂക്കില്‍ ജോലി ലഭിച്ചു. ആലപ്പുഴ വീട്ടിലേക്ക് എന്നും പാസഞ്ചര്‍ ട്രെയിനില്‍ വരുന്ന അവളുടെ പ്രയാസങ്ങള്‍ കണ്ടിട്ടാണ് ഞങ്ങള്‍ കൊച്ചിയിലേക്കു താമസം മാറാന്‍ തീരുമാനമെടുത്തത്. അവളുടെ ഗ്രാമമായ മൂലംപിള്ളിയില്‍ത്തന്നെ വാടകയ്‌ക്കൊരു വീടെടുത്തു. ഞാന്‍ ജോലിക്കായി എറണാകുളം ആലപ്പുഴ റൂട്ടില്‍ സഞ്ചരിച്ചുതുടങ്ങി. എന്റെ അലച്ചിലും കഷ്ടപ്പാടുംകണ്ട് അവള്‍ സങ്കടപ്പെടുമ്പോഴെല്ലാം സ്ത്രീവിമോചനം വീട്ടില്‍ നിന്നാദ്യം തുടങ്ങട്ടേയെന്ന് ഞാന്‍ തമാശരൂപേണ പറയും.

എറണാകുളത്തുനിന്ന് ആലപ്പുഴയ്ക്ക് നിത്യം ജോലിക്കായി വരാന്‍ തുടങ്ങി. എഴുത്തും ജോലിയും ഒരുമിച്ചു കൊണ്ടുപോകേണ്ടതിനാല്‍ വെളുപ്പിനെ ഒരു മൂന്നുമണിയോടെ എഴുന്നേല്‍ക്കും. എഴുത്തുകാരനും ഗുരുതുല്യനുമായ സേതുസാറാണ് വെളുപ്പിനേയുള്ള എഴുത്തിന്റെ ഗുണങ്ങളെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നത്. ഒരു അഞ്ചരവരെ ഞാനെഴുതും. തുടര്‍ന്ന് ആറുമണിയോടെ ആദ്യചങ്ങാടത്തില്‍ ചിറ്റൂര്‍ ഫെറി കടക്കും. അവിടെനിന്ന് പ്രൈവറ്റ് ബസിന് വൈറ്റില ഹബ്ബിലെത്തും. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി.ക്ക് ആലപ്പുഴ വരും. കൊട്ടവാതുക്കലുള്ള സ്റ്റോപ്പിലിറങ്ങും. കുടുംബക്കോടതിയിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. വൈകീട്ട് അതുപോലെ തിരിച്ചും. രാത്രി ഒരു ഒന്‍പതുമണിയോടെ മൂലംപിള്ളിയിലെ വീട്ടിലെത്തും. യാത്രയിലാണ് വായന.
ഇങ്ങനെ കഴിഞ്ഞുപോരുന്ന സമയത്താണ് മാസ്റ്റര്‍പീസ് എന്ന നോവലിനെക്കുറിച്ചുള്ള പരാതികളും കക്കുകളി വിവാദവും ഉണ്ടാകുന്നത്. ഞാന്‍ മേരിയോട് കാര്യങ്ങള്‍ പറഞ്ഞു. വിരമിക്കാനുള്ള പേപ്പറുകളും അതനുവദിക്കുന്നതുവരെയുള്ള ലീവും കൊടുത്തിട്ട് വീട്ടിലേക്കു മടങ്ങാനുള്ള തീരുമാനത്തോട് അവള്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല.
എന്റെ നിലപാടിനോടുള്ള അവളുടെ പോസിറ്റീവായ പ്രതികരണത്തില്‍ സന്തോഷം തോന്നി. ലീവും മറ്റപേക്ഷകളും എഴുതിക്കൊടുത്തിട്ട് അഞ്ചുമണിയോടെ ഓഫീസില്‍ നിന്നിറങ്ങി. ഗേറ്റുവരെ എത്തിയതും ഞാന്‍ ചെങ്കല്ലിന്റെ നിറമുള്ള ആ കെട്ടിടത്തിലേക്ക് തിരിഞ്ഞൊന്നു നോക്കി. അത്രയുംകാലം എന്നെ തൊട്ടുനിന്നിരുന്ന കാഴ്ചകള്‍ പെട്ടെന്ന് എനിക്ക് അപരിചിതമായതുപോലെ. ആലപ്പുഴ സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ ഒരു സങ്കടം. ആരെയെങ്കിലും വിളിക്കണം. എനിക്കങ്ങനെ കൂട്ടൊന്നുമില്ല. ആശാന്‍ ജൂബിറ്റിനെ വിളിച്ചു. എന്റെ ഏത് പ്രതിസന്ധിയിലും എന്നെ സഹായിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. നിനക്ക് നല്ലതേ വരൂവെന്ന് അദ്ദേഹം പറഞ്ഞു.
വൈറ്റിലയ്ക്കുള്ള ബസ് വന്നിട്ടും ഞാന്‍ അതില്‍ കയറാതെ കനാലിന്റെ കരയിലൂടെ കിഴക്കോട്ടു നടന്നു. ആ റോഡ് എനിക്ക് ഏറെ പരിചയമുള്ളതാണ്. വായിക്കുന്ന കാലംമുതല്‍ ഇഷ്ടമായിരുന്ന ആനന്ദപ്രദായനി വായനശാല കനാലിന്റെ തീരത്താണുള്ളത്. ഞാനും ആലപ്പുഴയിലെ സാഹിത്യകാരന്മാരായ സി. ജീവനും മോഹനനുമൊക്കെയായി സാഹിത്യം ചര്‍ച്ചചെയ്തു നടന്ന വഴികള്‍. 'യാങ്‌സീ നിന്റെ ലോങ് മാര്‍ച്ചിന്റെ നീളം കുറഞ്ഞുവോ' എന്ന മോഹനന്റെ കവിത വെറുതേ ഓര്‍ത്തു. എന്റെ ഓദ്യോഗികജീവിതം പൊടുന്നനെ അവസാനിച്ചിരിക്കുന്നു. കടുപ്പപ്പെട്ട തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും എന്റെ കണ്ണു നിറഞ്ഞു.
തിരിച്ച് സ്റ്റാന്‍ഡിലെത്തിയ ഞാന്‍ എറണാകുളത്തേക്കു പോകാതെ കോട്ടയത്തിനുള്ള വണ്ടികയറി. ലോ കോളേജില്‍ ചെന്ന് മകളെയുംകൂട്ടി വീട്ടിലേക്കു യാത്ര തിരിച്ചു. ഹോസ്റ്റലില്‍ ആദ്യമായി നില്‍ക്കുന്നതിന്റെ സങ്കടങ്ങള്‍ മകള്‍ എന്നോടു പറഞ്ഞു. ഒക്കെ ശരിയാകും... തുടക്കമല്ലേ... ഇതൊക്കെ മാറുമെടാ, എന്നെല്ലാം പറഞ്ഞുള്ള പതിവു സമാധാനത്തിനുപകരം ഞാനൊന്നു പിഞ്ഞിപ്പോയി. പപ്പയെന്തിനാണ് കരയുന്നതെന്ന് മകള്‍ ചോദിച്ചു. മോളുടെ സങ്കടം കേട്ടിട്ടാണെന്നൊരു നുണ പറഞ്ഞു. അവള്‍ക്കത് വിശ്വാസമായില്ല. നിര്‍ബന്ധിച്ചപ്പോള്‍ പപ്പേടെ ജോലി പോയെടാന്ന് പറഞ്ഞു. എറണാകുളം എത്തുന്നതുവരെ അവള്‍ എന്നെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു അഞ്ചുവര്‍ഷത്തെ കഷ്ടപ്പാടേ ഉണ്ടാവൂ പപ്പേ, അതുകഴിഞ്ഞ് പപ്പ നിര്‍ത്തിയേടത്തുനിന്ന് ഞാന്‍ തുടങ്ങില്ലേ എന്നും പറഞ്ഞ് അവള്‍ ചിരിച്ചു. നീ വക്കീലാകുമ്പോ ഗുമസ്തനായി ഞാന്‍കൂടെ നിന്നോളാം എന്നൊരു തമാശ കൂട്ടിച്ചേര്‍ത്ത്, കര്‍ച്ചീഫ് എടുത്ത് ഞാന്‍ മുഖം തുടച്ചു. രാത്രി ഞാനും മേരിയും മകളുംകൂടി പിഴല പാലത്തിലേക്ക് നടക്കാന്‍ പോയി. നല്ലഭംഗിയുള്ള തിരക്കില്ലാത്ത പാലമാണ്. ഒരുപാട് ആളുകള്‍ അവിടെ വൈകുന്നേരങ്ങളില്‍ സമയം ചെലവഴിക്കാന്‍ വരും. പടിഞ്ഞാറേക്കു പറക്കുന്ന പക്ഷികളെയും താഴ്ന്നുപൊങ്ങുന്ന ചീനവലകളെയും നോക്കി ഞങ്ങളിരുന്നു. അന്നു രാത്രി ഞങ്ങളിത് മറക്കാന്‍ തീരുമാനിച്ചു. പിറ്റേന്ന് മകള്‍ കോട്ടയത്തേക്ക് പോയി. മേരി ഓഫീസിലേക്കു പോകാന്‍ ഉടുക്കുന്നു. ഞാന്‍ വെറുതെ എന്റെ അലമാര തുറന്നു. തേച്ചുവെച്ച എന്റെ ഷര്‍ട്ടുകള്‍. അതില്‍നിന്ന് ഒരെണ്ണം എടുത്ത് ഞാനതും പിടിച്ച് കുറച്ചുനേരം നിന്നു. ഓഫീസില്‍ മാത്രമേ ഞാന്‍ ഷര്‍ട്ട് ഇടാറുള്ളൂ. മറ്റിടങ്ങളിലെല്ലാം ഹൂഡിയാണ് ധരിക്കുക. എപ്പോഴും ഓഫീസിന്റെയൊരു ഡെക്കോറം ഞാന്‍ കീപ്പ് ചെയ്തിരുന്നു. മുടിയൊക്കെ ജെല്‍ പുരട്ടി ചരിച്ച് ഒതുക്കി ചീകിവെക്കും. എന്റെ ഒഫീഷ്യല്‍ നെയിം ഫ്രാന്‍സിസ് നെറോന്‍ജ എന്നാണ്. സഹപ്രവര്‍ത്തകര്‍ എന്നെ നെറോന്‍ജ എന്നാണ് വിളിക്കുക. ഓഫീസില്‍ ഒരിക്കലും ഒരു നൊറോണ ആവാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഔദ്യോഗിക കാര്യങ്ങളൊഴികെ എഴുത്തുമായി ബന്ധപ്പെട്ടതൊന്നും ഞാന്‍ സഹപ്രവര്‍ത്തകരുമായി പങ്കവെച്ചിരുന്നില്ല. എന്നാലും എന്നെ വായിക്കുന്ന ചിലരുണ്ടായിരുന്നു. ഷര്‍ട്ടും പിടിച്ചുള്ള എന്റെ നില്‍പ്പുകണ്ട് മേരി അതു വാങ്ങിച്ചു. ''മേരീ... ഇന്ന് പോവണോ... ഞാന്‍ തനിച്ചായതുപോലെ...'' ഞാനതു പറഞ്ഞുതീരുംമുന്നേ അവള്‍ ലീവ് വിളിച്ചുപറഞ്ഞു. അവള്‍ എന്റെ ഷര്‍ട്ടെല്ലാം എടുത്ത് തൊട്ടടുത്ത് താമസിക്കുന്ന ആങ്ങളമാര്‍ക്ക് കൊണ്ടുപോയിക്കൊടുത്തു. ഓഫീസുമായി എന്നെ റിലേറ്റ് ചെയ്തിരുന്ന ടിഫിന്‍ ബോക്‌സ്, വാട്ടര്‍ബോട്ടില്‍, പേനയും മറ്റും സൂക്ഷിച്ചിരുന്ന എന്റെ ചെറിയൊരു പേഴ്സ്, ബാഗ്, സകലതും അവളെടുത്ത് ഞങ്ങളുടെ കിച്ചന്‍ ബെര്‍ത്തിനു മുകളില്‍ വെച്ചു. നെറോന്‍ജ ഇനി ഇല്ല. നൊറോണ മതി. ചരിച്ചൊതുക്കി ചീകുന്ന നിങ്ങടെ എണ്ണമെഴുക്കുള്ള മുടിയെക്കാള്‍ ഈ പറപ്പന്‍ ചെമ്പന്‍മുടിയാണ് ഇഷ്ടമെന്നും പറഞ്ഞ് അവള്‍ ചിരിച്ചു. വൈകുന്നേരം ഞങ്ങള്‍ ഒരുമിച്ചൊരു സിനിമ കണ്ടു. പിറ്റേന്നുരാവിലെ ഞാന്‍ അവള്‍ക്കൊപ്പം ഇറങ്ങി. എറണാകുളം പബ്ലിക് ലൈബ്രറിയില്‍ മുടങ്ങിക്കിടന്ന എന്റെ മെമ്പര്‍ഷിപ്പ് പുതുക്കി. മാര്‍ക്കറ്റ് റോഡിനടുത്തുള്ള ഡി.സി.യുടെ ബുക്ക്സ്റ്റാളില്‍ പോയി കളക്ടര്‍ ബ്രോ ഇനി ഞാന്‍ തള്ളട്ടെ എന്ന പ്രശാന്ത് നായരുടെ പുസ്തകം വാങ്ങി. മഹാരാജാസിനടുത്തുള്ള അഗ്രോഫാമില്‍നിന്ന് കുറച്ചു പച്ചക്കറിത്തൈകളും. പതുക്കെ വിശ്രമജീവിതം തുടങ്ങാനുള്ള സ്വരുക്കൂട്ട് തുടങ്ങി.
എഴുതാന്‍ വേണ്ടിയാണ് ജോലി ഉപേക്ഷിച്ചത്. ലാപ് തുറന്നിരുന്നിട്ട് എനിക്കൊന്നും ടൈപ്പ് ചെയ്യാന്‍ തോന്നിയില്ല. കുറച്ചുനേരം ഞാനങ്ങനെ കസേരയിലിരുന്നു മയങ്ങിപ്പോയി. ഉറക്കത്തില്‍ ഒരു പെണ്ണ് അവളുടെ കൊച്ചുമായി ബെംഗളൂരുവില്‍ നിന്നെത്തുന്ന സ്വപ്നം കണ്ടുകൊണ്ടാണ് ഞാനുണരുന്നത്. ഒരു കഥയുടെ ആദിമധ്യാന്തങ്ങള്‍ എന്റെ മുന്നിലേക്ക് എത്തുന്നു. വളരെ അപൂര്‍വമായേ അങ്ങനെ സംഭവിക്കാറുള്ളൂ. അങ്ങനെ എഴുതിയ കഥയാണ് ശയനമതം.
വിരമിക്കാനുള്ള ഓര്‍ഡര്‍ മാര്‍ച്ച് ഇരുപത്തിയഞ്ചിന് കിട്ടി. അതിന്റെ സന്തോഷത്തില്‍ ഞാനെന്റെ ഓഫീസിലൊരു പാര്‍ട്ടി നടത്തിയിരുന്നു. അതു കഴിഞ്ഞപ്പോഴാണ് മാര്‍ച്ച് മുപ്പത്തിയൊന്നിന് സഹപ്രവര്‍ത്തകര്‍ തിരിച്ചും ഒരു ട്രീറ്റ് തന്നത്. ആ ചടങ്ങിന്റെ ഫോട്ടോകള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വന്നതോടെയാണ് മിക്കവരും ഞാന്‍ വിരമിക്കുന്ന കാര്യം അറിയുന്നതുതന്നെ. സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള പോസ്റ്റുകള്‍ വരാന്‍ തുടങ്ങി. അതൊക്കെ ശരിയായരീതിയലല്ല പോകുന്നതെന്ന് കണ്ടതോടെയാണ് ഞാനെന്റെ നിലപാടുകള്‍ വിശദീകരിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിടുന്നത്. ആളുകള്‍ അത് വായിച്ച് ഒട്ടേറെ പ്രതികരണങ്ങളുമായി ഈ വിഷയത്തില്‍ ഇടപെടാന്‍ തുടങ്ങി. ഇതാരും അറിയാതെ ശാന്തമായി വിരമിച്ച് എഴുത്ത് തുടരാനുള്ള എന്റെ പദ്ധതിയൊക്കെ തകിടംമറിഞ്ഞത് അവിടം മുതലാണ്.
ഒരു വലിയ വായനസമൂഹം കൂടെയുണ്ട് എന്നുള്ളത് ആഹ്ലാദിപ്പിക്കുമ്പോഴും അവരുടെ പ്രതീക്ഷയോടൊപ്പം എഴുത്തിലുണ്ടാവേണ്ട സ്ഥിരത എന്നത് എനിക്കൊരു വെല്ലുവിളിയാണെന്ന് അറിയാം. മാസ്റ്റര്‍പീസ് ഒരു അനിവാര്യമായ പുസ്തകമാണെന്ന് എനിക്ക് ഉറപ്പുണ്ട്. നീയിത് എഴുതിയില്ലായിരുന്നെങ്കില്‍ ഞാനിത് ചെയ്‌തേനെ എന്ന് എസ്. ഹരീഷ് എന്നോട് പറഞ്ഞിട്ടുണ്ട്. ഇത് ആരെങ്കിലും, എന്നെങ്കിലും എഴുതേണ്ടിയിരുന്ന ഒരു പുസ്തകം. അതിനുള്ള നിയോഗം എനിക്കുണ്ടായി എന്നുമാത്രം. സാഹിത്യലോകത്തെ അത് നവീകരിക്കുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ.
പാതിവഴിയില്‍ മുറിവേറ്റ് അടര്‍ന്നുപോയ പലതും തുന്നിച്ചേര്‍ത്തുള്ള യാത്രയാണ്. ഓരോ കഥയും നോവലും എഴുതിക്കഴിയുമ്പോഴെല്ലാം പാതിവഴിയില്‍ നില്‍ക്കുന്നൊരു ശൂന്യതയും. അടുത്തത് എന്നെഴുതാന്‍ പറ്റുമെന്ന് അറിയില്ല. ഈ അനിശ്ചിതാവസ്ഥകളെയാണല്ലോ ജീവിതമെന്ന് പറയുന്നതും. പൂരിപ്പിക്കാന്‍ ഇനിയും ഇടങ്ങളുണ്ടാവുമെന്ന പ്രതീക്ഷയോടെ പാതിവഴിയില്‍ ഈ കുറിപ്പും നിര്‍ത്തുന്നു...
Content Highlights: Francis Noronha, Novel Masterpiece, Mathrubhumi
Published: 09 Apr 2023, 11:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented