
സായാഹ്നങ്ങള് ചെലവഴിക്കാന് ഡല്ഹിയില് ഒരുപാട് ഇടങ്ങളുണ്ടായിരുന്നു. പലപ്പോഴും എവിടെപ്പോകണം എന്നറിയാതെ അമ്പരന്നുനിന്നിരുന്നു. കമാനി ഓഡിറ്റോറിയമായിരുന്നു എന്റെ ഒരു പ്രിയപ്പെട്ട വേദി. അവിടെ എന്നും ആരെങ്കിലും നൃത്തംചെയ്യുകയോ പാടുകയോ ചെയ്യുന്നുണ്ടാകും. മാധവി മുദ്ഗലിന്റെ ഒഡിസി നൃത്തം ഞാന് ആദ്യമായിക്കണ്ടത് അവിടെവെച്ചാണ്. ഒഡിസി നൃത്തത്തിന്റെ ചാരുതയിലേക്ക് ഞാന് ഒഴുകിച്ചെന്നത് മാധവിയുടെ നൃത്തം കണ്ടുകൊണ്ടാണ്. അതിനുശേഷമാണ് അവരുടെ ഗുരുവായ കേളുചരണ് മഹാപത്രയുടെ നര്ത്തനം കണ്ടത്.
കമാനി ഓഡിറ്റോറിയത്തില്വെച്ചുതന്നെയാണ് പണ്ഡിറ്റ് രാം നാരായണിന്റെ സാരംഗി വാദനം ആദ്യമായി കേട്ടതും. ഓറംഗസേബ് റോഡിലെ എന്റെ ഓഫീസില്നിന്ന് അല്പം നടന്നാല് ഗോള്ഫ് ലിങ്ക്സിലെത്തും. അവിടെയായിരുന്നു മാധവി മുദ്ഗല് താമസിച്ചിരുന്നത്. പലതവണ ഞാനവിടെ പോയിട്ടുണ്ടായിരുന്നു. ഭാരതീയ ക്ളാസിക്കല് നൃത്തരൂപങ്ങളില് ഒഡിസിയോളം ചലനലാവണ്യമുള്ള മറ്റൊന്നില്ല. തലനിറയെ കഷണ്ടിബാധിച്ച വയോധികനായ ഗുരു കേളുചരണ് മഹാപത്ര നൃത്തംചെയ്തു തുടങ്ങുമ്പോള് ഞാന് ഗുരുവിനെ കാണാറില്ല. ഗുരുവിന്റെ സ്ഥാനത്ത് മൃദുലമായ ചലനാത്മകതയുടെ അഴകുമാത്രമാണ് ഞാന് കണ്ടത്.
കമാനി ഓഡിറ്റോറിയത്തില്തന്നെയായിരുന്നു തകഴി ശിവശങ്കരപ്പിള്ളയുടെ ജ്ഞാനപീഠപുരസ്കാര സമര്പ്പണച്ചടങ്ങ്. നിറഞ്ഞ സദസ്സായിരുന്നു അത്. മുന്വരിയില്ത്തന്നെ പല വിദേശരാജ്യങ്ങളിലെയും അംബാസഡര്മാര് ഇരിക്കുന്നതുകണ്ടു. മറുമൊഴിയില് താന് ഒരു കൃഷിക്കാരനാണെന്നും തന്റെ കാലടികളില് ഇപ്പോഴും പാടത്തെ മണ്ണുകാണാമെന്നും തകഴി പറഞ്ഞു.
മുണ്ട് ചെറുതായൊന്ന് ഉയര്ത്തി തന്റെ പാദത്തിന്റെ കീഴ്വശം തകഴി സദസ്സിന് കാണിച്ചുകൊടുത്തു. അത് ഹൃദയസ്പര്ശിയായിരുന്നു. തകഴിയുടെ എളിമ സദസ്സിനെ അമ്പരപ്പിച്ചു. മറ്റു ജ്ഞാനപീഠജേതക്കളെപ്പോലെ ഭാരതത്തിന്റെ പ്രാക്തനസംസ്കൃതിയെക്കുറിച്ചോ ഇതിഹാസങ്ങളെക്കുറിച്ചോ തകഴി ഒന്നും പറഞ്ഞില്ല. മറ്റൊരു ജ്ഞാനപീഠജേതാവും ഇതുപോലൊരു മറുമൊഴി നല്കിയിരുന്നില്ല.
ഇതേ തകഴിയെക്കുറിച്ചാണ് അദ്ദേഹം വലിയൊരു എഴുത്തുകാരനല്ലെന്ന് എം. കൃഷ്ണന് നായര് പറഞ്ഞത്. അതിന് കാരണമായി കൃഷ്ണന് നായര് ചൂണ്ടിക്കാണിച്ചത് ഉറൂബിനെപ്പോലുള്ളവരുടെ ഭാഷാസ്വാധീനം തകഴിക്കില്ലെന്നായിരുന്നു. അതിനുമുമ്പ് ചങ്ങമ്പുഴയും വിമര്ശനവുമായി വന്നിരുന്നു. തകഴിയുടെ കഥകളില് മോപ്പസാങ്ങിന്റെ സ്വാധീനമുണ്ടെന്നു മാത്രമല്ല, മോപ്പസാങ്ങിന്റെ ഒരു കഥ തകഴി അനുകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. എനിക്ക് വളരെയധികം അഭിമുഖനായിരുന്നു തകഴി. ഒന്നുമില്ലെങ്കില് മറ്റുള്ളവര് അഭിജാതഭാഷയില് ആഡ്യജീവിതം കഥയിലും നോവലിലും ആവിഷ്കരിച്ചപ്പോള് തകഴി തോട്ടികളെപ്പോലുള്ള അടിത്തട്ടില് ജീവിക്കുന്നവരുടെ ഞരക്കങ്ങളും നിലവിളികളും തന്റെ രചനകളില് പകര്ത്തി.
അത് അവരുടെ ഭാഷയില്തന്നെയായിരുന്നു. താന് വ്യാകരണം പഠിച്ചിട്ടില്ലെന്നും തനിക്ക് ഭാഷാപാണ്ഡ്യത്യമില്ലെന്നും തകഴിതന്നെ പറഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ച് ജോസഫ് മുണ്ടശ്ശേരിമാസ്റ്റര് പറഞ്ഞത്, എഴുത്തുകാരന് അവനവന്റെ ഭാഷയില് സത്യസന്ധമായി കഥ പറയുമ്പോള് വ്യാകരണം തനിയെ ഉണ്ടായിക്കൊള്ളുമെന്നാണ്. തകഴിയുടെ കാര്യത്തില് അത് നൂറുശതമാനം ശരിയായിരുന്നു. എഴുത്തുകാരന് വ്യാകരണത്തെക്കുറിച്ചുള്ള അറിവുകള് ലഭിക്കുന്നത് പാഠപുസ്തകങ്ങളില്നിന്നല്ല, താന് എഴുതുന്ന കൃതികളില്നിന്നാണ്.
''എടാ, നിന്റെ ഡല്ഹിയിലെന്ത് തണുപ്പാണ്. തണുപ്പ് മാറ്റാനുള്ള ഒന്നും നിന്റെ കൈയിലില്ലേ? നീ എംബസിക്കാരനല്ലേ'' തകഴി ഫോണില് പറഞ്ഞു. ഞാന് തകഴിയെ വീട്ടിലേക്ക് ക്ഷണിച്ചു. പകല് ഒഴിവുസമയം കിട്ടാത്തതുകൊണ്ട് രാത്രിയാണ് ഞാന് തകഴിച്ചേട്ടനെ വീട്ടിലേക്ക് കൊണ്ടുപോയത്. വി.കെ. മാധവന്കുട്ടിയുടെ കാറിലായിരുന്നു തകഴിയും ഒ.വി. വിജയനും അമര് കോളനിയിലെ എന്റെ വീട്ടില് വന്നത്. അതൊരു ഫോക്സ്വാഗന് കാറായിരുന്നു. ആ കാര് ഡല്ഹിയിലൂടെ ഓടുമ്പോള് അതില് മാധവന്കുട്ടി ഉണ്ടെന്ന് മലയാളികള്ക്ക് മനസ്സിലാകും.
രണ്ടാമത്തെ നിലയിലായിരുന്നു ഞാന് താമസിച്ചത്. താഴത്തെനിലയില് വിട്ടുടമസ്ഥനും അതിനുമുകളിലെ തട്ടില് എന്നെപ്പോലെ മറ്റൊരു വാടകക്കാരനും താമസിച്ചിരുന്നു. വീതികുറഞ്ഞ കോണിപ്പടി ശടേന്ന് കയറി തകഴി മുകളിലെത്തി. തകഴിയെക്കാളും വളരെ പ്രായംകുറഞ്ഞ ഒ.വി. വിജയന് കോണിപ്പടിയുടെ താഴെ പരിഭ്രമിച്ചുനിന്നു.
Content Highlights: Thakazhi Sivasankara Pillai, M. Mukundan, Ente embassykkalam, Delhi memories
Published: 25 Jun 2023, 02:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented